This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ധ്രപ്രദേശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:04, 21 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആന്ധ്രപ്രദേശ്‌

ഇന്ത്യാ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം. തെലുഗുഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി സംസ്ഥാന പുനഃസംഘടനാ നിയമമനുസരിച്ച്‌ 1956 ന. 1-ന്‌ രൂപവത്‌കരിക്കപ്പെട്ടതാണ്‌ ഇപ്പോഴത്തെ ആന്ധ്രപ്രദേശ്‌. വലുപ്പത്തിലും ജനസംഖ്യയിലും അഞ്ചാം സ്ഥാനമാണ്‌ ഈ സംസ്ഥാനത്തിനുള്ളത്‌. ഇന്ത്യാ ഉപദ്വീപിന്റെ തെക്കു കിഴക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ്‌ വ. അക്ഷാ. 12മ്പ 34' മുതൽ 19മ്പ 54' വരെയും കി. രേഖാ. 76മ്പ 50' മുതൽ 84മ്പ 50' വരെയും വ്യാപിച്ചുകിടക്കുന്നു. വടക്ക്‌ ഒറീസ, ഛത്തീസ്‌ഗഢ്‌, വ. പടിഞ്ഞാറ്‌ മഹാരാഷ്‌ട്ര, പടിഞ്ഞാറ്‌ കർണാടകം, തെക്ക്‌ തമിഴ്‌നാട്‌ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങള്‍. കിഴക്കതിര്‌ ബംഗാള്‍ ഉള്‍ക്കടലാണ്‌. ഈ സംസ്ഥാനത്തിൽപ്പെട്ട തടരേഖയുടെ ദൈർഘ്യം 974 കി.മീ. ആണ്‌. ഗോദാവരി, കൃഷ്‌ണ എന്നീ നദീമുഖങ്ങളൊഴിച്ചാൽ തടരേഖ പൊതുവേ വളവും തിരിവും ഇല്ലാതെ ഋജുവായി കാണപ്പെടുന്നു. വിശാഖപട്ടണം മാത്രമാണ്‌ പ്രകൃതിദത്ത തുറമുഖമായി വിശേഷിപ്പിക്കാവുന്നത്‌. കാക്കിനാട, മച്ച്‌ലീപട്ടണം എന്നീ ഇടത്തരം തുറമുഖങ്ങളും മറ്റ്‌ ഏഴ്‌ നൗകാശയങ്ങളും സംസ്ഥാനാതിർത്തിയിൽപ്പെടുന്നു. കടൽമാർഗവും കരമാർഗവും സുഗമമായി സമ്പർക്കം പുലർത്താവുന്ന ഒരു സ്ഥിതിയാണ്‌ ആന്ധ്രപ്രദേശിനുള്ളത്‌. വിസ്‌തീർണം: 2,75,069 ച. കി.മീ.; ജനസംഖ്യ: 7,61,11,243 (2001); തലസ്ഥാനം: ഹൈദരാബാദ്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂവിജ്ഞാനം

ഷിസ്റ്റ്‌ ശിലകള്‍ക്ക്‌ പ്രാമുഖ്യമുള്ളതും സാമ്പത്തിക പ്രാധാന്യമുള്ള അനേകം ധാതുനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പഴക്കമേറിയ ധാർവാർ ശിലാക്രമം സംസ്ഥാനത്തിന്റെ ഒട്ടുമുക്കാലും പ്രദേശങ്ങളിൽ വ്യാപിച്ചുകാണുന്നു. ധാർവാർ ശിലകളെക്കാള്‍ പ്രായംകുറഞ്ഞ പുരാണശിലാക്രമത്തിൽ അവസാദ ശിലകള്‍ക്കാണ്‌ പ്രാമുഖ്യമുള്ളത്‌; ജീവാശ്‌മരഹിതങ്ങളായ ഈ ഊറല്‌പാറകള്‍ക്കിടയിൽനിന്ന്‌ പ്രസിദ്ധമായ ഗോൽക്കൊണ്ട വജ്രങ്ങള്‍ ലഭിക്കുന്നു. "കടപ്പാഫലകം' എന്നറിയപ്പെടുന്ന വിശേഷയിനം ശിലകളും ചുച്ചാമ്പുകല്ലും പുരാണാവ്യൂഹത്തിൽപ്പെടുന്നു. ഗോദാവരി-പ്രണീത നദീതടങ്ങളിൽ പതിനഞ്ചിലേറെ കി.മീ. വീതിയിൽ കി.മീറ്ററുകളോളം വ്യാപിച്ചുകാണുന്ന പാറയടരുകളാണ്‌ ഗോണ്ട്‌വാനാശിലാക്രമം. കൊത്തഗൂഡം, സിംഗരേണി, പാണ്ടൂർ തുടങ്ങിയ വമ്പിച്ച കല്‌ക്കരി നിക്ഷേപങ്ങള്‍ ഇതിൽപ്പെടുന്നു. ഗോദാവരി ജില്ലയിൽ തുടങ്ങി വ.പ. ദിശയിൽ തെലുങ്കാനാ പ്രദേശത്ത്‌ വ്യാപിച്ചുകാണുന്ന "ഡെക്കാണ്‍ട്രാപ്പ്‌' ആണ്‌ മറ്റൊരു ശിലാവ്യൂഹം. സിലിക്കയ്‌ക്കു പ്രാമുഖ്യമുള്ള സംരചനയാണ്‌ ഇവയ്‌ക്കുള്ളത്‌. അങ്ങിങ്ങായി മാത്രം ചുച്ചാമ്പുകല്ലും അവസ്ഥിതമായിരിക്കുന്നു. നദീമുഖങ്ങളിൽ ടെർഷ്യറിയുഗത്തിലെ ശിലാസമൂഹങ്ങളാണുള്ളത്‌; ഗോദാവരി ജില്ലയിലെ ഇത്തരം ശിലകള്‍ക്കിടയിൽ ലിഗ്നൈറ്റ്‌, പ്രകൃതിവാതക നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു.

അപവാഹം

ആന്ധ്രപ്രദേശിലെ എല്ലാ നദികളും പശ്ചിമഘട്ടങ്ങളിൽ നിന്നുദ്‌ഭവിച്ച്‌ കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുന്നവയാണ്‌. കാലവർഷങ്ങളാൽ പോഷിപ്പിക്കപ്പെടുന്ന ഇവയിൽ മഴയില്ലാത്ത അവസരങ്ങളിൽ വെള്ളം കുറയുന്നു. ഏറ്റവും വലിയ നദികളായ ഗോദാവരിയും കൃഷ്‌ണയും മാത്രം എല്ലാ മാസങ്ങളിലും വറ്റാതൊഴുകുന്നു. തെ. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഗോദാവരി (1,440 കി.മീ.)ആണ്‌. ഈ നദിക്ക്‌ പ്രണീത, മഞ്‌ജീര, ശബരി, പെണ്‍ഗംഗ, ശീലേരു തുടങ്ങി 21 പോഷകനദികളുണ്ട്‌. സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി പ്രവഹിക്കുന്ന കൃഷ്‌ണാ നദിയിൽ (1,280 കി.മീ.) 19 പോഷകനദികള്‍ ഒഴുകിച്ചേരുന്നു; തുംഗഭദ്ര, മൂസി എന്നിവയാണ്‌ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. മൂസി നദിയിൽ ഹൈദരാബാദിനടുത്ത്‌ അണക്കെട്ടുണ്ട്‌. തുംഗഭദ്രയിലെ അണക്കെട്ട്‌ കർണാടകസംസ്ഥാനത്തിനുള്ളിലാണ്‌. ഗോദാവരിയെയും കൃഷ്‌ണയെയും കൂട്ടിയിണക്കാന്‍ ഗതാഗതസൗകര്യമുള്ള ഒരു തോട്‌ നിർമിക്കപ്പെട്ടിട്ടുണ്ട്‌; ഇത്‌ തെക്കോട്ടു നീണ്ട്‌ ചെന്നൈ നഗരത്തിനു സമീപം സമുദ്രത്തിലേക്കൊഴുകുന്നു. ആന്ധ്രപ്രദേശിന്റെ സമ്പദ്‌ഘടനയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നവയാണ്‌ ഗോദാവരിയും കൃഷ്‌ണയും. ഇവയെ കൂടാതെ പെന്ന (പെന്നാർ), വംശധാര, നാഗാവളി, ഗൂണ്ട്‌ലകമ്മ, ശാരദ എന്നീ നദികളും പ്രാധാന്യമർഹിക്കുന്നവയാണ്‌.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച്‌ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാം: തീരസമതലം, പൂർവഘട്ടപ്രദേശം, പീഠസമതലം.

തീരസമതലം

സംസ്ഥാനത്തിന്റെ വ. ഭാഗത്തെ വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളിൽ തീരസമതലം നന്നേ വീതികുറഞ്ഞതാണ്‌. ഇവിടെ പൂർവഘട്ടത്തിന്റെ ശാഖകളായ കുന്നുകള്‍ സമുദ്രംവരെ നീണ്ടുകാണുന്നു. വിശാഖപട്ടണത്തിനു തെക്കുള്ള യാരാദനിരകള്‍ കടലിലേക്കിറങ്ങി "ഡോള്‍ഫിന്‍സ്‌ നോസ്‌'(Dolphin's Nose) എന്നു വിളിക്കപ്പെടുന്ന മുനമ്പ്‌ സൃഷ്‌ടിച്ചിരിക്കുന്നു; തുറമുഖത്തിന്റെ ഭദ്രതയിൽ ഈ മുനമ്പിന്‌ ഗണ്യമായ പങ്കുണ്ട്‌. തെക്കോട്ടു നീങ്ങി സംസ്ഥാനത്തിന്റെ മധ്യഭാഗമെത്തുമ്പോഴേക്കും തീരസമതലം കടൽത്തീരത്തു നിന്ന്‌ 160 കി.മീ. ഉള്ളിലേക്കുവരെ വ്യാപിച്ചുകാണുന്നു. ഗോദാവരി-കൃഷ്‌ണ നദികളുടെ തടപ്രദേശമാണ്‌ ഇവിടം. പൂർവഘട്ടങ്ങളെ തരണം ചെയ്യുന്നതോടെ ഈ നദികളുടെ പാർശ്വങ്ങളിൽ വിസ്‌തൃതങ്ങളായ മൈതാനങ്ങള്‍ രൂപംകൊള്ളൂന്നു. കൃഷ്‌ണാനദിയുടെ ഡെൽറ്റ 70 കി.മീറ്ററും, ഗോദാവരിയുടേത്‌ 65 കി. മീറ്ററും ഉള്ളിലേക്കു വ്യാപിച്ചിരിക്കുന്നു. ഗോദാവരിയുടെ ഡെൽറ്റാപ്രദേശത്താണ്‌ വിസ്‌തൃതമായ കൊല്ലേരുതടാകം സ്ഥിതിചെയ്യുന്നത്‌. ഡെൽറ്റാപ്രദേശങ്ങള്‍ക്കു തെക്ക്‌ നെല്ലൂർ ജില്ലയെത്തുമ്പോഴേക്കും തീരപ്രദേശത്തിന്റെ വീതി വീണ്ടും കുറയുന്നു. പീഠസമതലങ്ങളുടെ സവിശേഷതയായ ആർക്കിയന്‍ നയ്‌സുകളും (Gneiss) ഷിസ്റ്റുകളും കടൽക്കരയോളം വ്യാപിച്ചിരിക്കുന്നു. ഇവയുടെ തെക്കരികിലാണ്‌ തിരുപ്പതിമല; അതിനും തെക്ക്‌ റേണിഗുണ്ട സമതലമാണുള്ളത്‌. സംസ്ഥാനത്തിന്റെ തെക്കതിരിൽ പെന്നാർ ഡെൽറ്റയും പുലിക്കാട്ടുതടാകപ്രദേശവും ഒഴിച്ചുള്ള ഭാഗങ്ങളൊക്കെത്തന്നെ മണൽക്കല്ലുകള്‍ക്ക്‌ പ്രാധാന്യമുള്ള മേഖലകളാണ്‌.

പൂർവഘട്ടപ്രദേശം

മലകളുടേയും കുന്നുകളുടേയും ഇടവിട്ടുള്ള ശൃംഖലയാണ്‌ ഈ ഭൂഭാഗം. വ. ഭാഗം കൂടുതൽ വിസ്‌തൃതമാണ്‌; ഇവിടത്തെ സാധാരണ ഉയരം 1,000-1,250 മീ. വരും. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത്‌ ഏതാണ്ട്‌ 150 കി.മീ. ദൂരത്തോളം പൂർവഘട്ടം വിച്ഛിന്നാവസ്ഥയിലാണ്‌; ഈ ഭാഗത്താണ്‌ ഗോദാവരിയും കൃഷ്‌ണയും മലനിരകള്‍ മുറിച്ചൊഴുകുന്നത്‌. കൃഷ്‌ണാനദിക്കു തെക്കായാണ്‌ കടപ്പാ മലനിരകള്‍. പെന്നാറിന്റെ പോഷകനദിയായ കുന്ദേരു കടപ്പാനിരകള്‍ക്കിടയിൽ ദ്രാണിരൂപത്തിലുള്ള ഒരു താഴ്‌വര സൃഷ്‌ടിച്ചിരിക്കുന്നു (നന്ത്യാല താഴ്‌വര). ഇതിനു പടിഞ്ഞാറ്‌ ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്കന്‍ ശിഖരങ്ങളെന്നു പറയാവുന്ന അനേകം മലകളുണ്ട്‌; എരുമല, ശേഷാചലം, പാലകൊണ്ട തുടങ്ങിയവ ഇവയിൽപ്പെടുന്നു. നന്ത്യാല താഴ്‌വരയ്‌ക്കു കിഴക്ക്‌ നല്ലമല, വെലികൊണ്ട എന്നീ മലനിരകള്‍ക്കിടയ്‌ക്കുള്ള സജിലേരു നദിയുടെ തടപ്രദേശം ഫലഭൂയിഷ്‌ഠമായ മറ്റൊരു താഴ്‌വാരമാണ്‌. സജിലേരുവും പെന്നാറിന്റെ പോഷകനദിയാണ്‌.

പീഠസമതലം

നെടുനാളായുള്ള അപരദനം (erosion) മൂലം നിർമിക്കപ്പെട്ടിട്ടുള്ള വിസ്‌തൃതസമതലങ്ങളും അവിടവിടെ ഉയർന്നു കാണുന്ന മൊട്ടക്കുന്നുകളുമാണ്‌ പീഠസമതലത്തിന്റെ സവിശേഷതകള്‍. സാധാരണ ഉയരം 500-650 മീ. ആണ്‌. കൃഷ്‌ണ, തുംഗഭദ്ര എന്നീ നദികളുടെ തടപ്രദേശങ്ങള്‍ താരതമ്യേന താഴ്‌ന്ന ഭാഗങ്ങളാണ്‌; ഗോദാവരി, ഭീമ എന്നിവയ്‌ക്കിടയ്‌ക്കുള്ള പ്രദേശം 700 മീറ്ററിലേറെ ഉയരത്തിലും. നയ്‌സ്‌, ഗ്രാനൈറ്റ്‌ എന്നീയിനം ശിലകള്‍ രൂപാന്തരപ്പെട്ടുണ്ടായ പരുക്കന്‍ ചെമ്മച്ചാണ്‌ പീഠസമതലത്തിൽ പൊതുവേയുള്ളത്‌. ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ മാത്രമാണ്‌ കൃഷിചെയ്യാവുന്നത്‌. മൈതാനങ്ങളിൽ മിക്കതും മുള്‍ക്കാടുകളാണ്‌; കുന്നിന്‍പുറങ്ങള്‍ തരിശായ ഊഷരഭൂമിയും. ഈ പ്രദേശത്തുകൂടി ഒഴുകുന്ന ചെറുനദികളിൽ മിക്കമാസങ്ങളിലും വെള്ളം വറ്റിക്കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍