This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയാപെറ്റസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയാപെറ്റസ്
lapetus
ശനിയുടെ ബാഹ്യ ഉപഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടത്. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹങ്ങളില്‍ മൂന്നാമത്തേതായ (വ്യാസാര്‍ധം 730 കിലോമീറ്റര്‍) അയാപെറ്റസിനെ 1671-ല്‍ ജി. ഡി. കസ്സിനിയാണ് കണ്ടെത്തിയത്. ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയില്‍ നിന്നും ഏറ്റവും അകലെ (35.6 ലക്ഷം കിലോമീറ്റര്‍) സ്ഥിതിചെയ്യുന്നതിനാല്‍ ഗ്രഹത്തിന്റെ പ്രഭയില്‍ നിന്നും ഈ ഉപഗ്രഹം പൂര്‍ണമായും വിമുക്തമാണ്. ശനിയുടെ മധ്യരേഖാതലത്തില്‍ നിന്നും ഏറെ (14.7°) ചരിഞ്ഞ ഒരു പഥത്തിലാണ് അയാപെറ്റസ് പരിക്രമണം നടത്തുന്നത്. ഈ ഉപഗ്രഹത്തിന്റെ പകുതി ഭാഗം സാമാന്യം തെളിച്ചമുള്ളതും ശേഷിച്ച ഭാഗം തീര്‍ത്തും ഇരുണ്ടതുമാണ് എന്നത് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഉപഗ്രഹം ശനിയുടെ കിഴക്കായി വരുമ്പോള്‍ ഇത് കൂടുതല്‍ മങ്ങിയാണ് കാണപ്പെടുക. ആ ഭാഗത്തിന്റെ അല്‍ബിഡൊ 0.1 ആണ്. ഹിമാവരണം കാണപ്പെടുന്ന ഭാഗത്താകട്ടെ ഇത് 0.5ഉം. വൊയേജര്‍ ബഹിരാകാശ പേടകം പകര്‍ത്തിയ ഈ ഉപഗ്രഹത്തിന്റെ ചിത്രങ്ങളില്‍ ചിലഭാഗങ്ങളില്‍ ഗര്‍ത്തങ്ങളും ചില ഭാഗങ്ങളില്‍ കറുത്ത പദാര്‍ഥങ്ങള്‍ അടിഞ്ഞുകൂടിയതും കണ്ടെത്തിയിട്ടുണ്ട്. അഗ്നിപര്‍വതങ്ങളിലൂടെ പുറത്തുവന്ന ആന്തരിക പദാര്‍ഥങ്ങളാണോ അതോ ഫോബേ എന്ന ഉപഗ്രഹത്തില്‍ നിന്നും ഉദ്ഗമിച്ച ധൂളി പടലങ്ങളാണോ ഈ ഇരുണ്ടനിറത്തിനുകാരണം എന്നതില്‍ തര്‍ക്കമുണ്ട്.
സൗരയൂഥത്തിലെ ഏറ്റവും വിചിത്രവും കുറച്ച് മാത്രം വിവരങ്ങള്‍ ലഭ്യമായിട്ടുള്ളതുമായ ഉപഗ്രഹങ്ങളിലൊന്നാണ് അയാപെറ്റസ്. ഹിമരൂപത്തിലുള്ള മീഥെയ്നും അമോണിയയും ഇതില്‍ വന്‍തോതില്‍ അടങ്ങിയിട്ടുള്ളതായി കരുതപ്പെടുന്നു. ഉപഗ്രഹത്തിന്റെ തെളിഞ്ഞ പുറകുവശം അനേകം ഗര്‍ത്തങ്ങളും ഹിമവും കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ മുന്‍വശം ഇതിന്റെ അഞ്ചിലൊന്നുമാത്രം തെളിച്ചമുള്ള വസ്തുക്കള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. വൊയേജര്‍-2 അയാപെറ്റസിന്റെ ഏതാനും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നോ: ഉപഗ്രഹങ്ങള്‍, ശനി