This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍ദേശീയ ബഹിരാകാശ നിലയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 8 ജൂണ്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്തര്‍ദേശീയ ബഹിരാകാശ നിലയം

International Space Station -ISS

2006-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹിരാകാശ ഗവേഷണനിലയം. ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ സോവിയറ്റ് യൂണിയനില്‍ നിന്നുള്ള മത്സരം അനുഭവപ്പെടുകയും സോവിയറ്റ് യൂണിയന്റെ ബഹിരാകാശ നിലയമായ 'മിര്‍സ്റ്റേഷന്‍' ലോകശ്രദ്ധനേടുകയും ചെയ്ത ഘട്ടത്തിലാണ്, 1984-ല്‍ ബഹിരാകാശത്ത് സ്ഥിരമായൊരു നിലയം വേണം എന്ന ആശയം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന്‍ ഇതിനായി നാസയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു 'ഫ്രീഡം' എന്നു നാമകരണം ചെയ്യപ്പെട്ട ഒരു ബഹിരാകാശ പദ്ധതിക്ക് അമേരിക്ക രൂപം നല്കി. ഇതില്‍ നിന്നാണ് പില്ക്കാലത്ത് അന്തര്‍ദേശീയ ബഹിരാകാശ നിലയം എന്ന ആശയം വികസിച്ചത്. 1994-ല്‍ പക്ഷേ, 'ഫ്രീഡം' പദ്ധതിക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ തിരിച്ചടി നേരിട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ റഷ്യയ്ക്ക് ബഹിരാകാശത്ത് ഒരു നിലയം സംരക്ഷിക്കാന്‍ കഴിയില്ലെന്ന അവസ്ഥ സംജാതമായി. അതോടെ അമേരിക്കയും ഫ്രീഡം പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ കുറേ വര്‍ഷങ്ങള്‍ക്കുശേഷം റഷ്യ സഹകരിക്കാന്‍ തയ്യാറായതോടെ അമേരിക്ക അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്ന പദ്ധതി പുനരുജ്ജീവിപ്പിച്ചു. തുടര്‍ന്ന് നിലയത്തിന്റെ നിര്‍മാണം ആരംഭിക്കുകയും 2001-ഓടെ അത് ഭാഗികമായി പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തു. എങ്കിലും 2006-ല്‍ മാത്രമാണ് ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണരീതിയില്‍ ആരംഭിച്ചത്. 'ആല്‍ഫാ' എന്ന അനൗദ്യോഗിക നാമത്തിലും ഐ.എസ്.എസ്. അറിയപ്പെടുന്നു.

ഒരേസമയം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വേണ്ട സാങ്കേതിക സജ്ജീകരണങ്ങളുള്ള ബഹിരാകാശ നിലയമാണ് ഐ.എസ്.എസ്. ബഹിരാകാശത്ത് നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിയ നിലയമാണിത്. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിനോളം വലുപ്പമുള്ള ഈ നിലയത്തിന് 453 മെട്രിക്ടണ്‍ ഭാരമുണ്ട്. നിരവധി മൊഡ്യൂളുകളിലായി ഒരു ബോയിങ് 747 ജംബോജറ്റിന്റെ അത്രയും സ്ഥലം ഇതിനുള്ളിലുണ്ട്. വൈദ്യുതി ഉത്പാദനം ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ള നാല് ഫോട്ടോ ഇലക്ട്രിക് മൊഡ്യൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടു റോബോട്ട് കരങ്ങളോട് കൂടിയ ഒരു കനേഡിയന്‍ നിര്‍മിത മാനിപ്പുലേറ്റര്‍ സിസ്റ്റവും മൊബൈല്‍ ട്രാന്‍സ്പോര്‍ട്ടറുമാണ് ഐ.എസ്.എസ്സിന്റെ പ്രധാന ബാഹ്യഭാഗം.

മുഖ്യമായും 5 ശാസ്ത്രവിഭാഗങ്ങളിലാണ് അന്തര്‍ദേശീയ ബഹിരാകാശനിലയം പഠനങ്ങള്‍ നടത്തുന്നത്. ജീവശാസ്ത്രം, ബഹിരാകാശശാസ്ത്രം, ഭൗമശാസ്ത്രം, എന്‍ജിനീയറിങ് ഗവേഷണം, ശാസ്ത്രസാങ്കേതികവിദ്യ എന്നിവയാണ് അവ. ഇതില്‍ പ്രധാനമായും 6 സയന്റിഫിക് മൊഡ്യൂളുകളാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു മൊഡ്യൂളില്‍ നിന്ന് ഇടനാഴിയിലൂടെ മറ്റൊന്നിലേക്ക് പ്രവേശിക്കാന്‍ കഴിയും. നിരവധി രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഐ.എസ്.എസ്. പ്രവര്‍ത്തിക്കുന്നത്. അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്, നോര്‍വെ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലണ്ട്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ഐ.എസ്.എസ്സിലെ പങ്കാളികള്‍.

1998-ല്‍ റഷ്യന്‍ നിര്‍മിത പ്രോട്ടോണ്‍ റോക്കറ്റ് ഐ.എസ്.എസ്സിന്റെ പ്രഥമഘടകമായ റഷ്യന്‍ സാറിയ (Russian Zarya) മൊഡ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചു.ഐ.എസ്.എസ്സിന്റെ നാവിഗേഷനും നിയന്ത്രണത്തിനും വേണ്ട സാങ്കേതിക സംവിധാനമാണ് ഈ മൊഡ്യൂളിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ സാറിയയെയും ഇതര മൊഡ്യൂളുകളെയും ബന്ധിപ്പിക്കുന്ന യൂണിറ്റി മൊഡ്യൂളിനെ സ്പെയ്സ് ഷട്ടിലിന്റെ സഹായത്താല്‍ യു.എസ്. ഭ്രമണപഥത്തില്‍ എത്തിച്ചു. തുടര്‍ന്ന് 2000-ജൂലായില്‍ റഷ്യന്‍ സര്‍വീസ് മൊഡ്യൂളായ സ്വെസ്ദ (Zvezda=നക്ഷത്രം) ഭ്രമപഥത്തില്‍ എത്തി. 2000 നവംബറില്‍ ബില്‍ഷെപ്പേര്‍ഡ്, യൂറി ഗിദ് സെന്‍കോ (Yuri Gidzenko), സെര്‍ജി ക്രികലെഫ് (Serigei krikalev) എന്നിവരുള്‍പ്പെട്ട ബഹിരാകാശസംഘത്തെ സോയൂസ് ഐ.എസ്.എസ്സില്‍ എത്തിച്ചു. ഇവര്‍ നാല് മാസം ഈ ബഹിരാകാശനിലയത്തില്‍ ചെലവഴിച്ചു. 2001-ല്‍ ഐ.എസ്.എസ്. മൊഡ്യൂളുകളുടെ എണ്ണം ആറായി ഉയര്‍ന്നു; ഇതില്‍ യു.എസ്. വിക്ഷേപിച്ച ഡെന്‍സിറ്റി ലബോറട്ടറിയും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഐ.എസ്.എസ്സിലെ ബഹിരാകാശ പര്യവേക്ഷകര്‍ അവരുടെ സമയം ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ നടത്തുന്നതിനുമായി വിഭജിച്ചു. ഇതിനിടയില്‍ ബഡ്ജറ്റ് കുറവ് മൂലം ഐ.എസ്.എസ്സിലെ ഏതാനും ചില തുടര്‍പരിപാടികള്‍ റദ്ദാക്കുകയുണ്ടായി. 2003-ലെ കൊളംബിയ അപകടത്തെത്തുടര്‍ന്ന് ഐ.എസ്.എസ്സിലെ ബഹിരാകാശ പര്യവേക്ഷകരുടെ എണ്ണം രണ്ടാക്കി ചുരുക്കി. എന്നാല്‍ സമീപകാലത്ത് കൂടുതല്‍ പേരെ അവിടെ എത്തിച്ച് ഗവേഷണം    ശക്തമാക്കുന്നതിലുള്ള താത്പര്യം ദൃശ്യമാണ്. ഐ.എസ്.എസ്സിന്റെ നിര്‍മാണവും പര്യവേക്ഷണ ദൗത്യങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍