This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവസാമൂഹിക പ്രസ്ഥാനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:40, 16 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നവസാമൂഹിക പ്രസ്ഥാനങ്ങള്‍

ആധുനികസാമൂഹ്യക്രമങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രസ്ഥാനങ്ങള്‍.

സ്ത്രീകളുടെ പ്രശ്നങ്ങള്‍, വര്‍ണവിവേചനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, ലൈംഗികന്യൂനപക്ഷാവകാശങ്ങള്‍ തുടങ്ങിയവ മുഖ്യവിഷയങ്ങളായി ഉന്നയിച്ച സാമൂഹിക പ്രസ്ഥാനങ്ങളാണ് ഇവയില്‍ പ്രധാനം. 1960-കളോടെയാണ് പുതിയ സമരമേഖലകള്‍ തുറന്നുകൊണ്ട് ഇവ രംഗത്തുവരുന്നത്. മുന്‍കാലങ്ങളിലെ തൊഴിലാളികേന്ദ്രിതവും സാമ്പത്തികവാദാധിഷ്ഠിതവുമായ മാര്‍ക്സിസ്റ്റ് സമീപനങ്ങളെ നിരാകരിക്കുന്നവയുമായിരുന്നു ഇവ. 1968-ലെ പാരിസ് വിദ്യാര്‍ഥി കലാപം, ഇതേവര്‍ഷം ജര്‍മന്‍ ഫെമിനിസ്റ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പുരുഷാധിപത്യത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയാണ് നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ടത്. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് ദര്‍ശനപരവും പ്രയോഗശാസ്ത്രപരവുമായ ശൈലികള്‍ നവസാമൂഹികപ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയത്.

നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ വലിയൊരു പങ്കും ഇടപെടുന്നത് സാംസ്കാരിക കാര്യങ്ങള്‍, ജീവിതരീതി, സ്വത്വപ്രശ്നങ്ങള്‍ എന്നിവയിലുള്ള സാമൂഹികമാറ്റങ്ങള്‍ക്ക് വേണ്ടിയാണ്. പ്രശ്നാധിഷ്ഠിതമായി സമരം ചെയ്യുന്ന, അയഞ്ഞ ഘടനകളുള്ള സാമൂഹിക സംഘടനകളാണിവ. ജനതയുടെ സ്വത്വനിര്‍മിതിയുമായി ബന്ധപ്പെട്ട ഇടപെടലുകളാണ് നവസാമൂഹിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹികപ്രസ്ഥാനങ്ങളും കൈകാര്യം ചെയ്യാന്‍ മടിക്കുന്നതോ അവയുടെ ശ്രദ്ധ പതിയാത്തതോ ആയ പാര്‍ശ്വവത്കൃത മേഖലകളില്‍ നിന്നാണ് ഇത്തരം സമരരൂപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. താരതമ്യേന അസംഘടിതമായ വിഭാഗങ്ങളാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ചില പ്രസ്ഥാനങ്ങള്‍ പ്രാദേശികപ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ളവയാകാം. മറ്റുചിലത് യുദ്ധവിരുദ്ധ മുന്നേറ്റങ്ങളും ആഗോളവത്കരണ വിരുദ്ധ സമരങ്ങളുമാണ്. സമാനസ്വഭാവമുള്ള ഇതര ചെറുത്തുനില്പുകളുമായി ഐക്യപ്പെട്ടുകൊണ്ട് ഇവ ആശയതലത്തില്‍ ആഗോളമാനം കൈവരിക്കുന്നുമുണ്ട്.

ബഹുവര്‍ഗ, ബഹുസ്വരതയിലൂന്നിയ സംഘടിത പ്രവര്‍ത്തനങ്ങളെന്ന മട്ടിലാണ് നവസാമൂഹിക പ്രസ്ഥാനങ്ങള്‍ പരിഗണിക്കപ്പെടുന്നത്. വികേന്ദ്രീകൃത അധികാരവും പ്രതിഷേധവുമെന്ന സങ്കല്പനം ഇവ മുന്നോട്ടുവയ്ക്കുന്നു. മുന്‍കൂട്ടി നിര്‍വചിച്ചുറപ്പിച്ച വിധമുള്ള മുന്നേറ്റങ്ങളുടെ സ്വഭാവങ്ങളില്ലാത്ത, തികച്ചും സ്വാഭാവികവും സവിശേഷങ്ങളുമായ രൂപങ്ങളെ ഇവയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍, ബുദ്ധിജീവികള്‍, മതസംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങി വിവിധവിഭാഗം ജനങ്ങള്‍ ഇതില്‍ പങ്കാളികളാവുന്നു.

ആഫ്രിക്കയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും കറുത്തവംശജര്‍ നടത്തുന്ന സമരങ്ങള്‍ നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ബ്ലാക്ക് കോണ്‍ഷ്യസ്നസ് മൂവ്മെന്റ്, ബ്ലാക്ക് പവര്‍ മൂവ്മെന്റ്, ബ്ലാക്ക് ഫെമിനിസം, ബ്ലാക്ക് ഈസ് ബ്യൂട്ടിഫുള്‍, ബ്ളാക്ക് ആര്‍ട്ട് മൂവ്മെന്റ്, ബ്ലാക്ക് പാന്തേഴ്സ് തുടങ്ങിയവ ഇവയില്‍ ചിലതാണ്.

നിലവിലിരിക്കുന്ന സമൂഹം പുരുഷകേന്ദ്രിതമാണെന്ന് ചൂണ്ടിക്കാട്ടി, ലിംഗനീതിക്കായി പ്രവര്‍ത്തിക്കുന്ന സ്ത്രീവിമോചനസംഘടനകള്‍ മറ്റൊരുദാഹരണമാണ്. ഇന്‍ഡിപെന്‍ഡന്‍സ് വുമണ്‍ ഫോറം, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വുമണ്‍ തുടങ്ങിയവ ഇത്തരം സംഘടനകളാണ്. 'വ്യക്തിപരമായത് രാഷ്ട്രീയവുമാണ്' എന്ന ഫെമിനിസ്റ്റു മുദ്രാവാക്യം വ്യക്തി, സമൂഹം, സ്വകാര്യ-പൊതുമണ്ഡലങ്ങള്‍, ഭരണകൂടം തുടങ്ങിയ ആധുനിക രാഷ്ട്രീയ സംവര്‍ഗങ്ങളെ അഗാധമായ പുനര്‍നിര്‍വചനത്തിനു നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ഖനിത്തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ ഗുഹാ നിയോഗിയും അദ്ദേഹത്തിന്റെ 'ഛത്തീസ്ഗഡ് മുക്തിമോര്‍ച്ച'യും ഇന്ത്യയിലെ നവസാമൂഹിക പ്രസ്ഥാനത്തിലെ ആദ്യപഥികരാണ്. 1991-ല്‍ അദ്ദേഹം വെടിയേറ്റു മരിച്ചു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം (NFF), കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (KSMTF), ബുള്ളോക്ക് കാര്‍ട്ട് വര്‍ക്കേഴ്സ് ഡെവലപ്മെന്റ് അസോസിയേഷന്‍ (BWDA), സൗത്ത് ഇന്ത്യന്‍ ഹാന്‍ഡ്ലൂം വീവേഴ്സ് ഓര്‍ഗനൈസിങ് കമ്മിറ്റി (SIIHWOC) തുടങ്ങിയവ ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ രൂപപ്പെട്ട നവസാമൂഹികപ്രസ്ഥാനങ്ങളില്‍ ചിലതായിരുന്നു.

ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളെ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. പല മാനങ്ങളുള്ള ജാതിവിവേചനങ്ങള്‍ക്കെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ശക്തമായ സമരങ്ങള്‍ ദലിത് പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. സാഹിത്യ, സാംസ്കാരികമേഖലകളിലെ സവര്‍ണപ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടിക്കൊണ്ടാണ് ദലിത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് ഒഫ് ദലിത് ഓര്‍ഗനൈസേഷന്‍, ഇന്ത്യയിലെ ദലിത് സംഘടനകളുടെ കൂട്ടായ്മയാണ്. മുന്നൂറിലേറെ സംഘടനകള്‍ ഇതില്‍ അംഗങ്ങളാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ (ലെസ്ബിയന്‍, ഗെ, ബൈ സെക്ഷ്വല്‍; ട്രാന്‍സ് ജെന്‍ഡര്‍) അവകാശങ്ങള്‍ക്കുവേണ്ടിപ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇന്ന് ഏറെ സജീവമാണ്. ഇന്റര്‍നാഷണല്‍ ഗെ ആന്റ് ലെസ്ബിയന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ (IGLHRC), ലെസ്ബിയന്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ തുടങ്ങിയവ ഇത്തരം സംഘടനകളാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ലൈംഗികത്തൊഴിലാളികളുടെയും മറ്റും അവകാശ-നിയമ സംരക്ഷണങ്ങള്‍ക്കായാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

മുതലാളിത്തവികസനം പ്രകൃതിയെയും മനുഷ്യനെയും വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിന്റെ ദുരന്തഫലങ്ങള്‍ പലയിടങ്ങളിലും ദൃശ്യമായിത്തുടങ്ങുന്ന കാലഘട്ടത്തിലാണ് ബദല്‍ വികസന സങ്കല്പത്തിന്റെ ആവശ്യകത ഉന്നയിച്ചുകൊണ്ട് ഇരകളാക്കപ്പെട്ട മനുഷ്യരുടെ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇന്ത്യയിലെ നര്‍മദാ ബചാവോ ആന്ദോളന്‍ ഇത്തരമൊരു സംഘടനയാണ്. കേരളത്തില്‍ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ആദിവാസികളും തദ്ദേശീയരും നടത്തുന്ന സമരം മറ്റൊരുദാഹരണമാണ്. ഇതുപോലെ മറ്റ് നിരവധി സംഘടനകള്‍ വികസനത്തിലെ മനുഷ്യത്വരാഹിത്യത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്.

Image:plachimada.png

പലവിധപ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ദര്‍ശനപരമായ അടിത്തറ വിവിധ ചിന്താപദ്ധികളില്‍ ഊന്നിയുള്ളതാണ്. ചിലപ്പോള്‍ അവ പരസ്പര വിരുദ്ധമായ ആശയലോകങ്ങളെ പിന്‍പറ്റുകകൂടി ചെയ്യുന്നുണ്ട്. മാര്‍ക്സിസ്റ്റ്, നവമാര്‍ക്സിസ്റ്റ്, ഗാന്ധിയന്‍, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് ചിന്താധാരകള്‍ ഇവയ്ക്ക് പ്രചോദനം നല്കുന്നുണ്ട്. അടിസ്ഥാനതല പങ്കാളിത്ത ജനാധിപത്യം തുടങ്ങിയ പുതിയ ജനാധിപത്യസങ്കല്പങ്ങളാണ് ഇവ മുന്നോട്ടുവയ്ക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ-പൊതുമണ്ഡല വിഭജനമില്ലാതെ, ജീവിതത്തിന്റെ സമസ്തരംഗങ്ങളെയും ജനാധിപത്യവത്കരിക്കുകയെന്ന ആശയം നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ഊര്‍ജമായി സ്വീകരിക്കുന്നു. എന്നാല്‍ ഒരുതലത്തിലുള്ള പ്രത്യേയശാസ്ത്രത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്നു വാദിക്കുന്ന സാമൂഹികപ്രസ്ഥാനങ്ങളുമുണ്ട്. പ്രത്യയശാസ്ത്രപരമായ ബഹുസ്വരതയാണ് മിക്കപ്രസ്ഥാനങ്ങളെയും നയിക്കുന്നത്.

നവസാമൂഹികപ്രസ്ഥാനങ്ങളുടെ കൂട്ടായ്മകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലും ഇടപെടാന്‍ തുടങ്ങിയിട്ടുണ്ട്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ അമേരിക്കയിലും ഇതര പാശ്ചാത്യനാടുകളിലും കിഴക്കന്‍ യൂറോപ്പിലും തൊണ്ണൂറുകളില്‍ വിവിധ മൂന്നാംലോകരാഷ്ട്രങ്ങളിലും ഹരിതരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സജീവമായിക്കഴിഞ്ഞിരുന്നു. പശ്ചിമജര്‍മനിയിലെ ഗ്രീന്‍പാര്‍ട്ടിയും ന്യൂസിലണ്ട്, സ്വിറ്റ്സര്‍ലണ്ട്, കാനഡ, ടാസ്മാനിയ, ഐര്‍ലന്‍ഡ്, ലിത്വാനിയ, ഫിന്‍ലന്‍ഡ്. നോര്‍വീജിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഗ്രീന്‍പാര്‍ട്ടികളും യൂറോപ്യന്‍ ഫെഡറേഷന്‍ ഒഫ് ഗ്രീന്‍ പാര്‍ട്ടീസ്, ഫെഡറേഷന്‍ ഒഫ് യങ് യൂറോപ്യന്‍ ഗ്രീന്‍സ,എര്‍ത്ത് ലൈഫ് ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ ഗ്രീന്‍ പാര്‍ട്ടീസ്, ഇക്കോ (ബല്‍ജിയം) തുടങ്ങിയവ നവസാമൂഹികപ്രസ്ഥാനങ്ങളുടെ വ്യാപക പിന്തുണയാര്‍ജിച്ചിട്ടുണ്ട്.

നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഒത്തുചേരല്‍ വേദിയായി ലോക സോഷ്യല്‍ഫോറം എന്ന സംഘടന ഉയര്‍ന്നുവന്നിട്ടുണ്ട്. 2001 ജനുവരിയില്‍ ബ്രസീലിലെ പോര്‍ട്ടോ അലെഗ്രെയിലാണ് ആദ്യത്തെ ലോക സോഷ്യല്‍ ഫോറം നടന്നത്. മറ്റൊരു ലോകം സാധ്യമാണ് എന്നുമാത്രമല്ല അനിവാര്യവുമാണ് എന്നതായിരുന്നു സമ്മേളന മുദ്രാവാക്യം.

മുതലാളിത്തം ജനാധിപത്യ ചൂഷണത്തിനുള്ള സ്വാതന്ത്യ്രമാണെന്നും അത് ദരിദ്രരാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്പന്നരാഷ്ട്രങ്ങള്‍ നടത്തുന്ന സൈനികവും സാമ്പത്തികവും സാംസ്കാരികവുമായ ആക്രമണമാണെന്നും സോഷ്യല്‍ ഫോറത്തിന്റെ വക്താക്കള്‍ വാദിക്കുന്നു. മൂന്നാം ലോകരാജ്യങ്ങളുടെ സോഷ്യല്‍ ഫോറവും ഏഷ്യന്‍ രാജ്യങ്ങളുടെ സോഷ്യല്‍ ഫോറവും നടക്കുകയുണ്ടായി. യൂറോ കേന്ദ്രിത കോര്‍പ്പറേറ്റ് ആഗോളവത്കരണത്തിനെതിരായ പ്രതിരോധമായാണ് അവ സ്വയം വിശേഷിപ്പിക്കുന്നത്. ബദല്‍ ചെറുത്തുനില്പുകളുടെയും ചിന്തകളുടെയും രൂപങ്ങള്‍ക്കായുള്ള ഒത്തുചേരലുകളായി ഇത് വിവക്ഷിക്കപ്പെട്ടു.

ആദ്യയൂറോപ്യന്‍ സോഷ്യല്‍ ഫോറം 2002-ലാണ് നടന്നത്. ഇറാഖ് യുദ്ധത്തിനെതിരായ പ്രതിഷേധമായി അത് മാറി. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ഐ.എം.എഫ്., ലോകബാങ്ക് ഇവയുടെ സമ്മേളനസ്ഥലങ്ങളിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കാന്‍കൂണില്‍ നടന്ന പ്രതിഷേധ സമരം ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അറ്റാക്, ഗ്ലോബല്‍ ജസ്റ്റിസ് മൂവ്മെന്റ്, ഗ്ലോബല്‍ സിറ്റിസണ്‍ മൂവ്മെന്റ്, ആന്റി കോര്‍പ്പറേറ്റ് ആക്ടിവിസം, ഡിറെക്ട് ഡമോക്രസി തുടങ്ങി നിരവധി സംഘടനകള്‍ ലോക സോഷ്യല്‍ ഫോറത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കുവഹിക്കുന്നു.

നവസാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ശക്തമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും മാര്‍ക്സിസ്റ്റ് സംഘടനകളും ബുദ്ധിജീവികളും മറ്റുമാണ് ഇതിന്റെ മുന്‍നിരയിലുള്ളത്. നിലനില്ക്കുന്ന ഭരണകൂടത്തെ തകര്‍ക്കുന്നതിനോ മാറ്റിപ്പണിയുന്നതിനോ നവസാമൂഹികപ്രസ്ഥാനങ്ങള്‍ സന്നദ്ധമല്ലെന്നു മാത്രമല്ല ബദല്‍ സാമൂഹിക വ്യവസ്ഥയെ മുന്നോട്ടുവയ്ക്കുന്നുമില്ലെന്നതാണ് പ്രധാനവിമര്‍ശനം. സമഗ്രമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കു പകരം, ചിതറിയതും ശുഷ്കവുമായ മുദ്രാവാക്യങ്ങളുയര്‍ത്തി മുതലാളിത്ത ചൂഷണവിരുദ്ധസമരങ്ങളെ ഇവ ശിഥിലമാക്കുന്നുവെന്നാണ് പ്രധാന ഇടതുവാദം.

നവസാമൂഹിക പ്രസ്ഥാനങ്ങളില്‍ വലിയൊരു പങ്ക് സര്‍ക്കാര്‍, സര്‍ക്കാരേതര ഫണ്ടിങ് ഏജന്‍സികളുടെ ധനസഹായം കൈപ്പറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. അവയില്‍ പല അന്താരാഷ്ട്ര ഏജന്‍സികളുമാകട്ടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായവയുമാണ്. മുതലാളിത്തത്തിന്റെ ഭാഗമായ സ്ഥാപനങ്ങളുടെ പിന്തുണയും സ്പോണ്‍സര്‍ഷിപ്പുമുള്ള സമരങ്ങള്‍ക്ക് എങ്ങനെയാണ് അവയ്ക്കെതിരായി അടിസ്ഥാനപരമായ സമരം നയിക്കാന്‍ കഴിയുകയെന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.

മുതലാളിത്തത്തെ പരിഷ്കരിച്ച് നന്നാക്കാമെന്ന് ധരിക്കുന്ന ബൂര്‍ഷ്വാ ലിബറലിസ്റ്റുകളുടെ സമരപദ്ധതികള്‍ മാത്രമാണിവയെന്നും അതുകൊണ്ട് പരിഷ്കരണവാദം മാത്രമാണിവയുടെ ഉള്ളടക്കമെന്നും വിമര്‍ശകര്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് സൈദ്ധാന്തിക, ദാര്‍ശനികാടിത്തറകളെ നിരാകരിച്ച് കേവലമായ പ്രയോഗപദ്ധതികളെ ദാര്‍ശനികവത്കരിക്കുന്നത് എന്നാണ് അവരുടെ വാദം. സമഗ്രാധിത്യപരമാണെന്നും സാമ്പത്തിക മാത്രാവാദമാണെന്നും വാദിച്ച് മാര്‍ക്സിസത്തെ നിരാകരിക്കുമ്പോള്‍ മുതലാളിത്തത്തിന്റെ സമഗ്രാധിപത്യത്തിനെതിരെ ദാര്‍ശനികബലം സ്വീകരിക്കാതെ പരിഷ്കരണ ശ്രമങ്ങളില്‍ ഊന്നുന്നുവെന്ന് വാദിക്കപ്പെടുന്നു.

നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന അസംതൃപ്തികള്‍ ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കാതിരിക്കാനുള്ള സുരക്ഷാ വാല്‍വായി ഇത്തരം സമരങ്ങള്‍ മാറുന്നുവെന്നും വിമര്‍ശനമുണ്ട്.

പ്രായോഗികതയിലൂന്നിയ രാഷ്ട്രീയവും വികസനത്തിലെ പങ്കാളിത്ത ജനാധിപത്യവാദവും വികസനപ്രക്രിയയെ അരാഷ്ട്രീയമായി സമീപിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനമുണ്ട്. പൌരസമൂഹസംഘടനകള്‍ രാഷ്ട്രീയത്തെ ഒഴിവാക്കി, പൗരന്മാരുടെ കൂട്ടായ്മകളായി മാറാന്‍ ശ്രമിക്കുന്നു. വിപുലമായ അര്‍ഥത്തില്‍, മുതലാളിത്ത ഭരണകൂടങ്ങളുടെ വ്യാപ്തിയും നിലനില്പും വര്‍ധിപ്പിക്കുയാണ് നവസാമൂഹികപ്രസ്ഥാനങ്ങളില്‍ അന്തര്‍ലീനമായ രാഷ്ട്രീയമെന്ന് ഒരു വാദമുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ നിലനില്ക്കുമ്പോള്‍ത്തന്നെ, പല രംഗങ്ങളിലും നവസാമൂഹിക സംഘടനകളുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ തയ്യാറാവുന്നുണ്ട്. ചുരുക്കത്തില്‍, സാമൂഹികമാറ്റത്തെയും ജനാധിപത്യത്തെയും കുറിച്ച് മൗലികമായ പുനര്‍വിചിന്തനത്തിന് പ്രേരകമാകാന്‍ നവസാമൂഹികപ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍