This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനോര്‍തൊസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 29 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അനോര്‍തൊസൈറ്റ്

Anorthosite


പ്ളാജിയോക്ളേസ് ഫെല്‍സ്പാറിന്റെ ആധിക്യമുള്ള ഒരിനം ആഗ്നേയശില. ദൃശ്യക്രിസ്റ്റലിയ രൂപമുള്ള ഇവയില്‍ നേരിയതോതില്‍ മാഫിക് (mafic) ധാതുക്കളും അടങ്ങിക്കാണുന്നു. ഇളം തവിട്ടുമുതല്‍ കടും തവിട്ടുവരെ വിവിധ നിറങ്ങളാണുള്ളത്; ഇത് അപൂര്‍വമായി മഞ്ഞനിറത്തിലും കാണപ്പെടുന്നു. ചിലപ്പോള്‍ ഇളംനീലയോ ചാരനിറമോ പടര്‍ന്നു കാണുന്നു. പൊതുവേ മങ്ങിയ നിറമായിരിക്കും; മാഫിക് ശിലകളുടെ വര്‍ധനവിനോടൊത്തു നിറപ്പകിട്ട് കൂടുന്നു.


90 ശ.മാ.ത്തിലേറെ പ്ളാജിയോക്ളേസ് അടങ്ങിയിട്ടുള്ള ശിലകളെയാണ് അനോര്‍തൊസൈറ്റായി കണക്കാക്കുന്നത്. മാഫിക് ശിലകളുടെ അംശം വര്‍ധിപ്പിക്കുന്നതോടെ ഇത്തരം ധാതുസംഘടനമുള്ള ശിലകള്‍ ഗാബ്രോയോ ഡയോറൈറ്റോ ആയിത്തീരുന്നു. പ്ളാജിയോക്ളേസ് പല വലുപ്പത്തിലുള്ള ധാന്യമണികളെപ്പോലെയോ സാരണീബദ്ധമായോ അലകുകളായോ ആണിരിക്കുന്നത്. അപക്ഷയത്തിനു വിധേയമായ തലങ്ങളില്‍ പൈറോക്സീന്‍ തരികളുള്‍ക്കൊള്ളുന്ന ഫെല്‍സ്പാര്‍ മണികള്‍ മുഴച്ചുകാണുന്നു. മാഫിക് ധാതുക്കള്‍, പ്രധാനമായും ഓര്‍തോപൈറോക്സീന്‍, ആഗൈറ്റ് എന്നിവയും അല്പമാത്രമായി ഒലിവിനുമായിരിക്കും. അപൂര്‍വമായി ഹോണ്‍ബ്ളെന്‍ഡ്, ബയൊട്ടൈറ്റ്, ക്വാര്‍ട്ട്സ്, പൊട്ടാസ്യം ഫെല്‍സ്പാര്‍ എന്നിവയും അടങ്ങിക്കാണുന്നു. ഉപഖനിജങ്ങളായി ഇല്‍മനൈറ്റ്, ടൈറ്റാനിയം യുക്തമാഗ്നട്ടൈറ്റ്, ഗാര്‍നൈറ്റ്, സ്പൈനല്‍ എന്നിവയും ഉണ്ടാകാം.


പ്രധാനമായി രണ്ടുരീതിയിലാണ് അനോര്‍തൊസൈറ്റിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്. ഗാബ്രോ, നോറ്റൈറ്റ്, പൈറോക്സിനൈറ്റ്, പെരിഡൊട്ടൈറ്റ് എന്നിവയുടെ അടരുകള്‍ക്കിടയില്‍ സാമാന്യം നല്ല കനത്തിലുള്ള അനോര്‍തൊസൈറ്റ് പടലങ്ങള്‍ കണ്ടുവരുന്നു. ഭീമാകാരങ്ങളായ ബാഥോലിത്തു(Batholith)കളായും ഇവ ഉപസ്ഥിതമാകാറുണ്ട്. രണ്ടാമത്തെ ഇനത്തിലുള്ള നിക്ഷേപങ്ങള്‍ കാനഡ, സ്കാന്‍ഡിനേവിയ, ആഡിറോണ്‍ഡാക്സ് (ന്യൂയോര്‍ക്ക്) എന്നിവിടങ്ങളിലാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്. ഇവയും ഉദ്ഭവത്തെ സംബന്ധിച്ച് ധാതുവിജ്ഞാനികള്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ഗാബ്രോ-മാഗ്മയുടെ പൃഥക്കരണമാണ് (segregation) അനോര്‍തൊസൈറ്റ് നിക്ഷേപങ്ങള്‍ക്കു നിദാനമെന്ന വാദത്തിനു കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.


പ്ളാജിയോക്ളേസ് എന്നര്‍ഥം വരുന്ന 'അനോര്‍തോസ്' എന്ന പദത്തെ ആധാരമാക്കി സ്റ്റൈറി ഹണ്ടാണ് അനോര്‍തൊസൈറ്റ് എന്ന പേര് നല്കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍