This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവവിമര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:36, 16 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവവിമര്‍ശനം

New Criticism

ഒരു സാഹിത്യ വിമര്‍ശന സമ്പ്രദായം. 1930-കളിലാണ് ഇത് സാഹിത്യരംഗത്ത് സ്വാധീനം ചെലുത്തിത്തുടങ്ങിയത്. 1944-ല്‍ പുറത്തിറങ്ങിയ ജോണ്‍ ക്രോ റാന്‍സമിന്റെ ദ് ന്യൂ ക്രിട്ടിസിസം എന്ന കൃതി ഇതിന് ആധുനിക മാനങ്ങള്‍ നല്കി. 1930 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് നിറഞ്ഞുനിന്നിരുന്നത് നവീന നിരൂപണശാഖയായിരുന്നു. പ്രാഥമികമായി ഇതിനെ ഒരു അമേരിക്കന്‍ പ്രതിഭാസമായി കണക്കാക്കാമെങ്കിലും ജന്മം കൊണ്ടോ, ദത്തെടുക്കല്‍ കൊണ്ടോ ഈ മേഖലയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് ബ്രിട്ടീഷുകാരാണ്. നവവിമര്‍ശനരംഗത്ത് ടി.എസ്. എലിയറ്റ്, റിച്ചാര്‍ഡ്സ്, റാന്‍സം തുടങ്ങിയവരുടെ സംഭാവനകള്‍ എടുത്തു പറയത്തക്കതാണ്.

1930-കളില്‍ കേംബ്രിഡ്ജിനെ വിമര്‍ശനരംഗത്തെ, ഉന്നത നിലവാരത്തിലുള്ള ഒരു അക്കാദമിക് കേന്ദ്രമാക്കുന്നതില്‍ ഐ.എ. റിച്ചാര്‍ഡ്സ് വഹിച്ച പങ്ക് വിലപ്പെട്ടതാണ്. അവിടത്തെ അധ്യാപകനായിരുന്ന റിച്ചാര്‍ഡ്സ് നവവിമര്‍ശനത്തിന് സൈദ്ധാന്തിക അടിത്തറ നല്‍കുന്നതില്‍ വിജയിച്ചു.

നവവിമര്‍ശനശാഖയില്‍ ടി.എസ്. എലിയറ്റിന്റെ സ്ഥാനം നിര്‍ണായകമാണ്. പരമ്പരാഗത സാഹിത്യനിരൂപണത്തെ പ്രശ്നാധിഷ്ഠിതമായി ആധുനികവത്കരിച്ചവതരിപ്പിക്കുകയാണ് എലിയറ്റ്    ചെയ്തത്. ജെയിംസ് ജോയ്സ്, എസ്റാ പൌണ്ട്, ടി.എസ്. എലിയറ്റ് തുടങ്ങിയവര്‍ വ്യവസ്ഥാപിത നിരൂപണത്തെ എതിര്‍ക്കുന്നവരാണ്. ഇവരുടെ ദൃഷ്ടിയില്‍ ആധുനിക രചനാരീതിയുമായി കരാറിലേര്‍പ്പെടുന്ന ഒരു പുതിയ നിരൂപണ സങ്കല്പം ഉണ്ടാകേണ്ടതാണ്. റിച്ചാര്‍ഡ്സിന്റെ ശിഷ്യനായിരുന്ന വില്യം എംപ്സണ്‍ ഈ രംഗത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന വ്യക്തിയാണ്. സെവന്‍ ടൈപ്സ് ഒഫ് ആംബിഗ്വിറ്റി (1930) എന്ന കൃതിയിലൂടെ റിച്ചാര്‍ഡ്സിന്റെതന്നെ സിദ്ധാന്തങ്ങളില്‍ നിന്നെടുത്ത ആശയങ്ങള്‍ വഴി കവിതയെ ഇദ്ദേഹം സൂക്ഷ്മമായി അപഗ്രഥിച്ചിരിക്കുന്നു.

'നവീന നിരൂപണം അഥവാ നവവിമര്‍ശനം' എന്ന വാക്ക് സ്വീകരിച്ചിരിക്കുന്നത് ജോണ്‍ ക്രോ റാന്‍സമിന്റെ ദ് ന്യൂ ക്രിട്ടിസിസം (1941) എന്ന കൃതിയില്‍ നിന്നാണ്. റാന്‍സമിനെക്കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട് എടുത്തു പറയത്തക്ക പേരുകള്‍ ആര്‍.പി. ബ്ളാക്മൂര്‍, ക്ളെന്‍ത് ബ്രൂക്ക്സ്, അലന്‍ ടെയ്റ്റ്, റോബര്‍ട്ട് പെന്‍ വാറന്‍, ഡബ്ള്യു.കെ. വിംസാറ്റ് എന്നിവരാണ്. ഈ നവീന നിരൂപകരെ ഐ.എ. റിച്ചാര്‍ഡ്സില്‍ നിന്നും വ്യത്യസ്തരാക്കുന്നത്, മനഃശാസ്ത്രത്തിനല്ല, കൃതിയിലെ വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നതാണ്. കവിതയെന്നത് റിച്ചഡ്സിന് ഉചിതമായി ക്രമീകരിച്ചിരിക്കുന്ന ആവേഗങ്ങളാണ് (impulses). ശരിയായ വായനയിലൂടെ ഈ ആശയങ്ങള്‍ കവിതയില്‍ നിന്നും വായനക്കാരന്റെ ഹൃദയത്തിലേക്ക് കടക്കുകയും വായനക്കാരന് അസ്തിത്വപരമായ സമ്പൂര്‍ണ ഉണര്‍വ് സാധ്യമാക്കുകയും ചെയ്യുന്നു. നവീന നിരൂപകര്‍ കവിതയെ മനഃശാസ്ത്രത്തില്‍നിന്നും വേര്‍തിരിച്ച് സ്വതന്ത്രമായ നിലനില്പുള്ള വാക്കുകളുടെ ഒരു ഘടനയാക്കി മാറ്റി. ഒരു മികച്ച കവിതയെന്നാല്‍ അര്‍ഥം, ഘടന, രൂപം എന്നിവയുടെ കൂടിച്ചേരലാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കാനാവില്ല. നവീന നിരൂപകരെ രൂപഭദ്രതാവാദികള്‍ (Formalists) എന്നു വിളിക്കാറുണ്ട്. എന്നാല്‍ ഇവര്‍ റഷ്യന്‍ രൂപഭദ്രതാവാദികളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. റഷ്യന്‍ രൂപഭദ്രതാവാദികള്‍ അര്‍ഥത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. അവര്‍ പുനര്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത് ഉള്ളടക്കമാണ്. അതുവഴി വായനക്കാരന്റെ പതിവ് കാഴ്ചപ്പാടുകളെ അപ്രസക്തമാക്കുന്നു.

എന്നിരുന്നാലും റഷ്യന്‍ രൂപഭദ്രതാവാദികളെപ്പോലെ നവവിമര്‍ശകര്‍ രൂപവും ഉള്ളടക്കവും സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നുവെന്ന വാദത്തെ നിഷേധിക്കുന്നു. അവര്‍ താത്പര്യം കാട്ടുന്നത് അര്‍ഥത്തിലാണ്. 1951-ല്‍ പ്രസിദ്ധീകരിച്ച 'ദ് ഫോര്‍മലിസ്റ്റ് ക്രിട്ടിക്ക്' എന്ന ലേഖനത്തിലൂടെ രൂപം തന്നെയാണ് അര്‍ഥം എന്ന് ക്ളെയന്ത് ബ്രൂക്ക്സ് അവകാശപ്പെടുന്നു. നവീന നിരൂപണം മുഖ്യധാരയില്‍ നില്‍ക്കുന്ന കാലഘട്ടത്തില്‍ നിരൂപണം പ്രാധാന്യം നല്‍കിയത് നിര്‍വചനത്തിനാണ്. എന്നിരുന്നാലും നവീന നിരൂപകര്‍ ഒരു സാഹിത്യകൃതിയുടെ അര്‍ഥം പരാവര്‍ത്തനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. സാഹിത്യപരമായ അര്‍ഥത്തെ ഒരിക്കലും സ്വതന്ത്രമായി ഒരു കൃതിയുടെ രൂപം ഉപയോഗിച്ച് ചര്‍ച്ച ചെയ്യാനാവില്ല. പരമ്പരാഗതരീതിയനുസരിച്ച് താളം, വൃത്തം (meter), ഘടന, സാഹിത്യരൂപം (genre) എന്നിവയെ അടിസ്ഥാനമാക്കിയാണ് രൂപം നിശ്ചയിക്കുന്നത്. എന്നാല്‍ നവീന നിരൂപണത്തില്‍ രൂപമെന്നത് എല്ലാ വസ്തുക്കളുടെയും നൈസര്‍ഗികമായ കൂടിച്ചേരലാണ്. നിരൂപണത്തിന്റെ കര്‍ത്തവ്യം ഇതിനെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ്. അര്‍ഥത്തെ കൃതിയോട് ശക്തമായി ഉറപ്പിച്ചിരിക്കുകയാണ്. ഇതിനെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ് നിരൂപകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് പരാവര്‍ത്തനത്തിനും അപ്പുറത്താണ്.

അനുഭവാവബോധത്തിന്റെ വിയുക്തി (dissociation of sensibility), എന്ന ആശയം ടി.എസ്. എലിയറ്റ് മെറ്റാഫിസിക്കല്‍ കവിതകളെ(metaphysical poetry)പ്പറ്റിയുള്ള ലേഖനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ ആശയം രൂപത്തെപ്പറ്റിയുള്ള നിരൂപകരുടെ നവീന ധാരണയെ സ്വാധീനിച്ചിട്ടുണ്ട്. 17-ാം ശ.-ത്തിലെ ജാക്കോബിയന്‍ നാടകകൃത്തുക്കളെയും മെറ്റാഫിസിക്കല്‍ കവികളെയും പ്രകീര്‍ത്തിച്ച് എലിയറ്റ് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവയിലൂടെ അദ്ദേഹം കൈമാറുന്ന ചിന്തകള്‍ ഐന്ദ്രിയമായ അവബോധം സൃഷ്ടിക്കുന്നു. ആദ്യകാല നവീന നിരൂപകര്‍ എലിയറ്റിന്റെ സാഹിത്യചിന്തയെ അംഗീകരിക്കുന്നവരായിരുന്നു. കൂടാതെ അനുഭവാവബോധത്തിന്റെ വിയുക്തിയെ ബാധിക്കാത്ത എഴുത്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. നിരൂപകര്‍ ഈ മേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വസ്തുക്കളുടെ ഏകത്വത്തെ പ്രകടിപ്പിക്കുകയെന്നതാണ്.

വൈരുധ്യാത്മകതയും വ്യത്യസ്തതയുമൊക്കെ സംഗമിക്കുന്ന രൂപഭദ്രതാവാദത്തിലേക്ക് (formalism) നവവിമര്‍ശനരംഗത്തുള്ളവര്‍ക്ക് കൂടുതല്‍ താത്പര്യം തോന്നാന്‍ അവരുടേതായ സാംസ്കാരിക കാരണങ്ങളുണ്ട്. മിക്കവാറും എല്ലാ അമേരിക്കന്‍ നവീന നിരൂപകരും രാഷ്ട്രീയ കാഴ്ചപ്പാടിന്റെ കാര്യത്തില്‍ യാഥാസ്ഥിതികരാണ്. ഇതിനെ സമകാലീന ചരിത്രത്തിന്റെ പ്രകടമായ അരോചകത്വമായാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഇപ്രകാരമുള്ള കൃതികളില്‍വച്ച് ഏറ്റവും മികച്ചു നില്‍ക്കുന്നത് ടി.എസ്. എലിയറ്റിന്റെ ദ് വെയ്സ്റ്റ് ലാന്‍ഡ് എന്ന കൃതിയാണ്. ഡബ്ള്യു.ബി. യീറ്റ്സിന്റെ 'ദ് സെക്കന്‍ഡ് കമിങ്' മറ്റൊരുദാഹരണമാണ്. മനുഷ്യന്റെ ഭാവന വ്യത്യസ്തമാകുന്നത് കവിതയിലൂടെയാണ്. വൈരുധ്യാത്മകതയ്ക്കും തത്ത്വശാസ്ത്രത്തിനും വിഭാഗീയ ചിന്തയ്ക്കുമൊക്കെ മേല്‍ മനുഷ്യന്റെ ഭാവന വിജയം നേടുന്നത് കവിതയിലൂടെയാണ്.

നവീന നിരൂപകര്‍ മെറ്റാഫിസിക്കല്‍ കവിതകള്‍ക്ക് പ്രത്യേക മൂല്യം നല്‍കിയിട്ടുണ്ട്, പ്രത്യേകിച്ചും ഡണ്ണിന്റെ കവിതകള്‍ക്ക്. 18-ാം ശ.-ത്തിലെ എഴുത്തുകാരനായ സാമുവല്‍ ജോണ്‍സന് മെറ്റാഫിസിക്കല്‍ കവിതകള്‍ എന്നത് സാദൃശ്യമില്ലാത്തവയുടെ വന്യമായ സാമ്യവത്കരണമാണ്. അതിനാല്‍ ഏറ്റവും വ്യത്യസ്തമായ ആശയങ്ങള്‍ നിര്‍മിക്കപ്പെടുന്നത് വന്യതകള്‍ (vilence) കൂട്ടിച്ചേര്‍ത്താണ്. എന്നാല്‍ നവീന നിരൂപകര്‍ക്ക് ഇത് കല്പനാത്മക കവിതയുടെ യഥാര്‍ഥ രൂപമായിരുന്നു. ആദ്യകാല നവീന നിരൂപകര്‍ക്ക് ഭാവഗാനങ്ങളോടായിരുന്നു താത്പര്യം. കൂടാതെ നീണ്ട നാടകങ്ങളിലും കവിതകളിലും ഇത് ശരിയായ രീതിയില്‍ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചിരുന്നു. പുത്തന്‍ നിരൂപണ രീതികള്‍ വഴി ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്യാനായി ശ്രമിച്ചയാളാണ് ബ്രൂക്ക്സ്.

നവവിമര്‍ശനരംഗത്ത് സിദ്ധാന്തങ്ങള്‍ പരിമിതമാണ്. ബ്രൂക്സിനെപ്പോലെയുള്ള നിരൂപകര്‍ സിദ്ധാന്തങ്ങളെപ്പറ്റി ചുരുക്കം മാത്രമേ എഴുതിയിരുന്നുള്ളു. അവരുടെ പ്രധാന താത്പര്യം നിരൂപണ വിശകലനത്തിലായിരുന്നു. ഡബ്ള്യു. കെ. വിംസാറ്റ് ആണ് നവീന നിരൂപകരിലെ പ്രധാന സൈദ്ധാന്തികന്‍. ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് രണ്ട് കൃതികള്‍ വഴിയാണ്. ഇവ മണ്‍റോ സി. ബെര്‍ഡ്സ്ലിയുമായി ചേര്‍ന്നെഴുതിയതാണ്. ദി ഇന്റര്‍ നാഷണല്‍ ഫാലസി, ദി അഫക്റ്റീവ് ഫാലസി (1946, 1949) എന്നിവയാണ് കൃതികള്‍. ഈ രണ്ട് കൃതികളുടെയും ലക്ഷ്യം നവീന നിരൂപണത്തെ ന്യായീകരിക്കുകയെന്നതാണ്. അല്ലാതെ, പ്രേക്ഷകരുടെയോ എഴുത്തുകാരന്റെയോ പ്രതികരണമല്ല ലക്ഷ്യമാക്കിയത്. ഇവര്‍ സ്വീകരിച്ച മാര്‍ഗം കൂടുതല്‍ സൂക്ഷ്മമാണ്. ഈ ലേഖനങ്ങള്‍ വായിക്കുകയെന്നത് വളരെയധികം ദുഷ്കരവുമാണ്.

നവവിമര്‍ശകര്‍ ഭാഷയെ ഒരു ചരിത്രപരമായ പ്രതിഭാസമായാണ് അംഗീകരിക്കുന്നത്. കടലാസ്സില്‍ എഴുത്തുകാരന്‍ എന്തെഴുതുന്നു എന്നതാണ് വായനക്കാരന്‍ പരിഗണിക്കുന്നത്. എഴുത്തുകാരന്‍ എന്തര്‍ഥത്തിലാണെഴുതിയതെന്നതിന് പ്രസക്തിയില്ല. നിരൂപകര്‍ വ്യക്തിഗതമായ പ്രതികരണങ്ങളിലെ വ്യത്യസ്തത പരിഗണിച്ചിരുന്നില്ല.

Image:Richards- A-2.png

നവവിമര്‍ശകര്‍ ആത്യന്തികമായി അമേരിക്കന്‍ അക്കാദമിക് മേഖലയെ അടക്കി വാണിരുന്നു. ജോണ്‍ ക്രോ റാന്‍സം 1937-ല്‍ എഴുതിയ 'ക്രിട്ടിസിസം ഇന്‍ക്' എന്ന ലേഖനത്തില്‍ സാഹിത്യ അധ്യാപകരെ നിശിതമായി വിമര്‍ശിക്കുന്നു. അധ്യാപകര്‍ യഥാര്‍ഥ നിരൂപകരല്ലെന്ന് വാദിക്കുന്നു. ഭാവിയിലെ വിദ്യാര്‍ഥികളെ 'സാഹിത്യ നിരൂപണം' പഠിപ്പിക്കണം അല്ലാതെ കേവല സാഹിത്യമല്ല പഠിക്കേണ്ടത്. ചരിത്രപരമായ അറിവിനെക്കാള്‍ സൂക്ഷ്മമായ    വായനയ്ക്ക് പ്രാധാന്യം നല്‍കുകയും അധ്യാപകരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും വേണം. സാഹിത്യ പഠനമേഖലയില്‍ തങ്ങള്‍ക്ക് പ്രമുഖമായ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാന്‍ വിദ്യാര്‍ഥികളെ നവീന സാഹിത്യനിരൂപണം സഹായിക്കുന്നതാണ്. നവീന നിരൂപകര്‍ സാഹിത്യ അധ്യാപനത്തെ സഹായിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബ്രൂക്ക്സും, വാറന്‍സും ചേര്‍ന്നെഴുതിയ അണ്ടര്‍സ്റ്റാന്‍ഡിങ് പോയട്രി ഇവയില്‍ പ്രധാനമാണ്. ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചത് 1938-ലാണ്. പരമ്പരാഗത അധ്യാപന രീതിയില്‍ നിന്നും വ്യത്യസ്തമായ അധ്യാപന രീതിയെ നവീന നിരൂപണം പ്രോത്സാഹിപ്പിക്കുന്നു.

നവവിമര്‍ശനത്തിന് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രാധാന്യം ലഭിച്ചു തുടങ്ങിയതോടെ കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാകാനും തുടങ്ങി. 1950-60 കാലഘട്ടത്തിലെ നവീന നിരൂപണം പരിശോധിച്ചാല്‍ വിരോധാഭാസം (paradox), അനിശ്ചിതാര്‍ഥം (ambiguity), വിപരീതാര്‍ഥം (irony) എന്നിവയ്ക്ക് വളരെക്കുറച്ച് പ്രാധാന്യം മാത്രമേ നല്കിയിരുന്നുള്ളു എന്നു കാണാം. കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നത് വിഷയഘടനയ്ക്കുള്ളില്‍ നിന്നും പുസ്തകത്തെ സംയോജിപ്പിക്കുന്നതിനായിരുന്നു. ജോണ്‍ എം. എല്ലിസ് തിയറി ഒഫ് ലിറ്റററി ക്രിട്ടിസിസം (1974) എന്ന പുസ്തകത്തില്‍ പല പ്രധാന നവീന നിരൂപണ ചിന്തകളെയും പ്രതിരോധിച്ചിരിക്കുന്നു.

പിന്നീട് നവവിമര്‍ശനം പലതരത്തിലുള്ള പൊരുത്തപ്പെടലുകള്‍ക്കും തയ്യാറായി; പ്രധാനമായും ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശ്യത്തോടും ചരിത്രപരമായ സാഹചര്യങ്ങളോടും. ഈ മാറ്റങ്ങളുടെയൊക്കെ ഫലമായി സാഹിത്യകൃതികളുടെ നിര്‍വചനം നവീന നിരൂപകരുടെ കര്‍ത്തവ്യമായി മാറി. നിര്‍വചനം മറ്റെന്തിനെക്കാളും മുകളിലായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍