This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗര്‍കോവില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:57, 7 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗര്‍കോവില്‍

തമിഴ്നാടിന്റെ തെക്കന്‍ ജില്ലയായ കന്യാകുമാരിയിലെ പ്രധാന പട്ടണവും ഭരണസ്ഥാനവും. കന്യാകുമാരിയില്‍നിന്ന് 13 കി.മീ. വ.പടിഞ്ഞാറും തിരുവനന്തപുരത്തുനിന്ന് 65 കി.മീ. തെ.കിഴക്കുമായാണ് നാഗര്‍കോവിലിന്റെ സ്ഥാനം. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവില്‍ 1956-ലെ സംസ്ഥാന പുനഃനിര്‍ണയത്തോടെയാണ് തമിഴ്നാടിന്റെ ഭാഗമായത്.

Image:Nagercovil-chithral.png

പശ്ചിമഘട്ടവുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ നാഗര്‍കോവില്‍ പട്ടണവും സമീപ മേഖലകളും പൊതുവേ കുന്നിന്‍പ്രദേശങ്ങളാണ്. ആവശ്യാനുസരണം മഴ ലഭിക്കുന്ന ഇവിടുത്തെ കാലാവസ്ഥ, ജലസ്രോതസ്സുകള്‍, ജലസേചനം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെല്ലാം പശ്ചിഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫലഭൂയിഷ്ടമായ ഇവിടം നെല്‍കൃഷികൊണ്ടു സമൃദ്ധമായ പച്ചപ്പു നിറഞ്ഞ പാടങ്ങള്‍, പഞ്ചസാര മണല്‍ നിറഞ്ഞ വിശാലമായ കടല്‍ത്തീരം എന്നിവകൊണ്ടും പ്രകൃതി രമണീയമാണ്. വര്‍ഷത്തില്‍ ഏറിയപങ്കും ഈര്‍പ്പമുള്ള കാലാവസ്ഥയാണ്. വേനലില്‍ 30ബ്ബ സെല്‍ഷ്യസ് ആണ് ഇവിടുത്തെ ഉയര്‍ന്ന താപനില. വ.കിഴക്കന്‍, തെ.പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇവിടെ ലഭിക്കുന്നു. 2001-ലെ സെന്‍സസ് പ്രകാരം 2,08,149 ആണ് നാഗര്‍കോവില്‍ മുന്‍സിപ്പല്‍ പട്ടണത്തിലെ ജനസംഖ്യ. സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം ഏതാണ്ട് സന്തുലിതമാണ്. ജനസംഖ്യയുടെ 9 ശതമാനം 6 വയസ്സിനു താഴെയുള്ള കുട്ടികളാണ്.

കേരളത്തിന്റെയും തമിഴ്നാടിന്റെതും ചേര്‍ന്നുള്ള ഒരു സമ്മിശ്ര സംസ്കാരമാണ് നാഗര്‍കോവിലിന്റേത്. സംസാരത്തിലും ഭക്ഷണരീതികളിലും ഈ സങ്കരണം ദൃശ്യമാണ്. തമിഴും മലയാളവുമാണ് പ്രധാന സംസാരഭാഷകള്‍. വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളില്‍പ്പെടുന്നവരാണ് നാഗര്‍കോവില്‍ നിവാസികളിലേറെയും. ഓണം, ശുചീന്ദ്രം രഥോത്സവം, അയ്യാ വൈകുണ്ഠ അവതാരം, ദീപാവലി, ഈസ്റ്റര്‍, ക്രിസ്തുമസ്, സെന്റ്ഫ്രാന്‍സിസ് സേവ്യര്‍ ഊട്ടുതിരുനാള്‍, ഭഗവതി അപ്പന്‍ക്ഷേത്രോത്സവം, റംസാന്‍, ബക്രീദ് തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങള്‍.

ചരിത്രം. ജൈനമതത്തിന്റെ ആഗമനത്തിനുമുന്‍പ് നാഗര്‍കോവില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കോട്ടാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫലഭൂയിഷ്ഠമായ നാഞ്ചിനാട്, കോട്ടാര്‍ തുടങ്ങിയ പ്രദേശങ്ങളെ അധീനതയിലാക്കാന്‍ ചേര-ചോള-പാണ്ഡ്യരാജവംശങ്ങള്‍ തമ്മില്‍ പോരാട്ടങ്ങള്‍ തന്നെ ഉടലെടുത്തിരുന്നതായി പൌരാണിക തമിഴ് രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. പൌരാണിക കേരളത്തിലെ ജൈനസങ്കേതമായിരുന്നു നാഗര്‍കോവില്‍. ജൈനമതത്തിന്റെ പ്രഭാവം വിളിച്ചോതുന്നതാണ് ഇന്നത്തെ ചിതറാലിലെ (പഴയ തിരുച്ചാണത്തുമല) ജൈനസങ്കേതം. നോ: ചിതറാല്‍

Image:Nagercovil-Kottar Palli.png

തിരുവല്ല മുതല്‍ നാഗര്‍കോവില്‍ വരെയുള്ള പ്രദേശങ്ങള്‍ സംഘാകാലത്തിനു കുറെക്കാലം മുന്‍പും പിന്‍പും ആയ് വംശരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ആയ് രാജാവ് വരഗുണ(885-925)ന്റെ കാലശേഷം ശിഥിലമായിത്തീര്‍ന്ന ആയ് രാജ്യത്തിന്റെ വടക്കന്‍ പ്രദേശം ചേരസാമ്രാജ്യത്തിലും നാഗര്‍കോവില്‍ ഉള്‍പ്പെട്ട തെക്കന്‍ പ്രദേശം ചോളസാമ്രാജ്യത്തില്‍ ലയിക്കുകയും ചെയ്തു. എങ്കിലും ഒരു നൂറ്റാണ്ടിനുള്ളില്‍ നാഗര്‍കോവില്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം (നാഞ്ചിനാട്) സ്വയംഭരണം നേടിയെടുത്തു.

Image:Nagercovil-IREL.png Image:Nagercovil-SLB.School.png


എ.ഡി. 1101-ല്‍ വേണാട്ടു രാജാവായ വീരകേരളവര്‍മ നാഞ്ചിനാട്ടില്‍പ്പെട്ട നാഗര്‍കോവിലിലെ ഭരണാധിപനായ നാഞ്ചിക്കുറവനെ തോല്പ്പിച്ചുകൊണ്ട് ഇവിടെ അധികാരം സ്ഥാപിച്ചു. എ.ഡി. 1260-1319 കാലത്ത് പാണ്ഡ്യരുടെ അധീനതയിലായിരുന്ന നാഗര്‍കോവില്‍ പിന്നീട് വേണാട്ടില്‍ ലയിച്ചു. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന കാലത്താണ് നാഗര്‍കോവിലിന് കൂടുതല്‍ പ്രഭാവം കൈവന്നത്. തിരുവനന്തപുരം കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമായിരുന്നു അന്ന് നാഗര്‍കോവില്‍ യൂറോപ്യന്‍ കമ്പനികളുടെ നിയന്ത്രണത്തില്‍ 17-ാം ശ. വരെ കുരുമുളക് അടക്കമുള്ള സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം ഇവിടെ പുരോഗമിച്ചിരുന്നു. എല്ലാ മതവിഭാഗങ്ങളോടും സഹിഷ്ണുത പുലര്‍ത്തിപ്പോരുന്ന നാഗര്‍കോവിലിന്റെ ചരിത്രത്തില്‍ യൂറോപ്യന്‍ വിദ്യാഭ്യാസ വിചക്ഷണര്‍, മിഷണറിമാര്‍ വ്യാപാരികള്‍ തുടങ്ങിവരുടെ പങ്ക് ഏറെ പ്രധാനമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന തിരുവിതാംകൂറിലെ പ്രബുദ്ധ ഭരണത്തിനു കീഴില്‍ ലഭ്യമായ താരതമ്യേന മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങള്‍, റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ നാഗര്‍കോവില്‍ സാമൂഹ്യമായും സാമ്പത്തികമായും പുരോഗതിയാര്‍ജിച്ചു. നാഗര്‍കോവിലിലെ പുകള്‍പെറ്റ ജലസേചനസംവിധാനത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ് നാഞ്ചിനാട്ടെ കുളങ്ങള്‍ (നോ: നാഞ്ചിനാട്). 1920-ല്‍ തിരുവിതാംകൂര്‍ മുനിസിപ്പാലിറ്റീസ് ആക്ടിലൂടെ നാഗര്‍കോവില്‍ മുനിസിപ്പല്‍ പട്ടണമായി. Image:Nagercovil-Nagaraja temple.png

തിരുവിതാംകൂറിന്റെ തെക്കന്‍ പ്രദേശമായ നാഗര്‍കോവിലിലെ അനേകം വികസന പദ്ധികള്‍ക്ക് തുടക്കമേകിയത് ദിവാന്‍ സര്‍ സി.പി. രാമസ്വാമിയാണ്. 1949-ല്‍ തിരു-കൊച്ചിക്കു കീഴിലെ ഒന്നാം ഗ്രേഡ് പട്ടണങ്ങളില്‍ ഒന്നായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1950-കളില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃനിര്‍ണയം വന്നപ്പോള്‍ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്നുവെന്നതിനാല്‍ നാഗര്‍കോവില്‍ തമിഴ്നാടിന്റെ ഭാഗമായി. മാര്‍ഷല്‍ എ. നേശമണി നാടാര്‍ തുടങ്ങിയ പ്രമുഖരാണ് ഇതിനായുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് (നോ: നേശമണി). 1980-കളിലെ വര്‍ഗീയ-സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ നാഗര്‍കോവിലിലേത് പൊതുവേ ശാന്തമായ സാമൂഹികാന്തരീക്ഷമാണ്. 2004 ഡി. 26-ലെ സുനാമി ക്ഷോഭം നാഗര്‍കോവിലിലും സമീപപ്രദേശങ്ങളായ മണക്കുടി, കുളച്ചല്‍ തുടങ്ങിയ പ്രദേശങ്ങളിലും ദുരന്തം വിതച്ചിരുന്നു. നൂറുകണക്കിനു മനുഷ്യരെ ഒരുമിച്ച് സംസ്കരിക്കേണ്ട ദുരന്താനുഭവത്തിന് ഇരയായ ഒരു തീരദേശമാണ് കുളച്ചല്‍. നാഗര്‍കോവില്‍ ഗ്രാമം, വടിവീശ്വരന്‍, വടശ്ശേരി, നീയാണ്ട കരൈ എന്നിവയാണ് നാഗര്‍കോവിലിലെ നാല് വില്ലേജുകള്‍

വിദ്യാഭ്യാസം. 150 വര്‍ഷം പഴക്കമുള്ള സ്കോട്ട് ക്രിസ്റ്റ്യന്‍ കോളജ് ബ്രിട്ടീഷ് ഇന്ത്യ ഭരണകാലത്ത് യൂറോപ്യന്‍ മിഷണറിമാരാല്‍ സ്ഥാപിക്കപ്പെട്ടതാണ്. 19-തും 20-തും ശ.-ങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ മിഷണറിമാര്‍ നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. നഗരപ്രദേശത്തെ സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവയുടെ പേരുകളില്‍ ഇവ പ്രതിഫലിക്കുന്നുണ്ട്.

1817-ല്‍ നാഗര്‍കോവിലിലെത്തിച്ചേര്‍ന്ന ലണ്ടന്‍ മിഷണറി സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈയെടുത്തു. എല്‍.എം.എസ്. മിഷണറി പ്രവര്‍ത്തകനായ റവ. മീഡ് 1818-ല്‍ സ്ഥാപിച്ച നാഗര്‍കോവില്‍ സെമിനാരി, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ റെഗുലര്‍ വിദ്യാഭ്യാസ സ്ഥാപനമാണ്. 'മിഷന്‍ പ്രസ്' എന്ന നാഗര്‍കോവിലിലെ ആദ്യത്തെ അച്ചടിശാലയും റവ. മീഡ് സ്ഥാപിച്ചതാണ്.

Image:kulachal.png

പ്രഷ്യയില്‍ നിന്നെത്തിയ വില്യം ഫോബിയാസ് റിംഗല്‍ തോബ് എന്ന മിഷണറി പ്രവര്‍ത്തകനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1924-31 കാലയളവില്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന സേതുലക്ഷ്മിഭായിയുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റെഗുലര്‍ സ്കൂളുകളിലൊന്നാണ്. ശ്രീമൂലംതിരുനാള്‍ രാജവര്‍മ ഹയര്‍ സെക്കണ്ടറി സ്കൂളും ഇത്തരത്തില്‍ സ്ഥാപിതമായ ഒന്നാണ്. മെഡിക്കല്‍ കോളജ്, പോളിടെക്നിക്, മറ്റ് സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവയും നാഗര്‍കോവിലിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനകള്‍ നല്കിവരുന്നു. ഇന്ന് നാഗര്‍കോവില്‍ ഭാഗത്ത് നിരവധി അണ്‍എയ്ഡഡ് മെഡിക്കല്‍, എഞ്ചിനീയറിങ്, നഴ്സിങ്, ബി.എഡ്. കോളജുകള്‍ നിലവിലുണ്ട്. സമീപപ്രദേശമായ തക്കല കുമാരകോവിലില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി എന്ന പേരില്‍ ഒരു കല്പിത സര്‍വകലാശാലയും പ്രവര്‍ത്തിച്ചുവരുന്നു.

ആള്‍ ഇന്ത്യാ റേഡിയോയുടെ പ്രക്ഷേപണം, ദൂരദര്‍ശന്‍ സംപ്രേക്ഷണകേന്ദ്രം എന്നിവക്കുപുറമേ മലയാള ദിനപ്പത്രങ്ങളും വ്യാപകമായി പ്രചാരത്തിലുണ്ട്. പത്രമാധ്യമങ്ങളും നാഗര്‍കോവിലില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നു. സെന്‍ട്രല്‍ റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം, ഐ.എസ്.ആര്‍.ഒ.യുടെ ലിക്വിഡ് പ്രോപല്‍ഷന്‍ സെന്റര്‍ (എല്‍.പി.എസ്.സി.) എന്നിവ നാഗര്‍കോവിലിലാണ് പ്രവര്‍ത്തിക്കുന്നത്. സമീപകാലത്ത് ഏതാനും സോഫ്ട്വെയര്‍ കമ്പനികളും ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കയര്‍ നിര്‍മാണം, കരകൗശല ഉത്പന്നങ്ങള്‍, നെയ്ത്തുവ്യവസായം, റബ്ബര്‍ ഉല്പന്നങ്ങള്‍, മത്സ്യബന്ധന വല നിര്‍മാണം തുടങ്ങിയ ഇവിടുത്തെ കുടില്‍ വ്യവസായ ഉത്പന്നങ്ങളില്‍ പലതും കയറ്റുമതി ചെയ്യപ്പെടുന്നവയാണ്. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നാഗര്‍കോവിലില്‍ ഉടനീളം വ്യാപകമായിട്ടുണ്ട്. ആരുവാമൊഴിചുരം കടന്നുവരുന്ന കാറ്റിന്റെ ശക്തിയെ ആസൂത്രിതമായി വൈദ്യുതി ഉത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഉത്തമ മാതൃകയാണ് ഇവ. ഇന്ത്യന്‍ റെയര്‍ എര്‍ത്തസ് ലിമിറ്റഡ്, കൂടംകുളം ആണവോര്‍ജ റിയാക്ടര്‍ എന്നിവ നാഗര്‍കോവിലിന്റെ സമീപ ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ഇവയുടെ ഏറ്റവും അടുത്ത പട്ടണം എന്ന പ്രാധാന്യവും നാഗര്‍കോവിലിനുണ്ട്.

നാഗര്‍കോവിലിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്ന് നാഗരാജന്റെ പ്രധാന പ്രതിഷ്ഠയുള്ള നാഗരാജക്ഷേത്രമാണ്. നഗരത്തില്‍നിന്നും ആറു കി.മീ. അകലെ ശുചീന്ദ്രത്ത് സ്ഥിതി ചെയ്യുന്ന സ്ഥാണുമായേക്ഷേത്രം, ദക്ഷിണേന്ത്യയിലാകെ അറിയപ്പെടുന്ന ഹൈന്ദവക്ഷേത്രമാണ്. ശിവന്‍, വിഷ്ണു, ബ്രഹ്മാവ് ഇവര്‍ക്ക് പുറമെ എല്ലാ രാത്രികളിലുമുള്ള ഇന്ദ്രാരാധയും ഇവിടത്തെ പ്രത്യേകതയാണ്. സൂചീന്ദ്രത്തിനു സമീപമാണ് കന്യാകുമാരിക്ഷേത്രവും വിനോദസഞ്ചാരകേന്ദ്രങ്ങളും (നോ: കന്യാകുമാരി). ചരിത്രപ്രസിദ്ധമായ മറ്റു രണ്ടു ക്ഷേത്രങ്ങളാണ് കൃഷ്ണന്‍കോവിലും കുമാരകോവിലും. പട്ടണത്തില്‍നിന്നും 1.5 കി.മീ. ദൂരത്ത് സ്ഥിതിചെയ്യുന്ന കൃഷ്ണകോവില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാല്യകാല അവതാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

എ.ഡി. 1600-ല്‍ നിര്‍മിക്കപ്പെട്ട പ്രസിദ്ധമായ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ക്രൈസ്തവ ആരാധനാലയത്തിന് ചരിത്രപരമായിത്തന്നെ പ്രാധാന്യമുണ്ട്. വേണാട് ഭരണാധികാരിയാണ് അക്കാലത്ത് പള്ളിക്കായി പ്രത്യേക സ്ഥലം അനുവദിച്ചത്. ജില്ലയിലെ പ്രധാന മുസ്ലിം ആരാധനാലയമാണ് തക്കലപ്പള്ളി.

നഗരത്തില്‍നിന്നും എട്ടു കി.മീ. അകലെയുള്ള മുക്കട ജലസംഭരണിക്കു നടുവിലായി ഒരു ദ്വീപ് സ്ഥിതിചെയ്യുന്നു. ജലസംഭരണിയും ഹരിതാഭമായ പശ്ചിമഘട്ടമലനിരകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. കന്യാകുമാരിയും അനുബന്ധകേന്ദ്രങ്ങളും, സെന്റ് മേരീസ് ദേവാലയം, സുഗന്ധഗിരി, മുട്ടം തുടങ്ങിയ കടല്‍ത്തീരങ്ങളും, മാത്തൂര്‍ പാലം, പദ്മനാഭപുരം കൊട്ടാരം, തൃപ്പരപ്പ് വെള്ളച്ചാട്ടം, തരുവെട്ടാര്‍ അക്വഡക്, ഭൂതപ്പാണ്ടി, റബ്ബര്‍ത്തോട്ടങ്ങള്‍, കടല്‍ത്തീരം തുടങ്ങിയവ നാഗര്‍കോവിലിനെ വിനോദസഞ്ചാരികള്‍ക്കിടയില്‍ ആകര്‍ഷകേന്ദ്രമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍