This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, ടി.എം. (1868 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:19, 30 ഏപ്രില്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നായര്‍, ടി.എം. (1868 - 1919)

ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകന്‍. 1868 ജനു. 15-ന് തിരൂരില്‍ ജനിച്ചു. തറവത്ത് മാധവന്‍ നായര്‍ എന്നാണ് പൂര്‍ണനാമം. മദ്രാസ് പ്രസിഡന്‍സി കോളജിലെ ബിരുദപഠനത്തിനുശേഷം വൈദ്യശാസ്ത്രപഠനത്തിലേക്കുതിരിഞ്ഞ ഇദ്ദേഹം മദ്രാസ് മെഡിക്കല്‍ കോളജ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുമാണ് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയത്. ബ്രിട്ടനിലെ പഠനകാലം ഇദ്ദേഹത്തിന്റെ രാഷ്ട്രീയസാമൂഹിക കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എഡിന്‍ബര്‍ഗ് ഇന്ത്യന്‍ അസോസിയേഷന്‍, എഡിന്‍ബര്‍ഗ് വിദ്യാര്‍ഥി പ്രതിനിധി കൗണ്‍സില്‍, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തനം രാഷ്ട്രീയ അവബോധത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകമായി. ലേബര്‍ പാര്‍ട്ടി നേതാവ് ആര്‍തര്‍ ഹെന്റേഴ്സന്‍ ഉള്‍പ്പെടെ വിപുലമായ ഒരു സുഹൃദ്വലയത്തിനുടമയുമായിരുന്നു ഇദ്ദേഹം.

Image:tm nair.png

1897-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1898-99-ലെ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഇദ്ദേഹം തന്റെ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും തുല്യപരിഗണനയ്ക്കായി പോരാടുകയും ചെയ്തു. മെഡിക്കല്‍ സേവനരംഗത്ത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടിരുന്ന വിവേചനത്തിനെതിരെ അക്കാലത്ത് മുഴങ്ങിക്കേട്ട ശബ്ദം ടി.എം. നായരുടെതായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങള്‍ക്ക് ബ്രിട്ടണ്‍ നല്കിയ സംഭാവനകളെ മാനിക്കുമ്പോള്‍ തന്നെ ബ്രിട്ടന്റെ ഉദ്യോഗസ്ഥ മേധാവിത്തത്തിനെതിരെ ഭയാശങ്കയില്ലാതെ ഇദ്ദേഹം പ്രതികരിച്ചിരുന്നു. മദിരാശി ഗവര്‍ണര്‍ ആയിരുന്ന സര്‍ ആര്‍തര്‍ ലസ്ലിക്കെതിരെ നടത്തിയ വിമര്‍ശനം ഇതിന് ഉത്തമോദാഹരണമാണ്.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവയുടെ പരിഹാരത്തിനു പാര്‍ലമെന്റിനെ ഉപയോഗിച്ച ടി.എം. നായര്‍, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു നടത്തിയ സംഭാവന നിസ്തുലമാണ്. മദിരാശി കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ അംഗമെന്ന നിലയില്‍ നടത്തിയ സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഭൂസ്വത്തിന്റെ ഒരു വിഹിതത്തിന് മുനിസിപ്പാലിറ്റിക്ക് അവകാശമുണ്ടെന്ന് ആദ്യമായി സൂചിപ്പിച്ചത് ഇദ്ദേഹമാണ്. 1908-ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഇദ്ദേഹത്തെ ലേബര്‍ കമ്മീഷന്‍ അംഗമായി നിയമിക്കുകയുണ്ടായി. ആ പദവിയിലിരുന്ന് ഇദ്ദേഹം സമര്‍പ്പിച്ച വിയോജനക്കുറിപ്പാണ് ഫാക്ടറീസ് ആക്റ്റിന് അടിസ്ഥാനമായത്. തൊഴില്‍മേഖലയിലെ തൊഴിലാളി പീഡനങ്ങളെ മുന്‍നിര്‍ത്തി ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 15-16 മണിക്കൂറായിരുന്ന ജോലി സമയം 12 ആക്കി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഒന്നാം ലോകയുദ്ധം ആരംഭിച്ച അവസരത്തില്‍ ലെഫ്റ്റനന്റ് എന്ന നിലയില്‍ മദ്രാസില്‍ സര്‍ജനായി (1913) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലെ സേവനങ്ങളെ മാനിച്ച് യുദ്ധാനന്തരം കെയ്സര്‍-ഇ-ഹിന്ദ് മെഡലും യുദ്ധസേവന സുവര്‍ണമെഡലും ലഭിക്കുകയുണ്ടായി.

1916-ല്‍ ഇംപീരിയല്‍ ലെജിസ്ലേച്ചര്‍ ഒഫ് ഇന്ത്യയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കു സംഭവിച്ച പരാജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മുന്‍വിധികളും തമിഴ് ബ്രാഹ്മണരുടെ ആധിപത്യവും മൂലമാണെന്ന് ഇദ്ദേഹം ആക്ഷേപമുന്നയിച്ചു.

1917-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ട ടി.എം. നായര്‍, അതേവര്‍ഷം ഒക്ടോബറില്‍ ത്യാഗരാജചെട്ടിക്കും, ഡോ. നടേശനുമൊപ്പം സൌത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ എന്ന സംഘടനയ്ക്ക് രൂപംനല്കി. ജസ്റ്റിസ് പാര്‍ട്ടി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ബ്രാഹ്മണാധിപത്യത്തില്‍ പ്രതിഷേധിച്ച പെരിയോര്‍ ഇ.വി. രാമസ്വാമി കോണ്‍ഗ്രസ് വിട്ട് പുതിയ കക്ഷിക്കു രൂപംനല്കുന്നതിന് പത്തുകൊല്ലം മുമ്പേ അതേ കാരണത്താല്‍ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ രാഷ്ട്രീയകക്ഷിക്കു രൂപംനല്കി എന്നത് ശ്രദ്ധേയമാണ്. അബ്രാഹ്മണരുടെ ശബ്ദം പൊതുസമൂഹത്തെ അറിയിക്കുന്നതിനായി 1917 ഫെ. 26-ന് പ്രസിദ്ധീകരിച്ചുതുടങ്ങിയ ജസ്റ്റിസ് എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപര്‍ ഇദ്ദേഹമായിരുന്നു. മരണംവരെ അതില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ആനിബസന്റ് രൂപം നല്കിയ ഹോംറൂള്‍ മൂവ്മെന്റിന്റെ അഭ്യുദയാകാംക്ഷികളെയും ജസ്റ്റിസിലൂടെ നഖശിഖാന്തം എതിര്‍ത്തു.

ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹ്യതിന്മകളുടെ ഉന്മൂലനത്തിന് പാശ്ചാത്യവിദ്യാഭ്യാസം അനിവാര്യമാണെന്ന പക്ഷക്കാരനായിരുന്നു ടി.എം. നായര്‍. ജാതിക്കും വര്‍ണത്തിനുമതീതമായി എല്ലാ മനുഷ്യര്‍ക്കും പ്രാഥമികവിദ്യാഭ്യാസം നല്കണമെന്നും ഇദ്ദേഹം വാദിച്ചു. ഇതിനായി ഗോഖലെയുടെ എലിമെന്ററി എജ്യുക്കേഷന്‍ ബില്ലിനെ പിന്തുണയ്ക്കുകയുണ്ടായി. മൊണ്‍ടേഗ്-ചെംസ്ഫോര്‍ഡ് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്കായി ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രതിനിധിയായി 1919-ല്‍ ലണ്ടന്‍ സന്ദര്‍ശിച്ചു. ജനസംഖ്യയില്‍ ഭൂരിപക്ഷമുണ്ടായിട്ടും ദ്രാവിഡര്‍ക്കുമേല്‍ ഉയര്‍ന്ന ജാതിക്കാര്‍ നടപ്പാക്കിയിരുന്ന ആധിപത്യത്തെ കണക്കുകള്‍ നിരത്തി ഇവിടെ അവതരിപ്പിക്കുകയുണ്ടായി. സാമുദായിക പ്രാതിനിധ്യത്തെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയ പുനര്‍നിര്‍മിതി ഇന്ത്യയില്‍ അനിവാര്യമാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്തുവാന്‍ ടി.എം. നായരുടെ ഉദ്യമങ്ങള്‍ക്ക് ഒരു പരിധിവരെ സാധ്യമാവുകയും ചെയ്തു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിച്ചിട്ടുള്ള ചുരുക്കം ഇന്ത്യാക്കാരില്‍ ഒരാളാണ് ടി.എം. നായര്‍.

ഇദ്ദേഹം രചിച്ച ഡയബറ്റീസ് ഇറ്റ്സ് നേച്ചര്‍ ആന്‍ഡ് ട്രീറ്റ്മെന്റ് എന്ന ഗ്രന്ഥം ഇന്ത്യയിലെ പ്രമേഹചികിത്സയുടെ അടിസ്ഥാന റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നാണ്.

1919 ജൂല. 17-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇംഗ്ളണ്ടില്‍വച്ച് നിര്യാതനായി. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യന്‍ ഗവണ്‍മെന്റ് 2008-ല്‍ ഒരു സ്റ്റാമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍