This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍, കെ.സി. (1952 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:36, 27 ഏപ്രില്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാരായണന്‍, കെ.സി. (1952 - )

Image:kc-narayanan.png

പത്രപ്രവര്‍ത്തകനും മലയാള സാഹിത്യവിമര്‍ശകനും. 1952 ഫെ. 21-ന് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. കിഴക്കേടത്ത് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയാണ് പിതാവ്. ശാസ്ത്രവിഷയത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. 1975-ല്‍ മാതൃഭൂമി ദിനപത്രത്തില്‍ സബ്-എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. മാതൃഭൂമി പത്രത്തിന്റെ വിവിധ യൂണിറ്റുകളിലും വിഭാഗങ്ങളിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം 1978-84 കാലയളവില്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെയും 1984-87 കാലയളവില്‍ ആഴ്ചപ്പതിപ്പിന്റെയും പ്രത്യേക ചുമതല നിര്‍വഹിക്കുകയുണ്ടായി. 1988-93 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ മുഖ്യലേഖകനായും 1995 മുതല്‍ 98 വരെ മാതൃഭൂമി തൃശൂര്‍ യൂണിറ്റിന്റെ എഡിറ്റോറിയല്‍ ചുമതലയുള്ള ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 1998 ഏ. 2 മുതല്‍ മലയാള മനോരമയില്‍ ഭാഷാപോഷിണിയുടെയും വിവിധ ഭാഷകളിലുള്ള ഇയര്‍ബുക്കിന്റെയും ചുമതല വഹിക്കുന്ന എഡിറ്റര്‍-ഇന്‍-ചാര്‍ജ്. 1984-ല്‍ അന്താരാഷ്ട്ര സയന്‍സ് റൈറ്റിങ് സെമിനാറില്‍ പങ്കെടുത്തു. 1986-ല്‍ കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ നല്കിവരുന്ന മികച്ച ചീഫ് സബ് എഡിറ്റര്‍മാര്‍ക്കുള്ള ഹാരി ബ്രിട്ട്ലെയ്ന്‍ ഫെല്ലോഷിപ്പ് ലഭിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ലണ്ടന്‍, ഓക്സ്ഫഡ് സര്‍വകലാശാലകളിലും, റോയിറ്റേഴ്സ്, ബി.ബി.സി. തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തന പരിചയം നേടി. ബലിയപാലിന്റെ പാഠങ്ങള്‍, മലയാളിയുടെ രാത്രികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വി.ടി. ഭട്ടതിരിപ്പാട്, പി. കുഞ്ഞുരാമന്‍ നായര്‍, ആര്‍. രാമചന്ദ്രന്‍, ആറ്റൂര്‍ രവിവര്‍മ, ആനന്ദ്, സി.ആര്‍. പരമേശ്വരന്‍, എന്‍.എസ്. മാധവന്‍ തുടങ്ങിയ എഴുത്തുകാരുടെ രചനകളെ സംബന്ധിച്ച പഠനമായ മലയാളിയുടെ രാത്രികള്‍ക്ക് വിമര്‍ശനത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പത്രാധിപന്റെ ചുമതലയ്ക്കപ്പുറം കേരളത്തിന്റെ സംസ്കാരം, കല, സാഹിത്യം തുടങ്ങിയവയെ സംബന്ധിച്ച വേറിട്ട നിരീക്ഷണത്തിലൂടെ മലയാള സാഹിത്യവിമര്‍ശനരംഗത്ത് ശ്രദ്ധേയനാണ് 'കെ.സി.' എന്നു വിളിച്ചുപോരുന്ന ഇദ്ദേഹം. ഏഷ്യാനെറ്റിലെ പുസ്തക നിരൂപണ പംക്തിയായ വായനശാലയിലൂടെ ഒട്ടനവധി യുവ എഴുത്തുകാരെയും രചനകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതോടൊപ്പം ദൃശ്യമാധ്യമത്തിന്റെ സാധ്യതകള്‍, വിമര്‍ശനരംഗത്ത് ഗുണപരമായി വിനിയോഗിക്കുന്നതിന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍