This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍ നമ്പൂതിരി, ശീവൊള്ളി (1869 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:02, 27 ഏപ്രില്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാരായണന്‍ നമ്പൂതിരി, ശീവൊള്ളി (1869 - 1906)

Image:Sheevelli Narayanan namboothiri.png

കവി, പണ്ഡിതന്‍. പച്ചമലയാളകാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍. തിരുവിതാംകൂറില്‍ പറവൂര്‍ താലൂക്കില്‍ വയലാദേശത്ത് ശീവൊള്ളി വടക്കേടത്തു മഠത്തില്‍ ഹരീശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂന്നാമത്തെ പുത്രനായി കൊ.വ. 1044-ല്‍ ചിങ്ങമാസം 24-ന് ജനിച്ചു. 'ശിവംപള്ളി'യെന്ന പേരാണ് ശീവൊള്ളിയായി മാറിയതെന്ന് കവിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശിവംപള്ളിയില്ലത്തെ സന്താനമായതിനാല്‍ ശിവനെന്നും കുട്ടിക്കാലത്ത് വിളിപ്പേരുണ്ടായിരുന്നു. മലയാറ്റൂര്‍ മുരിടായത്തു നമ്പ്യാരില്‍ നിന്ന് സംസ്കൃതത്തിലും കാവ്യനാടകാദികളിലും പാണ്ഡിത്യം സമ്പാദിച്ചു. എട്ടാംവയസ്സില്‍ത്തന്നെ കവിതകള്‍ രചിച്ചുതുടങ്ങി. ഉപരിവിദ്യാഭ്യാസത്തിനായി തൃപ്പൂണിത്തുറയ്ക്കു പോയ നാരായണന്‍ നമ്പൂതിരി എളേടത്തു തൈക്കാട്ട് ഇട്ടീരിമൂസതില്‍ നിന്ന് വൈദ്യശാസ്ത്രം പഠിക്കുകയും അദ്ദേഹത്തോടൊപ്പം പല ദേശങ്ങളിലും സഞ്ചരിച്ച് വൈദ്യവൃത്തിയില്‍ അനുഭവസിദ്ധി കൈവരുത്തുകയും ചെയ്തു. ബാല്യത്തില്‍ പഠിച്ച ജ്യോതിഷവും വൈദ്യചികിത്സയില്‍ ഇദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നു. ചിത്രരചന, ചെപ്പടികളിതുടങ്ങിയ കലാകൗതുകങ്ങളിലും ഇദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. സംസ്കൃതത്തിന് പുറമേ ഇംഗ്ലീഷ്, കന്നഡ തുടങ്ങിയ ഭാഷകളും അദ്ദേഹം അഭ്യസിക്കുകയുണ്ടായി.

ആയുര്‍വേദചികിത്സയില്‍ നിപുണനായിത്തീര്‍ന്ന ശീവൊള്ളി കൊ.വ. 1070-ല്‍ അയിരൂര്‍ കേന്ദ്രമാക്കി ഒരു വൈദ്യശാല സ്ഥാപിക്കുകയും അത് വളരെ പെട്ടെന്ന് പ്രശസ്തമായിത്തീരുകയും ചെയ്തു. വൈദ്യനെന്ന നിലയില്‍ വളരെപ്പെട്ടെന്നാണ് വിദേശത്തും സ്വദേശത്തും ശീവൊള്ളി പേരെടുത്തത്. ഇതിനിടയില്‍ അര്‍ബുദം ബാധിച്ച് അമ്മ മരിച്ചു. എങ്കിലും സാഹിത്യാദികലകളില്‍ ഏറെ താത്പര്യമുണ്ടായിരുന്ന ശീവൊള്ളി, കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. അമ്മയുടെ കാവ്യവാസന ശീവൊള്ളിക്കും കൈമുതലായി കിട്ടിയിരുന്നുവെങ്കിലും ഭാഷാശ്ലോകങ്ങള്‍ രചിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് കമ്പം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നടുവത്തു മഹന്‍ നമ്പൂതിരി തുടങ്ങിയ ഭാഷാകവികളുമായുള്ള കൂട്ടുകെട്ട് ശീവൊള്ളിയുടെ കവിതാസപര്യയ്ക്ക് വലിയ പ്രേരണയും വഴിത്തിരിവുമായിത്തീര്‍ന്നു.പച്ചമലയാളഭാഷയില്‍ ഫലിതവും ദ്വയാര്‍ഥവുമൂറുന്ന പദ്യശകലങ്ങളാണ് ശീവൊള്ളി എഴുതിയിരുന്നത്. ആന്തരിക ഭാവത്തിനപ്പുറം രസികത്തമാര്‍ന്ന ബാഹ്യചിത്രീകരണത്തിലായിരുന്നു ശീവൊള്ളിക്ക് താത്പര്യം. സുഭഗമായ മനോവൃത്തിയില്‍നിന്ന് തെളിയുന്ന സര്‍ഗചേതനയുടെ ശുദ്ധമായ ആവിഷ്കാരങ്ങളായിരുന്നു ആ രചനകള്‍. മലബാറില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളചന്ദ്രിക മാസികയിലെ ശ്ലോകരചനകള്‍ ശീവൊള്ളിയെ കൂടുതല്‍ പ്രശസ്തനാക്കി. ലാളിത്യവും സുഭഗതയുമായിരുന്നു ശീവൊള്ളിയുടെ രചനകളെ ജനകീയമാക്കിയത്. അര്‍ഥചമത്കാരത്തിനപ്പുറം ശബ്ദഭംഗിയിലാണ് ഇദ്ദേഹം ശ്രദ്ധഊന്നിയത്.

ശീവൊള്ളിയുടെ പ്രധാനകൃതികള്‍, മദനകേതനചരിതം, സാരോപദേശ ശതകം, ദാത്യൂഹസന്ദേശം, ഒരു കഥ, ദുസ്പര്‍ശനാടകം, ഘോഷയാത്ര ഓട്ടന്‍തുള്ളല്‍, മൂകാംബിക സ്ഥലമാഹാത്മ്യം, പാര്‍വതീ വിരഹം കാവ്യം എന്നിവയാണ്. അമ്മയ്ക്ക് പിടിപെട്ട അതേ രോഗം തന്നെയാണ് ശീവൊള്ളിയെയും ബാധിച്ചത്. 1081 വൃശ്ചികം 15-ന് 37-ാം വയസ്സില്‍ മദിരാശിയില്‍ വച്ച് ശീവൊള്ളി ദിവംഗതനായി.

(എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍