This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിശാദീപ്തമേഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:33, 30 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിശാദീപ്തമേഘം

Noctilucent clouds

സൂര്യാസ്തമയത്തിനു ശേഷമുള്ള നേരിയ സൂര്യപ്രകാശത്തില്‍ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളിലായി കാണപ്പെടുന്ന മേഘസദൃശമായ ഒരു പ്രതിഭാസം. സിറസ് മേഘങ്ങളെപ്പോലെ കട്ടികുറഞ്ഞ പടലങ്ങളായി കാണപ്പെടുന്ന ഇവ പൊതുവെ പകല്‍സമയത്ത് ദൃശ്യമാകാറില്ല. ഇതിന്റെ ആംഗലരൂപമായ നോക്റ്റിലൂസന്റിന് ലത്തീന്‍ ഭാഷയില്‍ 'രാത്രിയില്‍ തിളങ്ങുന്നത്' (night shining) എന്നാണ് അര്‍ഥം. സന്ധ്യാസമയത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം മാനത്ത് തിളങ്ങി നില്‍ക്കുന്നതിനാലാണ് ഈ മേഘങ്ങളെ നിശാദീപ്തമേഘങ്ങള്‍ എന്നു വിളിക്കുന്നത്. ഭൂമധ്യരേഖയ്ക്കിരുപുറവുമായി 45° മുതല്‍ 70° വരെയുള്ള അക്ഷാംശങ്ങളില്‍ വേനല്‍മാസങ്ങളിലാണ് ഈ പ്രതിഭാസം സാധാരണ അനുഭവവേദ്യമാകുന്നത്.

Image:-noctilucent_clouds-spl.png

ഭൗമാന്തരീക്ഷത്തില്‍ ഏറ്റവും ഉയരത്തിലായി കാണപ്പെടുന്ന മേഘങ്ങളാണ് ഇവ. മീസോസ്ഫിയറില്‍ 75-85 കി.മീ. ഉയരത്തിലാണ് സാധാരണ ഇവ പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിന്റെ വളരെ ഉയര്‍ന്ന വിതാനങ്ങളില്‍, പ്രത്യേകിച്ച് അന്തരീക്ഷ മര്‍ദം വളരെ താഴ്ന്ന തോതില്‍ അനുഭവപ്പെടുന്ന മേഖലകളില്‍ മേഘങ്ങള്‍ കാണപ്പെടാനുള്ള സാധ്യത വിരളമായതിനാല്‍ അന്തരീക്ഷ വിജ്ഞാനികള്‍ക്ക് പൂര്‍ണമായും ഉത്തരം നല്കാന്‍ കഴിയാത്ത ഒരു സമസ്യയാണ് നിശാദീപ്തമേഘങ്ങള്‍. അഗ്നിപര്‍വതങ്ങളില്‍ നിന്നോ ഉല്‍ക്കകളില്‍നിന്നോ ഉണ്ടാകുന്ന ധൂളീപടലങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നതെന്നാണ് മുമ്പ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍ ഉറഞ്ഞ് കട്ടിയായ ജലമാണ് ഈ മേഘങ്ങളിലെ മുഖ്യഘടകം എന്നു പിന്നീട് വ്യക്തമായി.

അന്തരീക്ഷത്തിലെ ഉയര്‍ന്ന പാളികളിലനുഭവപ്പെടുന്ന കുറഞ്ഞ താപനില നിശാദീപ്തമേഘങ്ങളുടെ രൂപീകരണത്തിന് ഒരു കാരണമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വേനല്‍മാസങ്ങളില്‍ മിസോപാസിലുണ്ടാകുന്ന പ്രക്ഷുബ്ധത മൂലം ഭൗമോപരിതലത്തില്‍ നിന്ന് മുകളിലേക്കുയരുന്ന നീരാവി തണുത്തുറഞ്ഞുണ്ടാകുന്ന ജല കണികകളോ, ഐസ് പരലുകളോ കൊണ്ടാണ് നിശാദീപ്ത മേഘങ്ങള്‍ പ്രധാനമായി രൂപീകൃതമായിരിക്കുന്നതെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലായ്പോഴും മേഘരൂപീകരണത്തിന്റെ കേന്ദ്രഭാഗമായി കോസ്മികധൂളികണികകള്‍ കാണാറില്ലാത്തതിനാല്‍ അയോണുകളും ഇവയുടെ കേന്ദ്രമായി വര്‍ത്തിക്കുന്നുണ്ടെന്ന നിഗമനങ്ങള്‍ക്കും പ്രചാരമേറെയാണ്. അന്തരീക്ഷത്തില്‍ സു. 78-80 കി.മീ. ഉയരത്തില്‍ നടക്കുന്ന ഉല്‍ക്കാഘര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന അന്തരീക്ഷ പ്രതിപ്രവര്‍ത്തനങ്ങളുംമൂലമുണ്ടാകുന്ന അയണ്‍ ഹൈഡ്രൈഡ് അയോണുകള്‍ക്കു ചുറ്റുമാണ് ഇത്തരത്തില്‍ മേഘ രൂപീകരണം നടക്കുന്നതെന്ന ഒരു പരികല്പനയും നിലവിലുണ്ട്. കോസ്മിക ധൂളിയുടെ അഭാവത്തിലും ചിലപ്പോള്‍ നിശാദീപ്തമേഘങ്ങള്‍ കാണപ്പെടുന്നതിനെ ഇത് ഒരു പരിധിവരെ സാധൂകരിക്കുന്നു.

നിശാദീപ്തമേഘങ്ങളുടെ പാളീഘടന അന്തരീക്ഷത്തിലെ ഭൂഗുരുത്വ തരംഗങ്ങളുടെ പ്രത്യക്ഷ ലക്ഷണം ആണെന്നു സമര്‍ഥിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ഉദ്ഭവം തെളിയിക്കപ്പെട്ടിട്ടില്ല. ട്രോപോസ്ഫിയറിലെ ജെറ്റ്സ്ട്രീമുകളാകാം ഇതിനു കാരണമെന്നു ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. യു.എസ്. ഗവേഷകനായ മൈക്കേല്‍ സ്റ്റീവന്‍സ് (Michael Stevens) ബഹിരാകാശ പേടകങ്ങള്‍ വമിക്കുന്ന പുകപടലങ്ങളും നിശാദീപ്തമേഘങ്ങള്‍ക്കു രൂപം കൊടുക്കാമെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ബഹിരാകാശ പേടകങ്ങള്‍ അപകടത്തില്‍പ്പെടുമ്പോഴുണ്ടാകുന്ന ധൂളീപടലങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നിശാദീപ്തമേഘങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

താരതമ്യേന അടുത്തകാലത്താണ് നിശാദീപ്തമേഘങ്ങള്‍ അന്തരീക്ഷ വിജ്ഞാനികളുടെ ദൃഷ്ടിയില്‍പ്പെട്ടത് (1885). ക്രാക്കത്തൂവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. 1972-ല്‍ ഒ.ജി.ഒ.-6 എന്ന ഉപഗ്രഹത്തിലെ പ്രത്യേക സംവിധാനമുപയോഗിച്ച് ബഹിരാകാശത്തുനിന്ന് ഇവ ആദ്യമായി നിരീക്ഷിക്കപ്പെട്ടു. സ്വീഡിഷ് ഉപഗ്രഹ(2001)വും 2007-ല്‍ ആരംഭിച്ച എ.ഐ.എം. ബഹിരാകാശ ദൗത്യവും നിശാദീപ്തമേഘങ്ങളുടെ പഠനത്തിന് പ്രാധാന്യം നല്‍കുന്നവയാണ്. 2006-ല്‍ ചൊവ്വാ പര്യവേക്ഷണത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് സു. 100 കി.മീ. ഉയരത്തിലായി നിശാദീപ്തമേഘങ്ങളോടു സമാനമായ മേഘപടലങ്ങളെ കണ്ടെത്തിയിരുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡായിരുന്നു ഈ മേഘങ്ങളില്‍ പ്രധാനമായി അടങ്ങിയിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍