This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:17, 17 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍

Neanderthal Man

ആധുനിക മനുഷ്യന്റെ പരിണാമശ്രേണിയില്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം. ജീവാശ്മങ്ങളുടെ പഠനങ്ങളില്‍ നിന്നും ഇവര്‍, സു. 130,000-35,000 വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും പൂര്‍വേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിലും ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. നിയതാര്‍ഥത്തില്‍ ആധുനിക മനുഷ്യരുടെ പരിണാമപ്രക്രിയയില്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ സ്ഥാനം ഇന്നും ഒരു വിവാദവിഷയമാണ്. ആധുനിക മനുഷ്യന്റെ പൂര്‍വികരായി കരുതപ്പെടുന്ന ഇവര്‍, ശരീരഘടനയിലും, പെരുമാറ്റത്തിലും ആധുനിക മനുഷ്യരോട് വളരെയധികം സാദൃശ്യം പുലര്‍ത്തിയിരുന്നു. ആധുനിക മനുഷ്യനുമായുള്ള സാമ്യതകള്‍ അടിസ്ഥാനമാക്കി ഒരു സംഘം ശാസ്ത്രജ്ഞര്‍ ഈ വിഭാഗത്തെ ഹോമോ സാപ്പിയന്‍സ് എന്ന സ്പീഷീസില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ആധുനിക മനുഷ്യരുമായുള്ള വ്യത്യാസങ്ങളെ മുന്‍നിര്‍ത്തി, മറ്റൊരു സംഘം ശാസ്ത്രജ്ഞര്‍, ഇവരെ ഹോമോ നിയാണ്ടര്‍താലെന്‍സിസ് (Homo neaderthalensis) എന്ന മറ്റൊരു സ്പീഷീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Image:Niyaderthan.png

നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ ജീവാശ്മങ്ങള്‍ ആദ്യമായി കണ്ടെത്തിയത് (1856) ജര്‍മനിയിലെ ഡുസ്സെല്‍ഡോര്‍ഫിന് സമീപത്തുള്ള നിയാണ്ടര്‍ താഴ്വരയില്‍ നിന്നാണ്. അതിനാലാണ് ഈ ആദിമ മനുഷ്യവിഭാഗത്തിന് നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ എന്ന പേര് ലഭിച്ചത്. ഫ്രാന്‍സ്, ഇറ്റലി, റഷ്യ, സ്പെയിന്‍, വടക്കേ ആഫ്രിക്ക, ഏഷ്യയുടെ മധ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ അവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇവര്‍ക്ക് മൃതശരീരങ്ങള്‍ മറവ് ചെയ്യുന്ന ശീലം ഉണ്ടായിരുന്നതിനാല്‍ ഇവരുടെ പൂര്‍ണമായ അസ്ഥികൂടങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കാനായിട്ടുണ്ട്. ഹോമോ ഏറക്റ്റസ്എറക്റ്റസ് (Homo erectuserectus) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ജാവാ മനുഷ്യനാണ് നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ പൂര്‍വികര്‍ എന്നു കരുതപ്പെടുന്നത്.

166 സെ.മീ. ആണ് നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ ശ.ശ. ഉയരം. തലയോട് നീളമുള്ളതും, താഴ്ന്നതുമാണ്. തലച്ചോര്‍ വ്യാപ്തം 1200 തൊട്ട് 1800 മി.ലി. ആയിരുന്നു. ആധുനിക മനുഷ്യന് കൂടിയാല്‍ 1400 മി.ലിറ്ററാണ് തലച്ചോര്‍ വ്യാപ്തം. ഉന്തിനില്ക്കുന്ന മുഖം, വലുപ്പമുള്ള നെറ്റി, വീതിയുള്ളതും ഉന്തിനില്ക്കുന്നതുമായ മൂക്ക് എന്നിവ നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ പ്രത്യേകതകളാണ്. ഇവര്‍ക്ക് പൊതുവേ താടി (chin) കാണപ്പെടുന്നില്ല. എന്നാല്‍ മുന്‍ഭാഗത്തെ പല്ലുകള്‍ വലുപ്പമുള്ളതാണ്. വിവിധ ആവശ്യങ്ങള്‍ക്കായി കൈകള്‍ക്കുപുറമേ പല്ലുകളും ഇവര്‍ ഉപയോഗിച്ചിരുന്നു. നെഞ്ച് വീതിയേറിയതും ദൃഢമായ പേശികളോടുകൂടിയതുമാണ്. അസാമാന്യ ശക്തിയുള്ള നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ കൈകാലുകള്‍ ശക്തിയേറിയ പേശികളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.

ഗുഹകളിലും, പാറയിടുക്കുകളിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഇവരുടെ ജീവാശ്മങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ പൊതുവേ മാംസഭോജികളായിരുന്നു. ഇതിനു തെളിവായി കുതിര, റെയിന്‍ഡിയര്‍, മാന്‍ എന്നിവയുടെ അസ്ഥികള്‍ ഇവരുടെ താമസസ്ഥലത്തുനിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സസ്യങ്ങളുടെ വിത്തും മറ്റും ഇവര്‍ ഉപയോഗിച്ചിരുന്നു എന്നതിനും തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ശക്തന്മാരായിരുന്നെങ്കിലും വേട്ടയാടി ഇര പിടിക്കുന്നതില്‍ ഇവര്‍ പൊതുവേ ദുര്‍ബലരാണ്. കല്ലും തടിയും ഉപയോഗിച്ചുള്ള ആയുധങ്ങളാണ് ഇവര്‍ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നത്. ചില അവസരങ്ങളില്‍ ജന്തുക്കളുടെ അസ്ഥികളും ആയുധമായി ഉപയോഗിച്ചിരുന്നു. ഇവരുടെ ആയുര്‍ദൈര്‍ഘ്യം 30-40 വര്‍ഷമായി കണക്കാക്കപ്പെടുന്നു.

നിയാണ്ടര്‍താല്‍ മനുഷ്യന്റെ ജീനോം പഠനത്തിനായി 2005-ല്‍ ജര്‍മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു മാര്‍ഗരേഖ തയ്യാറാക്കുകയും 2009-ല്‍ ഈ പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തു. മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. പഠനപ്രകാരം ആധുനിക മനുഷ്യനില്‍നിന്നും ഏറെ വ്യത്യസ്തനാണ് നിയാണ്ടര്‍താല്‍ മനുഷ്യന്‍. ഒരു പൊതു പൂര്‍വികനില്‍നിന്നും ആധുനിക മനുഷ്യനും നിയാണ്ടര്‍താല്‍ മനുഷ്യനും ഏകദേശം അഞ്ചുലക്ഷം കൊല്ലങ്ങള്‍ക്കുമുന്‍പ് വഴിപിരിഞ്ഞുവെന്നാണ് ഡി.എന്‍.എ. പഠനങ്ങള്‍ സൂചന നല്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍