This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാത്സുമെ സോസെകി (1867 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:08, 28 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാത്സുമെ സോസെകി (1867 - 1916)

Natsume Soseki

ജാപ്പനീസ് നോവലിസ്റ്റ്. 1867 ഫെ. 9-ന് എഡോ (ഇപ്പോഴത്തെ ടോക്യോ)യില്‍ ജനിച്ചു. യഥാര്‍ഥനാമം നാത്സുമെ കിന്നോസുകെ (Natsume Kinnosuke) എന്നാണ്. മെയ്ജി കാലയളവിലെ (1868-1912) ഏറ്റവും മികച്ച നോവലിസ്റ്റ് എന്ന അംഗീകാരം നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പിതാവ് നാത്സുമെ കോഹ്യോയെ നാഓകാത്സുവും മാതാവ് ചിഎയും ആയിരുന്നു. എട്ടുമക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയവനായി പിറന്ന സോസെകിയെ ഉടനെ തന്നെ ഷിഓബാറാ കുടുംബക്കാര്‍ ദത്തുപുത്രനായി സ്വീകരിച്ചു. സ്വന്തം മാതാപിതാക്കള്‍ ഒരിക്കല്‍ കുഞ്ഞിനെ മടക്കിവാങ്ങിയെങ്കിലും വീണ്ടും വളര്‍ത്തച്ഛനും വളര്‍ത്തമ്മയും അവനെ ഏറ്റെടുത്തു. ദത്തെടുത്ത ദമ്പതികള്‍ക്കിടയില്‍ അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുന്നതും നാത്സുമെ കുടുംബത്തിന്റെ അവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതും അനുസരിച്ച് ബാല്യകാലം മുഴുവന്‍ രണ്ടു കുടുംബങ്ങളിലും മാറിമാറി താമസിക്കുവാന്‍ സോസെകി നിര്‍ബന്ധിതനായി. 1882-ല്‍ മാതാവും 1887-ല്‍ ഏറ്റവും മൂത്ത രണ്ടു ജ്യേഷ്ഠന്മാരും മൃത്യുവിന് ഇരയായി. ഇത് സോസെകിയുടെ അരക്ഷിതത്വബോധത്തിന്റെ തീവ്രതകൂട്ടി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രത്യേക പ്രാധാന്യം നല്കി ക്ലാസ്സിക്കല്‍ ചൈനീസ് സാഹിത്യം പഠിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ പാണ്ഡിത്യം നേടണമെന്ന ആഗ്രഹത്തോടെ ടോക്യോ യൂണിവേഴ്സിറ്റിയില്‍ പഠനം നടത്തി.

പ്രവിശ്യകളിലെ കോളജുകളിലും ടോക്യോ യൂണിവേഴ്സിറ്റിയുടെ ഇംഗ്ളീഷ് വിഭാഗത്തിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1900-ത്തില്‍ ഇംഗ്ളണ്ടിലെത്തിയ സോസെകി മൂന്നു വര്‍ഷം സ്വകാര്യ അധ്യാപകരുടെ ശിക്ഷണത്തില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. ഏകാന്തതയും സാമ്പത്തികബുദ്ധിമുട്ടുകളും ഇവിടെ വച്ച് ഇദ്ദേഹത്തെ വിഷാദത്തിനടിമയാക്കി. ജപ്പാനില്‍ മടങ്ങിയെത്തിയ(1903)ശേഷം ഈ അനുഭവങ്ങളെ ആധാരമാക്കി രചിച്ചതാണ് ബുങ്കുകുറോണ്‍. ഇത് "ആദ്യം അവനവനെപ്പറ്റിത്തന്നെ ചിന്തിക്കുക എന്ന കാഴ്ചപ്പാടിനെയാണ് ആധാരമാക്കിയിരിക്കുന്നത്. മാതൃദേശത്തെത്തിയശേഷം വീണ്ടും ടോക്യോ യൂണിവേഴ്സിറ്റിയില്‍ അധ്യാപനത്തില്‍ നിഷ്ണാതനായി. സാഹിത്യ സിദ്ധാന്തങ്ങളും നിരൂപണവുമായിരുന്നു വിഷയങ്ങള്‍. ഇതിനോടകം തന്നെ സാഹിത്യരചനയിലും ഏര്‍പ്പെട്ടിരുന്ന സോസെകി 1907-ല്‍ അധ്യാപകജോലി രാജിവച്ച് സാഹിത്യപ്രവര്‍ത്തകനായി. അങ്ങനെ അസാഹി ഷിംബുന്‍ എന്ന വര്‍ത്തമാനപത്രത്തിലെ സാഹിത്യവിഭാഗത്തിന്റെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു. ഹോതോഗിസു എന്ന ആനുകാലികത്തില്‍ ഇദ്ദേഹത്തിന്റെ ഹൈക്കു, ഹൈതൈശി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട കവിതകളും 'ശാസെയ്ബുനും' (shaseibunliterary sketches) മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. 1904 ഡി.-ല്‍ പൂര്‍ത്തീകരിച്ച് അടുത്തവര്‍ഷം ജനു.-ല്‍ ഹോതോഗിസുവില്‍ പ്രസിദ്ധീകരിച്ച വാഗാഹായ് വാ നെകോ ദെ അരു (Wagahai neko de aru, 1961) ബോത്ചാന്‍ (Botchan, 1906) എന്നീ നോവലുകളും റോന്‍ദൊന്‍ തോ (Rondonto-Tower of London) പോലെയുള്ള ചെറുകഥകളും ആസ്വാദകശ്രദ്ധ ആകര്‍ഷിച്ചു. അസാഹിയിലെ ജോലിയുടെ ഭാഗമായി ഒരു വര്‍ഷം ഒരു നോവല്‍ വീതം ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കത്തക്കവണ്ണം എഴുതാം എന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ചുരുക്കം ചില ഘട്ടങ്ങള്‍ ഒഴിവാക്കിയാല്‍ ഈ ലക്ഷ്യം നേടാന്‍ സോസെകിക്കു കഴിഞ്ഞു. നോവലുകള്‍ക്കും ചെറുകഥകള്‍ക്കും പുറമേ ചൈനീസ് ഭാഷയിലെഴുതിയ കവിതകളും മനഃശാസ്ത്രത്തിലധിഷ്ഠിതമായ രചനകളും ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.

1910-ലെഴുതിയ ഒമോയ് ദാസു കോതൊ നാദൊ (Omoidasukoto nado-'Things I Recall') മരണ വക്ത്രത്തിലെത്തിനില്‍ക്കുന്ന ഒരാളുടെ മനോഭാവങ്ങളിലേക്കു ചുഴിഞ്ഞു നോക്കുന്നു. പുത്തന്‍തലമുറയുടെ ചുവടുവയ്പുകളിലും ഇദ്ദേഹം പ്രത്യേകതാത്പര്യം കാട്ടി. അവരില്‍ പലരും സോസെകി മുന്നോട്ടുവച്ച സാഹിത്യ സിദ്ധാന്തങ്ങളെ ശക്തമായി പിന്താങ്ങി. അവരെല്ലാം ചേര്‍ന്ന് ഒരു കൂട്ടായ്മയായി നിലകൊണ്ടു. പില്ക്കാലത്ത് ഈ സംഘത്തിന് 'സോസെകി പര്‍വതനിര' ('the Soseki mountain range') എന്ന പേരു ലഭിച്ചു.

ജാപ്പനീസ് ബുദ്ധിജീവി സമൂഹത്തില്‍പ്പെട്ട ഓരോരുത്തരുടെയും ഒറ്റപ്പെടലിനെ സ്വന്തം കൃതികളില്‍ അവതരിപ്പിച്ച നാത്സുമെ സോസെകി, യഥാര്‍ഥ നോവലിനെ - ജാപ്പനീസ് ലോകത്തിന് അതിന്റെ ഏറ്റവും സ്വാഭാവികമായ അവതരണരീതിയില്‍ കാട്ടിക്കൊടുത്തു. സോസെകിയുടെ സംഭാവനകളിലേക്ക് ആസ്വാദക ശ്രദ്ധ വേണ്ടതുപോലെ പതിഞ്ഞത് വാഗാഹായ് വാ നെകോ ദെ അരു, ബോത്ചാന്‍ എന്നിവയുടെ പ്രസിദ്ധീകരണത്തോടെയാണ്. തമാശയ്ക്കും ആക്ഷേപഹാസ്യത്തിനും ഇവ ഊന്നല്‍കൊടുക്കുന്നു. സംസ്കാരത്തെയും ആദര്‍ശങ്ങളെയും അവഗണിച്ച് ഭൌതികതയുടെ പിന്നാലെ പാഞ്ഞ സമകാലികരെയും സര്‍വജ്ഞഭാവം നടിച്ചു നടന്ന കപട ബുദ്ധിജീവികളെയും മേല്‍ പരാമര്‍ശിച്ച രണ്ടു കൃതികളിലും കണക്കറ്റു പരിഹസിക്കുന്നുണ്ട്. വാഗാഹായ് വാ നെകോ ഖണ്ഡശ്ശ പ്രത്യക്ഷപ്പെട്ടിരുന്ന സമയത്ത് പരീക്ഷണങ്ങളെന്ന നിലയില്‍ ചില ഹ്രസ്വനോവലുകളും ചെറുകഥകളും ഇദ്ദേഹം എഴുതി. ഏഴു ചെറുകഥകളുടെ സമാഹാരമായ യോകിയോശു 1906-ല്‍ പ്രത്യക്ഷപ്പെട്ടു. ഫാന്റസിയുടെ മായാലോകം തുറന്നു കാട്ടുന്ന ഈ കഥകളുടെ ഒതുക്കമുള്ള, സൗകുമാര്യമാര്‍ന്ന ശൈലി വാചാലതയ്ക്കു മുന്‍തൂക്കം കിട്ടുന്ന വാഗാഹായ് വാ നെകോയുടേതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. യോകിയോശുവിനോട് പല സമാനതകളുമുള്ള ഉസുരാകാഗൊ ('Quail Basket') എന്ന സമാഹാരത്തില്‍ ബോത്ചാനും കുസുമാകുരായും ('Pillow of Grass', 1906) നിഹിയാകുതോകായും ('The Typhoon') ചേര്‍ത്തിട്ടുണ്ട്. സഞ്ചാരവര്‍ണനകളും ആദര്‍ശസമ്പന്നരായ കഥാപാത്രങ്ങളും ഇവയുടെ പൊതുസ്വഭാവങ്ങളാണ്. ബോത്ചാനിലെ ധീരസാഹസിക കൃത്യങ്ങള്‍ വായനക്കാരെ വളരെ ആകര്‍ഷിച്ചു. 1907-ല്‍ നോവാകീ ('The Tempest') പ്രത്യക്ഷപ്പെട്ടു. വാഗാഹായ് വാ നെകോ മുതല്‍ ഈ കൃതിവരെയുള്ള രചനകളെ സോസെകിയുടെ ആദ്യകാലരചനകളായി പരിഗണിക്കുന്നു.

അസാഹി ഷിംബുനില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്ന കൃതികള്‍ പരിശോധിച്ചാല്‍ത്തന്നെ കാലക്രമത്തില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ സോസെകി കൂടുതല്‍ മികവു നേടി എടുക്കുന്നതായി കാണാം. ഗുബിജിന്‍സൊ (Red Poppy, 1918) ഇതിനു നല്ല ഉദാഹരണമാണ്. പലതരക്കാരായ യുവാക്കളെ ചിത്രീകരിച്ചുകൊണ്ട് ആധുനിക സംസ്കാരത്തെ ഇവിടെ വിമര്‍ശിക്കുന്നു. ഈ ലക്ഷ്യം തന്നെയാണ് മെയ്ജി കാലയളവിലെ മറ്റ് പല രചനകളിലും തുടരുന്നത്. 1908-ല്‍ ഇദ്ദേഹത്തിന്റെ കോഫു (Kofu-'The Miner') പ്രസിദ്ധീകരിച്ചു. ബോധധാരാസമ്പ്രദായമാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നോവല്‍ത്രയത്തില്‍പ്പെട്ട സാന്‍ശിരൊ (Sanshiro, 1908), സൊരെകാരൊ (Sorekaro -'And then, 1909) മൊന്‍ (Mon -'The Gate', 1910) എന്നിവ പ്രത്യക്ഷപ്പെട്ടു. സാന്‍ശിരൊയില്‍ ബോധധാരാ സമ്പ്രദായത്തിലൂടെ മുഖ്യകഥാപാത്രമായ സാന്‍ശിരൊയുടെ മാറിമാറിവരുന്ന മാനസികാവസ്ഥയെ പഠനവിധേയമാക്കുന്നു. അതോടൊപ്പം വിവിധ പ്രായക്കാരായ ബുദ്ധീജിവികള്‍ക്കിടയില്‍പ്പെടുന്ന ഒരു വ്യക്തിയെ ചിത്രീകരിക്കുന്നതിലൂടെ സാമൂഹികബന്ധങ്ങളുടെ അന്ധാളിപ്പുളവാക്കുന്ന വൈചിത്ര്യങ്ങള്‍ കാട്ടിത്തരുന്നു. ഒരു ആധുനിക നഗരമാണ് ഇതില്‍ പശ്ചാത്തലമാകുന്നത്. സാന്‍ശിരൊയുടെ മാര്‍ഗദര്‍ശിയായ ഹിരൊത തന്റെ യൗവനകാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതും ഇതില്‍ കാണാം. അവയൊക്കെ ബുദ്ധിശൂന്യമായ ചുവടുവയ്പുകളായിരുന്നു എന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. ആധുനിക യുവാവായ സാന്‍ശിരൊ സ്വന്തം പ്രണയനഷ്ടത്തിന്റെ കയ്പും ചവര്‍പ്പും അനുഭവിക്കുകയാണ്. ഹിരൊതയുടെയും സാന്‍ശിരൊയുടെയും അനുഭവങ്ങളിലെ വൈരുധ്യം മികച്ച രീതിയില്‍ സോസെകി എടുത്തു കാട്ടുന്നു. കാലം മാറുന്നതനുസരിച്ച് സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ അതിന്റെ എല്ലാ സൂക്ഷ്മഭാവങ്ങളോടെയും നോവലിസ്റ്റ് തിരിച്ചറിയുന്നുണ്ടെന്ന വസ്തുത ഇങ്ങനെ വെളിവാകുന്നു.

സാന്‍ശിരൊ എന്ന കഥാപാത്രത്തെ കുറേക്കൂടി വികസിപ്പിച്ചതാണ് സോരെകാരോയിലെ മുഖ്യകഥാപാത്രമായ നാഗാഇ ദെയിന്‍സുകെ. കാമുകന്‍ എന്ന നിലയില്‍ ഈ കഥാപാത്രം വിശകലനം ചെയ്യപ്പെടുന്നു. ബുന്‍ചൊ (1908), യുമെജൂയ (1908), എയ്ജിത്സു സോഹിന്‍ (1910) എന്നിവ മുഖ്യ ഉദാഹരണങ്ങളാണ്.

ശൂസെന്‍ജിയില്‍ വച്ചുണ്ടായ ഗുരുതരമായ രോഗാവസ്ഥയെ തുടര്‍ന്നെഴുതിയ കൃതികളില്‍ മൃദുവായ സമീപനം കൈക്കൊള്ളുന്നതായി കാണാം.

1912-ല്‍ ഹിഗാന്‍സുഗി മാദെയും, 1913-ല്‍ കോജിനും (വിവര്‍ത്തനം), 1914-ല്‍ കോകോരോയും പ്രസിദ്ധീകരിച്ചു. യഥാക്രമം സുനാഗാ ഇച്ചിസൊ, നഗാനൊ ഇച്ചിരൊ, സെന്‍സെയ് എന്നിവരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിന്തകരായ ബുദ്ധിജീവികള്‍ എന്ന നിലയില്‍ ഇവരെ എഴുത്തുകാരന്‍ വിശകലനം ചെയ്യുന്നു. തീവ്രമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന, ഇടയ്ക്കെങ്കിലും ഉന്മാദത്തിന്റെ വക്കിലെത്തിനില്ക്കുന്ന മനസ്സുകളാണ് ഈ രചനകളില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്നുവന്ന കൃതിയാണ് മിച്ചികുസ (1915). മാനുഷിക ബന്ധങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതിഭാസമ്പന്നന് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു. ഇതില്‍ ആത്മകഥാംശങ്ങള്‍ ധാരാളമായി കാണാം. ആത്മവിമര്‍ശനത്തിനും രചയിതാവ് മുതിരുന്നുണ്ട്. ആത്മപരിശോധനയും മറ്റുള്ളവരുടെ വസ്തുനിഷ്ഠമായ കാഴ്ചപ്പാടുകളും ഒന്നിച്ചുനിരത്തുന്ന രീതി ഇതിലും പിന്നീടു മെയ്അനിലും (1916) തുടരുന്നു. ത്സുദ യോശിഒ, ഒനോബു എന്നീ ദമ്പതിമാരാണ് മെയ്അനിലെ മുഖ്യകഥാപാത്രങ്ങള്‍. ഒരു പുതിയതരം ദാമ്പത്യജീവിതത്തെ ഇവര്‍ പ്രതിനിധീകരിക്കുന്നു. മെയ്ജി കാലയളവില്‍ രചിതമായ നോവലുകളുടെ കൂട്ടത്തില്‍ ഏറ്റവും ശക്തമെന്ന് - അപൂര്‍ണമെങ്കിലും - ഈ നോവല്‍ വിശേഷിപ്പിക്കപ്പെടാറുണ്ട്.

മെയ്അന്‍ എഴുതുന്ന സമയത്തു തന്നെ കവിതാരചനയിലും സോസെകി ഏര്‍പ്പെട്ടിരുന്നു.

ജാപ്പനീസ് സാഹിത്യത്തിലെ പ്രമുഖരില്‍ ഒരാള്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന നാത്സുമെ സോസെകി, നോവല്‍ സാഹിത്യത്തെ ആഗോളതലത്തില്‍ പരിഗണിക്കുമ്പോഴും ഒന്നാം നിരക്കാരുടെ പട്ടികയില്‍ പ്രതിഷ്ഠിക്കപ്പെടും. നോവലുകള്‍ രണ്ടു തരത്തില്‍ ഉണ്ടെന്നും ഒരു വിഭാഗം വിശ്രമവേളകളിലെ വായനയ്ക്കുള്ളതും മറ്റേത് ഗൌരവമാര്‍ന്ന പാരായണത്തിനുള്ളതുമെന്നും ഇദ്ദേഹം വിശ്വസിച്ചു. രണ്ടു വിഭാഗത്തിലുംപെടുത്താവുന്ന ഒന്നാംകിട നോവലുകളെഴുതി സ്വന്തം കഴിവു തെളിയിച്ച നാത്സുമെ സോസെകി 1916 ഡി. 9-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍