This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാദിം ദീനാനാഥ് (1916 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:41, 28 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാദിം ദീനാനാഥ് (1916 - 88)

കശ്മീരി കവി. ശ്രീനഗറില്‍ ഒരു മധ്യവര്‍ഗകുടുംബത്തില്‍ ജനിച്ചു. അച്ഛന്റെ മരണംമൂലം കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കുടുംബച്ചുമതലകള്‍ നിര്‍വഹിക്കേണ്ടിവന്നു. അതിനിടയിലാണ് പഠനം നടന്നത്. കോളജില്‍ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. ഇക്കാലത്തുതന്നെ ഉര്‍ദുവില്‍ കവിതകള്‍ എഴുതിത്തുടങ്ങി. തീവ്രവാദപരമായ ആശയങ്ങളുടെ പേരില്‍ അറസ്റ്റുചെയ്യപ്പെടുകയും രചനകള്‍ കണ്ടുകെട്ടുകയും ഉണ്ടായിട്ടുണ്ട്. കോളജില്‍നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രൈവറ്റായി ബിരുദമെടുത്തു. 'ക്വിറ്റ് കശ്മീര്‍' പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു.

പേരു വെളിപ്പെടുത്താത്ത നാദിമിന്റെ ആദ്യകവിത 1938-ല്‍ പ്രതാപ് മാസികയില്‍ പ്രസിദ്ധീകരിച്ചു. 1946-ല്‍ എഴുതിയ മുത്ശ്രവി ബാര്‍തേ ദാരി വേഡി' എന്ന കവിതയോടെ ശ്രദ്ധിക്കപ്പെട്ടു. അക്കാലത്താണ് 'നാദിം' എന്ന പേരില്‍ എഴുതിത്തുടങ്ങിയത്. അതുവരെ ദീനാനാഥ് കൌള്‍ ആയിരുന്നു. കശ്മീരിയില്‍ ആധുനികതാപ്രസ്ഥാനത്തിന് ഊര്‍ജം നല്കിയ 'സാംസ്കാരിക മുന്നണി'(1947)യുടെ സ്ഥാപകാംഗമാണിദ്ദേഹം. കോംഗ്പോഷ് എന്ന പേരില്‍ തുടങ്ങിയ മാസികയുടെ സ്ഥാപകഎഡിറ്ററും നാദിം ആയിരുന്നു. മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലും ആകൃഷ്ടനായിരുന്നു ഇദ്ദേഹം.

കശ്മീരിയോടൊപ്പം ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും നാദിം പാണ്ഡിത്യംനേടി. സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നു. കശ്മീരി കവിതയില്‍ ഇദ്ദേഹത്തിന്റെ സംഭാവന പ്രസ്ഥാനസദൃശമാണ്. ഇദ്ദേഹത്തിന്റെ കാലം 'നാദിം കാലഘട്ടം' എന്ന പേരില്‍ അറിയപ്പെട്ടു. വിഭജനത്തിന് തൊട്ടുമുന്‍പ് പാകിസ്താന്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണം ജമ്മു-കാശ്മീരിനെ ഗുരുതരമായ പ്രതിസന്ധികളില്‍ ആഴ്ത്തി. ആക്രമണങ്ങള്‍ ജനങ്ങള്‍ വീറോടെ ചെറുത്തു. ദശകങ്ങളായി കാല്പനിക പ്രമേയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കവികള്‍പോലും ആവിഷ്കാരത്തിനുവേണ്ടി നവധാരകള്‍ കണ്ടെത്തി. ഈ പുതിയ സാംസ്കാരിക പ്രസ്ഥാനത്തിന്റെ നായകന്‍ ആയിരുന്നു നാദിം. മഹ്ജൂറും ആസാദും പൂര്‍ണതയിലേക്കു വളര്‍ത്തിയെടുത്ത ഗസല്‍, നസം എന്നിവയുടെ പാരമ്പര്യകാവ്യസങ്കേതത്തില്‍നിന്ന് സോദ്ദേശ്യമായ ഒരു വ്യതിയാനം വരുത്തിയതാണ് നാദിമിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. താന്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച പുതിയ പ്രമേയങ്ങള്‍ക്ക് അനുയോജ്യമായ മുക്തഛന്ദസ്സ് ആദ്യമായി അദ്ദേഹംതന്നെ പരീക്ഷിച്ചുനോക്കി.

നാദിമിന്റെ ആദ്യകാല കവിതകളില്‍ പുരോഗമനവീക്ഷണമുണ്ടായിരുന്നു. പില്ക്കാലകവിതകള്‍ കൂടുതല്‍ സാന്ദ്രവും ആത്മാന്വേഷിയുമാണ്. ശിഹില്‍കൗല്‍ എന്ന കവിതാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് 1986-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. കശ്മീരി ഭാഷയില്‍ ആദ്യമായി ചെറുകഥയും ഗീതികയും എഴുതിയത് നാദിമാണ്. അതുപോലെ മറ്റ് ഭാഷകളില്‍ ഓപ്പറ അവതരിക്കുന്നതിന് മുന്‍പുതന്നെ കശ്മീരിയില്‍ അദ്ദേഹം ഓപ്പറ എന്ന സാഹിത്യരൂപം അവതരിപ്പിച്ചു. 1988-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍