This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഥസമ്പ്രദായം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാഥസമ്പ്രദായം
ഒരു ഭക്തിപ്രസ്ഥാനം. ഇതിന്റെ ഉത്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. ചിലര്‍ ഇതിനെ ബുദ്ധമതവുമായി ബന്ധപ്പെടുത്തിയും മറ്റുചിലര്‍ സിദ്ധന്മാരുടെ വജ്രയാന ശാഖയില്‍ പ്രചാരത്തിലിരുന്ന സഹജസാധനാസമ്പ്രദായരൂപവുമായി ബന്ധപ്പെടുത്തിയും വിവരിച്ചുകാണുന്നു. ഇതിനെ ഒരു സ്വതന്ത്ര പ്രസ്ഥാനമായി കാണക്കാക്കുന്നവരുമുണ്ട്.
നാഥ എന്ന പദത്തിന് മുക്തിദാതാവ് എന്നാണ് അര്‍ഥം. നാഥസമ്പ്രദായത്തില്‍ ഈ പദം ശിവന്‍ എന്ന അര്‍ഥത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നാഥസമ്പ്രദായം ശിവനെ ആദിപുരുഷനായി കണക്കാക്കുന്നു എന്നതാണ് അതിന്റെ കാരണം. ചിലര്‍ ഗോരഖ്നാഥിനെ നാഥസമ്പ്രദായത്തിന്റെ ആചാര്യനായി കരുതുന്നു. മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഗോരഖ്നാഥിനു മുമ്പ് മത്സേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നാഥസമ്പ്രദായം നിലവിലിരുന്നു. അവരുടെ അഭിപ്രായത്തില്‍ നാഥസമ്പ്രദായത്തിന്റെ ഉപാസ്യദേവന്‍ ശിവനാണ്. ഇദ്ദേഹം പാര്‍വതിക്ക് യോഗജ്ഞാനം ഉപദേശിച്ചുകൊടുത്തു ആ ഉപദേശത്തെ മത്സ്യേന്ദ്രനാഥ് ഗോരഖ്നാഥിന് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ഗോരഖിന്റെ ശ്രദ്ധാഭക്തിപ്രവണതയില്‍ സന്തുഷ്ടനായ ഗുരു ഇദ്ദേഹത്തിന് നാഥസമ്പ്രദായത്തിന്റെ പ്രഥമാധികാരിയും ആചാര്യനുമായിരിക്കാനുള്ള ആശിര്‍വാദം കൊടുത്തു.
ഡോ. രാംകുമാര്‍ വര്‍മയുടെ അഭിപ്രായത്തില്‍ നാഥ-പന്ഥന്മാരുടെ പ്രതാപകാലം 12-ാം ശ. മുതല്‍ 14-ാം ശ. വരെയാണ്. നാഥപന്ഥന്മാരില്‍ നിന്നാണ് ഭക്തികാലത്തില്‍ സന്തമതത്തിന്റെ വികാസം ഉണ്ടായതെന്നും ആദ്യത്തെ കവി കബീറായിരുന്നുവെന്നും രാംകുമാര്‍ വര്‍മ പറയുന്നു.
നാഥസമ്പ്രദായത്തെ സംബന്ധിച്ച് ഹഠയോഗപ്രദീപികയില്‍ ഇതിന്റെ രചയിതാവായ ബ്രഹ്മാനന്ദ് പറയുന്നത് 'എല്ലാ നാഥന്മാരിലും ഒന്നാമന്‍ ആദിനാഥനായ ശിവന്‍ ആണെ'ന്നാണ്. ഈ സമ്പ്രദായത്തിന്റെ മറ്റുപേരുകളാണ് സിദ്ധമതം, സിദ്ധമാര്‍ഗം, യോഗമാര്‍ഗം, യോഗസമ്പ്രദായം, അവധൂതമതം, അവധൂത സമ്പ്രദായം എന്നിവ. നാഥന്മാരുടെ എണ്ണം ഒന്‍പതായി പറയപ്പെടുന്നു. ഗോരക്ഷസിദ്ധാന്തസംഗ്രഹമനുസരിച്ച് ഇവരുടെ പേരുകള്‍ നാഗാര്‍ജുന്‍, ജടഭരത്, ഹരിശ്ചന്ദ്ര, സത്യനാഥ്, ഭീംനാഥ്, ഗോരക്ഷനാഥ്, ചര്‍പട, ജലംധര്‍, മലയാര്‍ജുന്‍ എന്നിങ്ങനെയാണ്. ഇതില്‍ ഗോരഖ്നാഥ് (ഗോരക്ഷനാഥ്) വളരെ പ്രസിദ്ധനാണ്. ഇദ്ദേഹത്തിന്റെ കാലം 10-11 ശതകമാണെന്ന് അഭിപ്രായമുണ്ട്. പഞ്ചാബിലും രജപുതാനയിലും ഇദ്ദേഹം നാഥപന്ഥി സമ്പ്രദായം പ്രചരിപ്പിച്ചു.
ഗോരഖ്നാഥിന്റെ ഹഠയോഗസാധന ആത്മീയവാദത്തില്‍ അധിഷ്ഠിതമായിരുന്നു. ഇതില്‍ മുസ്ലിം സമൂഹവും ആകൃഷ്ടരായിരുന്നു. നാഥസമ്പ്രദായത്തില്‍ ഈശ്വരാരാധനയുടെ ബാഹ്യനിയമങ്ങളെ ഉപേക്ഷിച്ച് വീടിന് പുറത്തുള്ള ഈശ്വരാരാധനയ്ക്ക് പ്രാധാന്യം നല്കുകയും വേദശാസ്ത്രപഠനത്തെ വ്യര്‍ഥമായി കണക്കാക്കി, വിദ്വാന്മാരെ അവഗണിക്കുകയും തീര്‍ഥാടനത്തെ നിഷ്ഫലമായി കണക്കാക്കുകയും ചെയ്യുന്നു. പക്ഷേ പരമാത്മാവിനെ അനിര്‍വചനീയമായി കണക്കാക്കുന്നു. നാഥപന്ഥസന്ന്യാസി കാതുതുളച്ച് സ്ഫടികത്തിന്റെ ഭാരമുള്ള കുണ്ഡലങ്ങള്‍ അണിയുന്നു. അതിനാല്‍ ഇവരെ കന്‍ഫടേ എന്നു വിളിക്കുന്നു. ഈ പന്ഥന്മാരുടെ ഗ്രന്ഥഭാഷ സധുക്കടി പോലെയാണ്, ഇതിന്റെ ഘടന ഖഡീബോലി കലര്‍ന്ന രാജസ്ഥാനിയാണ്. ആരംഭകാലത്തില്‍ത്തന്നെ നാഥപന്ഥന്മാരുടെ ഉപദേശങ്ങളുടെ പ്രഭാവം ഹിന്ദുക്കളെക്കൂടാതെ മുസ്ലിംങ്ങളെയും സ്വാധീനിക്കുകയും താഴ്ന്ന വര്‍ഗത്തിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ നാഥപന്ഥ് സമ്പ്രദായത്തില്‍ എത്തിപ്പെടുകയും ചെയ്തു.
ഹിന്ദി സാഹിത്യകാരന്മാരെക്കൂടാതെ പഞ്ചാബി സാഹിത്യകാരന്മാരും നാഥസമ്പ്രദായം അവരുടെ പാരമ്പര്യമായി സ്വീകരിച്ചു. ഈ സമ്പ്രദായത്തിലുള്ള സാഹിത്യം പതിനഞ്ചാം നൂറ്റാണ്ട് വരെ എഴുതപ്പെട്ടിരുന്നു. കവിതയുടെ വിഷയം മായാമോഹത്യാഗവും ആധ്യാത്മികചിന്തകളുമായിരുന്നു. ഇതില്‍ യോഗസാധനയ്ക്ക് പ്രാധാന്യമുണ്ടായിരുന്നു. ഈ സമ്പ്രദായത്തില്‍ ഗോരഖ്നാഥ്, മത്സ്യേന്ദ്രനാഥ്, ചര്‍പട്നാഥ്, രതന്‍നാഥ് എന്നിവരുടെ കാവ്യം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നാഥസമ്പ്രദായസാഹിത്യത്തിന്റെ ഭാഷ പഞ്ചാബി-ഹിന്ദി മിശ്രിതമാണ്.