This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, എന്‍.എം. (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:13, 28 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നായര്‍, എന്‍.എം. (1933 - )

കേരളീയ സസ്യശാസ്ത്രജ്ഞന്‍. പൂര്‍ണനാമം, എന്‍. മാധവന്‍ നായര്‍. 1933 മേയ് 6-ന് തകഴിയില്‍ ജനിച്ചു. പിതാവ് നാരായണന്‍ നായര്‍. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1953-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും സസ്യശാസ്ത്രത്തില്‍, ബി.എസ്സി. ഓണേഴ്സ് ബിരുദവും, 1958-ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കാര്‍ഷിക സസ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് 1962-ല്‍ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും സസ്യപാലനത്തില്‍ പിഎച്ച്.ഡി. ബിരുദവും കരസ്ഥമാക്കി.

1963 മുതല്‍ 1993 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജനിതക വിദഗ്ധന്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ഡയറക്ടര്‍ തുടങ്ങി നിരവധി പദവികളില്‍ സേവനമനുഷ്ഠിച്ചു. 1969 മുതല്‍ 72 വരെ ജര്‍മനിയിലെ ഗോറ്റിംഗന്‍ സര്‍വകലാശാലയിലും 1993-ല്‍ ബര്‍ലിന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വിസിറ്റിങ് പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1972 മുതല്‍ 77 വരെ കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (CPCRI) ജോയിന്റ് ഡയറക്ടറും 1977-81 കാലത്ത് ഡയറക്ടറും ആയിരുന്നു. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തില്‍ (CTCRI) 1981-93 വരെയും കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1983 മുതല്‍ 89 വരെയും വീണ്ടും CTCRI ല്‍ 1992-93 വരെയും ഇദ്ദേഹം ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ കൂണ്‍ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഇദ്ദേഹം 1985-88 കാലത്ത് ഈ സ്ഥാപനത്തില്‍ ഗവേഷണം നടത്തി. ഔദ്യോഗിക പദവിയില്‍നിന്നും വിരമിച്ചതിനുശേഷം 1994-96-ല്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലും, 1997-99-ല്‍ ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതിക വകുപ്പില്‍ പരിണാമ ജീവശാസ്ത്രത്തിലും എമിരിറ്റസ് സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു.

എന്‍.എം. നായരുടെ 50 വര്‍ഷത്തോളം നീണ്ട പഠന-ഗവേഷണങ്ങളില്‍ തെങ്ങ്, കമുക്, എണ്ണപ്പന, കശുമാവ്, കൊക്കോ എന്നീ തോട്ടവിളകളും ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങളും, നിരവധി സുഗന്ധവ്യഞ്ജനങ്ങളും നെല്ലും ഉള്‍പ്പെടുന്നു. 1985-ല്‍ സസ്യങ്ങളില്‍ ആദ്യമായി എലീസ (Elisa) സാങ്കേതികവിദ്യ പ്രയോഗിച്ചത് ഇദ്ദേഹമായിരുന്നു. രാസപ്രകാരാന്തരീകരണ(Chemical mutagenesis)ത്തിന്റെ ഫലമായി ഉരുളക്കിഴങ്ങില്‍ ഉണ്ടാകുന്ന ശരീരകോശാന്തര നിര്‍ധാരണ(Intra somatic selection) ത്തെ അതിജീവിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തതും ഇദ്ദേഹമാണ്. 1980-ല്‍ പസിഫിക് സമുദ്ര ദ്വീപുകളില്‍ പര്യവേക്ഷണം നടത്തുന്നതിന് അന്താരാഷ്ട്ര സസ്യജനിതക സ്രോതസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടി(IPGRI)ല്‍നിന്നും ഇദ്ദേഹത്തിന് സഹായം ലഭിക്കുകയുണ്ടായി. ആന്‍ഡമാനില്‍, വേള്‍ഡ് കോക്കനട്ട് ജെംപ്ലാസം സെന്റര്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതും ഇദ്ദേഹമാണ്. കശുമാവ്, കുരുമുളക് തുടങ്ങിയവയുടെ പുഷ്പജൈവശാസ്ത്രത്തില്‍ പഠനം നടത്തിയ ഇദ്ദേഹം അവയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള ഗവേഷണങ്ങളില്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. 1979-ല്‍ തെങ്ങിന്റെ വേരുചീയല്‍ രോഗത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനം ശ്രദ്ധേയമാണ്. 1989 മുതല്‍ വിവിധ ജനിതക സ്രോതസ്സുകള്‍, ജൈവ വൈവിധ്യം, 150-ല്‍പ്പരം വിള സസ്യങ്ങളുടെ പരിണാമം തുടങ്ങിയ പഠനവിഷയങ്ങളിലാണ് ഇദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സൊസൈറ്റി ഒഫ് ജനറ്റിക്സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്, ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ പൊട്ടറ്റോ അസോസിയേഷന്‍, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റേഷന്‍ ക്രോപ്സ്, ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ഒഫ് ഇന്ത്യ തുടങ്ങി നിരവധി സംഘടനകളില്‍ ഫെലോ ആണ്.

ശ്രദ്ധേയമായ പത്തു പുസ്തകങ്ങളുടെ എഡിറ്ററാണ് ശ്രീ. എന്‍.എം. നായര്‍. കൂടാതെ വിവിധ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലായി 170-ഓളം ഗവേഷണ പ്രബന്ധങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ 'ഔട്ട്സ്റ്റാന്റിങ് അച്ചീവ്മെന്റ്' അവാര്‍ഡ് 2000-ത്തില്‍ ഇദ്ദേഹത്തിനു ലഭിച്ചു. വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ പഠനങ്ങളില്‍ എന്‍.എം. നായര്‍ നല്കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസര്‍ച്ച് 2000-ത്തില്‍ ഇദ്ദേഹത്തിന് പ്രത്യേക അവാര്‍ഡ് നല്കുകയുണ്ടായി. കാസര്‍കോഡുള്ള ഇന്ത്യന്‍ സൊസൈറ്റി ഒഫ് പ്ലാന്റേഷന്‍ ക്രോപ്സ്, വിവിധ കാര്‍ഷികവിളകളുടെ ഗവേഷണത്തില്‍ നായര്‍ നല്കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് 2000-ത്തില്‍ 'ഡോ. സി.എസ്. വെങ്കട്ടറാം മെമ്മോറിയല്‍ ലൈഫ്ടൈം അവാര്‍ഡ്' നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍