This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണന്‍, കുന്നിക്കല്‍ (1915 - 79)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാരായണന്‍, കുന്നിക്കല്‍ (1915 - 79)
നക്സ്ലൈറ്റ് നേതാവ്. കേരളത്തിലെ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപകനേതാവ് എന്ന നിലയില്‍ ശ്രദ്ധേയന്‍. 1915-ല്‍ കോഴിക്കോട്ട് ജനനം; അച്ഛന്‍: കണാരക്കുട്ടി. അമ്മ: അമ്മു.
ഇന്റര്‍മീഡിയറ്റ് വരെ പഠിച്ചു. പിന്നീട് സഹോദരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന കുന്നിക്കല്‍ മാധവനൊപ്പം ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതമാരംഭിച്ചു. കുറച്ചുകാലം പാപ്പിനിശ്ശേരിയില്‍ ഒരു തുണിമില്ലില്‍ ജോലി ചെയ്തു.
നാല്പതുകളോടെ സോഷ്യലിസ്റ്റ് ആശയങ്ങളോട് കൂടുതല്‍ അടുക്കുകയും, സ്വാതന്ത്യ്രാനന്തരം തൊഴിലന്വേഷിച്ച് മുംബൈയിലേക്കു പോകുകയും ചെയ്തു. മുംബൈയില്‍ കുറച്ചുകാലം ടെക്സ്റ്റൈല്‍ ഇന്‍സ്പെക്ടറായി ജോലി നോക്കവേ കമ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പിന്നീട് ആ ജോലി രാജിവയ്ക്കുകയും 'ഫ്രന്‍ഡ്സ് ഒഫ് സോവിയറ്റ് യൂണിയന്‍' എന്ന സംഘടനയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി നഗരത്തില്‍ കമ്യൂണിസ്റ്റ് സാഹിത്യവും ആശയങ്ങളും പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തു. ഇക്കാലത്താണ് നാരായണന്‍ സഹപ്രവര്‍ത്തകയായ മന്ദാകിനിയെ കണ്ടുമുട്ടിയതും അടുത്തതും. പിന്നീട് 1949-ല്‍ അവര്‍ വിവാഹിതരായി.
1949-ല്‍ പാര്‍ട്ടി നിലപാടിനുവിരുദ്ധമായി ചൈനീസ് പക്ഷത്തെ അനുകൂലിച്ചതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടു. കുറച്ചുകാലം മുംബൈയില്‍ത്തന്നെ താമസിച്ചുവെങ്കിലും, പിന്നീട് കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍മൂലം മന്ദാകിനിയോടൊപ്പം നാട്ടിലേക്കു മടങ്ങി.
നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം കുറച്ചുകാലം കോഴിക്കോട് കേന്ദ്രമാക്കി തടിക്കച്ചവടത്തില്‍ ഏര്‍പ്പെട്ടു. അക്കാലത്താണ് കോഴിക്കോട് നഗരത്തില്‍ കുന്നിക്കല്‍ മാധവന്‍ സ്മാരക വായനശാല തുടങ്ങിയത്.
1964-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം കുന്നിക്കല്‍ വീണ്ടും സജീവമാവുകയും കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. നഗരത്തിലെ 27-ാം ഡിവിഷനായിരുന്നു കുന്നിക്കലിന്റെ പ്രവര്‍ത്തനമണ്ഡലം. അക്കാലത്ത് (1967) മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദിനു മുന്നോടിയായി അറസ്റ്റു ചെയ്തു ജയിലിലടക്കപ്പെട്ടു. ഇതിനുശേഷം പാര്‍ട്ടിവിരുദ്ധലൈന്‍ പിന്തുടരുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടു.
ഈ കാലഘട്ടത്തിലാണ് പീക്കിങ് റേഡിയോയിലെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രക്ഷേപണങ്ങളില്‍ ആകൃഷ്ടനായതും, ചാരു മജൂംദാര്‍, കനു സന്യാല്‍ തുടങ്ങിയ ദേശീയനേതാക്കളുമായി ബന്ധം സ്ഥാപിച്ചതും. നക്സല്‍ബാരി കലാപത്തെത്തുടര്‍ന്ന് കേരളത്തില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചതും പിന്നീട് പാര്‍ട്ടി സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്കിയതും കുന്നിക്കല്‍ നാരായണനാണ്.
വിപ്ലവാശയപ്രചാരണത്തിന്നായി 1967-ല്‍ കോഴിക്കോട് കേന്ദ്രമാക്കി 'മാര്‍ക്സിസ്റ്റ് പബ്ലിക്കേഷന്‍സ്' എന്ന പേരിലും 'റെബല്‍ പബ്ലിക്കേഷന്‍സ്' എന്ന പേരിലും ഒരു പ്രസിദ്ധീകരണശാല തുടങ്ങുകയും, മാവോ സാഹിത്യം വിവര്‍ത്തനം ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കാലത്തുതന്നെ കണ്ണൂര്‍-വയനാട് പ്രദേശങ്ങളിലും മറ്റും വിപ്ളവാശയപ്രചരണത്തിന്നായി ധാരാളം സഞ്ചരിക്കുകയും അനുഭാവികളെ സംഘടിപ്പിക്കുകയും ചെയ്തു.
1968-ലെ പുല്പള്ളി-തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടത്തുന്നതിനും കുന്നിക്കലാണ് നേതൃത്വം നല്കിയത്. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും 1968 മുതല്‍ 72 വരെ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ഇതേ കേസില്‍ പ്രതികളായി ഭാര്യ മന്ദാകിനിയും മകള്‍ അജിതയും അറസ്റ്റ് ചെയ്യപ്പെട്ടു. പാര്‍ട്ടിക്കകത്തെ അഭിപ്രായഭിന്നതമൂലം അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍നിന്നു പുറത്താക്കപ്പെട്ടു. ചൂഷകവര്‍ഗപ്രതിനിധികളായ ജന്മിമാരെയും മറ്റും ഉന്മൂലനം ചെയ്യുക എന്നതിനെക്കാള്‍ ഒരു യഥാര്‍ഥ വിപ്ളവപ്രസ്ഥാനം ഉന്നമിടേണ്ടത് ഭരണകൂട സംവിധാനത്തെത്തന്നെയാണ് എന്നതായിരുന്നു കുന്നിക്കലിന്റെ നിലപാട്.
1972-ല്‍ ജയില്‍ വിമോചിതനായി എങ്കിലും 1975-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1977-ല്‍ വിമോചിതനായശേഷം ആരോഗ്യകാരണങ്ങളാല്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നു.
1979 ആഗ. 25-ന് കോഴിക്കോട്ട് അന്തരിച്ചു.
(സി.എസ്. വെങ്കിടേശ്വരന്‍)