This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുബന്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 29 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.7 (സംവാദം)

അനുബന്ധം

1. സാഹിത്യം. മുഖ്യകൃതിയോട് കൂട്ടിച്ചേര്‍ക്കുന്ന ആനുഷംഗികമായ ഭാഗത്തിന് പറയുന്ന പേര്. അനുബന്ധപദത്തിന് കൂട്ടിക്കെട്ടല്‍, ചേര്‍ച്ച, പിന്‍തുടര്‍ച്ച, പ്രതിബന്ധം എന്നെല്ലാം അര്‍ഥങ്ങളുണ്ട്. എങ്കിലും, സാഹിത്യത്തില്‍ മുഖ്യഗ്രന്ഥത്തിന്റെകൂടെ ചേര്‍ക്കുന്ന ബന്ധപ്പെട്ട അംശം എന്ന അര്‍ഥത്തിലാണ് സാര്‍വത്രികമായി പ്രയോഗിച്ചുപോരുന്നത്. ഇംഗ്ളീഷില്‍ Appendix, Supplement എന്നീ പദങ്ങള്‍ ഈ അര്‍ഥത്തിലാണ് വ്യവഹരിക്കപ്പെടുന്നത്.

2. ഭാഷാശാസ്ത്രം. വ്യാകരണകാര്യസൂചന ചെയ്യാന്‍ സംസ്കൃത ധാതുക്കളുടെ പിന്‍പില്‍ ചേര്‍ക്കുന്ന അക്ഷരം. ഇതിനെ അനുബന്ധമെന്നും 'ഇത്ത്' എന്നും പ്രക്രിയാചിഹ്നങ്ങളുടെ കൂട്ടത്തില്‍ പാണിനി പരാമര്‍ശിച്ചിട്ടുണ്ട്.

3. വേദാന്തം. വിവേകമുണ്ടായ ഉടന്‍തന്നെ (അനു) മുമുക്ഷുവിനെ ഗ്രന്ഥത്തോടു ബന്ധിപ്പിക്കുന്നത് (ബധ്നാതി), അതായത് മുമുക്ഷുവിനെ വേദാന്തവിചാരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് അനുബന്ധത്തിന് വേദാന്തമതത്തില്‍ കൊടുത്തിരിക്കുന്ന അര്‍ഥം. മണ്ഡപത്തിന്റെ നിലനില്പിന് നാലു സ്തംഭങ്ങള്‍ എന്നപോലെ ശാസ്ത്രഗ്രന്ഥത്തിന്റെ പ്രതിഷ്ഠയ്ക്കും നാല് അനുബന്ധങ്ങള്‍ (അനുബന്ധ ചതുഷ്ടയം) അത്യാവശ്യമാണ്. അവ അധികാരി, വിഷയം, പ്രയോജനം, സംബന്ധം എന്നിവയാണ്.

അധികാരി. അന്തഃകരണത്തെ സ്വാഭാവികമായി ബാധിക്കുന്ന ദോഷങ്ങള്‍ മലം, വിക്ഷേപം, ആവരണം എന്നിങ്ങനെ മൂന്നാണ്. നിഷിദ്ധകര്‍മാനുഷ്ഠാനംകൊണ്ടുണ്ടാകുന്ന മലം (പാപം) നിഷ്കാമകര്‍മാനുഷ്ഠാനംകൊണ്ടും വിക്ഷേപം (നോ: അദ്വൈതം) ഉപാസനകൊണ്ടും ഒഴിവാക്കാം. ഈ രണ്ടു ദോഷങ്ങളെ ഇപ്രകാരം അകറ്റിയവനും നിത്യാനിത്യ വസ്തുവിവേകം തുടങ്ങിയ സാധനചതുഷ്ടയംകൊണ്ടു സമ്പന്നനുമായ സജ്ജനമാണ് അധികാരി.

വിഷയം. ഗ്രന്ഥത്തിന്റെ ഉള്ളടക്കമാണ് വിഷയം. വേദാന്തമതത്തെ സംബന്ധിച്ചിടത്തോളം ജീവനും ബ്രഹ്മാവും തമ്മിലുള്ള ഐക്യത്തിന്റെ പ്രതിപാദനമാണ് അത്.

പ്രയോജനം. പ്രാപഞ്ചികദുഃഖത്തിന്റെ നിവൃത്തിയും പരമാനന്ദത്തിന്റെ അവാപ്തിയും ചേര്‍ന്ന മോക്ഷമാണ് വേദാന്തശാസ്ത്രത്തിന്റെ പരമമായ പ്രയോജനം; ആത്മജ്ഞാനം അവാന്തര പ്രയോജനവും.

സംബന്ധം. ഗ്രന്ഥത്തിനും വിഷയത്തിനും തമ്മില്‍ പ്രതിപാദ്യപ്രതിപാദകരൂപമായ സംബന്ധം; അധികാരിക്കും പ്രയോജനത്തിനും തമ്മില്‍ പ്രാപ്യപ്രാപകരൂപമായ സംബന്ധം; അധികാരിക്കും വിചാരത്തിനും തമ്മില്‍ കര്‍ത്തൃകര്‍ത്തവ്യരൂപമായ സംബന്ധം; ഗ്രന്ഥത്തിനും ജ്ഞാനത്തിനും തമ്മില്‍ ജന്യജനകരൂപമായ സംബന്ധം എന്നിങ്ങനെ മുഖ്യമായി സംബന്ധം നാലുവിധം. ശ്രവണം, ജ്ഞാനം എന്നിവ തമ്മിലും ജ്ഞാനം, മോക്ഷം എന്നിവ തമ്മിലും സാധ്യസാധനരൂപമായ സംബന്ധമുണ്ട്; ഇങ്ങനെ മറ്റു സംബന്ധങ്ങളും.

'സര്‍വസ്യൈവ ഹി ശാസ്ത്രസ്യ

കര്‍മണോ വാപി കസ്യചിത്

യാവത് പ്രയോജനം നോക്തം

താവത് തത് കേന ഗൃഹ്യതേ'

പ്രയോജനം ആദിയില്‍ത്തന്നെ പറയാതിരുന്നാല്‍ ഒരു ശാസ്ത്രവും ഒരു കര്‍മവും ആരാലും സ്വീകരിക്കപ്പെടുകയില്ല എന്നാണ് ഈ ആപ്തവചനത്തിന്റെ സാരം. അതുകൊണ്ടാണ് പ്രയോജനം മുതലായവ ശാസ്ത്രഗ്രന്ഥത്തിന്റെ ആദിയില്‍ത്തന്നെ നിര്‍ദേശിക്കണമെന്ന് വേദാന്തികള്‍ അനുശാസിക്കുന്നത്. അനര്‍ഹന്മാര്‍ക്കു പ്രവേശനം നിഷേധിക്കുക എന്നതും അനുബന്ധചതുഷ്ടയത്തിന്റെ ഒരു ലക്ഷ്യമായി കണക്കാക്കാം.

4. സംഗീതം. താനവര്‍ണത്തെ ഗാനരൂപത്തിന്റെ അവസാനഭാഗത്ത് അര്‍ഥപൂര്‍ത്തിക്കുവേണ്ടി അനുബന്ധമായി ചേര്‍ത്തു പാടുന്ന ഭാഗം. 18-ാം ശ.-ത്തില്‍ നടപ്പിലിരുന്ന ഒരു പ്രത്യേകതയാണിത്. സൊനാറ്റ (sonata) എന്ന യൂറോപ്യന്‍ സംഗീതസംവിധാനത്തിലും ഇങ്ങനെ അനുബന്ധം ചേര്‍ക്കാറുണ്ട്. ഘടനയിലും പ്രയോഗസമ്പ്രദായത്തിലും ഇവ രണ്ടിനും സാദൃശ്യമുണ്ട്. 18-ാം ശ.-ത്തിനുശേഷം രചിക്കപ്പെട്ട താനവര്‍ണങ്ങളില്‍ അനുബന്ധം ചേര്‍ക്കുന്ന പതിവ് സംഗീതജ്ഞര്‍ പ്രായേണ ഉപേക്ഷിച്ചുവന്നു.

ഗാനങ്ങള്‍ക്ക് കൂടുതല്‍ പൂര്‍ണത നല്കുന്നതിന് അനുബന്ധം സഹായിക്കുന്നു. അനുബന്ധം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു വര്‍ണം പാടുമ്പോള്‍ സാധാരണപോലെ പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരം ഇവ പാടിയശേഷം വീണ്ടും ചരണംപാടുന്നു. അതിനുശേഷമാണ് അനുബന്ധം ആരംഭിക്കുന്നത്. അനുബന്ധത്തിന്റെ സാഹിത്യം ആദ്യഭാഗത്തിന്റെ സാരം പൂര്‍ണമാക്കുന്നതിന് സഹായിക്കുന്ന വിധത്തിലാണ് രചിക്കുക. ചില വര്‍ണങ്ങളിലെ അനുബന്ധങ്ങളില്‍ സാഹിത്യവും സ്വരവും ഉണ്ടായിരിക്കുമെങ്കിലും ചിലതില്‍ സാഹിത്യം മാത്രമേ കാണൂ.

  ഭൈരവിരാഗത്തിലുള്ള 'വിരിബോണി' എന്നാരംഭിക്കുന്ന പ്രസിദ്ധമായ വര്‍ണത്തിന് 'ചിരുചെമാടലു' എന്നു തുടങ്ങുന്ന ഒരു അനുബന്ധം ഉണ്ടെങ്കിലും ഇപ്പോള്‍ അത് ഉപേക്ഷിച്ചുകൊണ്ടാണ് പാടാറുള്ളത്. രാമസ്വാമിദീക്ഷിതര്‍, സൊണ്‍ടി വെങ്കടസുബ്ബയ്യ എന്നിവര്‍ രചിച്ചിട്ടുള്ള താനവര്‍ണങ്ങളിലും ആരഭിരാഗത്തിലുള്ള 'സാധിന്‍ചന' എന്നാരംഭിക്കുന്ന ത്യാഗരാജകൃതിയിലും അനുബന്ധം ചേര്‍ത്തുകാണുന്നു. 

(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍