This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടി ചിത്രകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 5 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി ചിത്രകല

പരമ്പരാഗതമായി ഒരു ജനസമൂഹം പുലര്‍ത്തിപ്പോരുന്ന ചിത്രകലാശൈലികള്‍. ഇവ അതിന്റെ തനിമയോടെ പല സ്ഥലത്തും നിലനില്ക്കുന്നുണ്ട് എന്നതുപോലെതന്നെ, അതിന്റെ സ്വാധീനത്താല്‍ പിറന്ന നിരവധി പ്രയുക്ത ചിത്രകലകളും വ്യക്തിപരമായ രചനകളും നിലനില്ക്കുന്നതായി കാണാം. നാടന്‍ പാരമ്പര്യത്തിലുള്ള ചിത്രകലാശൈലി, പരിഷ്കൃതകലകള്‍ രൂപമെടുക്കുന്നതിന് എത്രയോമുന്‍പുതന്നെ നാടോടി കലാസങ്കേതങ്ങള്‍ രൂപമെടുത്തിട്ടുണ്ട്. കേരളീയ ചിത്രകലയുടെ നാടോടി പാരമ്പര്യത്തില്‍ പ്രധാനപ്പെട്ട അഞ്ച് കൈവഴികള്‍ കാണാം. കോലമെഴുത്ത്, കളമെഴുത്ത്, ചുമര്‍ചിത്രരചന, മുഖമെഴുത്ത്, മുഖാവരണങ്ങള്‍, കിരീടങ്ങള്‍ എന്നിവയുടെ നിര്‍മിതി ഇവയെല്ലാം നാടോടി ചിത്രകലാപാരമ്പര്യത്തിന്റേതാണ്.

ഗ്രാമീണ കലാരൂപങ്ങളും ചിത്രമെഴുത്തും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചിത്രകലയുടെ സ്വാധീനമില്ലാത്ത നാടോടികലാരൂപങ്ങള്‍ ദുര്‍ലഭമാണെന്ന് പറയാം. മുടിയേറ്റ്, പടയണി, തെയ്യം, കോലം തുള്ളല്‍, കളംപാട്ട്, കുമ്മാട്ടി, തിയ്യാട്ട്, നാടോടിനൃത്തങ്ങള്‍ എന്നിവയിലെല്ലാം ചിത്രകലയുടെ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെയിടയില്‍ ഇപ്പോഴും പ്രചാരത്തിലുള്ള കോലമെഴുത്ത് പരമ്പരാഗതമായ ഒരു കലാശൈലിയുടെ അവശിഷ്ടമാണ്. അഗ്രഹാരങ്ങളുടെ അങ്കണത്തിലും അകത്തളങ്ങളിലുമായി വൈവിധ്യമാര്‍ന്ന കോലങ്ങള്‍ എഴുതിവരുന്നു. ഇത് ഏതെങ്കിലും വിശേഷദിവസങ്ങളില്‍ മാത്രമല്ല, എന്നും കാലത്ത് അടിച്ചുതളിച്ച് ശുചിയാക്കിയശേഷം ചാണകംതൂവി മുറ്റത്ത് കോലമിടുന്നു. അരിപ്പൊടികൊണ്ടും അരിമാവുകൊണ്ടുമാണ് കോലമെഴുതുന്നത്. ചുണ്ണാമ്പുകല്ലിന്റെ പൊടിയും ഇതിനായി ഉപയോഗിച്ചുവരുന്നു. താന്ത്രികകലയുമായുള്ള ഉറ്റബന്ധം ഇവയില്‍ ദര്‍ശിക്കാം.

വീട്ടുമുറ്റത്തും അകത്തുമായി ദിവസേന കോലമെഴുതിവരുന്ന സമ്പ്രദായത്തിന്റെ ഉത്പത്തി തമിഴ്നാട്ടിലാണെന്നുള്ളതിന്, ഈ കലാരൂപം തമിഴ് ബ്രാഹ്മണരുടെ ഇടയിലാണ് കൂടുതല്‍ പ്രചാരമുള്ളതെന്ന വസ്തുതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ കേരളത്തില്‍ പണ്ടുകാലംമുതല്‍ കോലമെഴുത്ത് പ്രചാരത്തിലുണ്ടായിരുന്നു. 'കളം വരയല്‍', 'അണിയല്‍' എന്നീ പേരുകളിലാണ് കേരളത്തില്‍ ഇതറിയപ്പെടുന്നത്. കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ ദിവസേന കോലമെഴുതുമ്പോള്‍ മറ്റ് കേരളീയര്‍ വിശേഷദിനങ്ങളില്‍മാത്രമെഴുതുന്നു. അതാകട്ടെ, നിശ്ചിതമായ ചില അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാണ് നിര്‍വഹിച്ചുവരുന്നത്.

ഗൃഹാങ്കണത്തിലും പടിഞ്ഞാറ്റയിലുമാണ് (ഗര്‍ഭഗൃഹം) മുഖ്യമായും കളംവരയ്ക്കുന്നത്. ഓണം, വിഷു, പൂരം, മകം, തിരുവാതിര, നിറപുത്തരി തുടങ്ങിയ വിശേഷദിവസങ്ങളില്‍ കളമെഴുതുന്നു. നിരവധി കോണുകളുള്ള ജ്യാമിതീയരൂപങ്ങളാണ് ഇവയില്‍ മുഖ്യമായിട്ടുള്ളത്.

കേരളത്തിലെ അനുഷ്ഠാനകലകളില്‍ മിക്കതിനും കളമെഴുത്തുണ്ട്. 'ധൂളീ ചിത്രരചന'യെന്നും ഇതറിയപ്പെടുന്നു. കോലമെഴുത്തും കളംവരയ്ക്കലും മിക്കവാറും ഒറ്റവര്‍ണത്തില്‍ (വെള്ള) വളരെ ലളിതമായി വരയ്ക്കുന്ന രൂപങ്ങളാണ്.

എന്നാല്‍ കളമെഴുത്താകട്ടെ, പഞ്ചവര്‍ണപ്പൊടികള്‍കൊണ്ട് നിര്‍മിക്കുന്ന വളരെ വലുപ്പമുള്ള ചിത്രങ്ങളാണ്. പ്രത്യേക വൈദഗ്ധ്യം നേടിയ പുരുഷന്മാരാണിവ വരയ്ക്കുന്നത്. ധൂളീചിത്രരചനയെന്നും ഇതിന് പേരുണ്ട്. മുടിയേറ്റ്, പടയണി, കാളിത്തിയ്യാട്ട്, അയ്യപ്പന്‍ തിയ്യാട്ട്, സര്‍പ്പംതുള്ളല്‍, കാളികെട്ട് എന്നീ ദേവതാപ്രീണനപരമായ അനുഷ്ഠാനങ്ങളുടെ അഭിവാജ്യഘടകമാണ് കളമെഴുത്ത്. ഭദ്രകാളീക്ഷേത്രങ്ങളില്‍ നടന്നുവരാറുള്ള തോറ്റംപ്പാട്ടിന്റെ ഭാഗമായും കളമെഴുതാറുണ്ട്. മുടിയേറ്റില്‍ കുറുപ്പന്മാരും, പടയണിയില്‍ ഗണകന്മാരും (കണിയാന്മാര്‍) തിയ്യാട്ടില്‍ തിയ്യാടി നമ്പ്യാന്മാര്‍, തിയ്യാട്ടുണ്ണികള്‍ എന്നിവരും വേട്ടയ്ക്കൊരുമകന്‍ പാട്ടില്‍ മണ്ണാന്മാരും, കാളികെട്ടില്‍ പറയരും, സര്‍പ്പംപാട്ടില്‍ പുള്ളുവരും ആണ് കളമെഴുതാറുള്ളത്. അഷ്ടകോണ്‍കളും, സുദര്‍ശനചക്രം ആദിയായ താന്ത്രികരൂപങ്ങളും കളമെഴുത്തില്‍ കാണാം. കളമെഴുത്തിന് പദ്മമിടുക എന്നും പറയാറുണ്ട്. പ്രകൃതിദത്തമായ സാമഗ്രികള്‍ മാത്രമേ കളമെഴുത്തിനുപയോഗിക്കാറുള്ളു.

ത്രിമാന സ്വഭാവത്തോടുകൂടിയവയാണ് കളമെഴുത്തിലെ രൂപങ്ങള്‍. പ്രതലത്തില്‍നിന്ന് ഉയര്‍ന്നുനില്ക്കത്തക്കവിധമാണ് കണ്ണ്, മൂക്ക്, മാറ് എന്നിവ വരയ്ക്കാറുള്ളത്. മൂക്ക്, കണ്ണ്, മാറ് മുതലായി പൊന്തിനില്‍ക്കേണ്ടഭാഗത്ത് ഇത്രയിത്ര അരിയും പൊടിയും ഇടണമെന്ന് വ്യവസ്ഥയുണ്ട്. ജീവനുണ്ടെന്നു തോന്നിക്കുന്നവിധമുള്ള തന്മയത്വത്തോടുകൂടിയ ചിത്രങ്ങളാണ് കളമെഴുത്തിലേത്. വരപ്പുപകരണങ്ങളുടെ സഹായത്തടെയല്ല ഇത്തരം കളങ്ങള്‍ എഴുതേണ്ടത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധേയമാണ്. ബാഹ്യരേഖകള്‍ (outlines) ഒന്നും ഇടാതെയാണ് വളരെ വലുപ്പമുള്ള ഇത്തരം കളങ്ങള്‍ എഴുതുന്നത്. ഒരിക്കല്‍ കളമെഴുത്താരംഭിച്ചാല്‍ വരയ്ക്കുന്ന ആളുടെ കൈകള്‍ അസാമാന്യവേഗതയില്‍ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കും. ഇടയ്ക്കുവച്ച് മായ്ക്കേണ്ടുന്ന പ്രശ്നംപോലും ഉദിക്കുന്നില്ല.

കളമെഴുത്തിന്റെ പ്രാചീനരൂപം നിക്ഷിപ്തമായിരിക്കുന്നത് അടിസ്ഥാനജനവിഭാഗങ്ങളിലാണെന്ന് സംശയാതീതമായി അനുഷ്ഠാനകലകളെ ഉദ്ധരിച്ചുകൊണ്ട് ചേലനാട്ട് അച്യുതമേനോന്‍ വിശദമാക്കുന്നു. അങ്ങനെ വരുമ്പോള്‍ പുലയര്‍ (കെന്ത്രോന്‍ പാട്ട്), പറയര്‍ (കാളികെട്ട്), മലയര്‍ (മലയന്‍കെട്ട്), പാണര്‍ (വെലിക്കളി) എന്നിവരില്‍നിന്നാരംഭിച്ച് മണ്ണാന്‍, കണിയാന്‍ എന്നിവരിലൂടെ വളര്‍ന്ന് നായര്‍, കുറുപ്പ്, നമ്പൂതിരി എന്നിവരിലൂടെ കാളീസേവയോടൊപ്പം കളമെഴുത്തും വികസിച്ചുവന്നതായിവേണം കരുതാന്‍. വര്‍ണങ്ങളുടെ ഉചിതമായ ചേരുവ, രൂപങ്ങളുടെ മനോഹാരിത, മനുഷ്യാതീതങ്ങളായ ദേവതകളാണെന്ന തോന്നല്‍ സൃഷ്ടിക്കുവാനുതകുംവിധമുള്ള യാഥാര്‍ഥ്യപ്രതീതി എന്നിവകൊണ്ട് ഈ കളമെഴുത്ത് ശൈലി നമ്മുടെ നാടോടി പാരമ്പര്യത്തിന്റെ അഭിമാനകരമായ ഒരു ചിത്രകലാശൈലിയെ എടുത്തുകാട്ടുന്നു.

ചുമര്‍ചിത്രങ്ങള്‍. ക്ഷേത്രങ്ങള്‍, രാജകൊട്ടാരങ്ങള്‍ ക്രിസ്തീയ ദേവാലയങ്ങള്‍ എന്നിവയുടെ ചുമരുകള്‍ കമനീയമായ ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും പ്രാചീനമായ ചുമര്‍ചിത്രങ്ങളുടെ അവശിഷ്ടങ്ങള്‍ തിരുനന്തിക്കരയിലെ ഗുഹാക്ഷേത്രങ്ങളിലാണുള്ളതെന്ന് കെ.പി. പദ്മനാഭന്‍തമ്പി വ്യക്തമാക്കുന്നുണ്ട്. മഹാഭാരതം, രാമായണം എന്നീ ഇതിഹാസങ്ങളിലെ ദൃശ്യങ്ങളാണ് ക്ഷേത്രച്ചുമരുകളില്‍ പൊതുവെ ആലേഖനം ചെയ്യപ്പെട്ടുകാണുന്നത്.

കായംകുളം, പദ്മനാഭപുരം എന്നീ കൊട്ടാരങ്ങളിലും ശ്രീപദ്മനാഭസ്വാമിക്ഷേത്രം, പനയന്നാര്‍ക്കാവ്, വടക്കുംനാഥക്ഷേത്രം, തിരുവട്ടാര്‍, ശുചീന്ദ്രം, വൈക്കം, ആറന്മുള, ഉദയനാപുരം, തൃക്കൊടിത്താനം, തിരുവങ്ങാട്, ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളിലും കലാമൂല്യമുള്ള ചുമര്‍ചിത്രങ്ങളുണ്ട്.

ചുണ്ണാമ്പ് കരിക്കിന്‍വെള്ളത്തില്‍ കലര്‍ത്തിത്തേച്ചും, ചില മരങ്ങളുടെ കറ തേച്ചുപിടിപ്പിച്ചുമാണ് ചുമരുകളുടെ പ്രതലം സജ്ജമാകുന്നത്. ഇലകളുടെ ചാറും, ചെങ്കല്ലും, കരിയും, വൃക്ഷക്കറകളുമാണ് ചുമര്‍ചിത്രരചനയ്ക്കുപയോഗിച്ചിരുന്ന സാമഗ്രികള്‍. കോലരക്ക്, ചായില്യം, മനയോല, അമരിനീലം, പുകയിലപ്പൊടി, കടുക്ക, കൂവളക്കായയുടെ പശ മുതലായവയും നിറക്കൂട്ടിനായി ഉപയോഗിച്ചിരുന്നു.

അനുഷ്ഠാനകലകളിലെ മുഖത്തെഴുത്തില്‍ നാടന്‍ ചിത്രകലാപാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ ദര്‍ശിക്കാവുന്നതാണ്. പടയണിയില്‍ മുഖാവരണത്തിനാണ് പ്രാധാന്യം. മുഖാവരണം ഉപയോഗിക്കുന്ന നാടോടിക്കലകളില്‍ പടയണി, തെയ്യം, തിറ, പൂതന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. മുഖത്തെഴുതുന്നതിനുപകരം പാളയിലോ മരത്തിലോ എഴുതുന്നു എന്ന വ്യത്യാസമേയുള്ളൂ. നാടോടിക്കലകളുടെ ഉടുത്തുകെട്ട്, കിരീടം എന്നിവയിലെ അലങ്കാരപ്പണികളില്‍ നാടന്‍ ചിത്രകലാകാരന്മാരുടെ കരവിരുത് ദര്‍ശിക്കാവുന്നതാണ്.

പരമ്പരാഗത ചിത്രകലാശൈലിയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നവീന ചിത്രകലയെ സമ്പന്നമാക്കാന്‍ ശ്രമിച്ച ഭാരതീയ ചിത്രകാരന്മാരില്‍ അദ്വിതിയന്‍ ജാമനിറോയിയാണ്.

കേരളീയ ചിത്രകലാപാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് നവീനമായ ഒരു രചനാശൈലി കണ്ടെത്തിയ മഹാനാണ് കെ.സി.എസ്. പണിക്കര്‍. പ്രതിമാശില്പത്തിന്റെ രംഗത്ത് കാനായി കുഞ്ഞിരാമനും, ചിത്രകലാരംഗത്ത് ബാലന്‍നമ്പ്യാര്‍, എ.സി.കെ. രാജ്, ടി.കെ. പദ്മിനി, അക്കിത്തം നാരായണന്‍, അച്ചുതന്‍ കുടയൂര്‍, വിശ്വനാഥന്‍, ഹരിദാസന്‍, ജയപാലപ്പണിക്കര്‍, ജനാര്‍ദനന്‍, കെ.കെ. മാരാര്‍ എന്നിവരും നാടോടി ശൈലിയില്‍നിന്നും നവീന മാതൃകകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളവരാണ്.

പാരമ്പര്യചിത്രകല വിദേശങ്ങളില്‍. ഭാരതത്തെപ്പോലെത്തന്നെ ആഫ്രിക്ക, തെക്കേ അമേരിക്ക, പോളിനേഷ്യ തുടങ്ങി പലേടങ്ങളിലും പ്രാചീന ചിത്രകലാസൃഷ്ടികള്‍ കണ്ടെത്തിയതായി തെളിവുണ്ട്. എന്നാല്‍ അവയില്‍ പലതും ഭാരതത്തില്‍ ഇന്നും കാണുന്നതുപോലെ അമൂര്‍ത്ത രൂപങ്ങളായിരുന്നില്ല. അവയൊക്കെ യഥാതഥരീതിയോട് അടുപ്പമുള്ളതിനാല്‍ പ്രാചീന ചിത്രകലാ മാതൃകകളായാണ് കരുതപ്പെടുന്നത്. ആസ്റ്റ്രേലിയയിലെ ആദിവാസികള്‍ മനുഷ്യരൂപം പാറകളില്‍ വരച്ച് പ്രാര്‍ഥിച്ചാണ് മഴ പെയ്യിച്ചിരുന്നത്.

നാടോടി ചിത്രശില്പകലകള്‍ക്ക് നാടോടി നൃത്തസംഗീതകലകളുമായി അഭേദ്യബന്ധമുള്ളതായി കാണാം. ആചാരാനുഷ്ഠാനങ്ങളുമായി കോര്‍ത്തിണക്കിയ ഈ കലകള്‍ ഗ്രാമീണജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അരുണാചല്‍പ്രദേശത്തെ കലാസൃഷ്ടികള്‍തന്നെ നല്ല ഉദാഹരണം. അവരുടെ നിറപ്പകിട്ടാര്‍ന്ന നൃത്തത്തെ ചുറ്റിപ്പറ്റിയാണ് ചിത്രകലയും വളര്‍ന്നുവികസിച്ചത്.

പുരാതന ഈജിപ്തുകാരുടെ വിശ്വാസപ്രകാരം പരേതന്റെ ആത്മാവ് ശവശരീരത്തിലേക്ക് തിരിച്ചുവരുന്നു. അതിനാല്‍ പ്രേതങ്ങള്‍ 'മമ്മി'കളാക്കി സൂക്ഷിച്ചുവെയക്കേണ്ടതും ഒരാവശ്യമായിത്തീര്‍ന്നു. ഈ മമ്മികള്‍ സൂക്ഷിക്കാന്‍ പടുകൂറ്റന്‍ പിരമിഡുകളും അവര്‍ നിര്‍മിച്ചു. ഈ അതിപുരാതന കലാസൃഷ്ടികള്‍ യൂറോപ്പിലെ ആധുനിക കലാകാരന്മാര്‍ക്ക് പുത്തന്‍ കലാരീതികള്‍ക്കുള്ള പ്രചോദനത്തിന്റെ ഉറവിടമായി നിലകൊള്ളുന്നു. നീളവും വീതിയും മാത്രമുള്ള ഒരു തലത്തില്‍ മൂന്നാമതൊരുമാനം സൃഷ്ടിച്ച് യാഥാതഥമായി രചിക്കുന്ന ചിത്രകലാസൃഷ്ടികള്‍ അതിന്റെ പരമോന്നതിയിലെത്തുന്നത് യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിലാണ്. (നോ: നവോത്ഥാനം)

പിക്കാസ്സോവിന്റെ ക്യൂബിസ്റ്റ് കലാരീതികള്‍ക്ക് പ്രചോദനം നല്കിയത് ആഫ്രിക്കയിലെ നാടന്‍ കലാപൂരങ്ങളായ പൊയ്മുഖങ്ങളായിരുന്നു. ഹെന്റി മത്തീസിന്റെ ഫേവിസമെന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത ശുദ്ധവര്‍ണങ്ങളുടെ പ്രത്യേകരീതിയിലുള്ള പ്രയോഗരീതിയാണ്. കാട്ടാളന്മാരുടെ കലാസൃഷ്ടിയില്‍നിന്നും കടഞ്ഞെടുത്താണ് 'ഫേവിസം'. ഹെന്റിമൂര്‍ എന്ന ശില്പിയുടെ അവസാനകാല ശില്പങ്ങള്‍ക്കു കൂടുതല്‍ സാദൃശ്യം, നമ്മുടെ ശിവലിംഗരൂപങ്ങളോടാണ്. ഭാരതീയ ചിത്രകാലചരിത്രത്തിലെ ഒരു നാഴികക്കല്ലായി രവിവര്‍മയെ എന്നും കണക്കാക്കിപ്പോരുന്നു. ഒടുവില്‍ ചിത്രകലയെന്നത് എണ്ണച്ചായത്തിലെഴുതുന്ന ഛായാപടമാണെന്ന ഒരു തെറ്റിദ്ധാരണയ്ക്കുവരെ രവിവര്‍മയുടെ സ്വാധീനം കൊണ്ടുചെന്നെത്തിച്ചു. ഇതിന്റെ ഫലമായി യൂറോപ്യന്‍രീതി അവലംബിക്കാന്‍ വെമ്പല്‍കൊണ്ട ഭാരതീയ കലാകാരന്മാര്‍ ഇവിടെ വളര്‍ന്ന് വികസിച്ചുവന്ന കലാപാരമ്പര്യം തീരെ വിസ്മരിച്ചു. ഈയൊരു ദുരവസ്ഥയില്‍നിന്ന് ഭാരതീയ ചിത്രകലയെ രക്ഷിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് അബനീന്ദ്രന്റെ ബംഗാള്‍കലാരീതിരൂപം പ്രാപിച്ചത്. സ്വാതന്ത്യ്രസമരകാലത്ത് ഈ കലാരീതി പുരോഗതി പ്രാപിച്ചെങ്കിലും അധികം താമസിയാതെ ഇവയും കെട്ടടങ്ങി. ചൈനീസ്-ജാപ്പനീസ് ജലച്ഛായ കലാരീതിയുടെ വാഷ് സമ്പ്രദായവും ഭാരതീയ ചുമര്‍ചിത്രങ്ങളുടെ ഒഴുക്കാര്‍ന്ന രേഖാരീതിയും കോര്‍ത്തിണക്കിയ ഒരു സങ്കരസന്തതിയാണ് ബംഗാള്‍ ശൈലി. ജാമിനിറോയിയെത്തുടര്‍ന്ന് ഗ്രാമീണ കലാരീതികളില്‍ രചന നടത്തി വിജയംവരിച്ച ഭാരതീയ കലാകാരന്മാര്‍ നിരവധിയുണ്ട്. തെന്നിന്ത്യന്‍ ചിത്രകാരനായ ശ്രീനിവാസവു ഇവരില്‍ പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണ്. മദ്രാസ് കോളജ് ഒഫ് ആര്‍ട്ട്സ് പ്രിന്‍സിപ്പലായിരുന്ന ഡി.പി. റോയി ചൌധരി കേരളീയനായ കെ.സി.എസ്. പണിക്കര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍