This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാച്വറലിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:40, 3 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാച്വറലിസം

Naturalism

പാരമ്പര്യവും പരിസ്ഥിതിയുമാണ് മനുഷ്യന്റെ പെരുമാറ്റത്തെ നിര്‍ണയിക്കുന്നതെന്ന സിദ്ധാന്തത്തെ ആസ്പദമാക്കി രൂപംകൊണ്ട പ്രസ്ഥാനം. മലയാളത്തില്‍ പ്രകൃതിവാദം എന്നുപറയുന്നു. പ്രകൃതിയെ സംബന്ധിച്ച ഡാര്‍വിന്റെ സങ്കല്പനമാണ് ഈ പ്രസ്ഥാനത്തിന് ദാര്‍ശനിക അടിത്തറ നല്കുന്നത്. നാച്വറലിസ്റ്റുകള്‍ മനുഷ്യന്റെ മൃഗസമാനമായ സ്വഭാവത്തിന് പ്രാമുഖ്യം കല്പിക്കുകയും പ്രകൃതിക്കതീതമായ ശക്തിവിശേഷത്തെ നിരാകരിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും നിന്ദിതരുടെയും പീഡിതരുടെയും ലോകത്തെയാണ് ഇവര്‍ അനാവരണം ചെയ്യുന്നത്. നിസ്സഹായാവസ്ഥയില്‍പ്പെട്ട മനുഷ്യരാണ് മിക്ക രചനകളിലെയും കഥാപാത്രങ്ങള്‍. അനിവാര്യമായ ദുരിതങ്ങള്‍ നിറഞ്ഞ ഒരു പരീക്ഷണശാലയായിട്ടാണ് ജീവിതം ചിത്രീകരിക്കപ്പെടുന്നത്. ദുരിതങ്ങളുടെയും പീഡനങ്ങളുടെയും വിവരണങ്ങള്‍ നിറഞ്ഞ രചനകളില്‍ കഥാകൃത്ത് ജീവിതത്തോട് തികഞ്ഞ നിസ്സംഗത പാലിക്കുന്നു.

19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ഫ്രാന്‍സിലാണ് നാച്വറലിസം ഒരു സാഹിത്യപ്രസ്ഥാനമായി രൂപംകൊണ്ടത്. സഹോദരങ്ങളായ എദ്മോങ്ങും ഷൂല്‍ ദ് ഗൊണ്‍കൂറുമാണ് ഈ പ്രസ്ഥാനത്തിലെ ആദ്യ രചയിതാക്കള്‍. ജീവിതം തന്നെയാണ് നോവല്‍ രചനയ്ക്ക് ആധാരമെന്ന് അവര്‍ വിശ്വസിച്ചു. ആദ്യത്തെ നാച്വറലിസ്റ്റിക് നോവലായ ജര്‍മിനി ലാ സെര്‍ട്ടോ (1864) ഒരു വീട്ടുവേലക്കാരിയുടെ ദുരിതപൂര്‍ണമായ ജീവിതം സസൂക്ഷ്മം വരച്ചുകാട്ടുന്നു.

നാച്വറലിസ്റ്റ് പ്രസ്ഥാനം അനുവാചകരിലേക്ക് ഏറെ ആകര്‍ഷിക്കപ്പെട്ടത് എമിലി സോളയുടെ കൃതികളിലൂടെയാണ്. 1867-ല്‍ പ്രസിദ്ധീകരിച്ച തെരേസ് റാക്കാങ് എന്ന കൃതിയില്‍ നാച്വറലിസ്റ്റ് മാതൃകയില്‍ പശ്ചാത്താപത്തെ ഒരമൂര്‍ത്ത വികാരമെന്നതിനെക്കാള്‍ ഒരു ക്യാന്‍സറെന്നപോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കൃതിയുടെ അവതാരികയില്‍ സോള സ്വയമൊരു നാച്വറലിസ്റ്റായി പ്രഖ്യാപിക്കുന്നു. ശസ്ത്രക്രിയ നടത്തുന്നതുപോലെയാവണം നോവല്‍ രചനയെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. ദി എക്സ്പിരിമെന്റല്‍ നോവല്‍ (1879) എന്ന കൃതിയില്‍ സോളയുടെ സിദ്ധാന്തങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നു. മനുഷ്യസ്വഭാവത്തില്‍ പാരമ്പര്യവും പരിസ്ഥിതിയും എന്തെല്ലാം സ്വാധീനം ചെലുത്തുന്നുവെന്ന പരീക്ഷണം ശാസ്ത്രജ്ഞനെന്നപോലെ നോവലിസ്റ്റും നടത്തണമെന്നാണ് സോളയുടെ നിരീക്ഷണം. സാന്മാര്‍ഗികവും മതപരവുമായ മുന്‍ധാരണകള്‍ കൂടാതെയുള്ള രചന മനുഷ്യന്റെ പ്രേരകത്തെയും പെരുമാറ്റത്തെയും വിലയിരുത്താന്‍ സഹായകമാകുമെന്നും അദ്ദേഹം കരുതുന്നു. സാമൂഹിക പരിഷ്കരണമാണ് ഇത്തരം പരീക്ഷണങ്ങളുടെ മുഖ്യോദ്ദേശ്യം. സോളയുടെ റൂസോങ് മക്കാര്‍ എന്ന ഇരുപതുനോവലുകളുടെ പരമ്പര (1871-1893) ഒരു കുംടുംബത്തിന്റെ പരമ്പരാഗതമായ അധ:പതനത്തെ വിശദമായി വരച്ചുകാട്ടുന്നു. സാഹചര്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ഫലമായാണ് ഈ അധ:പതനം സംഭവിക്കുന്നത്. നോവല്‍ രചനയില്‍ ശാസ്ത്രീയമായ വീക്ഷണം പുലര്‍ത്തിയിരുന്നെങ്കിലും പ്രതിപാദ്യം തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരുന്നു. സ്വന്തം സിദ്ധാന്തങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി വിലക്കപ്പെട്ട പല വിഷയങ്ങളും അദ്ദേഹം പ്രതിപാദ്യമായി സ്വീകരിച്ചു. ഇപ്രകാരം റൂസോങ് മക്കാര്‍ കഥകളില്‍ വേശ്യകളും മദ്യപാനികളും നിന്ദിതരും പീഡിതരുമെല്ലാം കഥാപാത്രങ്ങളായി കടന്നുവരുന്നു. ഇക്കാരണത്താല്‍ മിക്ക നാച്വറലിസ്റ്റ് കൃതികളിലും ഈദൃശവിഷയങ്ങളാണ് പ്രതിപാദ്യമായി സ്വീകരിക്കപ്പെട്ടത്.

അനേകം നോവലിസ്റ്റുകളും കഥാകൃത്തുക്കളും നാച്വറലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി രചനകള്‍ നടത്തി. ഫ്രാന്‍സില്‍ മോപ്പസാങ്ങും ഇംഗ്ലണ്ടില്‍ ജോര്‍ജ് ഗിസ്സിങ്ങും, ജോര്‍ജ് മൂറും, അമേരിക്കയില്‍ ഫ്രാങ്ക് നോറെയും, ജാക് ലണ്ടനും, തിയഡോര്‍ ഡ്രീസറും, ജെയിംസ് ഫാരലും ഇവരില്‍ പ്രമുഖരാണ്.

നാടകരംഗത്തും നാച്വറലിസം വേരോടുകയുണ്ടായി. റഷ്യന്‍ സാഹിത്യകാരനായ മാക്സിം ഗോര്‍ക്കിയും ജര്‍മന്‍ സാഹിത്യകാരനായ ഗെര്‍ഹാര്‍ട്ട് ഹോപ്മാനും ഉത്തമോദാഹരണങ്ങളാണ്. നാടകവേദിയില്‍ നാടക രചനയെ മാത്രമല്ല അഭിനയശൈലിയെയും വേഷവിധാനത്തെയുമെല്ലാം നാച്വറലിസം സ്വാധീനിക്കുകയുണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടിലെ നാടകവേദിയുടെ കൃത്രിമ ഘടകങ്ങളെ നാച്വറലിസം വെല്ലുവിളിച്ചു. ഫ്രാന്‍സിലെ തിയെറ്റര്‍ ലിബ്രെയും റഷ്യയിലെ മോസ്കോ ആര്‍ട്ട് തിയെറ്ററും നാച്വറലിസത്തിന്റെ ചുവടുപിടിച്ച് മുന്നേറിയവയാണ്.

ആധുനിക കാലത്ത് മനുഷ്യനില്‍ പ്രകൃതിയുടെ സ്വാധീനം വരുത്തുന്ന മാറ്റങ്ങളെ ചിത്രീകരിക്കുന്ന കവികളെയും നാച്വറലിസ്റ്റുകളായി പരിഗണിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവി വേഡ്സ്വര്‍ത്തും ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റും ഇതിനുദാഹരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍