This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നസ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 1 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നസ്യം

ആയുര്‍വേദവിധിപ്രകാരം മൂക്കില്‍ക്കൂടിയുള്ള ഔഷധപ്രയോഗം. ഇത് നാവനം എന്നും അറിയപ്പെടാറുണ്ട്. മൂക്കില്‍ ഒഴിക്കപ്പെട്ട ഔഷധം ശിരസ്സിന്റെ മധ്യഭാഗത്ത് എല്ലാ സ്രോതസ്സുകളും വന്നു ചേരുന്ന സ്ഥലത്ത് എത്തി ശിരസ്സിലാകമാനവും കണ്ണ്, ചെവി, നാക്ക്, കഴുത്ത് എന്നിവയുടെ സ്രോതസ്സുകളുടെ ദ്വാരങ്ങളിലും വ്യാപിച്ച് അവിടങ്ങളില്‍ പറ്റിപ്പിടിച്ച് രോഗകാരണമായിത്തീരാനിടയുള്ള ദോഷങ്ങളെ ശിരസ്സില്‍ നിന്ന് വേര്‍പെടുത്തി വായില്‍ക്കൂടി പുറത്തേക്കു കളയുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് കഴുത്തിനുമുകളില്‍ ഉണ്ടാകാവുന്ന മിക്ക വ്യാധികളെയും തടുക്കുന്നതിനു കഴിയും. ശിരസ്സ്, ഇന്ദ്രിയങ്ങളുടെയും പ്രാണന്റെയും മനസ്സിന്റെയും സ്ഥാനമാകയാല്‍ ഉത്തമാംഗത്തിലുണ്ടാകുന്ന രോഗങ്ങളുടെ മുഖ്യചികിത്സയായി നസ്യകര്‍മത്തെ ആയുര്‍വേദം വിവക്ഷിക്കുന്നു. മസ്തിഷകത്തിലേക്ക് ഔഷധങ്ങളുടെ വീര്യം എത്തിക്കുന്നതിന് ഏറ്റവും അടുപ്പവും സൗകര്യവുമുള്ള സ്വഭാവികമായ മാര്‍ഗം നാസാരന്ധ്രമാണ് ('നാസാ ഹി ശിരസ്സോദ്വാരാ').

മസ്തിഷ്കത്തില്‍നിന്നു പുറപ്പെടുന്ന അനേകം നാഡികളുടെ അഗ്രങ്ങള്‍ നാസാന്തര്‍ഭാഗത്ത് വ്യാപിച്ചുകിടക്കുന്നു. തന്മൂലം മൂക്കില്‍ പ്രയോഗിക്കുന്ന ഔഷധം പ്രസ്തുത തന്ത്രികളില്‍ക്കൂടി സ്വശക്തിയെ ഉദ്ദീപിപ്പിച്ച് പ്രവര്‍ത്തനക്ഷമമാകുന്നു. അല്പമാത്രയിലുള്ള ഔഷധംകൊണ്ട് വളരെ വലിയഫലത്തെ ഉണ്ടാക്കാന്‍ കഴിയുന്നു എന്നുള്ളത് നസ്യകര്‍മത്തിന്റെ പ്രത്യേകതയാണ്.

കര്‍മത്തിനനുസരിച്ച് നസ്യത്തെ വിരേചനം, ബൃംഹണം, ശമനം എന്നിങ്ങനെ മൂന്നായി തിരിക്കാം. കഫം ദോഷപ്രധാനമായി ഉണ്ടാകുന്ന രോഗങ്ങളിലാണ് വിരേചനനസ്യം സാധാരണയായി പ്രയോഗിക്കുന്നത്. ഇത് ശ്വാസമാര്‍ഗത്തിലും കഴുത്തിലും മറ്റുമുള്ള ദോഷങ്ങളെ സ്രവിപ്പിച്ച് പുറത്തേക്ക് കളയുന്നതുമൂലം ശിരസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ലാഘവത്തെ ഉണ്ടാക്കുന്നു. ബൃംഹണനസ്യം ക്ഷീണം സംഭവിച്ചിരിക്കുന്ന തന്ത്രികളെ പോഷിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ഓരോ രോഗത്തിന്റെയും ശമനത്തിനായി അവസ്ഥാനുസരണം ഉപയോഗിക്കുന്ന നസ്യങ്ങളെയാണ് ശമനനസ്യങ്ങള്‍ എന്നു വിവക്ഷിക്കുന്നത്.

സര്‍വ സാധാരണമായി നസ്യത്തിനായി ഉപയോഗിക്കുന്നത് ഔഷധസിദ്ധമായ സ്നേഹദ്രവ്യങ്ങള്‍ ആണ്. സ്നേഹദ്രവ്യങ്ങളുപയോഗിച്ചുള്ള നസ്യത്തെ മര്‍ശനസ്യമെന്നും പ്രതിമര്‍ശനസ്യമെന്നും മാത്രാഭേദമനുസരിച്ച് രണ്ടായി തിരിക്കാം.

മര്‍ശനസ്യം കൂടിയ അളവില്‍ ജേഹന്മോദാദിപൂര്‍വകര്‍മങ്ങള്‍ക്കുശേഷം മാത്രമേ ചെയ്യാന്‍ വിധിയുള്ളു. ഇത് രോഗ ചികിത്സയ്ക്കായിട്ടാണ് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. പ്രതിമാര്‍ഗ നസ്യത്തിന്റെ അളവ് രണ്ടു തുള്ളിയാണ്. ഇത് എല്ലാവര്‍ക്കും എപ്പോഴും പ്രത്യേക നിഷ്കര്‍ഷ കൂടാതെ ചെയ്യാവുന്ന ഒന്നാണ്. ആരോഗ്യസംരക്ഷണകാര്യത്തില്‍ താത്പര്യമുള്ളവര്‍ ദിനചര്യയുടെ ഭാഗമായി പ്രതിമര്‍ശനസ്യം നിത്യേന ശീലിക്കുന്നത് പല രോഗങ്ങളെയും തടഞ്ഞുനിര്‍ത്തുന്നതിനും ഇന്ദ്രിയശക്തി, ഓര്‍മശക്തി, ബുദ്ധിശക്തി എന്നിവയെ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

രാത്രി, പകല്‍, ഭക്ഷണം, ഛര്‍ദി, പകലുറക്കം, വഴിനടക്കുക, അധ്വാനം, സ്ത്രീസംഗമം, അഭൃംഗസ്നാനം, കവിള്‍കൊള്ളുക, മൂത്രം ഒഴിക്കുക, കണ്ണില്‍ അഞ്ജനം ചെയ്യുക, മലശോധന, പല്ലുതേപ്പ്, ഉറക്കെച്ചിരിക്കുക ഇതിന്റെയെല്ലാം അവസാനത്തില്‍ രണ്ടു തുള്ളി സ്നേഹം കൊണ്ടുള്ള പ്രതിമര്‍ശം ചെയ്യണമെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നു. ആദ്യത്തെ അഞ്ചുസമയത്ത് ചെയ്യുന്നതുകൊണ്ട് സ്രോതോശുദ്ധിയും പിന്നത്തെ മൂന്നു സമയത്ത് ചെയ്യുന്നതുകൊണ്ട് തളര്‍ച്ചയ്ക്ക് താത്ക്കാലിക ശമനവും അടുത്ത അഞ്ച് സമയത്തുചെയ്യുന്നത് കണ്ണിനുബലവും പല്ലുതേപ്പിന്റെ അവസാനത്തില്‍ ചെയ്യുന്നത് ദന്തങ്ങള്‍ക്ക് ഉറപ്പും ചിരിക്കുശേഷം ചെയ്യുന്നത് ചിരിമൂലം ഉണ്ടാകുന്ന വാതവൃദ്ധിയുടെ ശമനത്തിനും പ്രയോജനപ്പെടുന്നു.

മരുന്ന് അരച്ച് എടുത്ത കല്ക്കം, കഷായം, ചൂര്‍ണം, ഔഷധങ്ങളുടെ സ്വരസം, തേന്‍, ഇന്ദുപ്പ്, മദ്യം, ഇല, പാല്‍, മാംസരസം, പിത്തരസം, മൂത്രം, രക്തം എന്നിവകള്‍കൊണ്ട് രോഗാവസ്ഥയ്ക്ക് അനുസരിച്ച് നസ്യകര്‍മം നടത്താന്‍ വിധിയുണ്ട്.

കല്ക്കം കൊണ്ട് ചെയ്യുന്ന നസ്യത്തിന് അവപീഡമെന്നും ചൂര്‍ണം കൊണ്ട് ചെയ്യുന്നതിനെ ധ്മാനം എന്നും പറയുന്നു.

വെള്ളം, മദ്യം, സ്നേഹദ്രവ്യങ്ങള്‍ എന്നിവ കഴിച്ച ഉടനെയും ഉടനെതന്നെ കഴിക്കാന്‍ ഉദ്ദേശിക്കുന്നവരിലും നസ്യം ചെയ്യാന്‍ പാടില്ല. വിഷദ്രവ്യങ്ങള്‍ കഴിച്ചവരും കുളികഴിഞ്ഞ ഉടനേയുള്ളവരും ഉടന്‍ കുളിക്കാന്‍ പോകുന്നവരും മലമൂത്രാദിവേഗങ്ങള്‍ ഉള്ളവരിലും നസ്യം ചെയ്യാന്‍ പാടില്ല. സൂതിക, രക്തമോക്ഷം ചെയ്ത് പ്രകൃതിഭോജനം നടത്തുന്നതിനുമുമ്പുള്ളവര്‍, വമന, വിരേചന, വസ്തി കര്‍മങ്ങള്‍ ചെയ്തിരിക്കുന്നവരിലും കാനം, ശ്വാസം, പീനസം എന്നീ രോഗങ്ങളുടെ നവാവസ്ഥയിലും നസ്യം നിഷിദ്ധമാണ്.

നസ്യം ചെയ്യേണ്ട സമയം ദോഷവ്യാധികാലം മുതലായവയെ അടിസ്ഥാനപ്പെടുത്തി നിര്‍ണയിക്കണം. കഫവൃദ്ധിയില്‍ പ്രഭാതത്തിലും പിത്തവൃദ്ധിയില്‍ മധ്യാഹ്നത്തിലും വാതവൃദ്ധിയില്‍ സായാഹ്നത്തിലും നസ്യം ചെയ്യുന്നതാണ് ഉത്തമം. ശരത്, വസന്തകാലങ്ങളില്‍ രാവിലെയും ഹേമന്തശിശിരങ്ങളില്‍ മധ്യാഹ്നത്തിലും ഗ്രീഷ്മകാലത്ത് വൈകിട്ടും വര്‍ഷകാലത്ത് വെയിലുള്ള സമയം നോക്കിയും വേണം നസ്യകര്‍മം ചെയ്യേണ്ടത്. രോഗാവസ്ഥകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നസ്യം ചെയ്യേണ്ടത്. എന്നാല്‍ ചില പ്രത്യേക രോഗാവസ്ഥകളില്‍ രാവിലെയും വൈകിട്ടും നസ്യം ചെയ്യാനും വിധിയുണ്ട്. തുടര്‍ച്ചയായി ഏഴുദിവസത്തില്‍ കൂടുതല്‍ ചെയ്യാന്‍ പാടില്ല. ഏഴു വയസ്സിനു മുമ്പും എണ്‍പതു വയസ്സിനുശേഷവും മര്‍ശനസ്യം ചെയ്യാന്‍ പാടില്ല. പ്രതിമര്‍ശം ആകട്ടെ ജനനം മുതല്‍ മരണംവരെ ഏതു പ്രായത്തിലും ശീലിക്കാവുന്നതാണ്. ശരിയായവിധം ദിര്‍ഘകാലം ശീലിക്കുന്നതുകൊണ്ട് മര്‍ശനസ്യംകൊണ്ട് മാറ്റാവുന്ന മിക്ക രോഗങ്ങളും പരിപൂര്‍ണമായി മാറ്റാന്‍ കഴിയും. കൂടാതെ, ഇപ്രകാരം നിയമേന നസ്യം ശീലിക്കുന്നവരുടെ ചുമല്‍, കഴുത്ത്, മുഖം തുടങ്ങിയ ഭാഗങ്ങള്‍ ഉയര്‍ന്ന രക്തപ്രസാദത്തോടുകൂടിയിരിക്കും. തൊലിക്ക് മാര്‍ദവവും ഇന്ദ്രിയങ്ങള്‍ക്ക് ദൃഢതയും പ്രദാനം ചെയ്യുകയും ചെയ്യും. ജരാനരകളെ വൈകിപ്പിക്കാനും അതിനു കഴിയും.

നസ്യം ചെയ്യുന്നരീതി. നസ്യം ചെയ്യാന്‍ യോഗ്യനാണെന്ന് കണ്ടു കഴിഞ്ഞാല്‍ രോഗത്തിന്റെ ദോഷദൂഷ്യാവസ്ഥയും കാലവും വിശകലനം ചെയ്ത് ഏതുതരത്തിലുള്ള നസ്യമാണ് പ്രയോഗിക്കേണ്ടതെന്നും ഏതുമാത്രയില്‍ ഏതു കാലത്ത് പ്രയോഗിക്കണമെന്നും നിശ്ചയിക്കണം. തുടര്‍ന്ന് സ്നേഹസ്വേദങ്ങള്‍ ചെയ്ത് നസ്യം ചെയ്യാന്‍ പാകത്തില്‍ തയ്യാറെടുപ്പിച്ചശേഷം, നേരിട്ട് കാറ്റു കടക്കാത്ത ഒരു മുറിയില്‍ രോഗിയെ കയറ്റി മൂര്‍ധാവില്‍ തളവും കര്‍ണപൂരണവും ചെയ്തശേഷം രോഗിയുടെ ചുമലിനുമേല്പോട്ടുള്ള ഭാഗത്ത് രോഗാനുസാരേണ നിശ്ചയിച്ച തൈലം പുരട്ടി മൃദുവായി തടവിയശേഷം വിയര്‍പ്പിക്കണം. ആവണക്കില, പുളിയില, കരിനൊച്ചിയില തുടങ്ങിയ വാതഹരങ്ങളായ ഇലകളോ, കുറുന്തോട്ടിവേര്, കരിംകുറിഞ്ഞിവേര് തുടങ്ങിയ ഔഷധങ്ങളോ ഇട്ട് തിളപ്പിച്ച് ഉണ്ടാകുന്ന ആവി കൊണ്ട് വിയര്‍പ്പിക്കുന്നതാണ് ഉത്തമം. അതിനുശേഷം കാലിന്റെ ഭാഗം അല്പം ഉയര്‍ത്തിയും തല അല്പം താഴ്ത്തിയും കയ്യും കാലും നിവര്‍ത്തിമലര്‍ന്ന് കിടക്കണം. യഥാവിധി തയ്യാറാക്കിയ ഔഷധം ശരിയായമാത്രയില്‍ രണ്ടു ഗോകര്‍ണത്തിലായി എടുത്ത് ഓരോ മൂക്കിലും ധാരമുറിയാതെ ഒഴിക്കണം. അതിനുശേഷം രോഗിയോട് ഔഷധം ശക്തിയായി മേല്പോട്ട് വലിച്ചുകയറ്റാന്‍ ആവശ്യപ്പെടുന്നു. വലിച്ചുകയറ്റാന്‍ വൈഷമ്യമുള്ള രോഗികളിലും ചൂര്‍ണം നസ്യം ചെയ്യുമ്പോഴും പരിചാരകന്‍ തന്നെ ഔഷധം ഊതിക്കയറ്റേണ്ടതാണ്. ഇതിനുശേഷം നെറ്റി, മൂക്കിനുചുറ്റുമുള്ള പ്രദേശങ്ങള്‍, ചെവികള്‍, ഉള്ളംകൈകള്‍, ഉള്ളംകാലുകള്‍ എന്നിവ സുഖമാംവിധം തലോടി ഉത്തേജിപ്പിക്കേണ്ടതാണ്. കാര്‍ക്കിച്ച് തുപ്പുവാന്‍ തോന്നിത്തുടങ്ങിയാല്‍ ഇടതുവലതു ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പ്രത്യേകപാത്രത്തില്‍ തുപ്പുവാന്‍ നിര്‍ദേശിക്കണം. തുപ്പാനുള്ള കഫം ഏതാണ്ട് അവസാനിച്ചാല്‍ തൊണ്ടയിലും വായിലും ബാക്കിയുള്ള കഫം മാറ്റി ശുദ്ധിവരുത്തുന്നു. രോഗാനുസാരേണയുള്ള ധൂമപാനവും (പുകവലി) ചൂടുവെള്ളംകൊണ്ടുള്ള കബളവും (കവിള്‍കൊള്‍ക) ചെയ്യണം. നസ്യം ചെയ്യുന്നവര്‍ മുഖം കഴുകുന്നതിനും മറ്റും ചൂടുവെള്ളം ഉപയോഗിക്കണം. വിശപ്പുവന്നാല്‍ ലഘുവായ ആഹാരം കഴിക്കാം. അധികമായി ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കരുത്.

നസ്യം ചെയ്തത് ശരിയായ മാത്രയിലാണോ എന്നു നിശ്ചയിക്കുവാന്‍ ചില ലക്ഷണങ്ങള്‍ സഹായിക്കുന്നു. സ്നേഹം കൊണ്ടുള്ള നസ്യം ചെയ്ത് സ്നിഗ്ധത വന്നിട്ടുണ്ടെങ്കില്‍ ശ്വാസത്തിന്റെ ഗതാഗതത്തിനു തടസ്സിമല്ലാതെയാകും, കണ്ണിനു ചിമ്മുവാനും മിഴിക്കുവാനും വൈഷമ്യം ഉണ്ടാവില്ല, ഇന്ദ്രിയങ്ങള്‍ക്ക് വിഷയഗ്രഹണശക്തി കൂടും. എന്നാല്‍ നസ്യം മതിയാവാതിരുന്നാല്‍ കണ്ണുകള്‍ക്ക് സ്തബ്ധത, മൂക്കിലും വായിലും വരള്‍ച്ച, ശിരസ്സ് ശൂന്യമായി തോന്നുക എന്നിവ ലക്ഷണങ്ങള്‍. നസ്യമധികമായാല്‍ തലയ്ക്കു കനം, ചൊറി, വായില്‍ വെള്ളം വരിക, അരുചി, പീനസം മുതലായ ഉപദ്രവങ്ങളുണ്ടാകും.

(ഡോ. ആര്‍. ശങ്കരന്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍