This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവംബര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:57, 1 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബര്‍

November

ഗ്രിഗോറിയന്‍ കലണ്ടറിലെ പതിനൊന്നാമത്തെ മാസം. നവംബറില്‍ 30 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 'ഒന്‍പത്' എന്നര്‍ഥം വരുന്ന നോവെം (Novem) എന്ന ലത്തീന്‍പദത്തില്‍നിന്നാണ് നവംബര്‍ എന്ന പദത്തിന്റെ നിഷ്പത്തി. മൊത്തം പത്തുമാസങ്ങള്‍ മാത്രമുണ്ടായിരുന്ന ആദ്യകാല റോമന്‍ കലണ്ടറില്‍ നവംബര്‍ ഒന്‍പതാമത്തെ മാസമായിരുന്നതിനാലാണ് ഈ പേര് ലഭിച്ചത്. ക്രി.മു. 700-ല്‍ റോമന്‍ കലണ്ടര്‍ പരിഷ്കരിച്ചപ്പോള്‍, മാര്‍ച്ചില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന ഈ പത്തുമാസങ്ങളുടെ ഒടുവില്‍ ജനുവരിയെയും ഫെബ്രുവരിയെയും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ബി.സി. 153 മുതല്‍ ജനുവരി വര്‍ഷത്തിന്റെ തുടക്കമാസമായപ്പോഴാണ് നവംബര്‍ പതിനൊന്നാം മാസമായിത്തീര്‍ന്നത്.

ജൂലിയസ് സീസര്‍ റോമന്‍ കലണ്ടര്‍ പരിഷ്കരിക്കുന്നതിനു (ക്രി.മു. 46) മുന്‍പുവരെ നവംബറിന് 29 ദിവസങ്ങളേ ഉണ്ടായിരുന്നുള്ളു. ജൂലിയസ് സീസര്‍ ഈ മാസത്തിന് 31 ദിവസങ്ങളാക്കി. പിന്നീട് അഗസ്റ്റസ് സീസര്‍, ആഗസ്റ്റ് മാസത്തിനോട് ഒരു ദിവസം കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ തുടര്‍ന്നുള്ള മാസങ്ങളിലെ ദിവസങ്ങളില്‍ മാറ്റം വരികയും നവംബര്‍ 30 ദിവസമുള്ള മാസമായി മാറുകയും ചെയ്തു.

കൊല്ലവര്‍ഷമനുസരിച്ച് തുലാം-വൃശ്ചികം കാലമാണ് നവംബര്‍. ഉത്തരാര്‍ധഗോളത്തില്‍ മധ്യശരത്കാലമാണ് ഈ മാസം. അതായത് ശരത്കാലത്തിനും ശീതകാലത്തിനും ഇടയ്ക്കാണ് നവംബര്‍ വരിക. പലപ്പോഴും വിളവെടുപ്പ് കഴിഞ്ഞ് കൃഷിയിടങ്ങള്‍ ശൂന്യമായിക്കിടക്കുന്ന കാലമാണിത്. മൃഗങ്ങള്‍ ശൈത്യകാലസുഷുപ്തിയില്‍ ലയിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ ഇലകൊഴിയും കാലം, മഞ്ഞുവീഴും കാലം, വിന്റ് മന്ത് (Wind month), ബ്ലഡ് മന്ത് (blood month) തുടങ്ങി പല പേരുകളില്‍ നവംബര്‍ മാസത്തെ വിശേഷിപ്പിക്കാറുണ്ട്. ശൈത്യകാലത്ത് മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലാവാം ഈ മാസത്തെ 'ബ്ലഡ് മന്ത്' എന്നു പറയുന്നത്. ദക്ഷിണാര്‍ധഗോളത്തില്‍ മധ്യവസന്തകാലമാണ് നവംബര്‍. 1956 നവംബര്‍ ഒന്നാം തീയതിയാണ് കേരള സംസ്ഥാനം രൂപീകൃതമായത്. ഇതിന്റെ ഓര്‍മയ്ക്കായി കേരളീയര്‍ എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നു.

നവംബര്‍ മാസവുമായി ബന്ധപ്പെട്ട പുഷ്പം ജമന്തിപ്പൂവും ഭാഗ്യരത്നം മഞ്ഞ കലര്‍ന്ന തവിട്ടുനിറത്തിലുള്ള പുഷ്യരാഗ (topaz)വുമാണ് എന്ന് ജ്യോതിഷം പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%82%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍