This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവദ്വാരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:15, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവദ്വാരങ്ങള്‍

ആയുര്‍വേദ ശാസ്ത്രമനുസരിച്ച് ശരീരത്തില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ഒന്‍പതുസുഷിരങ്ങള്‍. നാലു ഭാഗങ്ങളും അടച്ചുസൂക്ഷിച്ചിട്ടുള്ള ഒരു പട്ടണത്തോടാണ് (പുരം/പുരി) മനുഷ്യശരീരത്തെ പൗരാണികദാര്‍ശനികര്‍ ഉപമിച്ചിട്ടുള്ളത്. ശരീരം എന്ന പദത്തിന് പുരി എന്നുകൂടി പര്യായം ഉണ്ട്. ഒന്‍പതു വാതിലുകളാണീ പട്ടണത്തിനുള്ളത്. ശരീരത്തിലെ ഒന്‍പതു സുഷിരങ്ങള്‍ക്കു തുല്യമാണിവ. ഭഗവദ്ഗീതയില്‍ (അധ്യായം 5 / ശ്ളോകം 13) ഇപ്രകാരം പറയുന്നു. - "നവ ദ്വാരേ പുരേ ദേഹി നൈവ കുര്‍വന്‍ ന കാരയാന്‍.

ആയുര്‍വേദ ശാസ്ത്രത്തില്‍ ആന്തരിക സ്രോതസ്സ്, ബാഹ്യസ്രോതസ്സ് എന്നിങ്ങനെ രണ്ടു സ്രോതസ്സുകള്‍ പറയുന്നതില്‍ ബാഹ്യ സ്രോതസ്സാണ് നവദ്വാരങ്ങള്‍ എന്നറിയപ്പെടുന്നത്. ശ്രവണനയനവദനഘ്രാണഗുദമേഢ്രാണി നവസ്രോതാംസി നരാണാം ബഹിര്‍മുഖാനി - (സുശ്രുതം ശാരീരം 5/10). 2 കര്‍ണദ്വാരങ്ങള്‍, 2 നേത്രദ്വാരങ്ങള്‍, 2 നാസാദ്വാരങ്ങള്‍, വായ, ഗുദം, മൂത്രദ്വാരം എന്നിവയാണ് നവദ്വാരങ്ങള്‍. ഇവിടെപ്പറഞ്ഞതില്‍ ആദ്യത്തെ ഏഴെണ്ണം ശിരസ്സിലും മറ്റുള്ളവ അധഃകായവുമായി ബന്ധപ്പെട്ടുമാണ് സ്ഥിതിചെയ്യുന്നത്. 'നവ മഹന്തി ഛിദ്രാണി-സപ്ത ശിരസി, ദ്വേചാധഃ, ഏതാവദൃശ്യം ശക്യമപി നിര്‍ദിഷ്ടം' (ചരക ശാരീരം).

ഈ ഒന്‍പതെണ്ണം കൂടാതെ സ്ത്രീകള്‍ക്ക് 2 സ്തന്യപഥങ്ങള്‍, യോനീദ്വാരം (രക്തപഥം) എന്നിങ്ങനെ മൂന്നു സ്രോതസ്സുകള്‍ അധികമായി പരിഗണിക്കണമെന്നു സുശ്രുതസംഹിത ശാരീരസ്ഥാനത്തില്‍ പ്രത്യേക നിര്‍ദേശമുണ്ട്. 'ഏതാന്യേവസ്ത്രീണാമപരാണി ച ത്രീണീ, ദ്വേ സ്തനയോരധസ്താദ്രക്തവഹംച'- (സുശ്രുതം ശാരീരം 5/10)

ശിരസ്സിന്റെ രണ്ടുവശത്തുമായി സ്ഥിതി ചെയ്യുന്നവയാണ് കര്‍ണദ്വാരങ്ങള്‍. ശബ്ദഗ്രഹണത്തെ സഹായിക്കുന്നതിനായുള്ള സുഷിരങ്ങളാണിവ. മധ്യകര്‍ണം തുടങ്ങി കര്‍ണപുടം വരെ നീളുന്ന ദ്വാരമാണിത്. ശബ്ദപഥം എന്നാണ് ആയുര്‍വേദഗ്രന്ഥങ്ങളില്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ചെവിക്കുട എന്ന ബാഹ്യാവയവം ഇതിനെ പുറമേ നിന്നു സംരക്ഷിച്ചുനിര്‍ത്തുന്നു. ശബ്ദം കര്‍ണപടത്തില്‍ തട്ടുമ്പോഴുണ്ടാകുന്ന കമ്പനം അന്തഃകര്‍ണത്തിലേക്കു സ്വീകരിക്കപ്പെട്ട് തലച്ചോറിലേക്കു കൈമാറ്റം ചെയ്യപ്പെട്ടാണ് ശബ്ദം തിരിച്ചറിയുന്നത്. തികച്ചും സങ്കീര്‍ണമായ ഈ പ്രക്രിയയില്‍ ശബ്ദം സ്വീകരിക്കുക എന്ന ആദ്യകര്‍മം സംഭവിക്കുന്നത് കര്‍ണദ്വാരത്തിലൂടെയാണ്.

ദര്‍ശനേന്ദ്രിയമായ നേത്രം സ്ഥിതി ചെയ്യുന്ന സുഷിരങ്ങളാണ് നേത്രദ്വാരങ്ങള്‍. മുകളിലും താഴെയുമായി കണ്‍പോളകള്‍ ഈ ദ്വാരത്തെ സംരക്ഷിച്ചുനിര്‍ത്തുന്നു. ശ്ളേഷ്മസ്തരം കൊണ്ട് ഉള്‍ഭാഗം ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്. നേത്രഗോളവും അതിന്റെ മധ്യത്തില്‍ ഉള്ളിലായി പ്രകാശം കടത്തിവിട്ടു രൂപഗ്രഹണമുണ്ടാക്കുന്നതിനുള്ള ഭാഗങ്ങളും അടങ്ങിയിരിക്കുന്നു.

നാസാദ്വാരങ്ങള്‍ ശിരസിലേക്കുള്ള ദ്വാരം ആകുന്നു. നാസാ ഹി ശിരസ്സഃ ദ്വാരം എന്നാണ് നാസാദ്വാരത്തെ വാഗ്ഭടന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നാസാദ്വാരങ്ങള്‍ വഴി പ്രധാനമായും രണ്ടു കാര്യങ്ങളാണു സംഭവിക്കുക. ഒന്ന്-ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന ഭാഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. ഇത് സ്വീകരിക്കുന്ന ചോദനകള്‍, നാഡികള്‍ വഴി തലച്ചോറിലെത്തി ഗന്ധഗ്രഹനം ഉണ്ടാകുന്നു. രണ്ട്-പ്രാണവായു ഉള്ളിലേക്കു സ്വീകരിക്കുകയും ദുഷിച്ച വായു പുറത്തേക്കു വിടുകയും ചെയ്യുന്നു.

അന്നവാഹസ്രോതസ്സ് എന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന അന്നപഥത്തിന്റെ (alimentary canal) തുടക്കമാണ് വായ. മുകളിലും താഴെയുമായി വാതിലുകള്‍ പോലെയുള്ള ഓഷ്ഠങ്ങള്‍ (lips) ഇതിനെ അടച്ചു സൂക്ഷിക്കുന്നു. വായയുടെ ഉള്‍ഭാഗം ശ്ളേഷ്മസ്തരം കൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്. മുകളിലും താഴെയുമായി 16 വീതം മൊത്തം 32 ദന്തങ്ങള്‍ ഇതിനുള്ളിലാണ് ഉള്ളത്. രസനേന്ദ്രിയമായ ജിഹ്വ വായ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്നു. ശരീരത്തിനുള്ളിലേക്കു ആഹാരവസ്തുക്കള്‍ സ്വീകരിക്കുക, സംഭാഷണത്തിനു സഹായകമാകുക എന്നീ ധര്‍മങ്ങളാണ് പ്രധാനമായും വായയ്ക്കുള്ളത്.

മേല്പറഞ്ഞ അന്നവാഹസ്രോതസ്സിന്റെ അവസാനഭാഗമാണ് ഗുദം എന്നറിയപ്പെടുന്ന സുഷിരം. സ്ഥൂലാന്ത്ര (Large intestine) ത്തിന്റെ അവസാനഭാഗമാണ് ഗുദം എന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു. പുരീഷം, അധോവായു എന്നിവ പുറത്തുകളയാനുള്ള ദ്വാരമാണ് ഇതെന്നതുകൊണ്ട് മറ്റു പേരുകളില്‍ കൂടി ഗുദാവയവത്തെ വിളിക്കാറുണ്ട്. പുരീഷമാര്‍ഗം, ശകൃത്മാര്‍ഗം, വിട്മാര്‍ഗം, മലമാര്‍ഗം എന്നിവയാണീ പേരുകള്‍. ഗുദഭാഗം ബാഹ്യമായി ആരംഭിക്കുന്നയിടത്തുനിന്നു ഉത്തരഗുദവും, അതിനെത്തുടര്‍ന്ന് അധരഗുദവും എന്നിങ്ങനെയാണ് ഈ സുഷിരം കടന്നുപോകുന്നതെന്നു ചരകസംഹിത. ഇത് സ്ഥൂലാന്ത്രത്തില്‍ ചെന്നു ചേരുന്നു. ഗുദദ്വാരം സ്ഥൂലാന്ത്രത്തില്‍ എത്തിച്ചേരുന്നതു വരെ നാലര അംഗുലം നീളമുണ്ടെന്നു സുശ്രുതസംഹിതയില്‍ പറയുന്നു.

മലാംശമായ മൂത്രം പുറത്തുകളയുന്നതിനുള്ള ഭാഗമാണ് മൂത്രമാര്‍ഗം എന്ന ബാഹ്യസുഷിരം. അധോഭാഗത്തു സ്ഥിതി ചെയ്യുന്നു. മൂത്രമാര്‍ഗം ഉള്ളിലേക്കു എത്തിച്ചേരുന്നത് മൂത്രാശയം-വസ്തി എന്ന അവയവത്തിലേക്കാണ്. പുരുഷന്മാരില്‍ ശുക്ളസ്രോതസ്സ് കൂടി മൂത്രമാര്‍ഗത്തിലേക്കാണ് തുറക്കപ്പെടുന്നത്.

സ്ത്രീകള്‍ക്ക് പ്രസവശേഷം സ്തന്യഗ്രന്ഥിയില്‍ നിന്നും മുലപ്പാല്‍ (സ്തന്യം) പുറത്തേക്കു വരുന്നതിനുള്ള സുഷിരങ്ങളാണ് സ്തന്യപഥങ്ങള്‍. ഹൃദയസ്ഥമായ സിരകള്‍ പൂര്‍ണമായി തുറക്കപ്പെടാത്തിനാല്‍ പ്രസവശേഷം 3-4 ദിവസങ്ങള്‍ കൊണ്ടേ പൂര്‍ണരീതിയിലുള്ള സ്തന്യപ്രവര്‍ത്തനം ഉണ്ടാകുകയുള്ളു എന്ന് അഷ്ടാംഗഹൃദയം ('സിരണാം ഹൃദയസ്ഥാനാം വിവൃതത്വാല്‍ പ്രസൂതിതഃ തൃതീയേ അഹ്നി ചതുര്‍ത്ഥേ വാ സ്ത്രീണാം സ്തന്യം പ്രവര്‍ത്തതെ' - അ. ഹൃദയം - ഉത്തരം അധ്യായം 1). പാലൂട്ടുന്ന കാലം കഴിഞ്ഞാല്‍ ഈ സുഷിരങ്ങള്‍ സ്വാഭാവികമായിത്തന്നെ പ്രവര്‍ത്തനമില്ലാത്തതാകും.

ആര്‍ത്തവകാലത്ത് ഋതുരക്തം പുറത്തേക്കു വരുന്നതിനും, ലൈംഗിക പ്രക്രിയയില്‍ ശുക്ളം ഉള്ളിലേക്കു കടക്കുന്നതിനും പ്രസവകാലത്ത് ശിശു പുറത്തേക്കു വരുന്നതിനും വേണ്ടിയുള്ള ദ്വാരമാണ് യോനീ ദ്വാരം അഥവാ രക്തപഥം. ഈ സുഷിരം ഗര്‍ഭാശയമുഖത്ത് അവസാനിക്കുന്നു.

ഇവിടെപ്പറഞ്ഞവ കൂടാതെ വിയര്‍പ്പുഗ്രന്ഥിയുടെ സുഷിരങ്ങള്‍, സ്നേഹഗ്രന്ഥി സുഷിരങ്ങള്‍ തുടങ്ങിയവ ആധുനിക ഗ്രന്ഥങ്ങളില്‍ ബാഹ്യസുഷിരങ്ങളായി വിവരിക്കുന്നുണ്ട്. സൂക്ഷ്മസുഷിരങ്ങളായിരിക്കയാലാകണം ഇവയ്ക്ക് ആയുര്‍വേദഗ്രന്ഥങ്ങളില്‍ പ്രാധാന്യം നല്കപ്പെട്ടിട്ടില്ലാത്തത്.

(ഡോ. രജനി നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍