This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നവതാര (നോവ)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നവതാര (നോവ)
Nova
നക്ഷത്ര ദീപ്തി ദ്രുതഗതിയില്‍ വര്‍ധിക്കുകയും ഒരു നിശ്ചിത കാലത്തിനുശേഷം മങ്ങിപ്പോവുകയും ചെയ്യുന്ന പ്രതിഭാസം. ഇത് നിശ്ചിത ഇടവേളകളോടെ ആവര്‍ത്തിക്കുകയും ചെയ്യാം. 'പുതിയത്' എന്നര്‍ഥം വരുന്ന ലത്തീന്‍ പദമാണ് നോവ. 1572-ല്‍ ടൈക്കോബ്രാഹെ എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ പദം ഉപയോഗിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ പുതിയ നക്ഷത്രങ്ങളല്ല. ദീപ്തി കുറഞ്ഞ ഒരു നക്ഷത്രം പെട്ടെന്ന് ശോഭ വര്‍ധിച്ച് ദൃഷ്ടി ഗോചരമാകുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. നക്ഷത്രോപരിതലത്തിലുണ്ടാകുന്ന വിസ്ഫോടന (explosion) മാണ് ദീപ്തി വളരെയേറെ വര്‍ധിക്കാന്‍ കാരണം. ഈ വര്‍ധനവ് നേരത്തേ ഉണ്ടായിരുന്ന ദീപ്തിയെക്കാള്‍ അനേകായിരം മടങ്ങ് കൂടുതലായിരിക്കും. സൂര്യന്റെ ദീപ്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവതാരയായി മാറുന്ന ചില നക്ഷത്രങ്ങളുടെ ദീപ്തി സൂര്യനെക്കാള്‍ ആയിരമോ ലക്ഷമോ മടങ്ങ് കൂടുതലായിരിക്കും.
സ്വയം ഊര്‍ജം ഉത്പാദിപ്പിക്കുന്ന ഭീമാകാരങ്ങളായ ദ്രവ്യപിണ്ഡങ്ങളാണ് നക്ഷത്രങ്ങള്‍. ജ്വലിക്കുന്നതും ഏകദേശം ഗോളാകാരത്തിലുള്ളതുമായ വാതകദ്രവ്യമാണ് ഇതിലുള്ളത്. ഇവയില്‍ പ്രധാനമായിട്ടുള്ളത് ഹൈഡ്രജനും ഹീലിയവുമാണ്.
ഒരു നക്ഷത്രത്തിന്റെ അന്ത്യത്തിനു മുന്‍പ് അത് പല ദശകളില്ക്കൂടി കടന്നുപോകുന്നു. നക്ഷത്രപരിണാമത്തിന്റെ അന്ത്യത്തില്‍ ഒന്നുകില്‍ അതിന്റെ പുറം അടരുകള്‍ നഷ്ടപ്പെട്ട് അതൊരു സാന്ദ്രതയേറിയ വെള്ളക്കുള്ളന് നക്ഷത്ര (white dwarf star)മാവുകയോ അല്ലെങ്കില്‍ ഒരു അതിനവതാരയായി അതിന്റെ ഉപരിതലഭാഗങ്ങള്‍ അതിശക്തമായ ഒരു സ്ഫോടനത്താല്‍ ബഹിര്‍ഗമനം ചെയ്യപ്പെട്ട് ശിഷ്ടദ്രവ്യം അതിസാന്ദ്രതയുള്ള ഒരു ന്യൂട്രോണ്‍ നക്ഷത്രമോ തമോദ്വാരമോ ആയി മാറുകയും ചെയ്യും. വെള്ളക്കുള്ളന്മാരും ന്യൂട്രോണ്‍ നക്ഷത്രങ്ങളുമാണ് നവതാരകള്ക്ക് ജന്മം നല്‍കുന്നത്. മങ്ങിയതോ തികച്ചും അദൃശ്യമോ ആയിരുന്ന ഒരു നക്ഷത്രത്തിന്റെ ശോഭ പെട്ടെന്നു വര്‍ധിക്കുകയും ഏതാനും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷം മുന്‍ അവസ്ഥയിലേക്കു തിരിച്ചുപോവുകയും ചെയ്യുന്ന പ്രതിഭാസമാണ് നവതാര.
ഇരട്ടനക്ഷത്ര (binary star)ങ്ങളില്‍ മാത്രം സംഭവിക്കുന്ന ഒരു ജ്യോതിശ്ശാസ്ത്ര പ്രതിഭാസമാണ് നവതാര. നക്ഷത്രങ്ങളെ സംബന്ധിച്ച ഈ പ്രധാനപ്പെട്ട വസ്തുത എം.എഫ്.വാക്കര്‍, ആര്.പി. ക്രാഫ്റ്റ് എന്നീ ജ്യോതിശ്ശാത്രജ്ഞന്മാരാണ് കണ്ടെത്തിയത് (1954-1964). രണ്ട് നക്ഷത്രങ്ങള്‍ പൊതുവായ ഒരു ഭാരകേന്ദ്രത്തിനു (centre of mass) ചുറ്റും കറങ്ങുന്നുവെങ്കില്‍ അത്തരം നക്ഷത്രങ്ങളെ ഇരട്ടനക്ഷത്രങ്ങളെന്നു വിളിക്കുന്നു. നക്ഷത്രങ്ങളില്‍ അന്‍പതുശതമാനത്തോളം ഇരട്ടനക്ഷത്രങ്ങളാണ്. ഭൂരിപക്ഷം നവതാരകളും പരസ്പരം വളരെ അടുത്തുള്ള പഥങ്ങളില്‍ ചുറ്റുന്ന ഹ്രസ്വകാല ഇരട്ടനക്ഷത്രങ്ങളാണ്. ഇരട്ട നക്ഷത്രങ്ങളില്‍ ഒന്ന് ഒരു സാധാരണ നക്ഷത്രവും മറ്റേത് ഒരു മൃതനക്ഷത്രവും 'വെള്ളക്കുള്ളനോ ന്യൂട്രോണ്‍ താരമോ' ആണെന്നിരിക്കട്ടെ. ഇവ വളരെ അടുത്തടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഗുരുത്വാകര്‍ഷണശക്തി ഏറും. സാധാരണനക്ഷത്രം അതിന്റെ അന്ത്യത്തിനുമുമ്പ് ഒരു ചുവപ്പുഭീമനായി മാറാന്‍ തുടങ്ങുന്ന ഘട്ടത്തില്‍, അതിന്റെ വികസിച്ച പുറത്തെ അടരുകളില്‍ നിന്ന് ഹൈഡ്രജന്‍ വാതകം മൃതനക്ഷത്രത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. ഇത് ഈ മൃതനക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന പുറന്തോടുപോലെയുള്ള ഒരു വലയം (accretion disc) ഉണ്ടാകുന്നു. അതു മൃതനക്ഷത്രത്തില് അണുസംയോജന (fusion) പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇടയാക്കുന്നു. അണുകേന്ദ്രപ്രവര്ത്തനങ്ങളുടെ അളവ് ക്രമാതീതമായി ഉയരുന്നതിന്റെ ഫലമായി ഊര്‍ജോത്പാദനം വലിയ അളവില്‍ നടക്കുന്നതുകൊണ്ട് മൃതനക്ഷത്രം വീണ്ടും അതീവശോഭയുള്ളതായിത്തീരുന്നു. ഇതാണ് നവതാര. ആര്‍ജിച്ച പദാര്‍ഥം ജ്വലിച്ചുകഴിയുമ്പോള് നവതാര കെട്ടടങ്ങുന്നു. ചുവപ്പുഭീമന്‍ തുടര്‍ന്നും വികസിക്കുമ്പോള്‍, ഇതേ പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കപ്പെടാം.
നക്ഷത്രദീപ്തിയെ അടിസ്ഥാനപ്പെടുത്തി നവതാരകളെ ശീഘ്രനവതാര (fast nova) എന്നും മന്ദനവതാര (fast nova) എന്നും രണ്ടായി തരംതിരിക്കാം. വിസ്ഫോടനത്തിനുശേഷം ചില നവതാരകളുടെ മഹിഷ്ഠ ദീപ്തി (maximum brightness) കുറച്ചുമണിക്കൂറുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. പിന്നീട് മങ്ങാന്‍ തുടങ്ങുന്നു. ഇവയെ ശീഘ്രനവതാരകളെന്നു വിളിക്കുന്നു. മഹിഷ്ഠദീപ്തിയിലെത്താന് ചിലവ കൂടുതല്‍ കാലമെടുക്കും. എന്നാല്‍ ദീപ്തി മാസങ്ങളോളം അങ്ങനെതന്നെ നിലനില്ക്കുന്നു. ഇവയാണ് മന്ദനവതാരകള്. അവസാന വര്‍ധനവിന് ശീഘ്രനവതാര ഏതാനും ദിവസമെടുക്കുമ്പോള്‍ മന്ദനവതാര ആഴ്ചകളെടുക്കുന്നു. നവതാരകളുടെ യഥാര്‍ഥ ദീപ്തി (true brightness) അറിഞ്ഞിരുന്നാല്‍, അവയുടെ പരമാവധി ആപേക്ഷിക ദീപ്തിയില്‍ അളന്ന് അകലം നിര്‍ണയിക്കാവുന്നതാണ്.
ചില നവതാരകളുടെ മഹിഷ്ഠകാന്തിമാനം (maximum magnitude) താഴെച്ചേര്‍ക്കുന്നു: