This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നറുമ്പശ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നറുമ്പശ
ആയുര്‍വേദ ഔഷധനിര്‍മാണത്തില്‍ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന ഒരു അസംസ്കൃത വസ്തു. പഞ്ചമപ്പഴുക്ക, മീറ എന്നിവയാണ് മലയാളത്തില്‍ ഇതിന്റെ മറ്റു പേരുകള്‍. സംസ്കൃത്തില്‍ ബോളഃ, രസഗന്ധഃ എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്. പ്രാചീനകാലങ്ങളില്‍ത്തന്നെ ഉപയോഗത്തിലുണ്ടായിരുന്ന ദ്രവ്യം എന്ന നിലയില്‍ മിക്ക പൂര്‍വവൈദ്യസമ്പ്രദായങ്ങളിലും മീറ അഥവാ നറുമ്പശ ചേര്‍ന്ന ഔഷധക്കൂട്ടുകള്‍ കാണാവുന്നതാണ്. ഗ്രീക്, ഈജിപ്ഷ്യന്‍, ചൈനീസ്, അറേബ്യന്‍ വൈദ്യങ്ങള്‍ ആയുര്‍വേദത്തിലേതിനെക്കാള്‍ കൂടുതലായി ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.
'കോമ്മിഫോറ മീറ' (Commiphora myrrha) എന്ന സസ്യത്തിന്റെ പട്ടയില്‍നിന്നു ലഭിക്കുന്ന കറയാണ് കട്ടിയാകുമ്പോള്‍ മീറ അഥവാ നറുമ്പശ എന്നറിയപ്പെടുന്നത്. ഊറിവരുന്ന സമയത്ത് ഇളംമഞ്ഞനിറത്തിലുള്ള ഈ കറ കട്ടിയാകുമ്പോള്‍ തവിട്ടുകലര്‍ന്ന കറുപ്പുനിറമായിത്തീരും. വ.കി. ആഫ്രിക്ക, സൗദി അറേബ്യ, ഇറാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലാണ് മുഖ്യമായും നറുമ്പശമരം കാണുന്നത്. ആ നാടുകളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഇതെത്തുന്നത്.
ശ്രേഷ്ഠമായ ഒരു ധൂപന-ലേപന ദ്രവ്യമെന്ന നിലയില്‍ പ്രാചീനകാലം മുതല്‍ക്കുതന്നെ മീറ പ്രസിദ്ധമായിരുന്നതായി കാണാം. യേശുക്രിസ്തുവിന്റെ ജനനസമയത്ത്, കിഴക്കന്‍ ദേശത്തുനിന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ വിദ്വാന്മാര്‍ കാഴ്ചയായി സമര്‍പ്പിച്ച വസ്തുക്കളില്‍ ഒന്ന് മീറയായിരുന്നത്രെ. വിശുദ്ധ ബൈബിളില്‍ ഇതുകൂടാതെ ഉത്പത്തി 43:11, എസ്തേര്‍ 5:12, ഉത്തമഗീതം 3:6, ഉത്തമഗീതം 5:5, യോഹന്നാന്‍ 19:39 എന്നിവിടങ്ങളിലും ഇതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
ഗ്രീക്/റോമന്‍ വൈദ്യത്തില്‍ ഹിപ്പോക്രാറ്റിസിന്റെ കാലത്തുതന്നെ ഈ ഔഷധദ്രവ്യം പ്രചാരത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്. വ്രണവിരോപണത്തിനും വേദനാശമനത്തിനും വേണ്ടിയാണ് ഇതുപയോഗിച്ചിരുന്നത്. കുരിശുമരണംപോലെ ക്രൂരമായ മരണശിക്ഷ വിധിക്കപ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് വേദനാശമനത്തിനു വിനാഗിരിയില്‍ കലര്‍ത്തി മീറ കൊടുക്കുന്ന പതിവുണ്ടായിരുന്നത്രെ. ക്രിസ്തുവിന്റെ മരണസമയത്ത് അദ്ദേഹത്തിന് ഈ മിശ്രിതം നല്‍കിയെങ്കിലും കുടിക്കുകയുണ്ടായില്ല എന്നാണ് പറയപ്പെടുന്നത്. (മാര്‍ക്കോസ് 15:23) ഈജിപ്തില്‍ ശവശരീരങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഔഷധക്കൂട്ടുകളില്‍ മീറ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ചൈനീസ് സമ്പ്രദായത്തിലും ഭാരതീയ വൈദ്യത്തിലും മീറയുടെ ഉപയോഗങ്ങള്‍ പറയുന്നത് ഏതാണ്ട് ഒരേപോലെയാണ്. അറബിനാടുകളില്‍ നിന്നായിരിക്കണം ഭാരതീയ വൈദ്യത്തില്‍ ഈ ഔഷധത്തിന്റെ ഉപയോഗം കടന്നുവന്നത്. ചരക-സുശ്രുതാദി മൂലഗ്രന്ഥങ്ങളുടെ കാലത്തിനുശേഷമാണ് ഇതിനെപ്പറ്റിയുള്ള പഠനങ്ങള്‍ കാണുന്നത്. ഭാവപ്രകാശനിഘണ്ടുവില്‍ നല്‍കുന്ന ആധികാരിക പരാമര്‍ശം ഇപ്രകാരമാണ് -
"ബോളം രക്തഹരം ശീതം മേധ്യം ദീപനപാചനം
മധുരം കടുതിക്തം ച ദാഹസ്വേദത്രിദോഷജിത്
ജ്വരാപസ്മാരകുഷ്ഠഘ്നം ഗര്‍ഭാശയവിശുദ്ധികൃത്.
ധബോള (നറുമ്പശ) ശീതവീര്യം, മധുരകടുതിക്തരസങ്ങള്‍ എന്നിവയോടുകൂടിയതാണ്. മേധാശക്തിയെ വര്‍ധിപ്പിക്കുന്നതും ദീപനപാചനവും ആകുന്നു. ത്രിദോഷ ശമനമാണ്. ശരീരത്തിലെ ചുട്ടുനീറ്റല്‍, അധികവിയര്‍പ്പ് എന്നിവയെ ഇല്ലാതാക്കും. ജ്വരം, അപസ്മാരം, ത്വഗ്രോഗങ്ങള്‍ എന്നിവ ശമിപ്പിക്കും. ഗര്‍ഭാശയശുദ്ധികരമാണ്. രക്തസ്രാവത്തെ തടയും.പ ധന്വന്തരി നിഘണ്ടുവില്‍; വേദനയില്ലാതാക്കുക, രക്തസ്രാവം നിര്‍ത്തുക എന്നീ രണ്ടുപയോഗങ്ങള്‍ ആണ് എടുത്തുപറയുന്നത്. രാജനിഘണ്ടുവില്‍ രക്തശുദ്ധിയെ ഉണ്ടാക്കുന്ന ദ്രവ്യമായി ഇതിനെ വിവരിക്കുന്നു. കയ്യദേവനിഘണ്ടു, നിഘണ്ടുരത്നാകരം എന്നീ ഗ്രന്ഥങ്ങളിലും ഇതിനെപ്പറ്റിയുള്ള വിവരണം ലഭ്യമാണ്.
നിരവധി ആയുര്‍വേദ ഔഷധങ്ങളില്‍ നറുമ്പശ ചേരുവയായി ഉപയോഗിക്കുന്നു. ഉദാ. കസ്തൂര്യാദി ഗുളിക. വ്രണവികാരങ്ങള്‍, ക്ഷതം തുടങ്ങിയ അവസ്ഥകളില്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മുറിവെണ്ണയില്‍ നറുമ്പശകൂടി ചേര്‍ത്തുകൊണ്ടുള്ള ഒരു യോഗം വൈദ്യന്മാരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. സാധാരണ മുറിവെണ്ണയെക്കാള്‍ ശക്തിവത്താണ് ഈ ഔഷധക്കൂട്ടെന്ന് കാണാം. അടുത്തകാലങ്ങളില്‍ നടന്ന ചില പരീക്ഷണങ്ങളില്‍ വേദനാസ്ഥാപനമായ ചില ക്രിയാകാരി തത്ത്വങ്ങള്‍ (active principles) മീറയില്‍ നിന്നു വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
മീറ പൊടിച്ച് വ്രണങ്ങളില്‍ വിതറുന്നത് പഴുപ്പു മാറി വേഗം കരിയുന്നതിനു സഹായിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. പൂപ്പല്‍ (ഫംഗല്‍) രോഗങ്ങളില്‍ ഇതിന്റെ ലേപനം ഫലപ്രദമാണ്.
ഉള്ളില്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനു സഹായിക്കും; കഫക്കെട്ടിനെ ഇല്ലാതാക്കും. നറുമ്പശ പുകയ്ക്കുന്നത് രോഗകാരികളായ കൊതുകുകളെ തുരത്തുന്നതിനു സഹായകരമാണ്. മീറയില്‍നിന്ന് ഒരുതരം ബാഷ്പശീലമുള്ള തൈലം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതു ഔഷധമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
(ഡോ. രജനി നായര്‍)