This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരിക്കൂത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നരിക്കൂത്ത്
ഒരു ആദിവാസി വിനോദവും അനുഷ്ഠാനവും. വയനാട്ടിലെ മുള്ളുവക്കുറുമര്‍ തുടങ്ങിയ ആദിവാസി വര്‍ഗക്കാരാണ് ഇതനുഷ്ഠിക്കാറ്. നരിയെ അഥവാ കടുവയെ വലയില്‍ വീഴ്ത്തി, അതിന്റെ നിര്ദിഷ്ടഭാഗങ്ങള് നായാട്ടുദേവതയ്ക്ക് സമര്‍പ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ചടങ്ങ്.
കേവലം ഒരു നരിവേട്ട മാത്രമല്ല ഇത്. അത്തരമൊരു വിനോദമായിരിക്കുമ്പോഴും അത് വിവിധ ചടങ്ങുകളിലൂടെ അനുഷ്ഠാനാത്മകത കൈവരിക്കുന്നുണ്ട്. വലയില്‍ കുടുക്കിയ കടുവയെ കുത്തിക്കൊല്ലേണ്ടതിനുള്ള അവകാശം മൂപ്പന് എന്നറിയപ്പെടുന്ന ഗോത്രത്തലവനാണ്. ഏതാനും വ്യക്തികള്‍ സ്വകാര്യമായി നടത്തുന്ന ഒന്നല്ല, മറിച്ച് നാട്ടുകാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഒന്നാണ് ഈ ചടങ്ങ്. ഇതിനായി നരിക്കൂത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ദിവസം കാലേകൂട്ടി നാട്ടുകാരെ അറിയിക്കും. അവരില്‍ വൈദഗ്ധ്യമുള്ള കുറേപ്പേര് ചേര്‍ന്ന് വലയൊരുക്കി കടുവയെ അതില്‍ വീഴ്ത്തുന്നു. ഗോത്രത്തലവന് അതിനെ കുത്തിക്കൊല്ലുന്നു. തുടര്‍ന്ന് അതിന്റെ നാവ്, വാല്, നഖം എന്നീ ഭാഗങ്ങള്‍ മുറിച്ചെടുക്കും. സവിശേഷ ചടങ്ങുകളോടെ അത് നായാട്ടുദേവതയുടെ മുന്നില്‍ അര്‍പ്പിക്കുന്നതോടെ നരിക്കൂത്ത് അവസാനിക്കും.
നായാട്ടിനും മറ്റുമുള്ള നിയമപരമായ വിലക്കുകളും കടുവകളുടെ വംശനാശഭീഷണിയുമെല്ലാം ഈ അനുഷ്ഠാനാത്മക വിനോദത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.