This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരസിംഹ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:42, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നരസിംഹ്പൂര്‍

Narsinghpur

മധ്യപ്രദേശിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ല. വ. നര്‍മദാനദിക്കും തെ. സത്പുരാ നിരകള്‍ക്കും മധ്യേയുള്ള ഇടുങ്ങിയ എക്കല്‍ തടത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് സു. 353 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സരസിംഹ്പൂരിന് 5133 ച.കി.മീ. വിസ്തൃതിയുണ്ട്. നരസിംഹക്ഷേത്രമാണ് ജില്ലാനാമത്തിന് ആധാരം; ജനസംഖ്യ: 9,57,399 (2001); ജനസാന്ദ്രത: 187/ച.കി.മീ. (2001); സാക്ഷരതാനിരക്ക് 78.34 (2001); ആസ്ഥാനം: നരസിംഹ്പൂര്‍; അതിര്‍ത്തികള്‍: വ. സാഗര്‍, ദാമോ ജില്ലകള്‍, വ.കി. ജബല്‍പൂര്‍ ജില്ല, തെ.കി. സിയോനി ജില്ല, തെ. ഛിന്ദ്വാര ജില്ല, തെ.പ. ഹോഷന്ദ്ഗാബാദ് ജില്ല, വ.പ. റെയ്സന്‍ ജില്ല.

നരസിംഹ്പൂര്‍ ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്കാണ് പ്രാമുഖ്യം. മുഖ്യവിളകളില്‍ ഗോതമ്പ്, ജോവര്‍, എണ്ണക്കുരുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. വനവിഭവങ്ങളും കല്‍ക്കരി-മാര്‍ബിള്‍ നിക്ഷേപങ്ങളും ജില്ലയുടെ സമ്പദ്വ്യവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്. ജില്ലാ വിസ്തൃതിയുടെ 24 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളധികവും ഉഷ്ണമേഖലാ ഇലപൊഴിയും വിഭാഗത്തില്‍പ്പെട്ടവയാണ്. നിരവധി തേക്കിന്‍ കാടുകളും ജില്ലയിലുണ്ട്.

നര്‍മദാനദിയും പോഷകനദികളുമാണ് നരസിംഹ്പൂരിലെ പ്രധാന ജലസ്രോതസുകള്‍. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ നദികളില്‍ പ്രധാനനദികള്‍ ഒഴികെ മിക്കവയും വേനല്‍ക്കാലത്ത് വറ്റിവരണ്ടുപോവുക പതിവാണ്.

നരസിംഹ്പൂര്‍ ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്; മുസ്ലിങ്ങള്‍ക്കാണ് രണ്ടാം സ്ഥാനം. ഹിന്ദിയാണ് മുഖ്യവ്യവഹാര ഭാഷ. ഗവണ്‍മെന്റ് കോളജ്, ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജ്, ഗവണ്‍മെന്റ് എസ്.എന്‍.എം. വിമെന്‍സ് മഹാവിദ്യാലയ, മഹാത്മാഗാന്ധി മഹാവിദ്യാലയ എന്നിവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍