This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയ്പോള്‍, വിദ്യാധര്‍ സൂരജ്പ്രസാദ് (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:24, 21 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നയ്പോള്‍, വിദ്യാധര്‍ സൂരജ്പ്രസാദ് (1932 - )

Naipaul,Vidiadhar Surajprasad

രണ്ടായിരാമാണ്ടിലെ നോബല്‍ പുരസ്കാരജേതാവായ ഇംഗ്ലീഷ് സാഹിത്യകാരന്‍. 1932 ആഗ. 17-ന് കരീബിയന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട ട്രിനിഡാഡിലെ ചഗ്വാനൌഡില്‍ ജനിച്ചു. ബ്രിട്ടീഷ് പ്രഭുക്കളുടെ തോട്ടപ്പണിക്കായി ഭാരതത്തില്‍ നിന്നും എത്തിയവരുടെ പുരോഹിതരെന്ന നിലയിലായിരുന്നു നയ്പോളിന്റെ പിതാമഹനും ബന്ധുക്കളും അവിടെ താമസിച്ചിരുന്നത്. പിതാവ് സീപെര്‍സാദ് (സൂരജ്പ്രസാദ്) ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ഗ്രന്ഥകാരന്മാരായ നയ്പോള്‍ ശിവ ഇളയ സഹോദരനും നീല്‍ ബിശ്ശനാഥ് (വിശ്വനാഥ്) അനന്തരവനും വഹ്നി കപില്‍ദേവ് സഹോദരസ്ഥാനീയനുമാണ്.

കുടുംബം പോര്‍ട്ട് ഒഫ് സ്പെയിനിലേക്ക് താമസം മാറ്റിയതിനെ ത്തുടര്‍ന്ന് അവിടെ ക്വീന്‍സ് കോളജിലായിരുന്നു പഠിച്ചിരുന്നത്. ഉപരിപഠനത്തിന് ഒരു സ്കോളര്‍ഷിപ്പ് നേടി 1950-ല്‍ ഇംഗ്ളണ്ടിലേക്കു പോകുകയും ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്നും ഇംഗ്ളീഷ് ഭാഷയും സാഹിത്യവും ഐച്ഛികവിഷയമായി എടുത്ത് 1953-ല്‍ ബിരുദം നേടുകയും ചെയ്തു. ബി.ബി.സി.ക്കുവേണ്ടി സ്വതന്ത്രപ്രവര്‍ത്തകനായിരിക്കുമ്പോള്‍ത്തന്നെ ദ് ന്യൂ സ്റ്റേറ്റ്സ്മാന്‍ എന്ന മാസികയുടെ പ്രവര്‍ത്തനത്തിലും പങ്കാളിയായി. ബി.ബി.സി.യില്‍ പ്രവര്‍ത്തകയായിരുന്ന പട്രീഷ്യ ആന്‍ ഹാലെ എന്ന ഇംഗ്ളീഷ് വനിതയെ 1955-ല്‍ വിവാഹം കഴിക്കുകയും ലണ്ടനില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

നോവലുകളും കഥാസമാഹാരങ്ങളും സാമൂഹികവിശകലനപരവും ആത്മകഥാപരവുമായ കൃതികളുമുള്‍പ്പെടെ മുപ്പതിലധികം കൃതികള്‍ രചിച്ച നയ്പോളിന് ബുക്കര്‍പ്രൈസ് ഉള്‍പ്പെടെ അനേകം ബഹുമതികള്‍ ലഭിച്ചു. ആദ്യകാലകൃതികളായ ദ് മിസ്റ്റിക് മാസ്സിയര്‍ (1957), ദ് സഫ്റാഗെ ഒഫ് എല്‍വിറ (1958), മിഗുഎല്‍ സ്റ്റ്രീറ്റ് (1959) എന്നിവയില്‍ത്തന്നെ സാമൂഹികവിമര്‍ശനപരമായ ഉപഹാസാത്മകത പ്രകടമായി. ട്രിനിഡാഡിലെ സാമൂഹിക ജീവിതക്രമമാണ് ഈ കൃതികളിലെ പശ്ചാത്തലം. ദ് മിസ്റ്റിക് മാസ്സിയറിന് 'ജോണ്‍ ലെവ്ലിന്‍ റൈസ് മെമ്മോറിയല്‍ പ്രൈസ്' ലഭിച്ചു. ഇതിലെ കഥ ദീര്‍ഘകാലത്തിനുശേഷം 2001-ല്‍ ചലച്ചിത്രമായി. ചെറുകഥാസമാഹാരമായ മിഗുഎല്‍ സ്റ്റ്രീറ്റിന് 'സോമര്‍സെറ്റ് മോം അവാര്‍ഡ്' ലഭിക്കുകയുണ്ടായി.

ട്രിനിഡാഡ് ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പോടെ 1960-ല്‍ ട്രിനിഡാഡിലെത്തി. ഇക്കാലത്തു രചിച്ച എ ഹൌസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് (1961) എന്ന കൃതിയില്‍ സ്വന്തം കുടുംബത്തിന്റെ കഥയാണ് പ്രതിഫലിക്കുന്നത്.

കോളനിവാഴ്ച ഒരു പ്രദേശത്തെ സാമൂഹികക്രമത്തെ സ്വാധീനിക്കുന്നതിന്റെ രീതിയും നയ്പോളിന്റെ പല രചനകളിലെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. 1962-ല്‍ പ്രസിദ്ധീകരിച്ച ദ് മിഡില്‍ പാസ്സേജ് എന്ന കൃതിയിലും ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് അധിനിവേശം കരീബിയന്‍ രാജ്യങ്ങളിലും തെക്കന്‍ അമേരിക്കയിലും സാമൂഹികപരിണാമത്തിന്റെ നിയാമകഘടകമായതിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന ഒന്നാണ്.

1962 ഫെ.-ല്‍ തുടങ്ങി ഏകദേശം ഒരു വര്‍ഷക്കാലം ഭാരതത്തില്‍ പര്യടനം നടത്തുകയുണ്ടായി. കാശ്മീരില്‍ ചെലവഴിച്ച കാലത്തു രചിച്ച മിസ്റ്റര്‍ സ്റ്റോണ്‍ ആന്‍ഡ് ദ് നൈറ്റ്സ് കമ്പാനിയന്‍ (1963) എന്ന കൃതി നയ്പോളിന്റെ രചനാശൈലിയുടെ പുതിയ ഘട്ടത്തിനു തുടക്കംകുറിച്ചതായിക്കരുതുന്നു. ഹാവ്ഥോണ്‍ഡന്‍ പുരസ്കാരം ഇതിനു ലഭിച്ചു. എന്നാല്‍ ഭാരതപര്യടനത്തെത്തുടര്‍ന്ന് ഇവിടത്തെ സാമൂഹികക്രമത്തെയും ആചാരാനുഷ്ഠാനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന ചിന്താഗതിയാണ് നയ്പോളിനെ സ്വാധീനിച്ചത്. 1964-ല്‍ പ്രസിദ്ധീകരിച്ച ആന്‍ ഏരിയ ഒഫ് ഡാര്‍ക്നെസ് എന്ന കൃതിയില്‍ ഈ മനോഭാവം പ്രകടമാണ്.

ഏകദേശം ഒരു വര്‍ഷക്കാലം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയ നയ്പോള്‍ ഉഗാണ്ടയില്‍ കംപാല സര്‍വകലാശാല നല്കുന്ന ഡുഫ് കൂപ്പര്‍ പുരസ്കാര നിര്‍ണയസമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1971-ല്‍ പ്രസിദ്ധീകരിച്ച ഇന്‍ എ ഫ്രീ സ്റ്റേറ്റ് (In a Free State) ബുക്കര്‍പ്രൈസ് നേടി. കോളനിവിമുക്ത ലോകത്തിലെ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളാണ് ഈ കൃതി വിശകലനം ചെയ്യുന്നത്.

1978-79 കാലത്ത് കണക്റ്റിക്കട്ടില്‍ വെസ്ളയന്‍ കോളജില്‍ റസിഡന്റ് റൈറ്ററായി അംഗീകാരം നേടിയ നയ്പോള്‍ 1979-ല്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഗ്രന്ഥമാണ് എ ബെന്‍ഡ് ഇന്‍ ദ് റിവര്‍. 1979-ലെ ബുക്കര്‍ പ്രൈസിന് ഇത് ശൂപാര്‍ശ ചെയ്യപ്പെട്ടിരുന്നു.

1979 ആഗ.-ല്‍ തുടങ്ങി 1980 ഫെ.-വരെ ഇറാനിലും മറ്റനേകം ഇസ്ലാമിക രാഷ്ട്രങ്ങളിലും പര്യടനം നടത്തിയപ്പോള്‍ രാഷ്ട്രങ്ങളിലെ ആചാരങ്ങളെയും സ്വാതന്ത്ര്യരാഹിത്യത്തെയും മറ്റും നിശിതമായി വിമര്‍ശിക്കുന്ന സമീപനമാണ് ഇദ്ദേഹം കൈക്കൊണ്ടത്. 1981-ല്‍ പ്രസിദ്ധീകരിച്ച എമങ് ദ് ബിലീവേഴ്സ്: ആന്‍ ഇസ്ലാമിക് ജേര്‍ണി എന്ന കൃതി ഇതിന് തെളിവാണ്. എന്നാല്‍ 1984-ല്‍ പ്രസിദ്ധീകരിച്ച ഫൈന്‍ഡിങ് ദ് സെന്റര്‍: റ്റു നറേറ്റീവ്സ് എന്ന കൃതിയില്‍ വിമര്‍ശനാത്മകസമീപനമുപേക്ഷിച്ച്, താന്‍ സന്ദര്‍ശിച്ച ചില ദേശങ്ങളിലെ ജനതയെ സൗഹൃദപൂര്‍ണമായ നിലയില്‍ ഉള്‍ക്കൊണ്ട ഒരു സമീപനമാണ് സ്വീകരിച്ചു കാണുന്നത്. 1987-ല്‍ പ്രസിദ്ധീകരിച്ച ദി എനിഗ്മ ഒഫ് അറൈവല്‍ ആത്മകഥാപരമായ രചനയാണ്.

1987-ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ച നയ്പോള്‍ 1989-ല്‍ എ ടേണ്‍ ഇന്‍ ദ് സൗത് എന്ന കൃതി പ്രസിദ്ധീകരിച്ചു. ഇതില്‍ താന്‍ സന്ദര്‍ശിച്ച ദേശങ്ങളെപ്പറ്റി വിമര്‍ശനാത്മകസമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. 1990-ല്‍ പ്രസിദ്ധീകരിച്ച ഇന്‍ഡ്യ: എ മില്യണ്‍ മ്യൂട്ടിണിസ് എന്ന കൃതിയിലാകട്ടെ, താന്‍ മുന്‍പു രേഖപ്പെടുത്തിയതില്‍ നിന്നും തികച്ചും വ്യത്യസ്തമായി, പല ഭാരതീയ ആചാരങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കരീബിയന്‍ ദ്വീപിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം ഒരു നോവലിന്റെ പശ്ചാത്തലത്തിലവതരിപ്പിക്കുന്ന കൃതിയാണ് എ വേ ഇന്‍ ദ് വേള്‍ഡ് (1994).

1996-ല്‍ പട്രീഷ്യ ഹാലെയുടെ നിര്യാണത്തെത്തുടര്‍ന്ന് പത്രപ്രവര്‍ത്തകയായ നാദിര അല്‍വിയെ വിവാഹം ചെയ്തു.

ബിയോണ്‍ഡ് ബിലീഫ്: ഇസ്ലാമിക് എക്സ്കര്‍ഷന്‍സ് എമങ് ദ് കണ്‍വേര്‍ട്ടഡ് പീപ്പിള്‍ (1998), ലെറ്റേഴ്സ് ബിറ്റ്വീന്‍ ഫാദര്‍ ആന്‍ഡ് സണ്‍ (1999), റീഡിങ് ആന്‍ഡ് റൈറ്റിങ്: എ പേഴ്സണല്‍ അക്കൌണ്ട്, ദ് മിമിക്മെന്‍, എ ഫ്ളാഗ് ഓണ്‍ ദ് ഐലന്‍ഡ് (1967), ദ് ലോസ് ഒഫ് എല്‍ഡൊറാഡോ (1969), ഹാഫ് എ ലൈഫ് (2001), ദ് റൈറ്റര്‍ ആന്‍ഡ് ദ വേള്‍ഡ് (2002), മാജിക് സീഡ്സ് (2004), എ റൈറ്റേഴ്സ് പീപ്പിള്‍: വോയ്സ് ഒഫ് ലുക്കിങ് ആന്‍ഡ് ഫീലിങ് (2007), മാന്‍ മാന്‍ എന്നിവയും നയ്പോളിന്റെ പ്രധാന രചനകളാണ്.

നോബല്‍ പ്രൈസിനു മുന്നോടിയായി ബുക്കര്‍ പ്രൈസ്, ബന്നറ്റ് അവാര്‍ഡ് (1980), ജറുസെലെം പ്രൈസ് (1983), ഇംഗര്‍സോള്‍ പ്രൈസ് (1986), ട്രിനിഡാഡിലെ പരമോന്നത ബഹുമതിയായ ട്രിനിറ്റി ക്രോസ് അവാര്‍ഡ് (1990), പ്രഥമ ഡേവിഡ് കോഹെന്‍ പുരസ്കാരം (1993) തുടങ്ങി അനേകം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1989-ല്‍ നയ്പോളിനെ ബ്രിട്ടീഷ് രാജ്ഞി പ്രഭു പദവി നല്കി ആദരിച്ചു. ഓക്സ്ഫഡ്, ക്രേംബ്രിഡ്ജ്-ലണ്ടന്‍-കൊളംബിയ തുടങ്ങിയ സര്‍വകലാശാലകള്‍ ഓണററി ബിരുദങ്ങള്‍ നല്കി ബഹുമാനിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍