This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നയാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നയാല്‍
ഒരിനം കാട്ടുചെമ്മരിയാട്. ബോവിഡെ (Bovide) ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ കാപ്രിനെ (Caprinae) യില്‍ ഉള്‍പ്പെടുന്നു. ഏറ്റവും വലുപ്പം കൂടിയ കാട്ടുചെമ്മരിയാടിനമാണിത്. ശാ.നാ. ഓവിസ് അമ്മണ്‍ (Ovis Ammon) അഴകിലും മെയ്വഴക്കത്തിലും ഇവയ്ക്ക് കൃഷ്ണമൃഗങ്ങളോടു സാദൃശ്യമുണ്ട്.
ലഡാക്ക് മുതല്‍ സിക്കിം വരെയുള്ള പ്രദേശങ്ങളിലെ പീഠഭൂമികളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ശ.ശ. 1.2 മീറ്ററോളം ഉയരവും 140 കി. ഗ്രാം ഭാരവുമുണ്ട്. കൊമ്പ് ഒരു മീറ്ററോളം നീളമുള്ളതാണെങ്കിലും വട്ടത്തില്‍ വളഞ്ഞിരിക്കുന്നു. ആണ്‍മൃഗങ്ങള്‍ക്ക് ഇളം തവിട്ടുനിറമാണെങ്കിലും പൃഷ്ഠഭാഗത്തിനും കീഴ്ഭാഗത്തിനും വെളുത്തനിറമായിരിക്കും. ഇവയുടെ ശരീരത്തിന്റെ നിറം പാറകള്‍ക്കിടയില്‍ തിരിച്ചറിയാതിരിക്കാന്‍ സഹായകമാണ്. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന മണല്‍ക്കുന്നുകളും വിജനവും എത്തിപ്പറ്റാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളുമാണ് ഇവയുടെ വാസസ്ഥലം. വേനല്‍ക്കാലത്ത് കടുത്ത ചൂടും ശീതകാലത്ത് മരവിപ്പിക്കുന്ന മഞ്ഞും ഉള്ള പ്രദേശങ്ങളില്‍ ആഹാരദൌര്ലഭ്യമുണ്ടാകുന്നതിനാല് ആഹാരം തേടി ഇവയ്ക്കു വളരെ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. തറപറ്റിവളരുന്ന ചെറുസസ്യങ്ങളാണ് ഇവയുടെ ആഹാരം. രാവിലെയും വൈകുന്നേരവും തീറ്റതേടലും ബാക്കിസമയം കുന്നിന്‍ചരിവുകളിലെ അഭയകേന്ദ്രങ്ങളില്‍ വിശ്രമിക്കലുമാണ് ഇവയുടെ ദിനചര്യ. വേനല്‍ക്കാലങ്ങളില്‍ ചെറുകൂട്ടങ്ങളായി കഴിഞ്ഞുകൂടുന്ന നയാല്‍ ചെമ്മരിയാടുകള്‍ വസന്തകാലാരംഭത്തോടെ ഇണകളെ വിട്ടുപോകുന്നു. പിന്നീട് ശരത്കാലത്തിന്റെ അന്ത്യഘട്ടത്തില്‍ ഇവ ഇണകളോടൊപ്പം ചേരുന്നു. പ്രസവസമയമാകുമ്പോഴേക്കും പെണ്‍മൃഗങ്ങള്‍ താഴ്വരകളിലേക്കിറങ്ങുകയാണ് പതിവ്. 150-180 ദിവസമാണ് ഗര്‍ഭകാലം. മേയ്-ജൂണ്‍ മാസങ്ങളാണ് ഇവയുടെ പ്രസവകാലം. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടാകുന്നു. 10-13 വര്‍ഷമാണ് നയാലിന്റെ ആയുര്‍ദൈര്‍ഘ്യം.