This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയാഗ്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:38, 21 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നയാഗ്രാ

Niagara

എറി (erie)- ഒണ്ടാറിയോ തടാകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നദിയും അതിലെ വെള്ളച്ചാട്ടവും ന്യൂയോര്‍ക്കിനെയും ഒണ്ടാറിയോയിലെ കനേഡിയന്‍ പ്രവിശ്യയെയും ഭാഗികമായി വേര്‍തിരിക്കുന്ന നയാഗ്രയ്ക്ക് 56 കി.മീ. ദൈര്‍ഘ്യമുണ്ട്. ലോകപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടമാണ് നായാഗ്രാ നദിയുടെ പ്രസിദ്ധിക്ക് നിദാനം. ഒണ്ടാറിയോ ഒഴികെയുള്ള വന്‍തടാകങ്ങളുടെ ജലനിര്‍ഗമനമാര്‍ഗമായ നയാഗ്രയിലുടനീളം ഇടവിട്ടു കാണപ്പെടുന്ന മനോഹരമായ ജലപാതങ്ങള്‍ ഇവിടങ്ങളിലെ ജലവൈദ്യുതോത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ജലപാതങ്ങളുടെയും റാപ്പിഡുകളുടെയും ആധിക്യം നദിയിലൂടെയുള്ള കപ്പല്‍ഗതാഗതത്തിനു വിഘാതം സൃഷ്ടിക്കുന്നു. എന്നാല്‍ കനേഡിയന്‍ ഗവണ്‍മെന്റിന്റെ അധീനതയിലുള്ളതും എറി-ഒണ്ടാറിയോ തടാകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ വെല്‍ലന്‍ഡ് കപ്പല്‍ ചാനലില്‍ കപ്പല്‍ ഗതാഗതം സാധ്യമാണ്.

വടക്കേ അമേരിക്കയിലെ നൈസര്‍ഗിക വിസ്മയങ്ങളില്‍ ഒന്നായ നയാഗ്രാ വെള്ളച്ചാട്ടവും എറി-ഒണ്ടാറിയോ തടാകങ്ങള്‍ക്കു മധ്യേ നയാഗ്രയില്‍ സ്ഥിതിചെയ്യുന്നു. ഹോഴ്സ്ഷൂ, അമേരിക്കന്‍ എന്നിങ്ങനെ രണ്ട് ജലപാതങ്ങള്‍ ഉള്‍പ്പെടുന്നതാണ് നയാഗ്ര വെള്ളച്ചാട്ടം. ഒണ്ടാറിയോ പ്രവിശ്യയില്‍ കാനഡയോടു ചേര്‍ന്നാണ് ഹോഴ്സ്ഷൂ ജലപാതത്തിന്റെ സ്ഥാനം. ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് അമേരിക്കന്‍ ജലപാതം സ്ഥിതി ചെയ്യുന്നത്. ജലപാതകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വര്‍ണാഭമായ വൈദ്യുത ദീപാലങ്കാരങ്ങള്‍ ഇവയുടെ മനോഹാരിത പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

ജലപാതസ്ഥാനത്ത് നയാഗ്ര കീഴ്ക്കാംതൂക്കായ കാനിയോണിനോട് സദൃശ്യമായ മലയിടുക്കിലേക്ക് നിപതിക്കുന്ന കാഴ്ച വിസ്മയാവഹമാണ്. ജലപാതം മുതല്‍ ന്യൂയോര്‍ക്കിലെ ലിവിങ്സ്റ്റണ്‍ വരെ നീളുന്ന പ്രസ്തുത മലയിടുക്കിന് 11 കി.മീ. ദൈര്‍ഘ്യമുണ്ട്; ആഴം 60 മീറ്ററും. ജലപാതസ്ഥാനത്തുനിന്നും സു. 5 കി.മീ. മാറിയാണ് പ്രസിദ്ധമായ വേള്‍പൂള്‍ റാപ്പിഡ് ഉദ്ഭവിക്കുന്നത്. പ്രക്ഷുബ്ദമായ നദീപ്രവാഹത്താല്‍ നദിത്തട്ടില്‍ രൂപംകൊണ്ടിട്ടുളള വലുപ്പമേറിയ തടങ്ങള്‍ ഈ മേഖലയുടെ പ്രത്യേകതയാണ്.

നയാഗ്രാവെള്ളച്ചാട്ടത്തിലെ 85 ശ.മാ. ജലവും ഹോഴ്സ്ഷൂ ജലപാതത്തിലൂടെയാണ് പ്രവഹിക്കുന്നത്. 792 മീ. ആണ് ഈ ജലപാതത്തിന്റെ ഏറ്റവും കൂടിയ വീതി. അമേരിക്കന്‍ വെള്ളച്ചാട്ടത്തിന്റേത് 305 മീറ്ററും.

ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പറുദീസയാണ് നയാഗ്രാ വെള്ളച്ചാട്ടം. വര്‍ഷം മുഴുവന്‍ നയാഗ്രാ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ എത്താറുണ്ടെങ്കിലും ഏ.-ഒ. കാലയളവിലാണ് സഞ്ചാരികളുടെ ആധിക്യം. 'ദ മെയ്ഡ് ഒഫ് ദ് മിസ്റ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ചെറിയ ആവിക്കപ്പലുകളില്‍ സഞ്ചാരികള്‍ക്ക് നദിയിലൂടെ യാത്രചെയ്ത് ജലപാതത്തിന്റെ മനോഹാരിത അടുത്തുനിന്ന് ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. ജലപാതങ്ങളോടുചേര്‍ന്ന് നാല് നിരീക്ഷണഗോപുരങ്ങളും നിരവധി ഉദ്യാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

ഉദ്ദേശം 12,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ നയാഗ്രാ പ്രദേശത്തെ ആവരണം ചെയ്തിരുന്ന ഹിമാനിയുടെ ദ്രവീകരണം ആദ്യം എറി തടാകത്തിനും തുടര്‍ന്ന് നയാഗ്രാ നദിക്കും പിന്നെ നയാഗ്രാ വെള്ളച്ചാട്ടത്തിനും രൂപം നല്കിഎന്നാണ് ഭൂവിജ്ഞാനികളുടെ അനുമാനം. ആദ്യം നയാഗ്രാ മേട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെങ്കുത്തായ മലഞ്ചരിവിലൂടെ വടക്കോട്ടൊഴുകിയ നയാഗ്ര നൂറ്റാണ്ടുകളുടെ അപരദനപ്രക്രിയയിലൂടെ ജന്മം നല്കിയതാണ് നയാഗ്രാ വെള്ളച്ചാട്ടം.

യൂറോപ്യന്മാരുടെ ആഗമനത്തിന് മുമ്പ് ഇന്ത്യന്‍ വംശജരായ ഗോത്രജനതയായിരുന്നു നയാഗ്രയ്ക്ക് ഇരുവശങ്ങളിലും നിവസിച്ചിരുന്നത്. റോബര്‍ട്ട് കവെലിയര്‍ സ്വിയര്‍, സിലബല്ലെ എന്നീ ഫ്രഞ്ചു സാഹസികസഞ്ചാരികളോടൊപ്പം 1683-ല്‍ ഇവിടെയെത്തിയ ലോയിസ് ഹെന്നേവിന്‍ എന്ന റോമന്‍ പാതിരിയുടേതാണ് നയാഗ്രാ വെള്ളച്ചാട്ടത്തെപ്പറ്റിയുള്ള ആദ്യ വിവരണം.

19-ാം ശ.-മുതല്‍ നയാഗ്രയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം ആരംഭിച്ചു. ഇതോടെ വെള്ളച്ചാട്ടത്തിന്റെ അമേരിക്കന്‍ പാര്‍ശ്വങ്ങളില്‍ നിരവധി ഹോട്ടലുകളും സുഖവാസകേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളും ഉയര്‍ന്നുവന്നു. എന്നാല്‍ നയാഗ്രാ തീരത്തെ ദ്രുതഗതിയിലുള്ള വികസനം പ്രകൃതി സ്നേഹികളെ ആശങ്കപ്പെടുത്തി. 1885-ല്‍ ന്യൂയോര്‍ക്ക് ഗവണ്‍മെന്റ് അമേരിക്കന്‍ ജലപാതത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ തങ്ങള്‍ക്കധീനമാക്കുകയും 174 ഹെക്ടര്‍ വിസ്തൃതിയില്‍ നയാഗ്രാ ഫാള്‍സ് പാര്‍ക്ക് സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് കാനഡ 1886-ല്‍ ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിനുസമീപം 79 ഹെക്ടര്‍ വിസ്തൃതിയില്‍ മറ്റൊരു ഉദ്യാനവും നിര്‍മിച്ചു.

വര്‍ഷംതോറുമുണ്ടാകുന്ന ശിലാപാതങ്ങള്‍ നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ദൃശ്യമനോഹാരിതയ്ക്ക് ക്ഷതമേല്പിക്കുക പതിവാണ്. 1971-ല്‍ ഏകദേശം 73,000 മെട്രിക്ടണ്‍ ശിലാപാളികള്‍ അമേരിക്കന്‍ ജലപാതത്തില്‍ നിന്നും 27,000 മെട്രിക്ടണ്‍ ശിലാപാളികള്‍ ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തില്‍നിന്നും താഴേക്ക് പതിച്ചതായി കണക്കാക്കപ്പെടുന്നു. 1969-ല്‍ യു.എസ്. സൈന്യം അമേരിക്കന്‍ വെള്ളച്ചാട്ടത്തിനുസമീപം ഒരു സുരക്ഷാ അണക്കെട്ടു നിര്‍മിക്കുകയുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍