This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പൂതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:18, 21 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

നമ്പൂതിരി

കേരളത്തിലെ ഒരു ഹിന്ദു സമുദായം. 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ഇവരുടെ ജനസംഖ്യ ഏകദേശം 2,50,000 ആണ്. ചുരുങ്ങിയത് എട്ടു നൂറ്റാണ്ടുകാലം കേരളത്തില്‍ ഏറ്റവുമധികം പ്രതാപികളായിരുന്ന ജനസമുദായം നമ്പൂതിരിമാരായിരുന്നു. സാംസ്കാരികവും സാമ്പത്തികവുമായ രംഗങ്ങളില്‍ മാത്രമല്ല ഏറെക്കുറെ രാഷ്ട്രീയരംഗങ്ങളില്‍പ്പോലും ഇതായിരുന്നു സ്ഥിതി.

പുരാവൃത്തം

വിശ്വാസം എന്നര്‍ഥം വരുന്ന 'നമ്പ്' എന്ന പദവും 'ശ്രീ' എന്നതിന്റെ തദ്ഭവമായ 'തിരി' എന്ന പദവും കൂടിച്ചേര്‍ന്നതാണ് നമ്പൂതിരി എന്ന പദമെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. 'നം (വേദം) പൂരയതി നമ്പൂതിരി' ആണ് നമ്പൂതിരിശബ്ദത്തിന്റെ നിരുക്തമെന്ന് മറ്റൊരഭിപ്രായവുമുണ്ട്.

പരശുരാമന്‍ കടലിനടിയില്‍ നിന്നും കേരളം വീണ്ടെടുത്തശേഷം അറുപത്തിനാല് ഗ്രാമ(നോ: അറുപത്തിനാലു ഗ്രാമങ്ങള്‍)ങ്ങളിലായി കുടിയിരുത്തപ്പെട്ടവരാണ് നമ്പൂതിരിമാര്‍ എന്നാണ് ഐതിഹ്യം. കേരളോത്പത്തി, കേരള മാഹാത്മ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി ത്രേതായുഗത്തിലാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചതെന്നു കരുതപ്പെടുന്നു. എന്നാല്‍ ഇതിനു ചരിത്രദൃഷ്ട്യാ തെളിവുകളൊന്നുമില്ല. കേരളത്തിലെ ഭൂസ്വത്തുക്കള്‍ ആദ്യം മുതല്‍ക്കേ തങ്ങളുടെ ഉടമസ്ഥതയിലായിരുന്നു എന്ന് സ്ഥാപിക്കാന്‍ കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കഥയാണ് ഇതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. നരവംശശാസ്ത്രപ്രകാരം നമ്പൂതിരിമാര്‍ക്ക് ഉത്തരേന്ത്യയിലെ ആര്യ-ബ്രാഹ്മണ സംസ്കാരവുമായി ഗാഢമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍നിന്നും കുടിയേറിപ്പാര്‍ത്ത ആര്യഗോത്രങ്ങളുടെ അനന്തരാവകാശികളായിരിക്കാം നമ്പൂതിരിമാര്‍ എന്ന് ഭൂരിഭാഗം ചരിത്രപണ്ഡിതന്മാരും നരവംശശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.

ചരിത്രം

ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ മലബാര്‍ തീരങ്ങളില്‍ ബ്രാഹ്മണരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ടോളമിയുടെ രചനകളില്‍ സൂചനയുണ്ട്. എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലോ നാലാം നൂറ്റാണ്ടിലോ കേരളത്തില്‍ എത്തിച്ചേര്‍ന്ന ആര്യന്മാരുടെ പിന്‍തലമുറയാണ് നമ്പൂതിരിമാര്‍ എന്ന് ചരിത്രകാരന്മാരായ പദ്മനാഭമേനോനും ഇളംകുളം കുഞ്ഞന്‍പിള്ളയും അഭിപ്രായപ്പെടുന്നു. പുരാതന സംഘസാഹിത്യത്തിലെ പരാമര്‍ശങ്ങള്‍ ഇപ്രകാരം സൂചന നല്കുന്നവയാണ്. ഇക്കാലയളവില്‍ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ഏതാനും രാജാക്കന്മാര്‍ യാഗങ്ങള്‍ക്കും പൂജാകര്‍മങ്ങള്‍ക്കുമായി ബ്രാഹ്മണരെ കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു എന്നും കരുതപ്പെടുന്നു. സംസ്കൃത ഭാഷയില്‍ പണ്ഡിതരും വൈദികക്രിയകള്‍ ചെയ്തുപോന്നവരുമായതിനാല്‍ ബ്രാഹ്മണരുടെ അഭിപ്രായങ്ങള്‍ക്കു രാജാക്കന്മാര്‍പോലും വില കല്പിച്ചു. അഭിപ്രായങ്ങള്‍ കാലക്രമേണ ആജ്ഞകളാവുകയും ക്രമേണ അവര്‍ സമൂഹത്തില്‍ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു.

വടക്കേ ഇന്ത്യന്‍ ബ്രാഹ്മണര്‍ക്ക് നിര്‍ബന്ധമായിരുന്ന ബാല്യ വിവാഹം കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ കാണുന്നില്ല. ക്രി.മു. 3-4 ശ.-ങ്ങളോടെ ആര്യബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിരിക്കാമെന്നാണ് കരുതപ്പെടുന്നത്. കാദംബ വംശത്തിലെ മയൂരവര്‍മന്‍ രാജാവിന്റെ സഹ്യാദ്രികാണ്ഡത്തില്‍ അഞ്ചാം ശ.-ത്തില്‍ നമ്പൂതിരിമാര്‍ കേരളത്തില്‍ എത്തുകയും പന്നിയൂര്‍ ഗ്രാമത്തിലും ചോവൂര്‍ ഗ്രാമത്തിലുമായി താമസമാക്കുകയും വേദപഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തുവെന്നാണ് കാണുന്നത്.

നമ്പൂതിരിമാരുടെ പൂര്‍വികന്മാരായ വേദീയ ബ്രാഹ്മണര്‍ ക്രി.മു. 7-ാം ശ.-ത്തിലോ 8-ാം ശ.-ത്തിന്റെ ആരംഭത്തിലോ കേരളത്തിലേക്കു വന്നിട്ടുണ്ടാവാമെന്നു ലോഗന്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോഗന്റെ ഈ സിദ്ധാന്തത്തെ കെ.പി. പദ്മനാഭമേനോന്‍ ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചൈനീസ് സഞ്ചാരിയായ ഹ്യുവാന്‍സാങ് ഒരു ബുദ്ധമത തീര്‍ഥാടകനായിരുന്നു. എ.ഡി. 640-ല്‍ അദ്ദേഹം തെക്കേ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങള്‍ സന്ദര്‍ശിച്ചു. ബുദ്ധമതത്തിന് വളരെ പ്രചാരമുള്ളതായി അദ്ദേഹം കണ്ടു. എങ്കിലും അത് അധഃപതനോന്മുഖമായിരുന്നു; വിഹാരങ്ങള്‍ ജീര്‍ണിച്ചു തുടങ്ങുകയും ചെയ്തിരുന്നു. നഗ്നസന്ന്യാസിമാരെ ധാരാളമായി അദ്ദേഹം കണ്ടുവെന്നു പറയുന്നു. ഈ നഗ്നസന്ന്യാസിമാര്‍ ദിഗംബര ജൈനന്മാരായിരുന്നിരിക്കില്ല; അവര്‍ നമ്പൂതിരി ബ്രാഹ്മണര്‍ ആയിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ വാദം. പുരാതന സംഘസാഹിത്യത്തിലെ പരാമര്‍ശപ്രകാരം ചേരസാമ്രാജ്യത്തിലെ ബ്രാഹ്മണരാകാം നമ്പൂതിരിമാര്‍. ഇന്നത്തെ തളിപ്പറമ്പായ പെരിഞ്ചെല്ലൂര്‍ ഗ്രാമം വേദപഠനത്തില്‍ നമ്പൂതിരിമാര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമായ ഗ്രാമങ്ങളില്‍ ഒന്നാണ്.

തീരപ്രദേശങ്ങളെയും മലമ്പ്രദേശങ്ങളെയും വിട്ട് ഇടനിലങ്ങളിലെ നദീതടങ്ങളിലാണ് കേരളത്തിലെ നമ്പൂതിരിഗ്രാമങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. വടക്ക് പയ്യന്നൂര്‍ മുതല്‍ തെക്ക് നീര്‍മണ്ണ വരെ 32 ഗ്രാമങ്ങളാണുണ്ടായിരുന്നത്. അവ പയ്യന്നൂര്‍, പെരുഞ്ചെല്ലൂര്‍, ആലത്തിയൂര്‍, കരണ്ടോല, ചോക്കിരം, പന്നിയൂര്‍, കരിക്കാട്, ഈശാനമംഗലം, തൃശ്ശിവപേരൂര്‍, പെരുവനം, ചെമ്മണ്ട, ഇരിങ്ങാലക്കുട, അവിട്ടത്തൂര്‍, പറവൂര്‍, ഐരാണിക്കുളം, മൂഴിക്കുളം, കുഴവൂര്‍, അടവൂര്‍, ചെങ്ങമനാട്, ഉളിയന്നൂര്‍, കഴുതനാട്, ഏറ്റുമാനൂര്‍, കുമാരനല്ലൂര്‍, കാടമുറി, ആറന്മുള, തിരുവല്ല, കിടങ്ങൂര്‍, ചെങ്ങന്നൂര്‍, കവിയൂര്‍, വെണ്‍മണി, നീര്‍മണ്ണ എന്നിവയാണ്. അവയില്‍ തിരുവല്ല, ഇരിങ്ങാലക്കുട, പെരുവനം, ശുകപുരം, പന്നിയൂര്‍, പെരുഞ്ചെല്ലൂര്‍ തുടങ്ങിയവ ഇന്നും നിലനില്‍ക്കുന്നുണ്ട്.

വിശാലമായൊരു പ്രദേശത്ത് ചിന്നിച്ചിതറിയവിധം ഭവനങ്ങളടങ്ങിയ മട്ടിലായിരുന്നു ഗ്രാമങ്ങളുടെ ഘടന. മറ്റു സമുദായക്കാരുടെ പാര്‍പ്പിടങ്ങളും ഗ്രാമങ്ങളിലുണ്ടായിരുന്നു. ഓരോ ഗ്രാമത്തിനും പൊതുവേയൊരു ക്ഷേത്രവും നേതൃത്വം വഹിക്കാന്‍ പ്രമാണിമാരും ഉണ്ടായിരുന്നു. ഗ്രാമണി എന്നൊരു നമ്പൂതിരി ഉപവിഭാഗം ഗ്രാമങ്ങളുടെ രക്ഷ ഏറ്റെടുത്തിരുന്നു. സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം നെല്‍ക്കൃഷിയായിരുന്നെങ്കിലും നമ്പൂതിരിമാര്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരുന്നില്ല. നിലങ്ങള്‍ കുടിയാന്മാര്‍ക്ക് വിട്ടുകൊടുത്ത് ജന്മികളായി ജീവിക്കുകയായിരുന്നു ഇവര്‍. കേരളീയരുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ ആത്മീയനേതൃത്വം നമ്പൂതിരിമാര്‍ക്കായിരുന്നു. നാടുവാഴികളും രാജാക്കന്മാര്‍പോലും ഇവരുടെ ചൊല്‍പ്പടിയിലായിരുന്നു. ഇടപ്പള്ളി, അമ്പലപ്പുഴ തുടങ്ങിയ ചില സ്ഥലങ്ങളില്‍ നമ്പൂതിരിമാര്‍ സ്വയം നാടുവാഴികളാവുകയും ചെയ്തിരുന്നു. സംസ്കൃതഭാഷയിലും പാരമ്പര്യശാസ്ത്രങ്ങളിലുമുള്ള പാണ്ഡിത്യത്തിന് നമ്പൂതിരിമാര്‍ പ്രസിദ്ധരായിരുന്നു. കേരളീയ സമൂഹത്തില്‍ ജാതിവ്യവസ്ഥയും തീണ്ടലും മറ്റും അരക്കിട്ടുറപ്പിച്ചത് നമ്പൂതിരിമാരായിരുന്നു.

അവാന്തര വിഭാഗങ്ങള്‍

നമ്പൂതിരി സമുദായം ഓരോ ഇല്ലങ്ങളുടെ പേരിലാണ് അറിയപ്പെട്ടുതുടങ്ങിയത്. ചില ഗ്രാമങ്ങളില്‍ ഇല്ലം എന്നതിനുപകരം മന എന്നാണ് കുടുംബങ്ങള്‍ അറിയപ്പെടുന്നത്. ആഢ്യഗൃഹങ്ങള്‍ മനകളെന്നും ആസ്യഗൃഹങ്ങള്‍ ഇല്ലം എന്നും അറിയപ്പെട്ടിരുന്നു എന്നൊരു വാദവുമുണ്ട്. ഓരോ ഇല്ലവും ഏതെങ്കിലും ഒരു ഗോത്രത്തില്‍പ്പെടും.

പ്രാചീന സിദ്ധാന്തങ്ങളിലുള്ള പ്രാവീണ്യം, ജ്ഞാനസമ്പാദനരീതി എന്നിവയെ ആശ്രയിച്ചായിരുന്നു ഗോത്രവിഭജനം. ഭരദ്വാജം, കൌശികം, കൌണ്ഡല്യം, കാശ്യപം, വാസിഷ്ഠം, ജാമദഗ്ന്യം, വിശ്വാമിത്രം, ഗൗതമം, അത്രി എന്നിവയാണ് പ്രധാന ഗോത്രങ്ങള്‍. ഇവയ്ക്ക് പ്രവരങ്ങള്‍ എന്ന ഉപവിഭാഗങ്ങളുമുണ്ട്. ഒരേ ഗോത്രത്തില്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹം അനുവദിക്കപ്പെട്ടിരുന്നില്ല. ഇന്നു നമ്പൂതിരിമാര്‍ക്കിടയില്‍ ഓത്തുള്ളവര്‍, ഓത്തില്ലാത്തവര്‍ ഇങ്ങനെ രണ്ടു വിഭാഗത്തെ കാണാമെങ്കിലും ഒരു കാലത്തു ഓത്തു (വേദം) ചൊല്ലുവാനുള്ള അധികാരമോ, അര്‍ഹതയോ ഇല്ലാത്ത നമ്പൂതിരിമാര്‍ ആരും തന്നെയുണ്ടായിരുന്നില്ല.

നമ്പൂതിരിമാര്‍ക്കിടയില്‍ പ്രധാനമായും ഋഗ്വേദികളും യജുര്‍വേദികളും സാമവേദികളുമുണ്ട്. ഏറ്റവും കൂടുതല്‍ ഋഗ്വേദികളാണ്; പിന്നെ യജുര്‍വേദികള്‍; മധ്യകേരളത്തിലെ ഏതാനും ഇല്ലക്കാര്‍ മാത്രമാണ് സാമവേദികള്‍. ഋഗ്വേദികള്‍ ആശ്വലായനര്‍, കൗഷീതകര്‍ എന്നു രണ്ടുവിധത്തിലുണ്ട്. തൃശൂരിനു തെക്ക് കൗഷീതകര്‍ ഉണ്ടായിരുന്നില്ലത്രെ; യജുര്‍വേദികള്‍ ബൗധായനന്മാരും ബാധുലകന്മാരും. ഇവര്‍ സാഗരബ്രാഹ്മണര്‍ എന്ന് അറിയപ്പെടുന്നു. ആശ്വാലയനനും ബാധുലകനും പതിനാലുവയസ്സു കഴിഞ്ഞേ സമാവര്‍ത്തനം ചെയ്യൂ. ശുകപുരം, കിടങ്ങൂര്‍ ഗ്രാമങ്ങളില്‍ മാത്രം ഉള്ള സാമവേദികള്‍ ജൈവിനീസൂത്രക്കാരാണ്. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ അധികവും യജുര്‍വേദികളാണ്. തളിപ്പറമ്പുഗ്രാമത്തിലും കരിങ്ങാട്ടുഗ്രാമത്തിലും യജുര്‍വേദികള്‍ മാത്രം. ശുകപുരം ഗ്രാമത്തില്‍ മാത്രമേ ഋഗ്വേദികളിലെ കൗഷീതകന്മാര്‍ ഉണ്ടായിരുന്നുള്ളു.

ആഭിജാത്യശ്രേണിയില്‍ നമ്പൂതിരി സമൂഹം ഏട്, ആട്, സന്ന്യാസം, ഭിക്ഷ, ശാന്തി, ഓത്ത്, അടുക്കള, അരങ്ങ്, പന്തി, കടവ് എന്നിങ്ങനെ തരംതിരിക്കപ്പെട്ടിരുന്നു. ഏറ്റവും മികച്ച കൂട്ടര്‍ ഏടും താഴ്ന്നവര്‍ കടവുമത്രെ. ഇവരുടെ അധികാരങ്ങള്‍ ഇപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. ഏട്-മീമാംസയും വേദാന്തങ്ങളും പഠിക്കാം; പഠിപ്പിക്കുകയും ചെയ്യാം; ആട്-യാഗാധികാരം, സന്ന്യാസം-സന്ന്യസിക്കാന്‍ അധികാരമുണ്ട്; ഭിക്ഷ-സന്ന്യാസിമാര്‍ക്കു ഭിക്ഷ നല്‍കുവാന്‍ അധികാരമുണ്ട്; ശാന്തി-പൂജചെയ്യുന്നവര്‍; ഓത്ത്-വേദപഠനാധികാരം; അടുക്കള-വച്ചുവിളമ്പലിന് അധികാരം; അരങ്ങ്-ശാസ്ത്രാംഗക്കാരായ നമ്പൂതിരിമാര്‍; പന്തി-പന്തിഭോജനത്തിന് അധികാരം; കടവ്-ഒരേ കടവില്‍ കുളിക്കാം. ഇവരില്‍ ആദ്യത്തെ ആറു വിഭാഗങ്ങള്‍ക്കു മാത്രമേ ഓത്തുള്ളു. വാധ്യാന്‍, വൈദികന്‍, തന്ത്രി, മന്ത്രവാദി എന്നിങ്ങനെ സാമുദായിക കാര്യങ്ങള്‍ക്ക് ആചാര്യന്മാരുണ്ടായിരുന്നു. വൈദിക ഗൃഹങ്ങള്‍ പെരുമ്പടപ്പ്, ചെറുമുക്ക്, കൈമുക്ക്, പന്തല്‍, കപ്പങ്ങാട്, തൈക്കാട് എന്നിങ്ങനെ ആറെണ്ണം. വാധ്യാന്മാര്‍ ഉള്ളത് തിരുനാവയിലും തൃശൂരുമാണ്. വാധ്യാന്‍ ഷോഡശക്രിയ കഴിപ്പിക്കുകയും വേദാധ്യായനം ചെയ്യിക്കുകയും ചെയ്യും. ഓതിക്കന്‍ വേദം പഠിപ്പിക്കുകയും പുരോഹിതവൃത്തി നടത്തുകയും ചെയ്യും. തന്ത്രിക്കാണു ബിംബപ്രതിഷ്ഠ, കലശം എന്നിവയ്ക്കുള്ള അധികാരം.

കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയിലെ ഋഗ്വേദവിഭജനരീതിയാണ് അഷ്ടകം, അധ്യായം, വര്‍ഗം, മന്ത്രം (ഋത്) എന്നിവ. ആഭിജാത്യശ്രേണിയിലെ മറ്റൊരുതരം തിരിവാണ് തമ്പ്രാക്കള്‍, ഭട്ടതിരിപ്പാട്, നമ്പൂതിരിപ്പാട് എന്നിവ. ഭട്ടതിരി പണ്ഡിതനാണ്. വാധ്യാന്മാര്‍ ഭട്ടതിരിമാരാണ്. വൈദിക കര്‍മങ്ങളിലെ വിധികര്‍ത്താക്കളും വൈദികരും സ്മാര്‍ത്തവിചാരത്തിലെ പ്രമുഖരായ സ്മാര്‍ത്തന്മാരും ഭട്ടതിരിമാരാണ്. തിരുവിതാംകൂറില്‍ നമ്പൂതിരിയെ പോറ്റി എന്നുപറയും. തുളുപോറ്റി അല്ല, നമ്പൂതിരി തന്നെയാണ് ഇത്. ചിലര്‍ പേരിനൊപ്പം 'ര്' എന്നു ചേര്‍ക്കാറുണ്ട്. ഉദാ. കണ്ഠരര്. ആഢ്യന്‍, ആസ്യന്‍ എന്ന വിഭജനമാണ് കൂടുതല്‍ പ്രസക്തം. ആഢ്യന്മാര്‍ പ്രഭുക്കള്‍ ആണ്. എന്നാല്‍ ആസ്യന്‍ ആഢ്യനെപ്പറ്റി പറയുമ്പോള്‍ നമ്പൂതിരിപ്പാട്, ഭട്ടതിരിപ്പാട് എന്നല്ല-നമ്പൂതിരി, പട്ടേരി എന്നാണ് പറയുക. ആഢ്യന്‍ ആസ്യനെപ്പറ്റി പറയുമ്പോള്‍ ഇല്ലപ്പേരുമാത്രമേ പറയൂ. മധ്യകേരളത്തില്‍ ആഢ്യന്‍ നമ്പൂതിരിയെ തമ്പുരാന്‍ എന്നും അദ്ദേഹത്തിന്റെ അന്തര്‍ജനത്തെ തമ്പുരാട്ടി എന്നും വിളിക്കും. ആസ്യനെ തിരുമേനി അല്ലെങ്കില്‍ നമ്പൂതിരി. ആസ്യന്റെ അന്തര്‍ജനം കുഞ്ഞാത്തോല്.

ആഢ്യ-ആസ്യ വിഭാഗത്തിനു പുറമേ, നമ്പൂതിരിമാര്‍ക്കിടയില്‍ എട്ട് ഉപവിഭാഗങ്ങളുണ്ട്. തമ്പ്രാക്കള്‍, ആഢ്യന്‍, വസിഷ്ഠ ബ്രാഹ്മണന്‍, ജാതിമാത്രേയന്‍, സാങ്കേതികന്‍, ശാപഗ്രസ്തന്‍, പാപിഷ്ഠന്‍, സാമാന്യ ബ്രാഹ്മണന്‍. ഇവയില്‍ ആദ്യത്തെ ജാതിക്കാണ് എല്ലാവരേക്കാള്‍ കൂടുതല്‍ ആഭിജാത്യം. ഇവര്‍ പ്രഭുക്കന്മാരാണെന്നാണ് ധാരണ. സമുദായസഭകളില്‍ മുഖ്യസ്ഥാനം ഇവര്‍ക്കുണ്ടായിരുന്നു. വേദശാസ്ത്ര പഠനങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയാനുള്ള അവകാശവും ഇവര്‍ക്കാണ്. ചരിത്രകാലങ്ങളില്‍ ഈ ഉപജാതിയില്‍പ്പെട്ട ഒരൊറ്റ കുടുംബം മാത്രമേ അവശേഷിച്ചു കാണുന്നുള്ളു. ആഴ്വാഞ്ചേരി എന്നാണ് ഈ ഇല്ലത്തിന്റെ പേര്. നമ്പൂതിരിമാരുടെ പരമാധികാരിയാണ് ആഴ്വാഞ്ചേരി തമ്പ്രാക്കള്‍. തിരുനാവായയില്‍ നിന്നും ആറു കിലോമീറ്റര്‍ തെക്കുകിഴക്ക് ആതവനാട് പ്രദേശത്താണ് ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മന.

യാഗങ്ങളുമായി ബന്ധപ്പെട്ടാണ് മറ്റൊരു വിഭജനം. അഗ്നിഹോത്രി, അഗ്ന്യാധാനം, അഗ്നിഷ്ടോമം, അതിരാത്രം എന്നിവയാണ് യാഗക്രമം (നോ: യാഗം). ഇതില്‍ ആദ്യത്തെ യാഗം ചെയ്തവര്‍ അടിതിരി; രണ്ടാമത്തേതു ചെയ്തവര്‍ ചോമാതിരി (സോമയാജി); മൂന്നാമത്തേത് ചെയ്തവര്‍ അക്കിത്തിരി. ഇവരെ മറ്റു സമുദായക്കാര്‍ അടിതിരിപ്പാട്, ചോമാതിരിപ്പാട്, അക്കിത്തിരിപ്പാട് എന്നിങ്ങനെയാണ് വിശേഷിപ്പിച്ചു പോന്നിരുന്നത്.

രണ്ടാമത്തെ ഉപജാതിയില്‍പ്പെട്ട എട്ടു കുടുംബക്കാര്‍ ഉണ്ട്. ഇവരെ 'അഷ്ടഗൃഹത്തില്‍ ആഢ്യന്മാര്‍' എന്നാണ് വിളിക്കാറുള്ളത്. കലങ്കത്തടത്തു ഗൃഹം, മേഴത്തോള്‍ ഗൃഹം, മാത്തൂര്‍ ഗൃഹം, കുലുക്കല്ലൂര്‍ ഗൃഹം, ചെമ്മങ്ങാട് ഗൃഹം, പാഴൂര്‍ ഗൃഹം, മുരിണ്ടോത്തില്‍ ഗൃഹം, വെള്ളങ്ങല്ലൂര്‍ ഗൃഹം എന്നിവരാണ് അഷ്ടഗൃഹത്തിലാഢ്യന്മാര്‍. എല്ലാ ആഢ്യന്മാരും ഇതില്‍പ്പെടുകയില്ല. മാത്രമല്ല, എല്ലാ വേദികളും ഇതില്‍പ്പെട്ടതായും തോന്നുന്നില്ല.

ശാപം കിട്ടിയ നമ്പൂതിരിമാരത്രെ ശാപഗ്രസ്തന്മാര്‍. സമുദായത്തിലെ അടിത്തട്ടില്‍ കിടക്കുന്നവരാണ് ഇവര്‍. ഇവരെക്കാള്‍ മോശക്കാരായി കരുതപ്പെട്ടിരുന്നവരാണ് പാപിഷ്ഠന്മാര്‍. പാപങ്ങളും സാമൂഹ്യവിരുദ്ധ നടപടികളും ചെയ്തിട്ടുള്ളവരാണത്രെ ഇവര്‍. എന്നാലും ഇവര്‍ക്കും അവകാശങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, കൊല്ലങ്കോട്ടു രാജാക്കന്മാര്‍ പാപിഷ്ഠന്മാരായിരുന്നുവെങ്കിലും നമ്പൂതിരിമാര്‍ യാഗം നടത്തുമ്പോള്‍ സോമം കൊടുക്കുവാനുള്ള അവകാശം കൊല്ലങ്കോട്ട് രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. യാഗാരംഭത്തിനു മുന്‍പ് ഓരോ നമ്പൂതിരിയും ഇവരില്‍ നിന്നും സോമം വാങ്ങണമെന്നു നിര്‍ബന്ധമായിരുന്നുവത്രെ.

മരുമക്കത്തായികളായ നമ്പൂതിരിമാരാണ് തിരുമുമ്പുമാര്‍. മട്ടന്നൂരില്‍ ഒരു നമ്പൂതിരിക്കുടുംബം തങ്ങള്‍മാര്‍ എന്ന് അറിയപ്പെടുന്നുമുണ്ട്.

കുടുംബവും ദായക്രമവും

മന/ഇല്ലങ്ങള്‍ കൂട്ടുകുടുംബങ്ങളാണ്. സഹോദരന്മാരില്‍ മൂത്തയാള്‍ മാത്രമേ വേളി (വിവാഹം) കഴിക്കൂ എന്നതിനാല്‍ കൂട്ടുകുടുംബത്തിലെ അംഗസംഖ്യ കുറവായിരിക്കും. ഓരോ ഗൃഹസ്ഥനും ഒന്നിലധികം ഭാര്യമാരുണ്ടാകും. ഗൃഹസ്ഥന്റെ സഹോദരന്മാര്‍ക്കു (അപ്ഫന്‍) അനിയന്മാര്‍ക്കും വീട്ടില്‍ സ്ഥാനമുണ്ടെങ്കിലും മറ്റു ജാതികളില്‍ നിന്ന് വിവാഹം (സംബന്ധം) കഴിക്കുന്നവരുടെ ഭാര്യമാരെയോ കുട്ടികളെയോ ഇല്ലത്തു താമസിപ്പിക്കുകയില്ല. ഗൃഹസ്ഥന്റെ മൂത്തമകനും പ്രായമാകുമ്പോള്‍ വിവാഹിതനായി ഇല്ലത്തു താമസിക്കും. പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്തൃഗൃഹത്തിലേക്ക് താമസം മാറുകയും ഭര്‍ത്തൃകുടുംബാംഗമായിത്തീരുകയും ചെയ്യും. കോവിലകത്തുനിന്നും സംബന്ധം ചെയ്യുകയും അവിടെ താമസിക്കുകയും ചെയ്തുപോന്നിരുന്നവരെ ഇരുപ്പുകാരന്‍ എന്നാണ് വിളിച്ചിരുന്നത്.

നമ്പൂതിരിമാര്‍ പൊതുവേ മക്കത്തായികളാണ്. ഇല്ലത്തിന്റെ ഭരണാധികാരം മൂത്ത പുരുഷനായിരിക്കും. ചിലപ്പോള്‍ അഫ്പന്മാരില്‍ മൂത്തയാളുമാകാം. 'ബ്രഹ്മസ്വം' എന്നാണ് നമ്പൂതിരി കുടുംബാംഗങ്ങളുടെ സ്വത്തിനെ പറയുക. എല്ലാ പുത്രന്മാര്‍ക്കും അതില്‍ തുല്യാവകാശമുണ്ട്. സ്ത്രീകള്‍ക്ക് സ്വത്തിന്മേല്‍ അവകാശമില്ല. അവരുടെ വിവാഹസമയത്ത് വരന് കൊടുക്കുന്ന തുച്ഛമായ 'വരദക്ഷിണ' വധുവിന്റെ സ്വത്തുഭാഗമാണെന്നാണ് വ്യാഖ്യാനം. കുട്ടികള്‍ ജനിക്കും മുന്‍പ് പിതാവ് മരണപ്പെടുകയോ ആണ്‍സന്താനങ്ങള്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കുടുംബത്തിലെ മൂത്ത സ്ത്രീക്കാണ് അധികാരം. അഥവാ പിന്‍തുടര്‍ച്ചാവകാശത്തിനും ദത്തെടുക്കലുകള്‍ക്കും നിയമസാധുതയുണ്ട്.

പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാര്‍ മാത്രം മരുമക്കത്തായികളാണ്. അവരുടെ സ്വത്ത് സ്ത്രീകളിലൂടെയാണ് സംക്രമിക്കുക. വിവാഹശേഷവും വധു ജന്മഗൃഹം വിട്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറേണ്ടതില്ല.

നമ്പൂതിരി ഗൃഹം

ഇല്ലം അഥവാ മന എന്ന പേരിലാണ് നമ്പൂതിരി ഗൃഹങ്ങള്‍ പൊതുവേ അറിയപ്പെട്ടിരുന്നത്. നാടുവാഴികളും നാട്ടുരാജാക്കന്മാരും നടത്തിയ ബ്രഹ്മസ്വം-ഭൂദാനങ്ങളിലൂടെ നമ്പൂതിരിമാരില്‍ ഗണ്യമായ ഒരു വിഭാഗം വന്‍കിട ഭൂവുടമകളായി മാറുകയുണ്ടായി. അതിനാല്‍ നമ്പൂതിരി ഇല്ലങ്ങള്‍ ഏറെ പ്രൗഢി നിറഞ്ഞതായിരുന്നു. ഉദ്യാനവും തുളസിത്തറയും സര്‍പ്പക്കാവും കുളങ്ങളും കുളക്കടവുകളും മന/ഇല്ലങ്ങളുടെ ഭാഗമായിരുന്നു. കിഴക്കുദര്‍ശനമായിട്ടാണ് വീടുകള്‍ പണികഴിപ്പിക്കപ്പെട്ടിരുന്നത്. ആദ്യകാലത്ത് അടിസ്ഥാനപരമായി നാലുകെട്ടുകളായിരുന്നു പ്രധാന ഗൃഹം. പിന്നീട് മേലടുക്കള, കിഴക്കേ അറ, പുരത്തളം, വടക്കേ അറ എന്നിവ കൂടിച്ചേര്‍ത്ത് അത് വിശാലമാക്കുകയായിരുന്നു. ഇല്ലപ്പറമ്പിലേക്കുള്ള പ്രവേശനകവാടമായി പടിഞ്ഞാറെ അതിരില്‍ ഒരു പടിപ്പുര ഉണ്ടാവും. മാതൃകാ നമ്പൂതിരി ഗൃഹത്തില്‍ പൂമുഖം, പടിഞ്ഞാറ്റിനി, ദീനമുറി, വടക്കിനി, മേലടുക്കള, തീണ്ടാരിപ്പുര, കലവറ, പാത്രക്കലവറ, പുത്തനറ, വടക്കേഅകം, വടക്കേക്കെട്ട്, ചെറിയ മേലടുക്കള, ശ്രീലകം, മോരകം, അടുക്കള, വടക്കേതും തെക്കേതും കിഴക്കേക്കെട്ടുകള്‍, ഊട്ടുപുര, നടുമുറ്റം എന്നിവ ഉണ്ടാവും. വീടിന്റെ മുറികള്‍ക്കു നടുവിലാണ് നടുമുറ്റം. അവിവാഹിതര്‍ക്കും ചിലപ്പോള്‍ സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാവുന്നതാണ് കിഴക്കു പടിഞ്ഞാറ് ദിക്കിലെ മുറി. പിന്‍വശത്തെ വലതുഭാഗത്താണ് അറപ്പുര സ്ഥിതിചെയ്യുന്നത്. മരംകൊണ്ടു നിര്‍മിക്കപ്പെട്ട അറപ്പുരയിലാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. വടക്കുദിശയിലാണ് അടുക്കള. അടുക്കളയിലേക്കു ചേര്‍ന്നു നില്‍ക്കുന്ന കിണറ്റില്‍നിന്നാണ് അടുക്കളാവശ്യത്തിനുള്ള ജലം ശേഖരിക്കുന്നത്. വേദപഠനത്തിനും ആരാധനകള്‍ക്കുമായി വെവ്വേറെ മുറികള്‍ ഉണ്ടായിരിക്കും. പ്രധാന കെട്ടിടത്തിന്റെ സമീപത്തായി വീട്ടുജോലി ചെയ്യുന്നവര്‍ക്കും വാല്യക്കാര്‍ക്കുമായി ഒരു പുരയും (അഗ്രശാല) രാത്രികാലങ്ങളില്‍ എത്തുന്ന അപരിചിതര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം അതിഥി മന്ദിരങ്ങളുമുണ്ടായിരിക്കും. ഗൃഹോപകരണങ്ങള്‍ക്കും സവിശേഷതകളുണ്ട്. ഗൃഹത്തിനു തറക്കല്ലിടുന്ന വേളയില്‍ ഭൂമിയിലും അതിലെ ചരാചരങ്ങള്‍ക്കുമായി പൂജചെയ്യുന്ന വാസ്തുയാഗവും നടത്തപ്പെട്ടിരുന്നു.

വേദപഠനം

ഉപനയനം കഴിഞ്ഞാണ് വേദാഭ്യസനം തുടങ്ങുന്നത്. പത്തുവയസ്സിനു മുന്‍പ്, സാധാരണയായി എട്ടാമത്തെ വയസ്സുമുതല്‍ ഗുരുവിന്റെ അടുത്ത് വേദപഠനത്തിനായി ചേരും. പതിനെട്ടു വയസ്സിനു മുന്‍പ് ഉപനയനം നടന്നില്ലെങ്കില്‍ ഭ്രഷ്ട് ഉണ്ട്.

ധനുവിലെ നല്ല മുഹൂര്‍ത്തം നോക്കിയാണ് വേദാഭ്യസനം തുടങ്ങുക. പഠനകാലം അവസാനിച്ചാല്‍ സമാവര്‍ത്തനം. അതോടെ കൃഷ്ണാജിനം(മാന്‍തോല്‍)മാറ്റി പൂണൂല്‍ ധരിക്കാം. ഉപനയനം തൊട്ടു സമാവര്‍ത്തനം വരെയുള്ള കാലത്തും ഒട്ടേറെ നിഷ്ഠകള്‍ പാലിക്കണം. സമാവര്‍ത്തനശേഷം നിശ്ചിതകാലം (മിക്കവാറും ഒരു വര്‍ഷം) ഒരു ക്ഷേത്രത്തില്‍ ഭജനം നടത്തണം. അക്കാലത്താണ് പദം, ക്രമം, ജട, രഥ തുടങ്ങി വേദപഠനത്തിന്റെ ഉയര്‍ന്ന തലങ്ങള്‍ വശമാക്കുക. തുടര്‍ന്നും പഠിക്കേണ്ടവര്‍ തൃശൂര്‍-തിരുനാവായ യോഗസ്ഥലങ്ങളിലും മഠങ്ങളിലും എത്തും. യോഗസ്ഥലങ്ങളില്‍ വേദം പഠിപ്പിക്കും. മഠങ്ങളില്‍ കാവ്യം, ശാസ്ത്രം, തര്‍ക്കം, വേദാന്തം തുടങ്ങിയവയാണ് പഠിപ്പിക്കുക. ബ്രഹ്മചാരിക്കു കൈയില്‍ ചമതക്കോലുണ്ടാവും. ചമതക്കോല്‍ കൂടാതെ ദേശം മാറാന്‍ പാടില്ല.

നമ്പൂതിരിമാരുടെ വേദപഠനം ഓത്ത് എന്നാണറിയപ്പെടുന്നത്. ഓത്തുചൊല്ലുന്നയാളാണ് ഓതിക്കന്‍. ഓത്തില്ലാത്ത നമ്പൂതിരിക്ക് ആഭിജാത്യം കുറയും എന്നാണ് വിശ്വാസം. ഓത്തു പഠിപ്പിക്കുന്ന സ്ഥലം ഓത്തര്‍മഠം എന്നാണറിയപ്പെടുന്നത്.

വേദം പഠിച്ച നമ്പൂതിരിമാര്‍ ആറു വര്‍ഷത്തിലൊരിക്കല്‍ തിരുവനന്തപുരത്ത് ഒത്തുകൂടി 56 ദിവസംകൊണ്ട് വേദം മുഴുവന്‍ ഓതുന്ന വേദയജ്ഞമാണ് മുറജപം. നോ: മുറജപം

മീമാംസ, വേദാന്തം, വ്യാകരണം എന്നിവയിലെ പാണ്ഡിത്യം പരീക്ഷിക്കുന്ന തളിയില്‍താനം അഥവാ രേവതി പട്ടത്താനം, കടവല്ലൂര്‍ അന്യോന്യം തുടങ്ങിയവയാണ് ഇവരുടെ ഇതര വൈജ്ഞാനിക ഉത്സവങ്ങള്‍.

ക്ഷേത്രമണ്ഡപത്തിലിരുന്ന് വേദം ചൊല്ലിയിരുന്ന ഒരു പതിവു നമ്പൂതിരിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്കായി നടത്തിയിരുന്ന സദ്യയാണ് വാരം. എന്നാല്‍ പിന്നീട് സദ്യയ്ക്കായി പ്രാധാന്യം. പ്രഥമന്റെ തരംതിരിച്ചുപോലും വാരം, പഴവാരവും, പാലടവാരവുമൊക്കെയായി.

ആചാരാനുഷ്ഠാനങ്ങള്‍

ആചാരബദ്ധമാണ് നമ്പൂതിരിയുടെ ദൈനംദിന ജീവിതം. ഇവയ്ക്കു പ്രാദേശികമായി ചില വ്യത്യാസങ്ങളുണ്ട്. എങ്കിലും, വസ്ത്രധാരണത്തില്‍, ഭക്ഷണത്തില്‍, ഭാഷയില്‍ തുടങ്ങി ഓരോ തുടിപ്പിലും ആചാരങ്ങള്‍ നിറവേറ്റലാണ് നമ്പൂതിരിക്കു ജീവിതം.

വെളുത്ത മുണ്ട് ഉടുക്കുകയും മറ്റൊന്നു ചുമലില്‍ ഇടുകയും ചെയ്യുക എന്നതായിരുന്നു നമ്പൂതിരിമാരില്‍ പുരുഷന്മാരുടെ വസ്ത്രധാരണരീതി. ഉടുക്കുന്നത് മുണ്ടെന്നതിലേറെ ഇണത്തോര്‍ത്തായിരിക്കും. മതകര്‍മങ്ങള്‍ക്കായി ഇവര്‍ മുണ്ട് കുത്തി ഉടുക്കുകയാണ് ചെയ്യുന്നത്. ഇതിനെ 'തറ്റുടുക്കല്‍' എന്നു പറയുന്നു. സാമാന്യത്തിലധികം നീളമുള്ള ഒരു വസ്ത്രം അരയില്‍ ചുറ്റി അതിന്റെ ഒരു അഗ്രംകൊണ്ടു താറുടുക്കുന്ന സമ്പ്രദായമാണിത്.

നമ്പൂതിരി സ്ത്രീകള്‍ (അന്തര്‍ജനങ്ങള്‍) അടുക്കളയും അതോടുബന്ധപ്പെട്ട ഭാഗങ്ങളുമാണ് ഇരിപ്പിടമാക്കിയിരുന്നത്. അവര്‍ അപൂര്‍വമായേ പൂമുഖത്ത് മുഖം കാണിക്കുമായിരുന്നുള്ളു. അകത്തുള്ളപ്പോള്‍ നീളമുള്ള വസ്ത്രംകൊണ്ട് ഉടലാകെ മൂടിപ്പുതച്ചിരിക്കുന്ന പതിവാണ് പണ്ടുകാലങ്ങളില്‍ നിലനിന്നിരുന്നത്. അതിനെ ശീലപ്പുതപ്പ് എന്നാണ് വിളിച്ചിരുന്നത്. ആഢ്യസ്ത്രീകള്‍ എടുത്തുകെട്ടി ഉടുക്കുകയായിരുന്നു പതിവ്. വിശേഷാവസരങ്ങളില്‍ സഹധര്‍മിണി കോടി ഇണവസ്ത്രം കൊണ്ട് പൂവച്ച് ഉടുക്കണമെന്നായിരുന്നു വിധി. സാധാരണഗതിയില്‍ ഒന്നരയും മുണ്ടുമായിരുന്നു അന്തര്‍ജനങ്ങളുടെ വീട്ടുവേഷം.

പുറത്തിറങ്ങുമ്പോള്‍ ഘോഷാസമ്പ്രദായം പാലിക്കുമായിരുന്നു. പുതപ്പുകൊണ്ട് ദേഹം മൂടുകയും ഓലക്കുട കൊണ്ട് മുഖം മറയ്ക്കുകയും ചെയ്യുന്ന ചടങ്ങായിരുന്നു അത്. പരപുരുഷ ദര്‍ശനം നിഷിദ്ധമായിരുന്നതിനാലാണ് ഈ സമ്പ്രദായം അവര്‍ പുലര്‍ത്തിപ്പോന്നിരുന്നത്. പരപുരുഷന്മാരുമായി ആശയവിനിമയം നടത്തുന്നത് ഭൃത്യര്‍ വഴിയാണ്. പരപുരുഷന്മാരില്‍ ഭര്‍ത്താവിന്റെ സഹോദരങ്ങളും ഉള്‍പ്പെടും. ഭര്‍ത്താവിന്റെ സഹോദരന്‍ അന്തര്‍ജനങ്ങള്‍ക്ക് മൂസാമ്പൂരിയോ ഇളേമ്പൂരിയോ ആണ്; ഭര്‍ത്തൃസഹോദരി ആത്തേമ്മാരും. ആഢ്യന്‍ അന്തര്‍ജനങ്ങള്‍ ഭര്‍ത്തൃസഹോദരനെ വല്യച്ഛന്‍ എന്നോ അപ്ഫന്‍ എന്നോ വിശേഷിപ്പിക്കുകയാണ് പതിവ്. ഏകഭര്‍ത്തൃവ്രതമാണ് അന്തര്‍ജനങ്ങള്‍ക്ക് വിധിച്ചിരുന്നത്. വിധവാവിവാഹം അനുവദിച്ചിരുന്നില്ല.

ആഢ്യവിഭാഗത്തിലെ സ്ത്രീകള്‍ പിച്ചള വളയാണ് ധരിച്ചിരുന്നത് - വലംകൈയില്‍ പതിനഞ്ച്, ഇടംകൈയില്‍ പതിനാല് (ഇരുകൈകളിലും ഒരേയെണ്ണം ഉപയോഗിക്കുന്നത് ദോഷകരമാണെന്നവിശ്വാസമാണ് ഇതിനു കാരണം). ആസ്യവിഭാഗം സ്ത്രീകള്‍ ഓട്ടുവളകളാണ് അണിഞ്ഞിരുന്നത് - വലത്തേക്കൈയില്‍ പത്തും ഇടത്തേക്കൈയില്‍ ഒന്‍പതും. ആഢ്യര്‍ക്ക് കമത്തിച്ചെറുതാലി എന്നായിരുന്നു വിധി. ആസ്യര്‍ക്ക് മലത്തിച്ചെറുതാലി. വിധവന്മാര്‍ ഒരു മോതിരം മാത്രമേ അണിയാറുള്ളു. ചിറ്റ് ധരിക്കുന്ന പതിവുമുണ്ട്. ചെറുതാലി, പൊള്ളമോതിരം, കുഴല്‍, രുദ്രാക്ഷം, കടുക്ക, കുറ്റിവച്ച മോതിരം, കുഴല്‍മോതിരം, എരിഞ്ഞിക്കുരു, മുക്കോലക്കല്ല്, പാലയ്ക്കാമോതിരം, പപ്പടത്താലി, കാശാലി (കാശുതാലി), പൂത്താലി, കെട്ടരുമ്പ്, കഴുത്തിലമണി, ചിറ്റ് എന്നിവയായിരുന്നു പരമ്പരാഗതമായ മറ്റ് ആഭരണങ്ങള്‍. മൂക്കില്‍ ആഭരണങ്ങള്‍ അണിയാറില്ല.

ചോറൂണുവരെ നമ്പൂതിരിക്കുട്ടികളെ ആഭരണങ്ങള്‍ അണിയിക്കില്ല. ആദ്യത്തേതു പുരുഷപ്രജ (ഉണ്ണി) ആണെങ്കില്‍ ചോറൂണിനു വള ഇടുവിക്കും. ആണ്‍കുട്ടി സമാവര്‍ത്തനത്തിനുശേഷമേ മോതിരം ഇടൂ. പെണ്‍കുട്ടിക്കു വിവാഹംവരെ വെള്ളിമോതിരം ഇടാം.

ഷോഡശ കര്‍മങ്ങള്‍

സ്മൃതികള്‍ നിര്‍ദേശിച്ചിട്ടുള്ള ഇവ അനുഷ്ഠിച്ചുകഴിഞ്ഞാല്‍ മാത്രമേ ഒരു പുരുഷന് ശ്രൗതക്രിയകളും യാഗങ്ങളും അനുഷ്ഠിക്കാനാവൂ എന്നാണ് മതം. ഇവയില്‍ ചിലവ സ്ത്രീകളും അനുഷ്ഠിക്കേണ്ടതുണ്ട്. ഷോഢശക്രിയകള്‍ എന്നറിയപ്പെടുന്ന ഈ പതിനാറു വൈദിക കര്‍മങ്ങളിലൂടെയാണ് നമ്പൂതിരി ജീവിതം കടന്നുപോകുന്നത്.

സേകം, പുംസവനം, സീമന്തം, ജാതകര്‍മം, നാമകരണം, (ഉപ)നിഷ്ക്രമണം, ചോറൂണ്, ചൗളം, ഉപനയനം, മഹാനാമ്നവ്രതം, മഹാവ്രതം, ഉപനിഷത്വ്രതം, ഗോദാനം, സമാവര്‍ത്തനം, വേളി, അഗ്നിദാനം എന്നിവയാണവ.

സേകം അഥവാ ഗര്‍ഭാധാനം വേളിയെത്തുടര്‍ന്നു നടത്തുന്ന പ്രതീകാത്മക ഗര്‍ഭാധാനമാണ്. പ്രഥമ ലൈംഗികബന്ധത്തിനു മുന്‍പുള്ള അനുഷ്ഠാനമാണിത്.

പുംസവനം അഥവാ പുളികുടി, ഗര്‍ഭധാരണത്തെത്തുടര്‍ന്ന് മൂന്നാം മാസത്തിലോ അതിനു കഴിഞ്ഞില്ലെങ്കില്‍ 4, 6, 7 എന്നീ മാസങ്ങളിലേതിലെങ്കിലുമോ നടത്തുന്ന സത്പുത്രലബ്ധിക്കായുള്ള അനുഷ്ഠാനമാണ്.

സുഖപ്രസവത്തിനായി പുംസവനത്തെത്തുടര്‍ന്നു നടത്തുന്ന അനുഷ്ഠാനമാണ്, സീമന്തം. പ്രസവാനന്തരം 90 നാഴികയ്ക്കകം, കുഞ്ഞിന് നെയ്യും തേനും നല്കിക്കൊണ്ട് കുഞ്ഞിന്റെ ദീര്‍ഘായുസ്സിനായി നടത്തുന്ന ചടങ്ങാണിത്.

നാമകരണം പേരിടലാണ്. ഇത് കുഞ്ഞ് ജനിച്ച് 11-ാം നാളിലോ 12-ാം നാളിലോ നടത്തുന്നു. (ഉപ)നിഷ്ക്രമണം അഥവാ വാതില്‍പ്പുറപ്പാട് നാലാം മാസത്തില്‍ കുഞ്ഞിനെ പുറംലോകം കാണിക്കുന്ന ചടങ്ങാണ്.

കുഞ്ഞിന് ആദ്യമായി അരിയാഹാരം നല്കുന്ന ചടങ്ങാണ് ചോറൂണ്. ചൌളം ആദ്യത്തെ ശിരോരോമം കളയലാണ്. പൂണൂല്‍ധാരണമാണ് ഉപനയനം. നോ: ഉപനയനം

മഹനാമ്നീവ്രതം അഥവാ ആണ്ടുവ്രതം ഒരു വര്‍ഷം നീളുന്ന മുതല്‍മുറ അഥവാ പ്രാഥമിക വേദപഠനവും, മഹാവ്രതം ബ്രാഹ്മണ-ആരണ്യക പഠനവുമാണ്. 12 ദിവസം കൊണ്ടു നടത്തുന്ന ഉപനിഷത് പരിചയമാണ് ഉപനിഷത് വ്രതം. ആചാര്യന് മുന്നില്‍ പ്രതീകാത്മകമായി നടത്തുന്ന നന്ദി സമര്‍പ്പണമാണ് ഗോദാനം. 14-ാം വയസ്സു പൂര്‍ത്തിയാകുന്നതോടെ കുഞ്ഞ് വേദപഠന ലോകത്തുനിന്ന് സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ അനുഷ്ഠാനബദ്ധമായ പ്രത്യക്ഷീകരണമാണ് സമാവര്‍ത്തനം.

വേളി വിവാഹവും അഗ്നിദാനം ഭാവിയിലേക്കുള്ള ശ്രൗത കര്‍മത്തിന് തുടക്കം കുറിക്കുന്ന ചടങ്ങുമാണ്. നമ്പൂതിരി സമുദായത്തിനകത്തുള്ള വേളി നമ്പൂതിരിക്കല്യാണം എന്നറിയപ്പെടുന്നു.

പുരുഷന്റെ ഭാഗത്തുനിന്നാണ് വിവാഹത്തെ വേളി എന്നു വിശേഷിപ്പിക്കുക. സ്ത്രീയുടെ ഭാഗത്തുനിന്ന് അത് പെണ്‍കൊട ആണ്. വധു, കുടി എന്നാണറിയപ്പെടുന്നത്. വരനും വധുവും തങ്ങളുടെ ഗൃഹത്തില്‍ വച്ചു നടത്തുന്ന ആചാരപ്രകാരമുള്ള അയനിയൂണിലൂടെയാണ് വിവിധ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശൈശവത്തില്‍ സോമനും ബാല്യത്തില്‍ ഗന്ധര്‍വനും യൌവനത്തില്‍ അഗ്നിയുമാണ് വധുവിനെ സംരക്ഷിച്ചതെന്നും വിശ്വാവസുവാണ് അവളുടെ പാതിവ്രത്യസംരക്ഷക എന്നുമുള്ള വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ദേവതാ പൂജകളാണ് വിവാഹച്ചടങ്ങുകളില്‍ മുഖ്യം. താലികെട്ടാണ് പ്രധാന ചടങ്ങ്. വധുവിന്റെ അച്ഛനോ വരനോ ആണ് താലി കെട്ടുന്നത്. അച്ഛന്‍ താലികെട്ടുന്നത് കന്തസൂത്രം എന്നറിയപ്പെടുന്നു. വരനാണ് താലി കെട്ടുന്നതെങ്കില്‍ അത് മംഗല്യസൂത്രം. വധുവിനെ വരന്റെ ഗൃഹാംഗമാക്കുന്ന ഉദയപൂര്‍വം, മുഖപടം മാറ്റി വരന്‍ ആദ്യമായി വധുവിനെ കാണുന്ന മുഖദര്‍ശനം (ഇന്ന് വധു മുഖപടമണിയാറില്ല), പാണിഗ്രഹണം, മലര്‍ഹോമം, വേളി, ഓത്ത്, കുടിവയ്പ്, ഔപാസനം എന്നിവയാണ് നമ്പൂതിരിക്കല്യാണത്തിലെ മറ്റ് ചടങ്ങുകള്‍, വരന്റെ ഗൃഹത്തിലേക്ക് വധുവിനെ അവിടത്തെ മുതിര്‍ന്ന മംഗല്യവതി സ്വീകരിക്കുന്ന ചടങ്ങില്‍ അപ്പനിവേദ്യം, കൈകൊട്ടിക്കളി എന്നിവയുമുണ്ട്. ഔപാസനത്തിലൂടെയാണ് വധൂവരന്മാര്‍ വിവാഹവേളയിലെ ഹോമത്തില്‍ നിന്നു കത്തിച്ച അഗ്നി ജീവിതത്തോളം കാത്തുസൂക്ഷിക്കുന്ന ചടങ്ങിന് തുടക്കം കുറിക്കുക. വിവാഹമുഹൂര്‍ത്തത്തില്‍ ജ്വലിപ്പിച്ച ഔപസനാഗ്നി ഭാര്യാഭര്‍ത്താക്കന്മാര്‍ ജീവിതകാലം മുഴുവന്‍ കെടാതെ സൂക്ഷിക്കണം എന്നാണ് വ്യവസ്ഥ. മരണാനന്തരം ആ അഗ്നി കൊണ്ടാണ് ചിത കൊളുത്തേണ്ടത്. മരിച്ചവര്‍ക്കുവേണ്ടി ഒരുകൊല്ലം ദീക്ഷവളര്‍ത്തികൊണ്ട് ബ്രഹ്മചര്യം അനുഷ്ഠിക്കുക എന്നതാണ് പ്രധാന മരണാനന്തര അനുഷ്ഠാനം. പിന്നീട് ആണ്ടുതോറും ശ്രാദ്ധവും അനുഷ്ഠിക്കുന്നു. ദീക്ഷ അവസാനിപ്പിക്കുന്നത് 'മാസം' എന്ന ആഘോഷച്ചടങ്ങോടെയാണ്.

ആചാരങ്ങളാല്‍ തളയ്ക്കപ്പെട്ടതായിരുന്നു നമ്പൂതിരി സ്ത്രീകളുടെ ജീവിതം. സമുദായ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിച്ചിരുന്നത്. ജാതിഭ്രഷ്ടുകള്‍ക്കും വിചാരണകള്‍ക്കും ഒട്ടേറെ സ്ത്രീകള്‍ അടിമപ്പെട്ടിട്ടുണ്ട്. പാതിവ്രത്യ ലംഘനങ്ങളുടെ പേരിലുള്ള വിചാരണകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സ്മാര്‍ത്തന്മാരായ നമ്പൂതിരിമാരായിരുന്നു. അന്യപുരുഷനുമായി ബന്ധം ആരോപിക്കപ്പെട്ട് നമ്പൂതിരി അന്തര്‍ജനങ്ങള്‍ക്കുമേല്‍ നടന്നിരുന്ന അത്തരം സാമുദായിക വിചാരണയാണ് സ്മാര്‍ത്തവിചാരം. വേദസ്മൃതികള്‍ പഠിച്ച് അവ യുക്തിപൂര്‍വം പ്രയോഗിക്കുന്ന വൈദികവിഭാഗമായ സ്മാര്‍ത്തര്‍ ആണ് അതിന് നേതൃത്വം വഹിച്ചിരുന്നത്. ദാസിവിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്തവിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദം, ശുദ്ധഭോജനം എന്നീ ആറ് ഘട്ടങ്ങളിലൂടെയാണ് സ്മാര്‍ത്തവിചാരം പൂര്‍ത്തിയായിരുന്നത്. രാജകല്പന അനിവാര്യമായിരുന്ന വിചാരണയില്‍ സ്മാര്‍ത്തരെക്കൂടാതെ എണങ്ങര്‍, ഓതിക്കന്‍, വാധ്യാന്‍, ദാസിമാര്‍, മീമാംസകര്‍, അകക്കോവില്‍, പുറക്കോവില്‍ തുടങ്ങിയ സ്ഥാനീയരും പല ഘട്ടങ്ങളിലായി പങ്കുചേരുമായിരുന്നു. പരപുരുഷഗമനം ശരിയെന്നു തെളിഞ്ഞാല്‍ സ്ത്രീക്കും പുരുഷനും സാമുദായികഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്നുവെങ്കിലും അതിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചിട്ടുള്ളത് സ്ത്രീകള്‍ തന്നെയായിരുന്നു. അങ്ങേയറ്റം അപരാധിയായ സ്ത്രീയായിട്ടാണ് സ്മാര്‍ത്തവിചാരത്തിന് വിധേയരായ സ്ത്രീകളെ കണ്ടുപോന്നിരുന്നത്. സ്മാര്‍ത്തര്‍ക്ക് അവര്‍ സ്ത്രീയല്ല; കേവലം ഒരു 'സാധന'മായിരുന്നു.

ഈ രംഗത്തെ ഒരു പൊട്ടിത്തെറിയായിരുന്നു കുറിയേടത്തു താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. അത് കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഇടക്കണ്ണിയായാണ് ഇന്ന് പുനര്‍വായിക്കപ്പെട്ടിട്ടുള്ളത്. നോ: സ്മാര്‍ത്തവിചാരം

കലകള്‍

സംഘക്കളിയായിരുന്നു കേരളീയ ദൃശ്യകലാരംഗത്തിന് നമ്പൂതിരി സമുദായം നല്‍കിയ പ്രധാന സംഭാവന. സംഗീതം, നൃത്തം, കായികകല, നാടോടിനാടകം എന്നിവ ഇണക്കിച്ചേര്‍ത്ത ഈ സവിശേഷകലാരൂപം പാനേങ്കളി, യാത്രകളി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. നോ: സംഘക്കളി

കേരളത്തിന്റെ തനത് ക്ലാസ്സിക്കല്‍ കലയായ കഥകളിയുടെ രൂപപ്പെടലിലും, അതിന്റെ പരിപാലനത്തിലും പ്രഥമസ്ഥാനം നമ്പൂതിരിമാര്‍ക്കാണുള്ളത്. ഒളപ്പമണ്ണ തുടങ്ങി പ്രശസ്തമായ രണ്ടു ഡസനിലേറെ കഥകളിയോഗങ്ങള്‍ ഇവരുടെ സംഭാവനയായുണ്ട്. ക്ഷേത്രച്ചുവരുകളിലൂടെ വളര്‍ന്നുവികസിച്ച കേരളീയ ചുവര്‍ച്ചിത്ര കലാരംഗത്തെ ഇവരുടെ സംഭാവനകളും ശ്രദ്ധേയമാണ്. കടപയാദി അഥവാ പരല്‍പ്പേര് (നോ: കടപയാദി) എന്ന സംഖ്യാവിനോദത്തിലും ചതുരംഗകളിയിലും ഇവരില്‍ നല്ലൊരുവിഭാഗം നിപുണരായിരുന്നു. വെണ്‍മണിസാഹിത്യമായിരുന്നു മലയാള സാഹിത്യരംഗത്തിന് നമ്പൂതിരി സമുദായം സമ്മാനിച്ച ഒരു സാഹിത്യപ്രസ്ഥാനം. ഇതരസാഹിത്യപ്രസ്ഥാനങ്ങളിലെല്ലാം നിരവധി അനശ്വര രചനകള്‍ നമ്പൂതിരിമാര്‍ സമ്മാനിച്ചിട്ടുമുണ്ട്. ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ ശാസ്ത്രരംഗങ്ങളില്‍ കേരളത്തിന്റേതായ സംഭാവനകള്‍ സൃഷ്ടിച്ചെടുക്കുന്നതിലും ഇവരുടെ പങ്ക് വളരെ വലുതായിരുന്നു.

ജാതിസമ്പ്രദായം

ഏതാണ്ട് ക്രി.പി. 8-9 ശ.-ങ്ങളോടെയാണ് കേരളത്തിലെ ജാതിവ്യവസ്ഥ ശക്തമാകാന്‍ തുടങ്ങിയത്. ശ്രേണീബദ്ധമായ ജാതിക്രമത്തില്‍ നമ്പൂതിരിമാര്‍ക്കായിരുന്നു ആധിപത്യം. നാലു വര്‍ണങ്ങളും അവയുടെ ഉപവിഭാഗങ്ങളും അംഗീകരിക്കപ്പെട്ടു. ഏറ്റവും ഉയര്‍ന്ന ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാര്‍, ഓരോ ജാതിയുടെയും ധര്‍മത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ ശ്രദ്ധിച്ചു. നമ്പൂതിരിമാരുടെ സാമൂഹിക ഘടന കൂടുതല്‍ സുഘടിതമാകുന്നതിനും ജാതിശ്രേണിയില്‍ അവരുടെ മേധാവിത്വം സ്ഥാപിക്കുന്നതിനുംവേണ്ടി ആചാരങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു. ശങ്കരാചാര്യരാണ് ഇത് നടപ്പിലാക്കിയതെന്ന് അഭിപ്രായമുണ്ട്. നമ്പൂതിരിമാര്‍ തങ്ങളുടെ നിത്യജീവിതവൃത്തികളിലും മറ്റു ജാതികളുമായുള്ള ബന്ധങ്ങളിലും പാലിക്കേണ്ട പെരുമാറ്റസംഹിതകളാണ് ഈ ആചാരങ്ങള്‍. ഇവ 64 ആചാരങ്ങള്‍ എന്ന് അറിയപ്പെടുന്നു. അതിന്റെ ഭാഗമായാണ് തീണ്ടല്‍ തുടങ്ങിയ അരുതായ്മകള്‍ ചിട്ടപ്പെടുത്തിയത്. ബ്രാഹ്മണനും നായരും തമ്മില്‍ അയിത്തമുണ്ടായിരുന്നു. നായര്‍ നമ്പൂതിരിയില്‍ നിന്ന് 16 അടി മാറിനില്ക്കണം. ഈഴവര്‍ 32 അടിയും പുലയര്‍, പറയര്‍ തുടങ്ങിയ ജാതികള്‍ 64 അടിയും അകല്‍ച്ച പാലിക്കണമായിരുന്നു. അടുക്കുവാന്‍ പാടില്ലാത്ത ജാതി, അടുക്കുന്നതിന് 'തീണ്ടുക' എന്നും തമ്മില്‍ തൊട്ടാല്‍ അശുദ്ധമാകുന്ന പ്രക്രിയയ്ക്കു 'തൊടീല്‍' എന്നും പറഞ്ഞിരുന്നു.

ദൃഷ്ടിയില്‍പ്പെട്ടാല്‍പോലും അശുദ്ധമാകുന്നതായിരുന്നു കീഴ്ജാതികളുടെ സാന്നിധ്യം. ശുദ്ധം മാറിയ (അശുദ്ധനായിത്തീര്‍ന്ന) ഒരാള്‍ സ്വജാതിക്കാരനെ തൊട്ടുകൂടാ; അങ്ങനെ തൊട്ടാല്‍ അവനും അശുദ്ധപ്പെടും. ഇപ്രകാരം അശുദ്ധപ്പെടുന്നതിനെ 'കൂട്ടിത്തൊടുക' എന്നു പറഞ്ഞുവന്നു. ജാതിവ്യവസ്ഥയുടെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അതിനിഷ്ഠൂരമായിരുന്നു.

സാമൂഹ്യപരിഷ്കാരങ്ങള്‍

ജാതീയമായി മുകള്‍ത്തട്ടിലായിരുന്ന നമ്പൂതിരിസമുദായത്തെ ആദികാലത്ത് സാമുദായിക അവശതകള്‍ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രചരിച്ചതോടെ സംസ്കൃത പഠനവും ഓത്തുമായി കഴിഞ്ഞിരുന്ന നമ്പൂതിരി സമൂഹം പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ഉത്പതിഷ്ണുക്കളായ നമ്പൂതിരി യുവാക്കളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യോഗക്ഷേമസഭ ഇംഗ്ളീഷ് വിദ്യാഭ്യാസം ഒരു ലക്ഷ്യമായി പ്രചരിപ്പിക്കുവാന്‍ തുടങ്ങി. 1909-ല്‍ നിലവില്‍വന്ന യോഗക്ഷേമസഭ ഒല്ലൂരിനടുത്തുള്ള എടക്കുന്നിയില്‍ ഒരു നമ്പൂതിരി വിദ്യാലയത്തിനു തുടക്കം കുറിച്ചു. വിവാഹസമ്പ്രദായത്തിലും കുടുംബജീവിതരീതികളിലും വലിയ മാറ്റങ്ങളുടെ അനിവാര്യത ഇക്കാലയളവില്‍ നമ്പൂതിരി യുവാക്കള്‍ക്കിടയില്‍ ബോധ്യമായിത്തുടങ്ങി. കുടുംബത്തിലെ മൂത്ത പുത്രനു മാത്രം സ്വജാതിയില്‍ നിന്നും വിവാഹം, അനുജന്മാര്‍ അന്യജാതിയില്‍ സംബന്ധത്തില്‍ ഏര്‍പ്പെടുക എന്നീ ആചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നു. തറവാട്ടു സ്വത്ത് ഭാഗിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും നമ്പൂതിരി യുവാക്കള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. തൃശൂരില്‍ വച്ചുനടന്ന യോഗക്ഷേമ സഭാ വാര്‍ഷികത്തോടെ (1928) നമ്പൂതിരി യുവജനസംഘം രൂപീകരിക്കപ്പെട്ടു. യുവജനസംഘത്തിന്റെ മുഖപത്രമായ ഉണ്ണിനമ്പൂതിരി മാസിക 1929 മുതല്‍ വാരികയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1929 ഡിസംബറില്‍ എടക്കുന്നിയില്‍ വച്ചു കൂടിയ യോഗക്ഷേമസഭാസമ്മേളനത്തോടനുബന്ധിച്ച് വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അരങ്ങേറി. സമുദായത്തിനകത്തുള്ള അനാചാരങ്ങള്‍ തുറന്നുകാട്ടുകയും അവ പരിഹരിക്കേണ്ടതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നു നാടകത്തിന്റെ ഉദ്ദേശ്യം. പിന്നീട് അനേകം നമ്പൂതിരി മനകളില്‍ ഈ നാടകം അവതരിപ്പിക്കുകയുണ്ടായി. ആചാരപരിഷ്കരണത്തെക്കുറിച്ച് മാത്രമല്ല ഉണ്ണിനമ്പൂതിരി പ്രസ്ഥാനം ചര്‍ച്ച ചെയ്തത്. സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ കാര്യങ്ങളിലും - നിലവിലുള്ള ആചാരനടപടികള്‍, വിശ്വാസങ്ങള്‍, അന്യോന്യബന്ധങ്ങള്‍ ഇവയിലെല്ലാം സമൂലമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും ജാതിവ്യവസ്ഥതന്നെയും എതിര്‍ക്കപ്പെടേണ്ടതാണെന്നും ഉണ്ണിനമ്പൂതിരിയിലെ പംക്തികള്‍ ചൂണ്ടിക്കാട്ടി.

1930-ല്‍ എം.ആര്‍.ബി. എഴുതിയ മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്ന നാടകവും വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകവും ചേര്‍ന്നുണ്ടാക്കിയ സാമൂഹ്യചലനങ്ങളെത്തുടര്‍ന്ന് നമ്പൂതിരി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വിവാഹ സബ്കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അവിവാഹിതരായിരുന്ന നമ്പൂതിരി യുവാക്കന്മാരെക്കൊണ്ട് സ്വജാതിയിലെ യുവതികളെ വിവാഹം കഴിപ്പിക്കുകയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യപരിപാടി.

മലബാര്‍ നമ്പൂതിരി നിയമവും മലബാര്‍ മരുമക്കത്തായ നിയമവും മദിരാശി നിയമസഭ പാസാക്കിയത് ഇക്കാലത്താണ്. വിവാഹം, സ്വത്തവകാശം മുതലായവയെ വ്യവസ്ഥപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്യുന്നവയായിരുന്നു ഈ നിയമങ്ങള്‍. ഏകഭാര്യാത്വം നിയമംമൂലം പ്രോത്സാഹിപ്പിക്കപ്പെട്ടു. തറവാട്ടുസ്വത്ത് ഭാഗംവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കാനുള്ള അവകാശം നമ്പൂതിരി കുടുംബ റെഗുലേഷന്‍ കമ്മിറ്റി നടപ്പിലാക്കി. നമ്പൂതിരിബില്‍ നമ്പൂതിരി ജീവിതസമ്പ്രദായങ്ങളെ പരിഷ്കരിച്ചു. പഴയ കൂട്ടുകുടുംബവ്യവസ്ഥ തകരുവാനും പുതിയ കുടുംബബന്ധങ്ങള്‍ ഉടലെടുക്കുവാനും ഈ നിയമങ്ങള്‍ വഴിത്തിരിവായിട്ടുണ്ട്.

വിവാഹ സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്ന പരിഷ്കാരങ്ങളോടൊപ്പം നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍ ബ്ളൌസിടല്‍, ഘോഷബഹിഷ്കരിക്കല്‍ തുടങ്ങിയ പ്രവണതകളും ശക്തിപ്പെട്ടു. പ്രഥമ ഘോഷാ ബഹിഷ്കരണം അന്തര്‍ജന സമാജത്തിന്റെ മൂന്നാമത് യോഗത്തെത്തുടര്‍ന്ന് പാര്‍വതി നെന്മേനി മംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്. 1934-ല്‍ നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹം നടന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ ശ്രമഫലമായിരുന്നു ഈ വിവാഹം.

ആചാരാനുഷ്ഠാനങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനത്തിലുമെല്ലാം മാറ്റം വരുത്തുക എന്ന പരിമിതമായ ലക്ഷ്യത്തിനു പകരം, ജാതിയില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുകയെന്ന വിശാല ലക്ഷ്യത്തെപ്പറ്റി വി.ടി. ഭട്ടതിരിപ്പാടും മറ്റും ഈയവസരത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. ജാതിമതഭേദമില്ലാതെ പലതരക്കാരും ചേര്‍ന്ന് ആശ്രമമാതൃകയില്‍ കൂട്ടായി ജീവിക്കുന്നതിനും, ഇതിനെതിരായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തുകൊണ്ടുള്ള പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനുമായി പട്ടാമ്പിക്കടുത്ത് കൊടുമുണ്ടില്‍ 'ഉദ്ബുദ്ധകേരളം' എന്ന സ്ഥാപനത്തിന് വി.ടി. ഭട്ടതിരിപ്പാട് തുടക്കം കുറിച്ചു. 'ഉണ്ണി നമ്പൂതിരി'യും ഉദ്ബുദ്ധ കേരളവും ഉയര്‍ത്തിവിട്ട ചിന്താധാരകള്‍ കേരളത്തില്‍ പൊതുവേയും നമ്പൂതിരി സമുദായത്തില്‍ പ്രത്യേകിച്ചും പുരോഗമനപരമായ ചലനങ്ങള്‍ക്ക് പ്രചോദനം നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍