This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പ്യാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:55, 14 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്പ്യാര്‍

കേരളത്തിലെ ഒരു ഹിന്ദുസമുദായം. നമ്പ്യാര്‍ എന്ന പേരില്‍ വ്യത്യസ്ത ജനസമൂഹങ്ങള്‍ അറിയപ്പെടുന്നുണ്ട്. വടക്കേ മലബാറില്‍ നായര്‍ പ്രഭുക്കന്മാരുടെ പദവി 'നമ്പ്യാര്‍' എന്നാണ്. അതേ സമയം മറ്റിടങ്ങളില്‍ ഇക്കൂട്ടര്‍ അമ്പലവാസികളായി പരിഗണിക്കപ്പെടുന്നു. ജാതിശ്രേണിയില്‍ ക്ഷത്രിയരുടെയും ശൂദ്രരുടെയും ഇടയിലുള്ള സ്ഥാനമാണ് നമ്പ്യാര്‍ സമുദായത്തിന് കല്പിക്കപ്പെട്ടുവന്നിരുന്നത്. മൂന്നു വ്യത്യസ്ത അമ്പലവാസി സമുദായങ്ങള്‍ നമ്പ്യാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ചാക്യാര്‍ നമ്പ്യാര്‍, പുഷ്പകനമ്പ്യാര്‍, തീയാട്ടുനമ്പ്യാര്‍. ഇവകൂടാതെ ചെങ്ങഴിനമ്പ്യാര്‍ എന്ന പേരില്‍ അമ്പലവാസിയല്ലാത്ത ഒരു നമ്പ്യാര്‍ സമുദായവുമുണ്ട്.

ചാക്യാര്‍നമ്പ്യാര്‍. പൂണൂലില്ലാത്തതും നൃത്ത-വാദ്യാദി കലകളില്‍ പ്രവീണരുമായ ഒരു നമ്പ്യാര്‍ വിഭാഗമാണിത്. കൂത്ത്, കൂടിയാട്ടം എന്നീ അനുഷ്ഠാനകലകള്‍ ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ സമുദായവുമായി വളരെ അടുത്തുകഴിയുന്നതുകൊണ്ട് ചാക്യാര്‍നമ്പ്യാര്‍ എന്ന പേരുവന്നു. കൂത്തരങ്ങില്‍ ചാക്യാരുടെ പിന്നിലിരുന്ന് മിഴാവുകൊട്ടാന്‍ നമ്പ്യാര്‍ വേണം. നങ്ങ്യാര്‍ എന്ന നമ്പ്യാര്‍ സ്ത്രീ അരങ്ങിന്റെ ഒരു വശത്തിരുന്ന് കുഴിത്താളത്തില്‍ താളം പിടിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നു. നങ്ങ്യാര്‍കൂത്ത് എന്ന സ്വതന്ത്രക്ഷേത്രകലയും അവര്‍ അമ്പലങ്ങളില്‍ അവതരിപ്പിക്കുന്നു. അഗ്നിഹോത്രികളായ നമ്പൂതിരിമാര്‍ മരിച്ചാല്‍ ശ്മശാനത്തില്‍ ചുടലക്കൂത്ത് എന്നൊരനുഷ്ഠാനവും ഇവര്‍ അവതരിപ്പിച്ചിരുന്നു.

ചാക്യാര്‍മാരാണ് നങ്ങ്യാര്‍മാരെ സാധാരണയായി സംബന്ധം ചെയ്തിരുന്നത്. നമ്പൂതിരിമാരെയും ക്ഷത്രിയരെയും സ്വജാതിക്കാരെയും നങ്ങ്യാര്‍മാര്‍ ഭര്‍ത്താക്കന്മാരായി സ്വീകരിച്ചിരുന്നു. നമ്പ്യാര്‍ പുരുഷന്മാര്‍ നായര്‍ സ്ത്രീകളെ സംബന്ധം ചെയ്തുപോന്നു. മരുമക്കത്തായമായിരുന്നു ദായക്രമം. കെട്ടുകല്യാണവും നിലനിന്നിരുന്നു. പൊള്ളത്താലി എന്നു പേരുള്ള ഒരു പ്രത്യേകതാലിയാണ് സ്ത്രീകള്‍ അണിഞ്ഞുപോന്നിരുന്നത്. ഭ്രഷ്ടാക്കപ്പെടുന്ന നമ്പൂതിരിസ്ത്രീകളുടെ വേളിയിലുണ്ടായ ആണ്‍കുട്ടികളെ ഉപനയനം കഴിഞ്ഞിട്ടില്ലെങ്കില്‍ നമ്പ്യാരായും ഉപനയനം കഴിഞ്ഞവരെങ്കില്‍ ചാക്യാരായും തരംതാഴ്ത്തുമായിരുന്നു. പൂണൂല്‍ അണിയാത്ത നമ്പ്യാര്‍മാര്‍ക്ക് പൂണൂലണിഞ്ഞ നമ്പ്യാരെ തൊട്ടാല്‍ അശുദ്ധി കല്പിക്കപ്പെട്ടിരുന്നു. ചാക്യാര്‍കലയിലെ ആചാര്യനായ കുഞ്ചന്‍നമ്പ്യാര്‍ ചാക്യാര്‍നമ്പ്യാര്‍സമുദായാംഗമാണ്. ക്ഷേത്രകലയുമായി ബന്ധപ്പെട്ട ഒട്ടേറെ കലാപ്രതിഭകള്‍ ചാക്യാര്‍ നമ്പ്യാര്‍ സമുദായാംഗങ്ങളാണ്.

പുഷ്പകനമ്പ്യാര്‍. പൂണൂല്‍ധാരികളായ നമ്പ്യാര്‍ വിഭാഗമാണ് ഇക്കൂട്ടര്‍. അമ്പലവാസികളായ ഇവര്‍ തെക്കന്‍ തിരുവിതാംകൂറില്‍ പൂപ്പാലികന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ക്ഷേത്രങ്ങളില്‍ മാലകെട്ടല്‍ ഒരു പ്രധാനതൊഴിലായതുകൊണ്ട് പുഷ്പകന്‍ എന്ന പേരുണ്ടായി. നാലമ്പലം ശുചീകരണം, പാത്രം കഴുകല്‍, എഴുന്നള്ളത്തിന് വിളക്കെടുക്കല്‍ തുടങ്ങിയ ചുമതലകളും കല്പിക്കപ്പെട്ടിരുന്നു. ഓരോ കുടുംബത്തിനും ഓരോ ക്ഷേത്രത്തില്‍ കഴകവുമുണ്ടായിരുന്നു. ക്ഷേത്രങ്ങളുടെ പരിസരത്തു തന്നെയായിരുന്ന ഇവരുടെ വീടുകള്‍ക്ക് പുഷ്പകം, പൂമഠം, പൂമുറ്റം എന്നീ പേരുകളാണുള്ളത്. സ്ത്രീകളെ പുഷ്പിണിയെന്നോ ബ്രാഹ്മിണിയെന്നോ വിളിക്കും. മററുള്ളവരുടെ കെട്ടുകല്യാണം, തിരണ്ടുകല്യാണം, വേളി തുടങ്ങിയ ചടങ്ങുകളില്‍ ഇവര്‍ സ്വയംവരപ്പാട്ടുകള്‍ പാടുന്നു. കൂടാതെ കാവുകളില്‍ ദാരികാവധം തുടങ്ങിയ ഭദ്രകാളിപ്പാട്ടുകളും പാടുമായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ്. മറ്റ് അനുബന്ധ ആചാരങ്ങളുമുണ്ടായിരുന്നു. വേളി കഴിച്ചയാള്‍ തന്നെ ഭര്‍ത്താവാകുകയോ, സ്വജാതിയിലോ ഉയര്‍ന്നജാതിയിലോപെട്ടവരെ സംബന്ധക്കാരായി സ്വീകരിക്കുകയോ ചെയ്തിരുന്നു. മരുമക്കത്തായമോ മക്കത്തായമോ സാഹചര്യങ്ങള്‍ക്കും കുടുംബാന്തരീക്ഷങ്ങള്‍ക്കുമൊത്തു സ്വീകരിച്ചുപോന്നു. സ്വസമുദായത്തിലെ വ്യക്തിയെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ ഭര്‍ത്തൃഗൃഹവാസവും മക്കത്തായവുമായിരിക്കും. വിവാഹശേഷം സ്വഗൃഹത്തിലാണ് ഭാര്യ താമസിക്കുന്നതെങ്കില്‍ ദായക്രമം മരുമക്കത്തായമായിരിക്കും. പത്തു ദിവസം നീണ്ടുനില്ക്കുന്ന പുല ആചരിച്ചിരുന്നു.

തീയാട്ടുനമ്പ്യാര്‍. കളമെഴുത്ത്, പാട്ട്, കൊട്ട്, നൃത്തം, വേഷം, അഭിനയം, പന്തമുഴിച്ചില്‍ എന്നിവയെല്ലാമടങ്ങുന്ന തീയാട്ട് എന്ന അനുഷ്ഠാനകല ഭഗവതി-അയ്യപ്പക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന പൂണൂല്‍ ധാരികളായ അമ്പലവാസികളാണ് തീയാട്ടുനമ്പ്യാര്‍. അയ്യപ്പന്‍ തീയാട്ടാണ് ഇവരുടെ അനുഷ്ഠാനകര്‍മം. പഴയ കൊച്ചി രാജ്യത്തിന്റെ വടക്കും മലബാറിലുമാണ് തീയാട്ടുനമ്പ്യാര്‍ പ്രധാനമായും വസിച്ചിരുന്നത്. ഇവര്‍ മുഖ്യമായും മരുമക്കത്തായികളായിരുന്നു. കെട്ടുകല്യാണം കഴിച്ചയാള്‍ തന്നെയോ ഉയര്‍ന്ന ജാതിക്കാരോ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരാകുന്ന പതിവാണ് നിലനിന്നിരുന്നത്. പണ്ടുകാലങ്ങളില്‍ പ്രഭുകുടുംബങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടായാല്‍ തീയാട്ടുനമ്പ്യാന്മാരെ ക്ഷണിച്ചുവരുത്തി കര്‍മങ്ങള്‍ ചെയ്യിക്കാറുണ്ടായിരുന്നു.

തെക്കന്‍കൊച്ചിയിലും വടക്കന്‍ തിരുവിതാംകൂറിലും ഭദ്രകാളി തീയാട്ട് അവതരിപ്പിക്കുന്നവരെ തീയാട്ടുണ്ണികള്‍ എന്നു വിളിക്കുന്നു. വേദാധികാരമില്ലാത്ത നമ്പൂതിരിയായിട്ടാണ് ഇവര്‍ സ്വയം ഗണിക്കപ്പെട്ടിരുന്നത്. താമസിക്കുന്ന വീടിനെ ഇല്ലം എന്നു വിശേഷിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് അന്തര്‍ജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍ പുരുഷന്മാര്‍ വസ്ത്രം തറ്റുടുക്കുന്നു. സഹോദരന്മാരില്‍ മൂത്തയാള്‍ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളു. അത് ഒന്നിലധികവുമായിരുന്നു. ഇളയ സഹോദരങ്ങള്‍ക്ക് താഴ്ന്ന ജാതികളില്‍ സംബന്ധമാകാമായിരുന്നു. തീയാട്ടുണ്ണികള്‍ മുഖ്യമായും മക്കത്തായികളായിരുന്നു. വിധവകള്‍ക്ക് നമ്പൂതിരി സംബന്ധം നിഷേധിക്കപ്പെട്ടിരുന്നില്ല. അത്തരം സന്തതികള്‍ അമ്മയുടെ കുടുംബപ്പേരിലാണ് അറിയപ്പെടുക. പത്തുദിവസം നീണ്ടുനില്ക്കുന്നതായിരുന്നു പുല.

ചെങ്ങഴിനമ്പ്യാര്‍. തലപ്പിള്ളി താലൂക്കിലെ ചെങ്ങഴി കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴിനമ്പ്യാന്മാരുടേത്. ഇവര്‍ അമ്പലവാസികളല്ല പൂണൂല്‍ ധാരികളായിരുന്ന ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് നമ്പിടി സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. കെട്ടുകല്യാണം, തിരണ്ടുകല്യാണം തുടങ്ങിയ ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു. പുരുഷന്മാരെ നമ്പ്യാര്‍ എന്നും സ്ത്രീകളെ നങ്ങ്യാര്‍ എന്നും വിളിക്കുന്നു. മരുമക്കത്തായികളായിരുന്ന ഇവരുടെ സ്ത്രീകള്‍ സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ സംബന്ധം ചെയ്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍