This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്ദികലമ്പകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നന്ദികലമ്പകം
തമിഴ് ലഘുകാവ്യം (എ.ഡി. 835). ലഭ്യമായിട്ടുള്ള കലമ്പകങ്ങളില്വച്ച് ഏറ്റവും പ്രാചീനമാണ് ഈ കൃതി. വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍ കൊണ്ടുള്ള മാലയാണ് കലമ്പകം. അജ്ഞാതകര്‍ത്തൃകമായ ഈ കാവ്യത്തില്‍ പല്ലവരാജാവായ നന്ദിവര്‍മന്‍ മൂന്നാമന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു. നന്ദിവര്‍മന്‍ മൂന്നാമന്റെ ഭരണകാലം 825 മുതല്‍ 850 വരെയാണെന്ന് ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. ഈ രാജാവിന്റെ യുദ്ധവിജയങ്ങളെ 16 പാട്ടുകളിലായി ഈ കാവ്യത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. നന്ദിവര്മന്റെ ഭരണമാരംഭിച്ച് 10-ാം വര്‍ഷം സ്ഥാപിച്ച തിരുനെയ്സ്ഥാനം ക്ഷേത്രരേഖയിലാണ് 'തെള്ളാത എറിഞ്ഞ നന്ദിവര്‍മന്‍' എന്ന് ആദ്യമായി ഇദ്ദേഹത്തെ പരാമര്‍ശിച്ചു കാണുന്നത്. അതിനാല്‍ നന്ദികലമ്പകം നന്ദിവര്‍മന്‍ മൂന്നാമന്റെ വിജയത്തിനുശേഷം ഏകദേശം 835-ല്‍ രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു.
നന്ദികലമ്പകത്തിന്റെ കര്‍ത്താവായിരിക്കണം കലമ്പകം എന്ന കാവ്യരീതി ആദ്യമായി അവതരിപ്പിച്ചതെന്ന് പണ്ഡിതന്മാര് വിശ്വസിക്കുന്നു. ഈ കാവ്യരീതിയിലെ എല്ലാ അംശങ്ങളും ഉള്ള കൃതിയാണ് നന്ദികലമ്പകം. അകപ്പൊരുളും പുറപ്പൊരുളും ഇടകലര്‍ന്നു വന്നിട്ടുള്ള ഈ കൃതിയില്‍ ആകെ 114 പാട്ടുകളാണുള്ളത്. ലളിതവും സാഹിത്യമേന്മയുള്ളവയുമാണ് ഇതിലെ പാട്ടുകള്‍. 'കാര്‍കാലം' കണ്ട് ദുഃഖിക്കുന്ന നായികയുടെ പ്രസ്താവന, മരിച്ചു കിടക്കുന്ന നന്ദിവര്മനെ കണ്ട് ഉറ്റവര്‍ വിലപിക്കുന്നത്, പാണനെ നായിക ഇകഴ്ത്തി സംസാരിക്കുന്നത് തുടങ്ങിയ ഭാഗങ്ങള്‍ വളരെ ഹൃദയസ്പൃക്കായി വര്‍ണിച്ചിട്ടുണ്ട്. തന്റെ അപദാനങ്ങളെ സ്തുതിക്കുന്ന മനോഹരമായ ഈ കവിത കേട്ടതിനുശേഷം അദ്ദേഹം ജീവിതം ഉപേക്ഷിച്ചുവെന്നാണ് ഐതിഹ്യം.
നന്ദികലമ്പകത്തില് മുല്ലൈ, കച്ചി, മയിലൈ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചും കച്ചിനാട്, വടവേങ്കടനാട്, അങ്കനാട്, തെനാട്, ചോനാട് എന്നീ നാടുകളെക്കുറിച്ചും കടമ്പൂര്, ഗുരുക്കോട്ടൈ, തെള്ളാറ്, തൊണ്ടി, പഴയാറ്, വെറിയലൂര് തുടങ്ങിയ യുദ്ധങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ ചരിത്രപരമായ പ്രാധാന്യവും ഈ കൃതിക്കുണ്ട്.