This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്ദ, ബി.ആര്‍. (1917 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നന്ദ, ബി.ആര്‍. (1917 - )
ഇന്ത്യന്‍ ചരിത്രകാരന്‍. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തക പരമ്പരയുടെ മുഖ്യപത്രാധിപന്‍ എന്ന നിലയിലാണ് ബൗദ്ധികലോകത്ത് ശ്രദ്ധേയനായത്. നിലവില്‍ പാകിസ്താന്റെ ഭാഗമായ റാവല്‍പ്പിണ്ടിയില്‍ 1917 ഒ. 11-ന് പുരുഷോത്തംദാസ് നന്ദയുടെയും മായാദേവി നന്ദയുടെയും മകനായി ജനിച്ചു. ലാഹൂര്‍ ഗവണ്‍മെന്റ് കോളജില്‍നിന്നും 1937-ല്‍ ചരിത്രത്തില്‍ ബിരുദവും 1939-ല്‍ ബിരുദാനന്തര ബിരുദവും നേടി. 1942-ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി ചേരുകയും വിവിധ പദവികള്‍ വഹിക്കുകയും ചെയ്തു. 1965-ല്‍ തീന്‍മൂര്‍ത്തി മ്യൂസിയം ആന്‍ഡ് ലൈബ്രറി ആരംഭിച്ചപ്പോള്‍ അതിന്റെ പ്രഥമ ഡയറക്ടറായി. 1980 വരെ ആ ചുമതല വഹിച്ചു.
ഗാന്ധി; എ പിക്റ്റോറിയല്‍ ബയോഗ്രഫി, ഇന്‍ ഗാന്ധീസ് ഫൂട്ട്സ്റ്റെപ്സ്, ദ് ലൈഫ് ആന്‍ഡ് ടൈംസ് ഒഫ് ജാമ്നലാല്‍ ബജാജ്, ഇന്‍ സെര്‍ച്ച് ഒഫ് ഗാന്ധി, ദി നെഹ്റൂസ്: മോട്ടിലാല്‍ ആന്‍ഡ് ജവാഹര്‍ലാല്‍, ഗാന്ധി ആന്‍ഡ് ഹിസ് ക്രിട്ടിക്സ്, മഹാത്മാഗാന്ധി: എ ബയോഗ്രഫി, ഗോഖലേ: ദി ഇന്ത്യന്‍ മോഡറേറ്റ്സ് ആന്‍ഡ് ദ് ബ്രിട്ടീഷ് രാജ്, ജവാഹര്‍ലാല്‍ നെഹ്റു: റിബല്‍ ആന്‍ഡ് സ്റ്റേറ്റ്സ്മാന്‍, തുടങ്ങി ജീവചരിത്രശാഖയെ സമ്പന്നമാക്കിയ നിരവധി രചനകള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ജീവചരിത്രരചനയിലെ നന്ദയുടെ സവിശേഷപാടവം കണ്ടറിഞ്ഞ നെഹ്റു തന്റെ പിതാവിന്റെ ജീവചരിത്രമെഴുതാന്‍ ഇദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഗാന്ധി: പാന്‍ ഇസ്ലാമിസം, ഇംപീരിയലിസം ആന്‍ഡ് നാഷണലിസം ഇന്‍ ഇന്ത്യ, സോഷ്യലിസം ഇന്‍ ഇന്ത്യ, ഗോഖലേ, ഗാന്ധി ആന്‍ഡ് ദ് നെഹ്റൂസ്: സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ നാഷണലിസം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റുപ്രധാന കൃതികള്‍.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് നാഷണല്‍ ഫെല്ലോഷിപ്പ്, ദാദാഭായി നവറോജി മെമ്മോറിയല്‍ പുരസ്കാരം തുടങ്ങി ഒട്ടനേകം പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ല്‍ പദ്മഭൂഷനും 2003-ല്‍ പദ്മവിഭൂഷനും നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.