This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷ്, പോള്‍ (1889 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 3 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നാഷ്, പോള്‍ (1889 - 1946)

Nash,Paul

ബ്രിട്ടീഷ് ചിത്രകാരന്‍. 1889 മേയ് 11-ന് ലണ്ടനില്‍ ജനിച്ചു. ലണ്ടനിലെ സെന്റ് പോള്‍ സ്കൂള്‍, ചെല്‍സ്കാ പോളിടെക്നിക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ഒരു വര്‍ഷം സ്ലേഡ് സ്കൂള്‍ ഒഫ് ആര്‍ട്സില്‍ ചിത്രകലയും അഭ്യസിച്ചു. വില്യം ബ്ലാക്കിന്റെ കവിതകളിലും സാമുവല്‍ പാല്‍മറുടെയും ഡാന്റെ ഗബ്രിയേല്‍ റോസെറ്റിയുടെയുമെല്ലാം ചിത്രരചനകളിലും ആകൃഷ്ടനായിരുന്ന ഇദ്ദേഹത്തില്‍ 1910-ല്‍ നടന്ന റോജര്‍ ഫ്രെയുടെ ഒരു ചിത്രപ്രദര്‍ശനം ഏറെ സ്വാധീനം ചെലുത്തി. തുടര്‍ന്നാണ് ചിത്രകലയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ആദ്യകാലത്ത് ഫ്ലവര്‍ പെയിന്റിങ്ങിലാണ് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാലത്തുണ്ടായ രചനകളെല്ലാം തന്നെ കാല്പനിക പ്രമേയങ്ങളിലൂന്നിയതായിരുന്നു. 1912-ല്‍ത്തന്നെ ഇദ്ദേഹത്തിന്റെ ആദ്യവ്യക്തിഗത ചിത്രപ്രദര്‍ശനം കാര്‍ഫാക്സ് ഗ്യാലറിയില്‍ നടന്നു.

ഒന്നാം ലോകയുദ്ധകാലത്ത്, ബ്രിട്ടന്റെ ഔദ്യോഗിക യുദ്ധകാര്യ ചിത്രകാരനായിരുന്നു (War Artists) നാഷ്. ദ് മെനിന്‍ റോഡ, വി.ആര്‍. മെയ്ക്കിങ് എ ന്യൂവേള്‍ഡ്, ഒമ്യൂള്‍ ട്രാക്ക്, എ ഹോമിറ്റ്സന്‍ ഫയറിങ്, റൂയിന്‍ഡ് കണ്‍ട്രി, സ്പ്രിങ് ഇന്‍ ദ് ട്രഞ്ചസ് തുടങ്ങിയവയാണ് അക്കാലത്തെ ഇദ്ദേഹത്തിന്റെ പ്രധാന രചനകള്‍. ഇപ്പോള്‍ ഇതെല്ലാം ഇംപീരിയല്‍ വാര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിനിടെ, റോയല്‍ കോളജ് ഒഫ് ആര്‍ട്സില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

1918-28 കാലത്ത് തിയെറ്റര്‍ രൂപകല്പനയിലേക്കും പുസ്തക രൂപകല്പനയിലേക്കും കൂടി നാഷിന്റെ പ്രവര്‍ത്തനം വ്യാപിച്ചു. ഇതിനുശേഷമാണ് ഇദ്ദേഹം സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. പ്രശസ്ത ചിത്രകാരന്‍ ഷിറിക്കോയുമായുള്ള സഹവാസമാണ് യഥാര്‍ഥത്തില്‍ ഇദ്ദേഹത്തെ ഈ പ്രസ്ഥാനവുമായി അടുപ്പിച്ചത്. ആദ്യത്തേതില്‍നിന്നും വ്യത്യസ്തമായി, പൂര്‍ണമായും സര്‍റിയലിസ്റ്റ് രചനകള്‍ തന്നെയായിരുന്നു പിന്നീടുള്ളവയെല്ലാം. ഇത്തരം രചനകള്‍ 1932-ല്‍ ലണ്ടനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇക്കാലത്തുതന്നെ ഇദ്ദേഹം അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്യുകയും അവിടുത്തെ പ്രകൃതിദൃശ്യങ്ങളും മറ്റും കാന്‍വാസില്‍ പകര്‍ത്തുകയും ചെയ്തു. ബ്രിട്ടണിലെ ചിത്രകലാപ്രസ്ഥാനമായിരുന്ന 'യൂണിറ്റ് വണ്‍'-ന്റെ രൂപീകരണത്തില്‍ ഇദ്ദേഹവും പങ്കാളിയായിരുന്നു. ഹെന്റി മൂര്‍, ബാര്‍ബേമ ഹെപ്വര്‍ക്ക്, ഹെര്‍ബര്‍ട്ട് റീഡ് തുടങ്ങിയവരും ഇദ്ദേഹത്തോടൊപ്പം ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

1939-ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതൊടെ നാഷ് ഒരിക്കല്‍കൂടി യുദ്ധകാര്യചിത്രകാരനായി. ഈ സമയത്ത് ബ്രിട്ടന്റെ വിവര-വ്യോമയാന വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. 'ബാറ്റില്‍ ഒഫ് ബ്രിട്ടണ്‍', 'ടോട്ടസ് മീര്‍' തുടങ്ങിയ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സര്‍റിയലിസ്റ്റ് രചനകള്‍ ഇക്കാലത്താണുണ്ടായത്. രണ്ട് ലോകയുദ്ധങ്ങളിലെയും രചനകളെ താരതമ്യം ചെയ്യുമ്പോള്‍, അബ്സ്ട്രാക്റ്റ് രചനകളില്‍നിന്നു സര്‍റിയലിസത്തിലേക്കുള്ള മാറ്റം ദര്‍ശിക്കാനാകും. യുദ്ധങ്ങളുടെ ബീഭത്സമുഖങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയതിന്റെ മനഃപ്രയാസമാകാം, അവസാനകാലത്ത് ഇദ്ദേഹത്തെ ഫ്ലവര്‍ പെയിന്റിങ്ങിലേക്കു തന്നെ തിരിച്ചത്.

നിരന്തരം രോഗങ്ങള്‍ക്കടിപ്പെട്ടിരുന്ന നാഷ് 1946 ജൂല. 11-ന് ഹാംപ്ഷെയറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍