This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാന്ദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:22, 11 ഡിസംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാന്ദി

സംസ്കൃത നാടകങ്ങളിലുപയോഗിക്കുന്ന സ്തുതിഗീതങ്ങള്‍ക്ക് നല്‍കുന്ന സാങ്കേതിക സംജ്ഞ. സംസ്കൃതനാടകങ്ങളുടെ പ്രാരംഭത്തില്‍ ദേവതാ സ്തുതിപരമായും ബ്രാഹ്മണര്‍, രാജാവ്, കലാകാരന്മാര്‍, രാഷ്ട്രം, ജനം, സംവിധായകര്‍, സഹൃദയര്‍ തുടങ്ങിയവര്‍ക്ക് അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് ആശീര്‍വാദപരവുമായി അവതരിപ്പിക്കുന്ന ശ്ലോകങ്ങള്‍.

'ആശീര്‍വചനസംയുക്താ സ്തുതിഃതസ്മാത് പ്രയുജ്യതേ

ദേവദ്വിജനൃപാദീനാം തസ്മാന്നാന്ദീതി കീര്‍ത്തിതാ'

എന്ന് നാട്യശാസ്ത്രത്തില്‍ നാന്ദിക്ക് വിശദീകരണം നല്കുന്നു.

ആനന്ദിപ്പിക്കുന്നത് (നന്ദിപ്പിക്കുന്നത്), ആശീര്‍വദിക്കുന്നത് എന്നീ അര്‍ഥങ്ങളില്‍ നാന്ദി എന്ന വാക്ക് പ്രയുക്തമാകുന്നു. നാടകാവതരണത്തിന്റെ തുടക്കത്തില്‍ പൂര്‍വരംഗമായി അനുഷ്ഠിക്കേണ്ട പത്തൊന്‍പതു വിധികളെപ്പറ്റി നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിക്കുന്നതില്‍ ഒന്നാണ് നാന്ദി. ഇതില്‍ പ്രത്യാഹാരം, അവതരണം, ആശ്രാവണം, വക്ത്രപാണി, പരിഘട്ടന, സംഘോടന, മാര്‍ഗസാരിതം, ആസാരിതം എന്നീ വിധികള്‍ ഗീതംകൂടാതെ തിരശ്ശീലയ്ക്കുള്ളില്‍, വീണ തുടങ്ങിയ വാദ്യങ്ങളോടെ അനുഷ്ഠിക്കുന്നതും ഗീതകം, വര്‍ധമാനകം, ഉത്ഥാപനം, പരിവര്‍ത്തനം, നാന്ദി, രംഗദ്വാരം, ചാരി, മഹാചാരി, ത്രിഗത, പ്രരോചന എന്നീ പത്തുവിധികള്‍ സൂത്രധാരന്‍, പാര്‍ശ്വികന്മാര്‍ എന്നിവര്‍ ഗീതത്തോടെ രംഗത്തവതരിപ്പിക്കുന്നതുമാണ്. എന്നാല്‍ നാന്ദിയും മറ്റും തിരശ്ശീലയ്ക്കുപിന്നിലവതരിപ്പിക്കുന്നതായും ഭിന്നാഭിപ്രായമുണ്ട്. ഇതില്‍ ഓരോവിധിയും പ്രത്യേക ദേവന്മാരെയോ, ഗന്ധര്‍വന്മാര്‍, അസുരന്മാര്‍ തുടങ്ങിയവരെയോ പ്രീതിപ്പെടുത്തുന്നതിനുദ്ദേശിച്ചാണെന്നും അതിന്റെ വിശദവിവരണവും നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നാന്ദി ചന്ദ്രനെ പ്രീതിപ്പെടുത്തുന്നു എന്നാണ് പരാമര്‍ശം.

ചന്ദ്രന്‍ എല്ലാ രസങ്ങളുടെയും ആലംബനമാണ്; ഈ രസങ്ങളുടെ യഥായോഗ്യമായ വിന്യാസമുണ്ടെങ്കിലേ ചന്ദ്രന്‍ സംതൃപ്തനാകുകയുള്ളൂ; ഒരു നാടകത്തിന്റെ രംഗാവിഷ്കാരത്തില്‍ ഉചിതമായ രസസന്നിവേശമുണ്ടാകണമെങ്കില്‍ നാന്ദി കൂടിയേതീരു, എന്നിങ്ങനെ സാഗരനന്ദി നാന്ദിയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

സൂത്രധാരന്‍ മധ്യമസ്വരത്തില്‍ എട്ടോ പന്ത്രണ്ടോ പദമുള്ള നാന്ദീശ്ലോകം ചൊല്ലണം എന്നാണ് നാട്യശാസ്ത്രത്തില്‍ പറയുന്നത്.

നാന്ദി, പൂര്‍വരംഗത്തിന്റെ ഭാഗമായി സൂത്രധാരന്‍ തുടങ്ങിയവര്‍ രംഗത്തവതരിപ്പിക്കുന്നു എന്ന് നാട്യശാസ്ത്രത്തില്‍ ഒരു ഭാഗത്തു പറയുന്നുണ്ടെങ്കിലും ആശ്രാവണയുടെ ശേഷം നാന്ദിയും കഴിഞ്ഞ് സൂത്രധാരന്‍ രംഗത്തുപ്രവേശിച്ച് പ്രസ്താവന നടത്തുന്നു എന്ന് മറ്റൊരുഭാഗത്തു പറയുന്നതു ശ്രദ്ധേയമാണ്.

ഭാസനാടകങ്ങളില്‍ ഈ രീതിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. 'നാന്ദിക്കുശേഷം സൂത്രധാരന്‍ പ്രവേശിക്കുന്നു' എന്ന പ്രസ്താവനയോടെയാണ് ഭാസനാടകങ്ങളെല്ലാം ആരംഭിക്കുന്നത്. കാളിദാസനാടകങ്ങളിലും സൂത്രധാരന്‍ ആദ്യം ചൊല്ലുന്ന മംഗളശ്ലോകം നാന്ദീശ്ലോകമായി രേഖപ്പെടുത്താറുണ്ടെങ്കിലും നാടകസങ്കേതമനുസരിച്ച് നാന്ദിയായി കരുതാന്‍ കഴിയുന്നില്ല എന്ന് ചില നിരൂപകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാന്ദി രംഗാവിഷ്കാരാരംഭത്തിനു മുന്‍പുതന്നെ വാദ്യഘോഷത്തോടെ അണിയറയിലോ തിരശ്ശീലയ്ക്കു പിന്നിലോ വച്ച് അവതരിപ്പിക്കുന്ന പതിവും മുന്‍പുതന്നെ ഉണ്ടായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. നാടകകൃത്തുക്കളും സംവിധായകരും മുന്‍പും ഇതില്‍ സ്വാതന്ത്ര്യം പുലര്‍ത്തിയിരുന്നു എന്നനുമാനിക്കാം. നാടകരംഗത്ത്, ആധുനിക കാലത്തും പൂര്‍വരംഗവിധികളും മറ്റും രംഗബാഹ്യമായും രംഗത്തും വ്യത്യസ്തമായ നിലയില്‍ അവതരിപ്പിക്കുന്നതായി കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍