This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാടന്‍പാട്ടുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാടന്‍പാട്ടുകള്‍
ഒരു വാമൊഴി സാഹിത്യരൂപം. സാധാരണജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടവയും തലമുറകളിലൂടെയുള്ള കൈമാറ്റത്തിന് വിധേയമാകുന്നവയുമാണ് നാടന്‍പാട്ടുകള്‍. അവ അജ്ഞാതകര്‍ത്തൃകങ്ങളാണ്. ഇതാണ് നാടന്‍പാട്ടുകളെക്കുറിച്ചുള്ള പരമ്പരാഗത നിര്‍വചനം. എന്നാല്‍ ആധുനിക ഫോക്ലോര്‍ പഠനം ജ്ഞാതകര്‍ത്തൃകങ്ങളായ രചനകളെയും നാടന്‍പാട്ടുകളായി കണക്കാക്കുന്നു. പക്ഷേ, അവ ജനസാമാന്യത്തിന്റെ പൂര്‍ണ അംഗീകാരമുള്ളതും അവരുടെ ജീവിതത്തിന്റെ ഭാഗമായതുമാകണം. ചടങ്ങുസംബന്ധമായ എത്രയോ നാടന്‍പാട്ടുകള്‍ ഇതിനുദാഹരണം. സമൂഹം പുനഃസൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നവ എന്നതിനാല്‍ നാടന്‍പാട്ടുകള്‍ക്ക് വ്യക്തമായ ചരിത്രമുണ്ടാകുകയില്ല. എന്നുമാത്രമല്ല അവ ദേശം, കാലം, ഉള്ളടക്കം, ശൈലി, രൂപം എന്നു തുടങ്ങി വിവിധ തലങ്ങളില്‍ വ്യത്യസ്തരൂപങ്ങളില്‍ നിലനില്ക്കുന്നു. അവയില്‍ കഥാഗാനങ്ങള്‍ എന്ന ആഖ്യാനപരമായ ഗാനങ്ങളും കേവലം ഭാവാത്മകമായ നാടോടിപ്പാട്ടുകളുമാണുള്ളത്.
ഉത്പത്തി
ഇന്നത്തെ ജനത ഇന്നലത്തെ പ്രാകൃതജനതയുടെ തുടര്‍ച്ചയാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍, നാടന്‍പാട്ടുകള്‍ പിറന്നത് പ്രാകൃതഗാനങ്ങളില്‍ നിന്നാണെന്നു പറയാം. പ്രിമിറ്റീവ് സോങ് എന്ന ഗ്രന്ഥത്തില്‍ പ്രാകൃതഗാനങ്ങളുടെ ഉത്പത്തിയെപ്പറ്റി സി.എം. ബൌറ ഇങ്ങനെ രേഖപ്പെടുത്തുന്നു: