This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാടന്‍കുരങ്ങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാടന്‍കുരങ്ങ്
Bonnet macaque
ഒരിനം കുരങ്ങ്. മനുഷ്യനും ആള്‍ക്കുരങ്ങുകളും തേവാങ്കുകളും ഉള്‍പ്പെടുന്ന പ്രൈമേറ്റ് വംശത്തില്‍പ്പെടുന്ന നാടന്‍കുരങ്ങിന്റെ ശാ.നാ. മക്കാക്ക റേഡിയേറ്റ (Macaca radiata) എന്നാണ്. നാടന്‍കുരങ്ങുകള്‍ സാധാരണ കൂട്ടമായാണ് കാണപ്പെടുന്നത്. ഒരു കൂട്ടത്തില്‍ ചിലപ്പോള്‍ 40 മുതല്‍ 50 വരെ കുരങ്ങുകളുണ്ടാകും. നാട്ടിന്‍പുറങ്ങളിലും കാടുകളിലും കണ്ടുവരുന്ന നാടന്‍ കുരങ്ങിന്റെ പിന്‍ഭാഗത്തിന് മഞ്ഞനിറവും ഉദരഭാഗത്തിന് മഞ്ഞകലര്‍ന്ന വെളുപ്പുനിറവുമായിരിക്കും. സാധാരണഗതിയില്‍ മുഖത്തിനു ചുവപ്പുനിറമാണ്. ഉച്ചിയില്‍നിന്നുള്ള ഒരു ചുഴിയില്‍നിന്നു തലമുടിപോലുള്ള രോമങ്ങള്‍ ചിതറിക്കിടക്കുന്നത് നാടന്‍കുരങ്ങുകളുടെ സവിശേഷതയാണ്. ഏകദേശം 50 സെ. മീ. വരെ ഉയരമുള്ള ഈ കുരങ്ങിന്റെ വാലുകള്‍ക്ക് 60 സെ.മീ.-ഓളം നീളമുണ്ടാകും. 6-9 കി.ഗ്രാം വരെയാണ് ആണ്‍കുരങ്ങുകളുടെ ഭാരം; പെണ്‍കുരങ്ങുകളുടേത് 3-4 കി.ഗ്രാമും. മിശ്രഭോജിയായ നാടന്‍കുരങ്ങുകള്‍ക്ക് കരിങ്കുരങ്ങുകളെപ്പോലെ ചാടാന്‍ കഴിയില്ല. നടക്കുമ്പോഴും ചാടുമ്പോഴും വാല്‍ ചുഴറ്റിയാണ് ഇവ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത്. മറ്റു കുരങ്ങുകളെയപേക്ഷിച്ച് നാടന്‍കുരങ്ങുകള്‍ക്ക് മനുഷ്യനെപ്പോലെ പിന്‍കാല്‍ മാത്രമുപയോഗിച്ച് നടക്കുവാന്‍ അതീവ സാമര്‍ഥ്യമുണ്ട്. ചിലന്തികളും, ചെറുപ്രാണികളുമാണ് മുഖ്യാഹാരം. അതിവേഗത്തില്‍ ആഹാരം കഴിയ്ക്കുന്ന നാടന്‍കുരങ്ങുകള്‍ക്ക് ചവയ്ക്കാത്ത ആഹാരം ശേഖരിച്ചുവയ്ക്കുവാന്‍ കവിളില്‍ സവിശേഷമായ സംവിധാനവുമുണ്ട്. ഇങ്ങനെ കവിളില്‍ ശേഖരിച്ച ആഹാരം സ്വസ്ഥമായ സാഹചര്യത്തില്‍ ഇവ വായിലേക്കു തള്ളിയിറക്കി ചവച്ചിറക്കുകയാണ് പതിവ്. മനുഷ്യര്‍ ഉപദ്രവിക്കാത്ത പ്രദേശങ്ങളില്‍ വസിക്കുന്ന ഇവ മനുഷ്യരെക്കണ്ടാല്‍ ഭയന്നോടാറില്ല. നാട്ടിന്‍പുറങ്ങളിലും ഒറ്റപ്പെട്ട പ്രദേശത്തെ കുറ്റിക്കാടുകളിലും കുന്നിന്‍പ്രദേശങ്ങളിലും ജീവിക്കുന്ന നാടന്‍കുരങ്ങുകള്‍ രാവിലെയും വൈകുന്നേരങ്ങളിലും കൃഷിസ്ഥലങ്ങളിലിറങ്ങി നാശമുണ്ടാക്കാറുണ്ട്. വനങ്ങളില്‍ കഴിയുന്ന നാടന്‍കുരങ്ങുകളാകട്ടെ മനുഷ്യരെ ഭയമായതിനാല്‍ പുറത്തേക്കുവരാറില്ല. ഇവ ഭയം, ദേഷ്യം, വേദന എന്നീ അവസ്ഥകളില്‍ സവിശേഷമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. സാധാരണ കൂട്ടങ്ങളായി ജീവിക്കുന്ന നാടന്‍ കുരങ്ങുകള്‍ അവയുടെ ആവാസമേഖലയില്‍ മറ്റുകൂട്ടങ്ങളെ പ്രവേശിക്കാനനുവദിക്കില്ല. മൂന്ന്-നാലു വര്‍ഷംകൊണ്ട് പ്രായപൂര്‍ത്തിയാവുന്ന നാടന്‍കുരങ്ങുകള്‍ക്ക് ഒരു പ്രസവത്തില്‍ ഒരു കുഞ്ഞുമാത്രമേയുണ്ടാകാറുള്ളൂ. കുഞ്ഞുങ്ങളുടെ തലയിലും ശരീരത്തിലും രോമങ്ങള്‍ കാണപ്പെടാറില്ല. പൊതുവേ ഇളംചുവപ്പുനിറമുള്ള കുഞ്ഞുങ്ങള്‍ നാലഞ്ചുമാസം വരെ തള്ളക്കുരങ്ങിന്റെ പാല്‍കുടിച്ചു വളരുന്നു. ഒരു കാലത്ത് കേരളീയര്‍ ആദരിക്കുകയും കൌതുകത്തോടെ സ്നേഹിക്കുകയും ചെയ്തിരുന്ന നാടന്‍കുരങ്ങുകള്‍ കാവുകളിലും മറ്റും സര്‍വസാധാരണമായിരുന്നു. അമ്പല പരിസരങ്ങളിലെത്തുന്നവര്‍ ഇവയ്ക്ക് ഭക്ഷണവും നല്കിപ്പോന്നിരുന്നു. ചില ക്ഷേത്രപരിസരങ്ങളില്‍ ഇപ്പോഴും ഇവയെ കൂട്ടമായി കാണുവാന്‍ കഴിയും.