This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടന്‍ കരവിരുത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:08, 4 ഡിസംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടന്‍ കരവിരുത്

പ്രാദേശിക കൂട്ടായ്മകളുടെ സവിശേഷമായ കരകൗശലവിദ്യ. ഒരു കൂട്ടായ്മയുടെ കരവിരുതിലൂടെ സൃഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് പ്രയോജനമൂല്യത്തെക്കാള്‍ പ്രാധാന്യം കൈവരുമ്പോള്‍ അതിനെ നാടന്‍ കരവിരുതെന്നോ നാടന്‍ കലാവിരുതെന്നോ വിളിക്കുന്നു. ഇത് ഒരു കൂട്ടായ്മ പാരമ്പര്യമായി പിന്തുടരുന്ന കരകൗശല വൈദഗ്ധ്യമാണ്.

എല്ലാ കൂട്ടായ്മകളും കലയും കാര്യവും ഒന്നിച്ചു കൈകാര്യം ചെയ്യുന്നവയാണ്. നിര്‍ദിഷ്ട കാര്യങ്ങള്‍ക്കായി അവര്‍ ചെയ്യുന്ന നിര്‍മിതികളില്‍ അവരുടെ തനതായ കലാമൂല്യം ഒളിഞ്ഞുകിടക്കുന്നു എന്നുമാത്രം. ഈ വിശാലാര്‍ഥത്തില്‍ നൃത്തവും സംഗീതവും നാടകവും ചിത്രകലയുമെല്ലാം ഏറിയും കുറഞ്ഞും അവരുടെ കരവിരുതും പേറുന്നു. ഇവയ്ക്ക് പ്രസ്തുത കൂട്ടായ്മയില്‍ നിലനില്പുണ്ടാകുന്നത് ചില സവിശേഷ ധര്‍മങ്ങള്‍ നിറവേറ്റാനുള്ളതുകൊണ്ടാണ്. പരോക്ഷതലത്തില്‍ അവ നിശ്ചിതധര്‍മം നിറവേറ്റുന്നവയാണെങ്കിലും പ്രത്യക്ഷതലത്തില്‍ ഒരു കലാരൂപമാണവയെന്നര്‍ഥം. അഥവാ അത്തരം നിര്‍മിതികള്‍ നിശ്ചിത കൂട്ടായ്മയുടെ നാദ-വര്‍ണ-രൂപബോധത്തെ പ്രതിനിധാനം ചെയ്യുന്നു എന്നര്‍ഥം.

നാടന്‍ കരവിരുതുകളെ മൂന്നായി തിരിക്കാം. 1. ആത്മീയ ജീവിതവുമായി ബന്ധപ്പെട്ടവ, 2. ഭൌതിക ജീവിതവുമായി ബന്ധപ്പെട്ട, 3. വിനോദപരം.

ആത്മീയജീവിതവുമായി ബന്ധപ്പെട്ടവയില്‍ മുഖംമൂടി, ഉടലെഴുത്ത്, മുഖമെഴുത്ത് തുടങ്ങി അനുഷ്ഠാനങ്ങള്‍ക്കും മറ്റുമായി നിര്‍മിക്കുന്ന വസ്തുക്കളെല്ലാം ഉള്‍പ്പെടും. അക്കൂട്ടത്തില്‍ കവുങ്ങിന്‍പാള, വാഴപ്പോള, കുരുത്തോല, ലോഹങ്ങള്‍ എന്നിവ കൊണ്ടുള്ള കിരീടങ്ങളും ആഭരണങ്ങളുമെല്ലാം വരുന്നു. കളങ്ങള്‍, തട്ടുകള്‍ തുടങ്ങി ഭൌതികേതരമായ വസ്ത്രധാരണരീതി വരെ ഇതിന്റെ ഭാഗമായാണ് പഠിക്കപ്പെടുന്നത്.

ഭൗതികാവശ്യങ്ങള്‍ക്കായുള്ള നിര്‍മിതികളില്‍ ഓലക്കുടയും, പാളത്തൊപ്പിയും, വെള്ളം തേവുന്നതിനുള്ള നാടന്‍ യന്ത്രങ്ങളും, കളിമണ്‍ നിര്‍മിതികളും, വീട്ടുപകരണങ്ങളും, തൊഴിലുപകരണങ്ങളും, ഗതാഗതത്തിനു സഹായകമായ വസ്തുക്കളും, ആഭരണങ്ങളുമെല്ലാം ഉള്‍പ്പെടും. വിനോദപരമായ കരവിരുതുകളില്‍ സംഗീതോപകരണങ്ങളും കളിക്കോപ്പുകളുമാണ് പ്രധാനമായും ഉള്‍ക്കൊള്ളുന്നത്.

അധ്വാനം കൂടിയ ജോലികളായ മരം വെട്ടല്‍, മണ്ണ്കിളയ്ക്കല്‍, കല്ലുവെട്ടല്‍ തുടങ്ങിയവയൊന്നിനെയും നാടന്‍ കരവിരുതില്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍ കൊത്തുവേലകള്‍, ചായപ്പണികള്‍, പാത്രനിര്‍മിതികള്‍, മറ്റ് കൗതുക വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയവയെല്ലാം പരമ്പരാഗതമായ കരകൗശലത്തിന്റെ ഫലങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ നാടന്‍ കലാവിരുതുകളായി പരിഗണിക്കുന്നു.

മിക്ക കൊത്തുവേലകളെയും കൈവേലകളെയും നിര്‍മിതികളെയും ശില്പമെന്നാണ് പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. ശില്പമെന്നതിന് 'ഭംഗി' എന്നൊരര്‍ഥമുണ്ട് എന്ന സങ്കല്പത്തിലാണത്രെ ഇത്. മാര്‍ത്തിക ശില്പം, ആയസ ശില്പം, സൗധശില്പം, വൈണവ ശില്പം, ചാര്‍മശില്പം, തൃണാദി ശില്പം, സൗചിക ശില്പം, ജാലാദി ശില്പം, വര്‍ണക ശില്പം, താന്തവ ശില്പം, ധൂളി ശില്പം തുടങ്ങിയവയില്‍ കേരളീയര്‍ അസാമാന്യ പാടവം നേടിയിരുന്നത്രെ.

മാര്‍ത്തിക ശില്പം (കളിമണ്ണുകൊണ്ടുള്ള കലാവിരുത്) വളരെ പ്രാചീനമാണ്. ആദ്യകാലങ്ങളില്‍ സ്ത്രീകളാണ് ഇതില്‍ ഏര്‍പ്പെട്ടിരുന്നത്. പിന്നീട് അതിനു മാറ്റമുണ്ടായി. മരംകൊണ്ടോ തോലുകൊണ്ടോ ഉണ്ടാക്കിയ പാത്രത്തില്‍ വെള്ളം കടക്കാതിരിക്കാന്‍ കളിമണ്ണുകൊണ്ടു പൂശുകയായിരുന്നു ആദ്യം പതിവ്, എന്നാല്‍ ഉരുട്ടിയ കളിമണ്ണില്‍ ആഴത്തില്‍ കുഴികളുണ്ടാക്കി പാത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്ന രീതിയാണ് പിന്നീടുണ്ടായത്. വെയിലത്തു മാത്രം ഉണക്കിയാല്‍ പോരെന്നും, അഗ്നിയില്‍ ചുട്ടെടുത്താല്‍ അവയ്ക്ക് കൂടുതല്‍ ഉറപ്പുണ്ടാകുമെന്നും മനുഷ്യന്‍ കണ്ടെത്തി. കളിമണ്ണുകൊണ്ടുള്ള ചിത്രങ്ങളുടെയും മറ്റും നിര്‍മാണരീതിയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പരിവര്‍ത്തനമുണ്ടായെന്നാണ് കരുതപ്പെടുന്നത്. ഗുണമുള്ള മണ്‍പാത്രങ്ങളും മറ്റും വേഗത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് കുശാലന്മാര്‍ ചക്രം (പോട്ടേര്‍സ് വീല്‍) ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്.

കുശാലന്മാര്‍ കളിമണ്ണ് ചവിട്ടി, പൂഴി ചേര്‍ത്ത് കുഴച്ച് തിരയാക്കിയതിനുശേഷം ആവശ്യാനുസരണം മുറിച്ചെടുക്കും. ചക്രത്തിന്റെ സഹായത്തോടെയാണ് മണ്‍പാത്രങ്ങള്‍ക്കും മറ്റും രൂപം കൊടുക്കുന്നത്. കലം, ചട്ടി, കുടുക്ക, മണ്‍താലം, മങ്ങണ (ചെറിയ പിഞ്ഞാണം), കല്ലപ്പാനി (മണ്‍കുടം), മണ്‍കിണ്ടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും, ഉത്സവങ്ങള്‍ക്കും താന്ത്രിക കര്‍മങ്ങള്‍ക്കും വൈദിക ക്രിയകള്‍ക്കും മറ്റും വേണ്ട അനേകം സാമഗ്രികളും കുശവന്മാര്‍ ഉണ്ടാക്കുക പതിവാണ്. അസം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ കളിമണ്ണുകൊണ്ട് ഉര്‍വര പ്രതിരൂപങ്ങളായ മാതൃദേവതകളെയും ഉണ്ടാക്കാറുണ്ട്. കളിമണ്ണുകൊണ്ട് മൃഗരൂപങ്ങളുണ്ടാക്കുന്ന പതിവുണ്ട്. നമ്മുടെ നാട്ടില്‍ ഓണക്കാലത്തുണ്ടാക്കുന്ന ഓണത്തപ്പനും, പൂരക്കാലത്തുണ്ടാകുന്ന മണ്‍കാമനും, വൃശ്ചിക മാസത്തിലെ വ്രതസ്നാനത്തിന് ചില സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന അച്ചും എല്ലാം കളിമണ്ണുകൊണ്ടുനിര്‍മിക്കുന്നവയാണ്.

കൊത്തുവേലകളിലുള്ള മനുഷ്യന്റെ കലാവിരുത് കല്ലുകളിലായിരിക്കും ആദ്യം പതിയുക. പണ്ടു കാലങ്ങളില്‍ മനുഷ്യര്‍ ഉപയോഗിച്ച കല്ലുകൊണ്ടുള്ള ഉപകരണങ്ങളിലേക്ക് പുരാവസ്തു വിജ്ഞാനം വെളിച്ചംപകരുന്നുണ്ട്. കല്ലിന്റെ പാളികള്‍ ചെറുതുണ്ടുകളാക്കിയാണ് അവര്‍ കൊത്തുപണികള്‍ നടത്തുന്നത്. നിത്യോപയോഗ സാധനങ്ങള്‍, വിവിധതരം കത്തികള്‍, കല്‍വിളക്കുകള്‍, ക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും മറ്റും പടികള്‍, തളങ്ങള്‍, തൂണുകള്‍, കൗതുകകരമായ കൊത്തുവേലകള്‍, ദേവതാരൂപങ്ങള്‍, ക്ഷേത്രവിഗ്രഹങ്ങള്‍ എന്നിവയെല്ലാം കല്ലുകളില്‍ കൊത്തിയുണ്ടാക്കാന്‍ ശില്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

കല്ലുകള്‍ കൊണ്ടുള്ള കൊത്തുവേലകളെപ്പോലെ തന്നെ പ്രാചീനത കല്പിക്കാവുന്നവയാണ് ദന്തം, കൊമ്പ്, അസ്ഥി മുതലായവകൊണ്ടുള്ള ശില്പവേലകള്‍. പലതരം വിഗ്രഹങ്ങള്‍, പക്ഷിമൃഗാദികളുടെ രൂപങ്ങള്‍, മറ്റ് വിവിധതരം കൗതുക വസ്തുക്കള്‍ എന്നിവയെല്ലാം ഇവകൊണ്ട് നിര്‍മിക്കും. ആയസശില്പങ്ങള്‍ (ലോഹങ്ങള്‍ കൊണ്ടുള്ള വാര്‍പ്പുവേലകള്‍) ഗ്രാമീണ കലാവിരുതുകള്‍ക്ക് ഉദാഹരണങ്ങളാണ്. വിളക്കുകള്‍, പാത്രങ്ങള്‍, പണിയായുധങ്ങള്‍, വാദ്യോപകരണങ്ങള്‍ മുതലായവ അവയ്ക്ക് ഉദാഹരണങ്ങളാണ്. വിളക്കുകളില്‍ത്തന്നെ തൂക്കുവിളക്ക്, മാലവിളക്ക്, ഭദ്രവിളക്ക്, ആലുവിളക്ക്, ഇല്ലിവിളക്ക്, കൈവിളക്ക്, കൊടിവിളക്ക്, കുത്തുവിളക്ക്, ചങ്ങലവട്ട വിളക്ക് മുതലായ വിവിധതരം വിളക്കുകള്‍ എടുത്തുപറയേണ്ടവയാണ്. പലതരം കിണ്ടികള്‍, കിണ്ണങ്ങള്‍, ഇരട്ടക്കിണ്ണം, ചെല്ലം, കലം, പിടിമൊന്ത, താലങ്ങള്‍ മുതലായ പല നിത്യോപയോഗ വസ്തുക്കളും കൂട്ടുലോഹങ്ങള്‍കൊണ്ടാണ് വാര്‍ത്തുണ്ടാക്കുക. വെങ്കല്‍ക്കൂട്ടുകൊണ്ടാണ് വാല്‍ക്കണ്ണാടി പോലുള്ള കൗതുകവസ്തുക്കള്‍ ഉണ്ടാക്കി വന്നിരുന്നത്.

പലതരത്തിലുള്ള പുല്ലുകള്‍കൊണ്ട് നിര്‍മിക്കുന്ന തൃണാദി ശില്പങ്ങളും മുളങ്കമ്പ്, ഓട എന്നിവകൊണ്ടുള്ള വൈഷ്ണവ ശില്പങ്ങളും കരവിരുതുകളില്‍പ്പെടുന്നവയാണ്. കൊട്ട, പായ, നിലംവിരിപ്പുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ചില പ്രത്യേക സമുദായക്കാരാണ് ഇത്തരം തൊഴിലില്‍ ഏര്‍പ്പെടുന്നത്. നോ: കരകൗശലവിദ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍