This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നളിനി ബേക്കല്‍ (1954 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:42, 29 നവംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നളിനി ബേക്കല്‍ (1954 - )

മലയാള നോവലിസ്റ്റും കഥാകൃത്തും. കാസര്‍ഗോഡ് ജില്ലയിലെ ബേക്കലില്‍ 1954 മേയ് 15-ന് ജനിച്ചു. അമ്മ മുങ്ങത്ത് പട്ടത്താനത്ത് കാര്‍ത്ത്യായനിയമ്മ. അച്ഛന്‍ ഇടയില്ലം കുഞ്ഞമ്പുനായര്‍. കാസര്‍ഗോഡ് ഗവ. ഹൈസ്കൂളിലും തുടര്‍ന്ന് ഗവണ്‍മെന്റ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ എം.എ ബിരുദംനേടി. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ 1976-ല്‍ പ്രസിദ്ധീകരിച്ച 'കിരീട'മാണ് ആദ്യകഥ. തുടര്‍ന്ന് തുരുത്ത്, അമ്മ ദൈവങ്ങള്‍, കണ്വതീര്‍ഥ, ഹംസഗാനം, ദൈവത്തിന്റെ സ്വന്തംനാട്ടില്‍, കൃഷ്ണ, ശിലാവനങ്ങള്‍, മുച്ചിലോട്ടമ്മ (നോവലുകള്‍) അമ്മയെ കണ്ടവരുണ്ടോ?, ഒറ്റക്കോലം (ചെറുകഥകള്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.

കാസര്‍ഗോഡ് കടലോരവും അവിടം കേന്ദ്രമാക്കിയുള്ള കള്ളക്കടത്തു വ്യാപാരത്തില്‍ ഏര്‍പ്പെട്ട കുറെ മനുഷ്യരും, അടിയന്തിരാവസ്ഥക്കാലത്തെ (1975-77) ഭരണരംഗവും ആണ് തുരുത്തിലെ പ്രമേയം. അറബിനാടുകളില്‍ നിന്നുള്ള സ്വര്‍ണ ബിസ്ക്കറ്റു കടത്തല്‍ ജീവിതത്തെ മാറ്റിമറിക്കുന്ന പുതുമയുള്ള കഥാവസ്തു. ഒരു അനാഥാലയം സൂക്ഷിപ്പുകാരുടെയും അവിടെ ശരണം തേടിയ അനാഥക്കുട്ടികളുടെയും കഥയാണ് അമ്മ ദൈവങ്ങള്‍ പറയുന്നത്. കര്‍ണാടകത്തില്‍ നിന്ന് കാസര്‍ഗോഡേക്കു പൊറുതി മാറ്റിയ ഒരു കന്നഡ കുടുംബം അഭിമുഖീകരിച്ച യാഥാര്‍ഥ്യങ്ങളാണ് കണ്വതീര്‍ഥ എന്ന നോവലില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്.

സ്ത്രീ രചന എന്ന തരംതിരിവ് ആവശ്യപ്പെടാത്തതും അനുകരണഭ്രമം കടന്നുകൂടാത്തതും ആണ് നളിനി ബേക്കലിന്റെ രചനകളുടെ സവിശേഷതകള്‍. സമൂര്‍ത്ത ചിത്രങ്ങളിലൂടെ സൂക്ഷ്മഭാവങ്ങള്‍ സംവേദിപ്പിക്കുന്നതില്‍, പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കാതെ തന്നെ പുതുമ പുലര്‍ത്താന്‍ ബേക്കലിനു കഴിയുന്നു. മനുഷ്യസ്നേഹം, പ്രകൃതി സംരക്ഷണം തുടങ്ങിയ മൂല്യാധിഷ്ഠിതമായ ആശയങ്ങള്‍ ശക്തമായി ധ്വനിക്കുന്നു ഈ കഥകളില്‍.

തുരുത്ത് 1977-ല്‍ മാതൃഭൂമി നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി. മുച്ചിലോട്ടമ്മയ്ക്ക് ഇടശ്ശേരി അവാര്‍ഡും അമ്മ ദൈവങ്ങള്‍ക്ക് എസ്.ബി.ഐ. അവാര്‍ഡും ലഭിച്ചു. ചെറുകഥാകൃത്തായ പായിപ്ര രാധാകൃഷ്ണന്‍ ഭര്‍ത്താവാണ്.

(പി. നാരായണക്കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍