This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നളനുണ്ണി (1815 - 1860)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:35, 29 നവംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നളനുണ്ണി (1815 - 1860)

കഥകളി നടന്‍. കൃഷ്ണനുണ്ണി എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥപേര്. നളന്റെ വേഷം കെട്ടുന്നതിലുള്ള അനിതര സാധാരണമായ പാടവത്തെ പുരസ്കരിച്ച് ഇദ്ദേഹത്തിന് നളനുണ്ണിയെന്ന് പേരിട്ടത് കഥകളി പ്രിയനായിരുന്ന ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. തിരുവനന്തപുരം വലിയ കൊട്ടാരത്തിലെ നടന്‍, നാട്യാചാര്യന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധിയാര്‍ജിച്ചിരുന്നു.

ബാല്യത്തില്‍ത്തന്നെ മാതുലന്റെ അടുക്കല്‍ നിന്ന് സംസ്കൃതവും കിടങ്ങൂര്‍ ചാക്യാന്മാരില്‍ നിന്നും നാട്യശാസ്ത്രസിദ്ധാന്തങ്ങളും രസാഭിനയരീതികളും ഇദ്ദേഹം അഭ്യസിച്ചിരുന്നു. പ്രസിദ്ധ കഥകളി കേന്ദ്രമായ കുറിച്ചിയില്‍ താമസിച്ചാണ് ഇദ്ദേഹം കച്ചകെട്ടി അരങ്ങേറിയത്. കുറച്ചുകാലംകൊണ്ട് മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് ഒന്നാംകിട നടനെന്ന് പേരെടുത്തു. അക്കാലത്താണ് ഉത്രം തിരുനാളിന് ഉണ്ണിയെപ്പറ്റി അറിയാനിടയായത്. മഹാരാജാവിന്റെ ക്ഷണപ്രകാരം അദ്ദേഹം തിരുവനന്തപുരത്തേക്കു പോയി.

നളചരിതത്തിന് ആട്ടക്രമങ്ങള്‍ ഏര്‍പ്പെടുത്തിയത് നളനുണ്ണിയായിരുന്നു. അദ്ദേഹം അവതരിപ്പിച്ച സമ്പ്രദായങ്ങള്‍ തന്നെയാണ് ഇന്നും നിലനിന്നുപോരുന്നത്. കിടങ്ങൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രചരിപ്പിച്ച കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ ആട്ടക്രമങ്ങള്‍ 'കിടങ്ങൂര്‍ വഴി' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുറച്ചുകാലം തിരുവല്ല കഥകളികേന്ദ്രത്തില്‍ നടനായും ആചാര്യനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒളപ്പമണ്ണ നമ്പൂതിരിപ്പാട് നളചരിതത്തിലെ ആട്ടക്കഥകള്‍ പരിചയപ്പെടുത്തുന്നതിനായി നളനുണ്ണിയെ വടക്കോട്ട് ക്ഷണിച്ചു. കുറച്ചുനാള്‍ ഒളപ്പമണ്ണ മനയ്ക്കല്‍ താമസിച്ചതിനുശേഷം അദ്ദേഹം മടങ്ങിപ്പോവുകയാണുണ്ടായത്. നളനുണ്ണിയുടെ വേഷസൗഭാഗ്യവും ആരുടെയും മനംകവരുന്നതായിരുന്നു. അനുഗൃഹീതനടനും സുകുമാര കളേബരനുമായ നളനുണ്ണിയോട് രാജകൊട്ടാരത്തിലെ രാജ്ഞിമാര്‍ക്ക് അഭിനിവേശമുണ്ടായി. അവര്‍ നളനുണ്ണിയെ അന്തപുരത്തിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. രാജ്ഞിയുമായുള്ള രഹസ്യബന്ധം രാജകോപത്തിനിടയാക്കിയേക്കുമെന്ന് കരുതി ഒരു ദിവസം നളനുണ്ണി രാജകൊട്ടാരത്തില്‍ നിന്നും അപ്രത്യക്ഷനായി. അനന്തരജീവിതകാലം നളനുണ്ണിയുടെ ചരിത്രത്തിലെ ബാഹുകദശയായി കണക്കാക്കേണ്ടിയിരിക്കുന്നു.

കല്യാവേശം കൊണ്ട് നളനുണ്ടായ അനുഭവങ്ങള്‍ ഏറെക്കുറെ നളനുണ്ണിക്കും അനുഭവപ്പെടാതിരുന്നില്ല. കുറേനാള്‍ ഇദ്ദേഹം കൊച്ചിയിലും മലബാറിലും അജ്ഞാതവാസം നയിച്ചതായി പറയപ്പെടുന്നു.

നളനുണ്ണിയെക്കുറിച്ച് ചില തെറ്റായ പ്രസ്താവനകള്‍ ചില ഗ്രന്ഥങ്ങളില്‍ കാണുവാനിടയായിട്ടുണ്ട്. ഏറ്റുമാനൂര്‍ മന്നത്തൂര്‍ രാമപ്പണിക്കര്‍ (രാമനുണ്ണി) എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേരെന്ന് പലരും ധരിച്ചിട്ടുണ്ട്. എന്നാല്‍ മന്നത്തൂര്‍ രാമപ്പണിക്കരും നളനുണ്ണിയും വിഭിന്ന വ്യക്തികളാണ്. രാമപ്പണിക്കര്‍ ഹംസവേഷത്തിന്റെ അവതരണത്തില്‍ വിദഗ്ധനായിരുന്നതുകൊണ്ട് 'ഹംസനുണ്ണി'യെന്ന പേരിലാണ് അറിയപ്പെട്ടത്. ദരിദ്രനായിരുന്ന അദ്ദേഹത്തിന് മഹാരാജാവില്‍ നിന്നും 'അണംകെട്ടി അന്നംവാങ്ങാന്‍' സാധിച്ചുവെന്ന് ഒരു കഥയുണ്ട്. അദ്ദേഹം യഥാര്‍ഥ നളനുണ്ണിയുടെ ശിഷ്യനും സഹനടനുമായിരുന്നു.

1860-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍