This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവകോളനീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:48, 29 നവംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവകോളനീകരണം

Neo colonialism

അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ സമ്പന്നരാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യം നേടിയ മുന്‍ കോളനി രാജ്യങ്ങളിലും, ദരിദ്രരാഷ്ട്രങ്ങളിലും നടത്തുന്ന സാമ്പത്തിക സാംസ്കാരിക ആധിപത്യം.

രണ്ടാം ലോക യുദ്ധാനന്തരം, കോളനി രാജ്യങ്ങളില്‍ ദേശീയവിമോചനപ്രസ്ഥാനങ്ങളുയര്‍ന്നു വരികയും അവ സ്വതന്ത്രരാഷ്ട്രങ്ങളായി മാറുകയും ചെയ്തു. യൂറോപ്പിന്റെ വികസനത്തില്‍ കോളനി രാജ്യങ്ങളിലെ വിഭവത്തില്‍ ഗണ്യമായ പങ്കുണ്ട്. ദേശീയ സ്വാതന്ത്ര്യസമരങ്ങള്‍, സാമ്പത്തിക മാന്ദ്യം, സോവിയറ്റ് ചേരിയുടെ ഇടപെടലുകള്‍ തുടങ്ങിയ സവിശേഷ സാഹചര്യങ്ങളാല്‍ സാമ്രാജ്യശക്തികള്‍ക്ക് നേരിട്ടുള്ള ചൂഷണ സംവിധാനങ്ങള്‍ തുടരാന്‍ പറ്റാത്ത അവസ്ഥ സംജാതമായി.

അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ നിയമങ്ങളും, സ്വത്തവകാശങ്ങളും മറ്റും ദരിദ്രരാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്പന്ന മുതലാളിത്ത രാജ്യങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിനുവേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണെന്ന വാദം ശക്തമാണ്. നവ ഉദാരവാദ നയങ്ങളും ഘടനാപരമായ പരിഷ്കാരങ്ങളും നവകോളനീകരണത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് അതിജീവനത്തിന് മുതലാളിത്തം തേടുന്ന പുതുവഴിയാണ്. നോ: നവഉദാരവാദം ഐ.എം.എഫ്.-ഉം ലോക ബാങ്കും ലോകവ്യാപാര സംഘടനയും ചേര്‍ന്ന് നടത്തുന്ന ഇടപെടലുകള്‍ ചൂഷണം എളുപ്പമാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ഉപാധികളോടെ വായ്പ നല്കുകയും, അവരുടെ സാമ്പത്തിക മേഖല ചൂഷണത്തിനുതകും വിധം പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ എടുത്ത കടത്തെക്കാള്‍ വലിയ തുകയാണ് അവര്‍ ഓരോവര്‍ഷവും പലിശയിനത്തില്‍ തിരിച്ചടയ്ക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് പ്രകൃതി, സാമ്പത്തിക വിഭവ ചൂഷണങ്ങള്‍ക്ക് വന്‍തോതിലുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ എണ്ണ-ധാതു നിക്ഷേപങ്ങള്‍ കയ്യടക്കി യൂറോപ്യന്‍ വികസനത്തെ ഉറപ്പാക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവികസിതത്വം സൃഷ്ടിക്കുകയും ചെയ്തു. ക്വാമി, എവുക്രൂം, ഫ്രാന്‍സ് ഫാനന്‍ തുടങ്ങിയവര്‍ നവകോളനീകരണ പ്രക്രിയയെ തുറന്നുകാട്ടിയിട്ടുണ്ട്.

ആശ്രിതത്വ സിദ്ധാന്തങ്ങള്‍ (Dependency Theory), ഇമ്മാനുവല്‍ വാലന്‍സ്റ്റൈനിന്റെ വേള്‍ഡ് സിസ്റ്റം തിയറി തുടങ്ങിയവ ലോക വികാസ ക്രമത്തെ ഒരു ഏകീകൃത വ്യവസ്ഥയായി കാണുന്നു. അതിന് ഒരു കേന്ദ്രവും പ്രാന്തവുമുണ്ട്. കേന്ദ്രത്തിലുള്ളത് വികസിത മുതലാളിത്ത രാജ്യങ്ങളും പ്രാന്തത്തിലുള്ളത് അവികസിത ദരിദ്രരാജ്യങ്ങളുമാണ്. കേന്ദ്രത്തിന്റെ വികസനം സാധ്യമാകുന്നത് പ്രാന്ത രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ കേന്ദ്രരാജ്യങ്ങളിലേക്ക് ഒഴുകുന്നതുകൊണ്ടാണ്. ദക്ഷിണലോകത്തിന്റെ അവികസിതത്വം ഉത്തരലോകത്തിന്റെ നേര്‍ഫലമാണെന്ന് അവര്‍ കരുതുന്നു. ഇത് നവകോളനീകരണമാണെന്ന് അവര്‍ വിശദീകരിക്കുന്നു.

സാംസ്കാരിക കോളനീകരണമാണ് മറ്റൊരു മുഖം. പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്തുകൊണ്ട് ഇംഗ്ളീഷ് ഭാഷ ലോകഭാഷയായി തീരുന്നത് 'കോളനി മനോഭാവ'ത്തിന്റെ അനന്തരഫലമാണ്. കല, വസ്ത്രം, ഭക്ഷണം, വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പാശ്ചാത്യവല്കരണം ലോകമെമ്പാടും നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും അമേരിക്കന്‍ വത്കരണം കൂടിയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും വിപണികള്‍ തുറക്കാന്‍ അവരെ പ്രാപ്തമാക്കുന്നത് നവ ഉദാരവാദത്തോടൊപ്പം സംഭവിച്ച സാംസ്കാരിക മാറ്റത്തിന്റെ പിന്‍ബലമാണ്. വിവരസാങ്കേതിക വിദ്യകളുടെയും വാര്‍ത്താവിനിമയ ഉപാധികളുടെയും വികാസം ഇത്തരം മാറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്നു.

സൈനിക നടപടിയിലൂടെയുള്ള കോളനീകരണ ശ്രമങ്ങള്‍ക്ക് വലിയ പരിധിവരെ അറുതി വന്നിട്ടുണ്ടെങ്കിലും നവസാമ്രാജ്യത്വ രാഷ്ട്രീയ പദ്ധതികള്‍ ഇന്നും തുടരുന്നുണ്ട്. ജനാധിപത്യവത്കരണമെന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. തങ്ങള്‍ക്ക് വഴങ്ങാത്ത രാഷ്ട്രങ്ങളെ ജനാധിപത്യവിരുദ്ധമായി പ്രഖ്യാപിച്ച് ആക്രമിക്കുക എന്നതാണ് പുതിയ നയം. ഇറാഖും അഫ്ഗാനിസ്താനും ഇതിന്റെ ഇരകളാണ്. ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മറ്റുരാജ്യങ്ങളെ സൈനിക, സാമ്പത്തിക ആക്രമണങ്ങള്‍ക്ക് വിധേയമാക്കുന്ന രീതിയും നടപ്പിലാക്കിവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സൈനിക അട്ടിമറിയിലൂടെയും പിന്‍വാതില്‍ സൈനിക നടപടികളിലൂടെയും തകര്‍ത്ത് പാവ ഗവണ്‍മെന്റുകളെ അധികാരത്തിലേറ്റുക, കൃത്രിമ പ്രക്ഷോഭങ്ങളും ആഭ്യന്തര കലാപങ്ങളും സൃഷ്ടിച്ച് സാമ്രാജ്യത്വ വിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കുക തുടങ്ങിയ പദ്ധതികള്‍ നവസാമ്രാജ്യത്വം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

നവലിബറല്‍ നയങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പലതും കോളനീകരണത്തിന്റെ രാഷ്ട്രീയ അജണ്ട ഇന്ന് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. വിഭവ ചൂഷണം നടത്തുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ദേശസാത്കരിച്ചും സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയും നവകോളനീകരണത്തില്‍ നിന്ന് മുക്തിനേടാനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചിട്ടുണ്ട്. നവകോളനീകരണ സിദ്ധാന്തങ്ങളിലൂടെയും സാംസ്കാരിക വിമര്‍ശനങ്ങളിലൂടെയും മറ്റും കോളനീകരണത്തിനെതിരായ രാഷ്ട്രീയ സൈദ്ധാന്തിക ജാഗ്രത ഇന്ന് സജീവമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍