This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നവഉദാരവാദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നവഉദാരവാദം
Neo liberalism
കമ്പോളശക്തികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് വാദിക്കുന്ന ധനതത്ത്വശാസ്ത്രസിദ്ധാന്തം. ധനതത്ത്വശാസ്ത്രസിദ്ധാന്തമെന്ന നിലയ്ക്കാണ് കൂടുതലായും നവഉദാരവാദം ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും വ്യക്തിസ്വാതന്ത്യ്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ-സാമൂഹ്യദര്‍ശനമെന്ന നിലയ്ക്കും ഇതിനു വിവക്ഷകളുണ്ട്. ജര്‍മന്‍ സാമ്പത്തിക സാമൂഹ്യശാസ്ത്രജ്ഞനായ റസ്റ്റോവ് 1938-ലാണ് നവഉദാരവാദം എന്ന സംജ്ഞ ആവിഷ്കരിച്ചത്. സാമ്പത്തിക-രാഷ്ട്രീയരംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭാരണകൂട ഇടപെടലുകള്‍ മൂലധനത്തിന്റെ മാത്രമല്ല, ആധുനിക വ്യക്തിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും പ്രതിരോധിക്കുന്ന നിഷേധാത്മകശക്തിയാണെന്ന ആശയമാണ് നവഉദാരവാദത്തിനു പിന്നിലുള്ളത്. ഇത്തരം നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കുമെതിരായ സൈദ്ധാന്തിക പ്രതിരോധമെന്ന നിലയ്ക്കാണ് നവഉദാരവാദ ആശയങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്.
രണ്ടാം ലോകയുദ്ധാനന്തരഘട്ടത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തികനയത്തിന്റെ മുഖ്യലക്ഷ്യം 'മഹാമാന്ദ്യം' ആവര്‍ത്തിക്കാതെ എങ്ങനെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാമെന്നതും യുദ്ധക്കെടുതികളില്‍നിന്നും സ്വന്തം സമ്പദ്വ്യവസ്ഥകളെ എങ്ങനെ പുനര്‍നിര്‍മിക്കുകയെന്നതുമായിരുന്നു. പൊതുനിക്ഷേപത്തിനും സാമ്പത്തികരംഗത്ത് ഗവണ്‍മെന്റ് ഇടപെടലിന് ഊന്നല്‍ നല്‍കുന്നതുമായ കെയ്നീഷ്യന്‍ സാമ്പത്തിക നയത്തിനു പ്രചാരം ലഭിച്ചത് ഈ ചരിത്ര പശ്ചാത്തലത്തിലാണ്. സാമ്പത്തിക-രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഗണ്യമായ ലഘൂകരണത്തിലേക്കു നയിച്ച ക്ഷേമരാഷ്ട്ര നിര്‍മിതിയായിരുന്നു ഈ നയത്തിന്റെ ലക്ഷ്യം. 1950-കളിലും 60-കളിലും വമ്പിച്ച പുരോഗതി കൈവരിക്കാന്‍ ക്ഷേമരാഷ്ട്രാധിഷ്ഠിത നയങ്ങള്‍ക്കു കഴിഞ്ഞെങ്കിലും 1970-കളില്‍ പുതിയ പ്രതിസന്ധികള്‍ ആവിര്‍ഭവിക്കുകയാണുണ്ടായത്. ഉത്പാദന സാങ്കേതികരംഗത്തെ വികാസങ്ങളും വാര്‍ത്താവിനിമയ ഗതാഗതരംഗത്തെ സാങ്കേതിക വിസ്ഫോടനങ്ങളും ദേശരാഷ്ട്രാധിഷ്ഠിത സമ്പദ് വ്യവസ്ഥകളെ പരസ്പരം ഉദ്ഗ്രഥിക്കുകയും ആഗോള സാമ്പത്തിക ക്രമത്തിന്റെ രൂപീകരണത്തിലേക്കു നയിക്കുകയും ചെയ്തു. മൂലധനത്തിന്റെയും അധ്വാനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രവാഹങ്ങള്‍ ദേശ-രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ നിയന്ത്രണപരിധികളെ അതിലംഘിക്കുകയും ആഗോളമാനം ആര്‍ജിക്കുകയും ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള രാഷ്ട്രങ്ങളുടെ ശേഷി ഗണ്യമായി കുറഞ്ഞു എന്നര്‍ഥം. ആഗോള സാമ്പത്തിക പ്രക്രിയകളെ വിശദീകരിക്കാന്‍ പഴയ സാമ്പത്തികശാസ്ത്രം അപര്യാപ്തമാകുകയും രാഷ്ട്രങ്ങളുടെ ഇടപെടലുകളും നിയന്ത്രണങ്ങളും ആഗോളാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രവാഹങ്ങള്‍ക്ക് പ്രതിബന്ധമാവുകയും ചെയ്ത സാഹചര്യത്തിലാണ് 'നവഉദാരവാദ'ത്തിന് പ്രചാരവും പ്രസക്തിയും ലഭിക്കുന്നത്. ആഗോളാടിസ്ഥാനത്തിലുള്ള നയസമവായവും സമന്വയവും ആവശ്യമാണെന്നും നവഉദാരവാദികള്‍ വാദിക്കുന്നു. ലോകവ്യാപാരസംഘടനയെപ്പോലെയുള്ള ആഗോള സാമ്പത്തികസംഘടനകള്‍ നവഉദാരവാദത്തിന്റെ വര്‍ധിച്ച സ്വാധീനത്തെ പ്രകാശിപ്പിക്കുന്നു. സാമ്പത്തിക-സൈനികശക്തിയുടെ പിന്‍ബലത്താല്‍ സ്വന്തം താത്പര്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കാന്‍ സമ്പന്ന രാജ്യങ്ങളെ പ്രാപ്തമാക്കുന്ന ഘടനയാണ് ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ളത്. എന്നാല്‍, എല്ലാ അംഗരാജ്യങ്ങള്‍ക്കും സാമ്പത്തിക-സൈനികശേഷി പരിഗണിക്കാതെ തന്നെ, തുല്യ വോട്ടവകാശം ലഭിക്കുന്നു എന്നതാണ് ലോകവ്യാപാര സംഘടനയെ താത്ത്വികമായിട്ടെങ്കിലും കൂടുതല്‍ ജനാധിപത്യപരമാക്കുന്നത്. ആഗോളതലത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തശക്തികളുടെ ആഗോളമേധാവിത്വത്തെ സാധൂകരിക്കുന്ന ദര്‍ശനമാണ് നവഉദാരവാദം എന്ന വിമര്‍ശനത്തെ പൂര്‍ണമായും ന്യായീകരിക്കുന്നതല്ല, ലോകവ്യാപാര സംഘടനയുടെ താത്ത്വിക സമീപനങ്ങള്‍. എന്നാല്‍, ആഗോളവത്കരണം ഗുണപരമായി വ്യത്യസ്തമല്ലെന്നും മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ ലോകവ്യാപനത്തെയും ആധിപത്യത്തെയും മാത്രമാണ് പ്രകാശിപ്പിക്കുന്നതെന്നും സിദ്ധാന്തിക്കുന്നവരുണ്ട്. ഇവര്‍ നവഉദാരവാദത്തെ മുതലാളിത്ത ആഗോളവത്കരണത്തിന്റെ സാമ്പത്തിക സിദ്ധാന്തമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. നോ: ആഗോളവത്കരണം