This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര നാണയനിധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:55, 27 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്താരാഷ്ട്ര നാണയനിധി

International Monetary Fund(IMF)

അന്താരാഷ്ട്ര നാണയ വിനിമയ നിരക്കുകളില്‍ നിലനിന്നിരുന്ന അസ്ഥിരതയും ചാഞ്ചാട്ടവും പരിഹരിക്കാനും ആഗോളസമ്പദ്ഘടനയുടെ അനുക്രമമായ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ട ഘടകങ്ങള്‍ ലഭ്യമാക്കാനും വേണ്ടി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ സ്ഥാപിതമായ ഏജന്‍സി. 1944-ലെ ബ്രെട്ടന്‍ വുഡ്സ് ഉടമ്പടിയെ തുടര്‍ന്നാണ് ഇത് നിലവില്‍ വന്നത്. അംഗരാഷ്ട്രങ്ങളുടെ വ്യാപാര അടച്ചുബാക്കി കണക്കില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാവശ്യമായ ധനസഹായം, ഉപദേശം, നിയന്ത്രിതമായ ഇടപെടലുകള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ ധര്‍മങ്ങളാണ്.

ഒന്നാം ലോകയുദ്ധം തുടങ്ങിയ അവസരത്തില്‍ തന്നെ അന്ന് ലോകത്ത് നിലവിലിരുന്ന സ്വര്‍ണനാണയ വ്യവസ്ഥ (Gold standard system) തകര്‍ന്നു. പകരം എന്ത് എന്ന അന്വേഷണം കടലാസ് പണ വ്യവസ്ഥ (paper standard) എന്ന ആശയത്തില്‍ എത്തി. എന്നാലത് പണപ്പെരുപ്പം ഉണ്ടാക്കും എന്ന് മനസ്സിലാക്കിയപ്പോഴാണ് എല്ലാ രാഷ്ട്രങ്ങള്‍ക്കും സ്വീകാര്യമായതും നിലവിലുള്ള സാമ്പത്തിക അസ്ഥിരതയും ചാഞ്ചാട്ടവും പരിഹരിക്കാന്‍ കഴിയുന്നതുമായ ഒരു സംവിധാനം ഉണ്ടാകണമെന്ന ആശയം ഉയര്‍ന്നുവന്നത്. 1944-ല്‍ അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിലെ ബ്രെട്ടന്‍ വുഡ്സ് സമ്മേളനത്തില്‍ 44 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ ഒന്നിച്ച് കൂടി രണ്ട് പ്രധാനപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്രിട്ടനിലെ ധനശാസ്ത്രജ്ഞനായ കെയിന്‍സ് പ്രഭു സമര്‍പ്പിച്ച പദ്ധതിയില്‍ ആഗോള സമ്പദ്വ്യവസ്ഥയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സമ്പന്ന രാഷ്ട്രങ്ങളുടെ നയങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. അവര്‍ വികസ്വര രാഷ്ട്രങ്ങളില്‍നിന്നും വേണ്ടത്ര ചരക്കുകളും സേവനങ്ങളും വാങ്ങാത്തതുകൊണ്ടാണ് സമ്പന്ന രാഷ്ട്രങ്ങളുടെ വ്യാപാര അടച്ചു ബാക്കിയില്‍ അധികമിച്ചവും വികസ്വര രാഷ്ട്രങ്ങളുടെ വ്യാപാര അടച്ചു ബാക്കിയില്‍ കമ്മിയും വരുന്നതെന്ന് ഇദ്ദേഹം വാദിച്ചു. അതുകൊണ്ട് ഇപ്രകാരമുളള അധിക മിച്ചം ഒരു അന്താരാഷ്ട്ര ഏജന്‍സിക്ക് അടിയറ വച്ച് ആ പണം കമ്മി നികത്താനായി നീക്കി വയ്ക്കണമെന്ന് കെയിന്‍സ് പ്രഭു വാദിച്ചു. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്നും സ്വര്‍ണത്തെ മാറ്റി നിര്‍ത്തിയതുപോലെ ഇനി വേണ്ടത് അമേരിക്കന്‍ ഡോളറിനെ മാറ്റി നിര്‍ത്തി അതിന്റെ ആധിപത്യം കുറച്ച് പകരം ഒരു അന്താരാഷ്ട്ര കറന്‍സി/നാണയം കൊണ്ടു വരികയാണെന്ന് നിര്‍ദേശിച്ചു. അത്തരം കറന്‍സിയെ 'ബാന്‍കോര്‍' (BANCOR) എന്ന് വിളിച്ചു. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ അംഗരാഷ്ട്രങ്ങളുടെ പരസ്പരമുള്ള ആസ്തി-ബാധ്യതകള്‍ ഒത്തു തീര്‍പ്പാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഒരു അന്താരാഷ്ട്ര ക്ളിയറിങ് യൂണിയന്‍ (International Clearing Union-I.C.U.)സ്ഥാപിക്കണമെന്നും കെയിന്‍സ് പദ്ധതി നിര്‍ദേശിച്ചു. അമേരിക്കയുടെ നിര്‍ദേശമായി അവതരിപ്പിച്ച വൈറ്റ് പദ്ധതി (WHITE PLAN) ഇപ്പറഞ്ഞ നിര്‍ദേശങ്ങളെ നഖശിഖാന്തം എതിര്‍ത്തു. അവസാനം വൈറ്റ് പദ്ധതിയാണ് ബ്രെട്ടന്‍ വുഡ്സ് സമ്മേളനം അംഗീകരിച്ചത്. അതനുസരിച്ച് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വികസ്വര രാജ്യങ്ങളുടെ വ്യാപാര അടച്ചുബാക്കിക്കമ്മിയാണെന്നും അതുകൊണ്ട് അവര്‍ വേണ്ട അച്ചടക്കം പാലിക്കണമെന്നും അമേരിക്ക വാദിച്ചു. അതിനെ തുടര്‍ന്നാണ് ഇരട്ട സ്ഥാപനങ്ങളായ അന്താരാഷ്ട്രനാണയ നിധി (International Monetary Fund-IMF), പുനരുദ്ധാരണത്തിനും വികസനത്തിനും വേണ്ട അന്താരാഷ്ട്ര ബാങ്ക് (International Bank for Reconstruction and Development-IBRD) എന്നിവ സ്ഥാപിതമായത്. രണ്ടാമത് പറഞ്ഞ സ്ഥാപനമാണ് പില്‍ക്കാലത്ത് ലോകബാങ്ക് (World Bank) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടത്.

ഘടന, പ്രവര്‍ത്തനം. 1947-ലാണ് ഐ.എം. എഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അന്താരാഷ്ട്ര നാണയനിധി പ്രവര്‍ത്തനം തുടങ്ങിയത്. അന്താരാഷ്ട്ര പണമിടപാടുകളില്‍ സഹകരിക്കുക, ആഗോളവ്യാപാരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പണം (liquidity) കണ്ടെത്തുക, അടവുശിഷ്ട കണക്കില്‍ സന്തുലിതാവസ്ഥയുണ്ടാക്കാനുള്ള ഉപദേശവും നിര്‍ദേശവും നല്‍കുക, പരസ്പര സാമ്പത്തിക ബന്ധങ്ങളില്‍ അച്ചടക്കം നിലനിര്‍ത്തുക, വിനിമയ നിരക്കില്‍ സ്ഥിരതയുണ്ടാക്കുക എന്നിവയാണ് ഐ.എം.എഫിന്റെ പ്രധാന ധര്‍മങ്ങള്‍. സാമ്പത്തിക നയം (economic policy), ധനകാര്യ നയം (fiscal policy), നാണ്യനയം (monetary policy) എന്നിവയില്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കാന്‍ ഐ.എം.എഫ് മുന്‍ക്കൈയ്യെടുക്കുന്നു. ഇത് സാധ്യമാകുന്ന തരത്തിലാണ് ഇതിന്റെ ഘടനയും പ്രവര്‍ത്തനവും സജ്ജമാക്കിയിരിക്കുന്നത്.

എല്ലാ അംഗങ്ങള്‍ക്കും ഒരു നിശ്ചിത ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഓരോ വിഹിതം (Quota) നിശ്ചയിച്ചിട്ടുണ്ട്. ഈ വിഹിതത്തിന്റെ 25 ശ.മാ. വരുന്ന തുക സ്വര്‍ണത്തിലും ബാക്കി 75 ശ.മാ. സ്വന്തം കറന്‍സിയിലും എല്ലാ അംഗരാഷ്ട്രങ്ങളും നല്‍കണം. അംഗങ്ങളുടെ വിഹിതം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കും. ഇത്തരത്തില്‍ സ്വരൂപിക്കുന്ന സ്വര്‍ണവും അംഗരാഷ്ട്രങ്ങളുടെ കറന്‍സികളും ചേര്‍ന്നതാണ് ഐ.എം.എഫ് ഫണ്ട്. ചുരുക്കത്തില്‍ ഒരു വലിയ സ്വര്‍ണ കറന്‍സി ശേഖരം ഇതുവഴിയുണ്ടാകുന്നു. ഓരോ അംഗത്തിനും അനുവദിച്ചിരിക്കുന്ന വിഹിതത്തിന്റെ 200 ശ.മാ. എന്ന ഉപരിപരിധി നിശ്ചയിച്ചാണ് അംഗത്തിന് ഫണ്ടില്‍ നിന്നും ധനസഹായം പിന്‍വലിക്കാനുളള അവകാശം നിലനിര്‍ത്തിയിരിക്കുന്നത്. ഈ അവകാശം ഘട്ടം ഘട്ടമായി തരംതിരിച്ചിരിക്കുന്നു. ആദ്യം വിഹിതത്തിന്റെ 25 ശ.മാ. വരുന്ന തുകയ്ക്കുള്ള ഏത് വിദേശകറന്‍സിയും വാങ്ങാം. സ്വന്തം കറന്‍സി തത്തുല്യമായി കൊടുത്താണ് ഇത് നേടുക. ഇത് വാങ്ങിക്കഴിഞ്ഞാല്‍ അംഗത്തിന്റെ വിഹിതത്തില്‍ പൂര്‍ണമായും 100 ശ.മാ. സ്വന്തം കറന്‍സി ആയിരിക്കും. രണ്ടാം ഘട്ടത്തില്‍ മറ്റൊരു 25 ശ.മാ. വരുന്ന തുകയ്ക്ക് വിദേശ കറന്‍സി തത്തുല്യമായ സ്വന്തം കറന്‍സി കൊടുത്ത് വാങ്ങാം. അപ്പോള്‍ സ്വന്തം കറന്‍സിയുടെ തോത് വിഹിതത്തിന്റെ 125 ശ.മാ.മാകും. ആദ്യത്തെ 25 ശ.മാ. തുക വാങ്ങുമ്പോള്‍ അതിനെ ഗോള്‍ഡ് ട്രാഞ്ചി (gold tranche) എന്ന് വിളിക്കുന്നു. പിന്നീട് വരുന്ന ഓരോ 25 ശ.മാ. തുക വാങ്ങുന്നതിനെ ക്രെഡിറ്റ് ട്രാഞ്ചി (credit tranche) 1, 2, 3, 4 എന്ന് വിളിക്കുന്നു. പരമാവധി അവകാശം ഒരിക്കലും വിഹിതത്തിന്റെ 200 ശ.മാ.ത്തില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. വ്യാപാരക്കമ്മി എത്ര ആയാലും അതു മുഴുവനായി നികത്താനാവശ്യമായ സഹായം ഐ.എം.എഫില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്നാണതിനര്‍ഥം. എന്നാല്‍ അംഗങ്ങളുടെ വിഹിതം അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ പുനര്‍നിര്‍ണയിക്കുന്നതുകൊണ്ട് അംഗ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നു.

വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സഹായം തേടുന്ന അംഗം നിശ്ചിതകാലയളവിന് മുന്‍പ്, വാങ്ങിയ വിദേശ കറന്‍സി തിരിച്ചടയ്ക്കണം. ഇതിനെ പുനര്‍വാങ്ങല്‍ (Repurchase) എന്നാണ് വിളിക്കുന്നത്. വിഹിതത്തിന്റെ ഭാഗമായ സ്വന്തം കറന്‍സി തിരിച്ച് വാങ്ങി നേരത്തെ വാങ്ങിയ വിദേശ കറന്‍സി മടക്കിക്കൊടുക്കണം. അത് സാധ്യമല്ലെങ്കില്‍ പകരം സ്വര്‍ണമോ, യു.എസ്. ഡോളറോ നല്‍കിയാല്‍ മതി. പണം മടക്കിയെടുക്കുന്നതിന് പരിമിതമായ ഒരു ഇടപാടുകൂലി (service charge) ഈടാക്കും. അംഗങ്ങള്‍ക്ക് അത്യാവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപവായ്പകള്‍ (stand by credits) നല്‍കാറുണ്ട്. കൂടുതല്‍ അംഗങ്ങള്‍ ഡോളര്‍ പോലെയുള്ള പ്രധാന കറന്‍സികളാണ് വാങ്ങുന്നതെങ്കില്‍, ഡോളര്‍ "വിരളമായ കറന്‍സി (scarce currency) ആണെന്ന് ഐ.എം.എഫ്. പ്രഖ്യാപിക്കും. ആയവസരത്തില്‍ യു.എസ്സിനെതിരെ വിവേചനനയങ്ങള്‍ സ്വീകരിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അവകാശം ഉണ്ടായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരിക്കല്‍പ്പോലും ഡോളറിനെ "വിരളമായ കറന്‍സി ആയി ഐ.എം.എഫ്. പ്രഖ്യാപിച്ചിട്ടില്ല. വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടില്‍ ഐ.എം.എഫ്. എന്ന സ്ഥാപനത്തെ നിയന്ത്രിക്കുന്നത് യു.എസ്. തന്നെയാണ്.

ഐ.എം.എഫ്.ന്റെ ഭരണം നിര്‍വഹിക്കുന്നത് അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുള്‍പ്പെടുന്ന ഒരു സമിതിയാണ്. മാനേജിങ്ഡയറക്ടറെ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നു. പക്ഷേ പലപ്പോഴും യു.എസ്. നിര്‍ദേശിക്കുന്ന ആളായിരിക്കും മാനേജിങ് ഡയറക്ടര്‍. വിഹിതത്തിന്റെ വലുപ്പം അനുസരിച്ചാണ് വോട്ടിങ് അവകാശം. ഏറ്റവും വലിയ വിഹിതമുള്ള യു.എസ്., യു.കെ., ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ അഞ്ച് രാജ്യങ്ങള്‍ ആകെ വോട്ടുകളുടെ ഭൂരിഭാഗവും കൈയ്യടക്കിയിരിക്കുന്നു. ഇന്ന് യൂറോപ്യന്‍ യൂണിയന്‍ വന്നതുകൊണ്ട് അതും യു.എസ്സും ജപ്പാനും ഒന്നു ചേര്‍ന്നാല്‍ ഐ.എം.എഫിന്റെ പ്രവര്‍ത്തനം അവര്‍ ഉദ്ദേശിക്കുന്ന വഴിയേ തിരിച്ചുവിടാന്‍ കഴിയും.

വിനിമയ നിരക്ക് നിര്‍ണയമാണ് ഐ.എം.എഫിന്റെ മറ്റൊരു പ്രധാന ധര്‍മം. വിവിധകറന്‍സികള്‍ ഏത് നിരക്കില്‍ പരസ്പരം വിനിമയം ചെയ്യണമെന്ന് ഐ.എം.എഫ് നിശ്ചയിക്കുന്നു. അത്തരം നിരക്കുകളെ പാര്‍ വാല്യൂസ് (Par values) എന്ന് വിളിക്കുന്നു. 1947-ല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍തന്നെ അത് പ്രത്യേക ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയുണ്ടായി. എന്നാല്‍ കമ്പോളത്തിലെ ചോദന-പ്രദാന ശക്തികള്‍ അനുസരിച്ച് മാറ്റം വേണമെന്നാഗ്രഹിക്കുന്ന ഒരംഗത്തിന് നിശ്ചയിച്ച നിരക്കില്‍ 10 ശ.മാ. വരെയുള്ള മാറ്റം വരുത്താന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ മാറ്റം വരുത്തണമെങ്കില്‍ ഐ.എം.എഫിന്റെ മുന്‍കൂട്ടി അനുവാദം വാങ്ങണം. പഴയകാലത്ത് ഓരോ രാഷ്ട്രവും തോന്നിയതുപോലെ വിനിമയനിരക്കുകള്‍ (exchange rates) മാറ്റിയിരുന്നു. പലപ്പോഴും മത്സരാത്മകമായ അവമൂല്യ (competitive devulation)നത്തിന് ഇതു കാരണമായിട്ടുണ്ട്. ഇത് ആഗോളസമ്പദ്ഘടനയില്‍ തെറ്റായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് അറുതി വരുത്താനാണ് ഐ.എം.എഫ് ശ്രമിച്ചത്. സ്വതന്ത്രവും മത്സരാത്മകവുമായ വിനിമയനിരക്ക് നയങ്ങള്‍ക്ക് പുറമേ വ്യാപാര കണക്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ മറ്റ് ഇടപെടലുകളും തന്ത്രങ്ങളും പല രാഷ്ട്രങ്ങളും എടുത്തുകൊണ്ടിരുന്ന അവസ്ഥയും ഐ.എം.എഫിന്റെ കാലോചിതമായ നടപടികള്‍ മൂലം നിര്‍ത്തലാക്കപ്പെട്ടു. അതേസമയത്ത് വിനിമയ നിരക്കുകള്‍ വേണ്ട വിധത്തില്‍ ക്രമീകരിക്കാനും വ്യാപാരക്കണക്കിലെ ആസ്തി-ബാധ്യതകള്‍ അംഗരാഷ്ട്രങ്ങള്‍ക്ക് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാതെ പരിഹരിക്കാനും ഐ.എം.എഫ് സഹായിക്കുന്നു. പലപ്പോഴും അംഗരാഷ്ട്രങ്ങളിലെ കേന്ദ്രബാങ്കുകളും ധനമന്ത്രാലയങ്ങളുമായി ഐ.എം.എഫ്. നിരന്തരം ബന്ധപ്പെട്ടാണ് ഇത് സാധിക്കുന്നത്.

ഐ.എം.എഫിന് സ്വന്തമായി ഒരു ഗവേഷണ വിഭാഗമുണ്ട്. ലോകവ്യാപാരം, അടച്ചുബാക്കി, മൂലധന പ്രവാഹം, പലിശ നിരക്ക് ഘടന, സാമ്പത്തിക വളര്‍ച്ച, ബാങ്കിങ് ധനകാര്യ വിഷയങ്ങള്‍ എന്നീ മേഖലകളിലാണ് പ്രധാനമായി ഗവേഷണ പഠനങ്ങള്‍. നിരവധി ഇന്ത്യന്‍ വംശജരായ ഗവേഷകര്‍ ഐ.എം.എഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിഹിതം അനുസരിച്ചുള്ള സഹായം പോരാ എന്ന് തോന്നിയ അവസരത്തിലാണ് സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ് (Special Drawing Right-SDR) എന്ന സംവിധാനം 1969-ല്‍ സൃഷ്ടിക്കപ്പെട്ടത്. ഇതിനെ പേപ്പര്‍ സ്വര്‍ണം (paper gold) എന്നു വിളിക്കുന്നു. ഇന്ന് എസ്.ഡി.ആര്‍. ആണ് വിഹിതം നിര്‍ണയിക്കുന്നതിനും, ഫണ്ടിന്റെ ഇടപാടുകള്‍ക്കും മൂലസൂചികയായി ഉപയോഗിക്കുന്നത്. 1999 ആദ്യം ഒരു എസ്.ഡി.ആര്‍. 0.7338 ഡോളറിന് തുല്യമായിരുന്നു. ഡോളറിനെ ആധാരമാക്കി മാത്രം എസ്.ഡി.ആര്‍.-ന്റെ മൂല്യം നിര്‍ണയിക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അഞ്ച് സുപ്രധാന കറന്‍സികളുടെ മൂല്യാധിഷ്ഠിതമായ ശരാശരി മൂല്യം (weighted average value) കണക്കിലെടുത്താണ് എസ്.ഡി.ആര്‍.-ന്റെ മൂല്യം നിര്‍ണയിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് എസ്.ഡി.ആര്‍ സൃഷ്ടിക്കാം, കൂടാതെ അതിനെ കേന്ദ്രബാങ്കില്‍ ഒരു റിസര്‍വ് കറന്‍സിയായി ഉപയോഗിക്കാം, വ്യാപാരശിഷ്ട അടവുകള്‍ അടച്ചുതീര്‍ക്കാന്‍ അതുപയോഗിക്കാം എന്നിങ്ങനെ പല സവിശേഷതകള്‍ എസ്.ഡി.ആര്‍.-ന് ഉണ്ട്. എസ്.ഡി.ആര്‍ ഇന്ന് ഒരു അന്താരാഷ്ട്ര കറന്‍സിയുടെ സ്വഭാവവിശേഷങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഇപ്പോള്‍ എസ്.ഡി.ആര്‍ വായ്പകള്‍ നല്‍കുന്നുണ്ട്. കമ്പോളനിരക്കുകളേക്കാള്‍ കുറഞ്ഞ പലിശക്കാണ് ഇത് നല്‍കുക. അഞ്ച് കൊല്ലത്തിനകം ഇത് തിരിച്ചടയ്ക്കണം. പലപ്പോഴും വേണ്ടത്ര സഹായം അംഗങ്ങള്‍ക്ക് നല്‍കാന്‍ ഐ.എം.എഫിന് കഴിയാതെ വന്ന സാഹചര്യത്തില്‍ സമ്പന്ന രാഷ്ട്രങ്ങളിലെ കേന്ദ്രബാങ്കുകളുടെ കൂട്ടായ്മയായ പാരിസ് ക്ളബ്ബ് (Paris Club) ഐ.എം.എഫുമായി ഒരു പൊതുകരാര്‍ (General Agreement to Borrow) ഉണ്ടാക്കി. ഇതിന് പരിധിയായി 17 ബില്യണ്‍ ഡോളര്‍ നിശ്ചയിച്ചിരുന്നു. ഐ.എം.എഫും വായ്പയെടുത്ത് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നു.

1968-ല്‍ ജര്‍മന്‍ നഗരമായ ബോണില്‍ (Bonn) സ്വര്‍ണത്തിന്റെ ചോദനം കൂടിയതുകൊണ്ട് വിലകുത്തനെ വര്‍ധിച്ചു. അതിന്റെ ഫലമായി ഡോളറിന്റെ മൂല്യം ക്ഷയിച്ചു. അത് നേരിടാനും പിന്നീടാവര്‍ത്തിക്കാതിരിക്കാനും യു.എസ്സ്. കേന്ദ്രബാങ്കായ ഫെഡറല്‍ റിസെര്‍വ് (Federal Reserve)) ഔദ്യോഗിക സ്വര്‍ണശേഖരത്തില്‍ നിന്നും സ്വര്‍ണം വിറ്റു. എന്നാല്‍ ഈ നടപടി എന്നും തുടര്‍ന്നുകൊണ്ടുപോയി വിനിമയനിരക്കുകളില്‍ സ്ഥിരത നിലനിര്‍ത്താന്‍ തങ്ങള്‍ക്ക് സാധ്യമല്ലായെന്ന് യു.എസ്സ്. വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് സ്വര്‍ണ കമ്പോളത്തെ രണ്ടു തട്ടുകളാക്കി. ഒന്നാം തട്ടില്‍ (Tier-1) സ്വര്‍ണത്തിന്റെ ഔദ്യോഗിക ക്രയവിക്രയം മാത്രമേ നടത്താവൂ. ഇവിടെ സ്വര്‍ണവില സ്ഥിരമായിരിക്കും. മറ്റേ തട്ടില്‍ (Tier-2) സ്വര്‍ണത്തിന്റെ സ്വതന്ത്രവിപണനം നടക്കും, അവിടെ കമ്പോള ശക്തികള്‍ വില നിര്‍ണയിക്കും. തുടര്‍ന്നാണ് എസ്.ഡി.ആര്‍. നിലവില്‍ വന്നതും സ്വര്‍ണത്തേയും സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തേയും മാറ്റിനിര്‍ത്തി വിനിമയനിരക്കില്‍ സ്ഥിരത നേടാന്‍ ഐ.എം.എഫിനെ സജ്ജമാക്കിയതും. 1971-ല്‍ നിക്സണ്‍ ഗവണ്‍മെന്റ് യു.എസ്സ്. ഡോളറിനെ മറ്റ് കറന്‍സികളുമായി സ്വതന്ത്രമായ കൈമാറ്റം ചെയ്യാന്‍ അനുവദിച്ചു.

1971-ല്‍ ഫ്രഞ്ച് പ്രസിഡന്റ് പോംപിഡോയും (Pompi Dov) യു.എസ്സ്. പ്രസിഡന്റ് നിക്സണും (Nixon) ചേര്‍ന്ന് ഒപ്പ് വച്ച സ്മിത്സോണിയന്‍ കരാര്‍ (Smithsonian Agreement) പ്രകാരം വിനിമയനിരക്കുകള്‍ ഔദ്യോഗിക അംഗീകാരത്തോടെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാക്കി. എന്നാല്‍ ഏറ്റക്കുറച്ചിലുകള്‍ നിശ്ചിത നിരക്കില്‍നിന്നും 2 ശ.മാ.ത്തിലധികം വ്യതിചലിക്കാന്‍ പാടില്ല. ഈ തീരുമാനം യൂറോപ്യന്‍ കറന്‍സികള്‍ സ്വീകരിച്ചപ്പോഴാണ് "യൂറോപ്യന്‍ പാമ്പ് (European snake) എന്ന പ്രതിഭാസം നിലവില്‍ വന്നതും, ഫ്ളോട്ടിങ് വിനിമയനിരക്ക് (Floating Exchange Rate) സമ്പ്രദായം ഐ.എം.എഫ് അംഗീകരിച്ചതും. 1973-76 കാലത്ത് എണ്ണവില വര്‍ധനവ് മൂലം ഒപെക്ക് ഗ്രൂപ്പിലുള്ള രാഷ്ട്രങ്ങളുടെ കൈവശം ഏതാണ്ട് 500 ബില്യണ്‍ ഡോളര്‍ വരുന്ന അത്ര നാണ്യശേഖരം 1983 ആയപ്പോഴേക്കും കുന്നുകൂടി. ഇത് ഐ.എം.എഫ് - ലോകബാങ്ക് എന്നിവയുടെ പക്കല്‍ ഉള്ളതിനേക്കാള്‍ വലിയ ശേഖരമായിരുന്നു. സമ്പന്ന എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ നേരിട്ട് തന്നെ വികസ്വര രാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കാന്‍ തുടങ്ങി. താമസിയാതെ, സോവിയറ്റ് യൂണിയന്‍ അതിന്റെ വിദേശനാണ്യശേഖരം മുഴുവനായി യു.എസ്സ്. ബാങ്കുകളുടെ യൂറോപ്പിലുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിച്ചു. ഈ ബ്രാഞ്ചുകള്‍ ഡോളര്‍ വായ്പകള്‍ നല്‍കാന്‍ തുടങ്ങിയപ്പോഴാണ് "യൂറോ ഡോളര്‍ (Eurodollar) എന്ന പ്രതിഭാസം ഉണ്ടായത്. ഡോളര്‍ വായ്പക്ക് ഐ.എം.എഫ്., ലോകബാങ്ക്, യു.എസ്സ്. എന്നിവടങ്ങളില്‍ പോകുന്നതിനേക്കാള്‍ എളുപ്പം മറ്റ് സ്രോതസ്സുകളാണ് എന്ന് വികസ്വര രാഷ്ട്രങ്ങള്‍ മനസ്സിലാക്കി. ഇത് ഐ.എം.എഫിന് ക്ഷീണമേല്‍പ്പിക്കുകയാണുണ്ടായത്.

1978-ല്‍ ഐ.എം.എഫ്. ചാര്‍ട്ടര്‍ ഭേദഗതി ചെയ്തു. സ്ഥാപനത്തിന്റെ പക്കലുള്ള സ്വര്‍ണശേഖരം വിറ്റഴിക്കുകയും വന്‍ലാഭം ഉണ്ടാക്കുകയും ചെയ്തു. 1980കളില്‍ തുടങ്ങിയ വന്‍പിച്ച മൂലധന പ്രവാഹം, പ്രത്യേകിച്ചും ഹ്രസ്വകാല മൂലധനത്തിന്റേത് നിയന്ത്രിക്കാന്‍ ഐ.എം.എഫ് തയ്യാറായി. അതുവഴി ആഗോളസമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഐ.എം.എഫ് വിശ്വസിച്ചു.

വികസ്വര രാഷ്ട്രങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ വര്‍ധിച്ചതനുസരിച്ച് ഐ.എം.എഫിന് വായ്പ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഐ.എം.എഫ്. തയ്യാറായി. അതിന്റെ ഫലമായി കോന്‍പന്‍സേറ്ററി ഫിനാന്‍സിങ് ഫെസിലിറ്റി, ബഫര്‍സ്റ്റോക്ക് ഫിനാന്‍സിങ് ഫെസിലിറ്റി, എസ്റ്റന്‍ന്റഡ് ഫണ്ട് ഫെസിലിറ്റി, ഓയില്‍ ഫെസിലിറ്റി, ഐ.എം.എഫ്. ട്രസ്റ്റ് ഫണ്ട്, ഐ.എം.എഫ്. സബ്സ്റ്റിറ്റ്യൂഷന്‍ അക്കൌണ്ട്, സ്ട്രക്ച്ചറല്‍ അഡ്ജസ്റ്റ്മെന്റ് ഫണ്ട്, എന്‍ഹാന്‍സ്ഡ് സ്ട്രക്ച്ചറല്‍ അഡ്ജസ്റ്റ്മെന്റ് ഫണ്ട്, കോന്‍പന്‍സേറ്ററി ആന്‍ഡ് കണ്ടിന്‍ജന്‍സി ഫിനാന്‍സിങ് ഫെസിലിറ്റി എന്നീ വായ്പാ അവസരങ്ങള്‍ നടപ്പില്‍ വന്നു.

ആഗോളതലത്തില്‍ പുത്തന്‍ മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ അവയെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഐ.എം.എഫിന്റെ ഘടനയിലും ധര്‍മങ്ങളിലും മാറ്റമുണ്ടാകണമെന്ന് പലരും വാദിച്ചു. അത് സംബന്ധിച്ച പല പദ്ധതികളും നിര്‍ദേശങ്ങളും ഉണ്ടായിട്ടുണ്ട്. ഐ.എം.എഫിനെ ഒരു ആഗോളകേന്ദ്ര ബാങ്ക് ആക്കി മാറ്റിയാല്‍ മാത്രമേ വിനിമയ നിരക്കുകളില്‍ സ്ഥിരതയും വ്യാപാരത്തിന്റേയും സമ്പദ്ഘടനയുടേയും വളര്‍ച്ചയ്ക്ക് ആവശ്യമായ തരത്തില്‍ ധനസഹായത്തുകയില്‍ വര്‍ധനവും കൈവരിക്കാന്‍ കഴിയൂ. അടുത്തകാലത്ത് പുതിയ ആഗോളധനകാര്യ വാസ്തുശില്‍പ്പത്തെ ( Global financial architecture)ക്കുറിച്ച് ഗൌരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. 1940-കളിലെ ആഗോള സാമ്പത്തിക സ്ഥിതിയല്ല ഇന്നുള്ളത്. പണകമ്പോളം ഇന്ന് കൂടുതല്‍ സങ്കീര്‍ണവും സ്വതന്ത്രവും വമ്പിച്ച ചാഞ്ചാട്ടങ്ങള്‍ക്ക് അടിമപ്പെട്ടതും ആയിത്തീര്‍ന്നിട്ടുണ്ട്. 1995-ലെ മെക്സിക്കന്‍ പ്രതിസന്ധി, 1997-ലെ പൂര്‍വേഷ്യന്‍ പ്രതിസന്ധി എന്നിവ ഐ.എം.എഫിന് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ലോകവ്യാപാര സംഘടനയുമായുള്ള ഐ.എം.എഫി.ന്റെ ബന്ധം ഇനിയും വ്യക്തമായി നിര്‍വചിച്ചിട്ടില്ല.

ഇന്ന് ഐ.എം.എഫ് നയങ്ങള്‍ പ്രത്യേകിച്ചും വികസ്വര രാഷ്ട്രങ്ങളുടെ നിശിത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ലോകബാങ്കും ഐ.എം.എഫും വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള സമ്മര്‍ദ തന്ത്രങ്ങള്‍ മെനയുകയാണെന്ന് അവര്‍ ആരോപിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും, യു.എസ്. ധനകാര്യവകുപ്പ്, ഫെഡറല്‍ റിസെര്‍വ് എന്നിവയും കൂടിചേര്‍ന്ന് ഒരു വാഷിങ്ടണ്‍ സമവായം (Washington consensus) ഉണ്ടാക്കി വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തികനയങ്ങളെ സ്വാധീനിക്കുന്നു എന്ന ആരോപണം ഇന്ന് ശക്തമാണ്.

ഐ.എം.എഫ് സ്ഥാപിച്ചയവസരത്തില്‍ അതിന്റെ അടിസ്ഥാനശില ബഹുരാഷ്ട്ര പരസ്പരാശ്രയത്വവും ബഹുമുഖത്വവും ആയിരുന്നു. ഇന്ന് അത് നഷ്ടപ്പെട്ടു എന്ന് ചിലര്‍ പറയുന്നു. കാരണം, സമ്പന്ന രാഷ്ട്രങ്ങള്‍ ഈ സ്ഥാപനത്തെ ഉപയോഗിച്ച് അവര്‍ക്കിഷ്ടമുള്ള നയങ്ങള്‍ സമ്മര്‍ദതന്ത്രങ്ങള്‍ വഴി വികസ്വരരാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ മറുവശത്ത് ആഗോള പണവിപണിയ്ക്കുമേലുള്ള കാവല്‍ പ്രവര്‍ത്തനത്തില്‍ ഐ.എം.എഫ് വിജയിച്ചുവെന്നും കാണാം. ഐ.എം. എഫിന്റെ വിഭവ അടിത്തറ ഇനിയും വികസിക്കേണ്ടതുണ്ട്. ഐ.എം.എഫിന്റെ കൂടി ശ്രമഫലമായിട്ടാണ് 2015-ന് നേടേണ്ട "സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ (Millennium Development Goals) നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍