This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരവിന്ദ് അഡിഗ (1974 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരവിന്ദ് അഡിഗ (1974 - )
2008-ല്‍ ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യന്‍-ഇംഗ്ളീഷ് സാഹിത്യകാരന്. സല്മാന് റുഷ്ദി, അരുന്ധതിറോയ്, കിരണ്‍ ദേശായ് എന്നിവര്‍ക്കുശേഷം ബുക്കര്‍ സമ്മാനം ലഭിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് അരവിന്ദ് അഡിഗ. 1974-ല്‍ ചെന്നൈയില്‍ കെ. മാധവന്റെയും ഉഷാ അഡിഗയുടെയും മകനായി ജനിച്ചു. മംഗലാപുരത്തെ കാനറാ ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1990-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം ആസ്റ്റ്രേലിയയിലെ സിഡ്നിയിലേക്കു താമസം മാറുകയും ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈസ്കൂളില്‍ തുടര്‍ പഠനം നടത്തുകയും ചെയ്തു. 1997-ല്‍ ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. ഓക്സ്ഫഡ് സര്‍വകലാശാലക്കു കീഴിലെ മഗ്ദലിന്‍ കോളജില്‍ പഠിക്കുമ്പോള്‍ പ്രശസ്ത സാഹിത്യകാരന് ഹെമിയണ്‍ ലീ ഇദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു.
വിദ്യാഭ്യാസത്തിനുശേഷം ഒരു സാമ്പത്തിക കാര്യ ലേഖകന്‍ എന്ന നിലയില്‍ അരവിന്ദ് അഡിഗ പത്രപ്രവര്‍ത്തനരംഗത്ത് എത്തി. ഫൈനാന്‍ഷ്യല്‍ ടൈംസ്, മണി, വാള് സ്ട്രീറ്റ് ജേര്‍ണല്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കായി സ്റ്റോക്മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ധനകാര്യ-ബിസിനസ് രംഗത്തെ പ്രഗല്ഭരുമായുള്ള അഭിമുഖങ്ങള്‍ എന്നിവ കൈകാര്യം ചെയ്തു. ദ് സെക്കന്‍ഡ് സര്‍ക്കിള്‍ എന്ന ഓണ്‍ലൈന്‍ സാഹിത്യാധിഷ്ഠിത മാസികക്കുവേണ്ടി 2007-ല്‍ ബുക്കര്‍ സമ്മാനം ലഭിച്ച പീറ്റര്‍ കാറിയുടെ ഒസ്കാര്‍ ആന്‍ഡ് ലുസിന്‍ഡ എന്ന കൃതി നിരൂപണം ചെയ്യുകയുണ്ടായി. കുറച്ചുകാലം ടൈം പ്രസിദ്ധീകരണ ഗ്രൂപ്പിന്റെ ദക്ഷിണേഷ്യന്‍ കറസ്പോണ്ടന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ഈ കാലയളവിലാണ് 2008-ലെ ബുക്കര്‍ സമ്മാനാര്‍ഹമായ ദ് വൈറ്റ് ടൈഗര്‍ എന്ന നോവല്‍ രചിക്കുന്നത്. അഡിഗയുടെ ആദ്യ നോവലാണിത്.
ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായ ബല്‍റാം ഹല്‍വായ് ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ഏതൊരു ഇന്ത്യന്‍ ഗ്രാമത്തിലെയും പോലെ പട്ടിണിയും ഇരുട്ടും നിറഞ്ഞ ഗലികളില്‍ വളരുന്ന വ്യക്തിയാണ് ബല്‍റാം. ഏറെ ശ്രമങ്ങള്‍ക്കുശേഷം നഗരത്തിലെ ഒരു സമ്പന്നന്റെ ഡ്രൈവറായി ബല്‍റാമിന് ജോലി ലഭിക്കുന്നു. സമ്പന്നര്‍ അവരുടെ ധാരാളിത്തത്തിന്റെ ശീതീകരിച്ച ഇടങ്ങളില്‍ ജീവിതം ഉത്സവമാക്കി മാറ്റുമ്പോള്‍ തൊട്ടരികില്‍ അവരുടെ തൊഴിലാളികളും ഭൃത്യരും കീടങ്ങളും പാറ്റകളും നിറഞ്ഞ കുടുസു മുറികളില്‍ ഉണ്ടും ഉണ്ണാതെയും കഴിഞ്ഞുവന്നു. ഒരു നിമിഷത്തെ അനുകമ്പപോലും മുതലാളിമാര്‍ക്ക് അവരുടെ ഭൃത്യരോട് ഉണ്ടാവുന്നില്ല. ക്രൂരതയുടെ വഴികളിലൂടെ ക്രമേണ സമ്പന്നനായി ആധുനിക ഇന്ത്യയുടെ തിളക്കത്തോടൊപ്പം ചേരുന്ന ബല്‍റാമിലൂടെ സമകാലിക ഇന്ത്യന്‍ സമൂഹം അകമേ പേറുന്ന ജീര്‍ണതയുടെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടുകയാണ് ദ് വൈറ്റ് ടൈഗറിലൂടെ അരവിന്ദ് അഡിഗ. വിമര്‍ശന സ്വഭാവമുള്ള സാഹിത്യസൃഷ്ടിയിലൂടെ രാഷ്ട്രത്തിന്റെ സാമൂഹിക പരിഷ്കരണത്തില്‍ എഴുത്തുകാര്‍ക്കും ഇടപെടാനാകുമെന്നതാണ് അഡിഗയുടെ കാഴ്ചപ്പാട്.