This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:45, 27 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.171 (സംവാദം)

അപത്യം

സന്തതി. 'ന പതന്തി പിതരോ യസ്മാത്' (യാതൊരുവന്‍മൂലം പിതൃക്കള്‍ പതിക്കാതിരിക്കുന്നുവോ അവന്‍.) എന്ന അര്‍ഥത്തിലാണ് ഈ പദം പ്രയോഗിച്ചിട്ടുള്ളത്. പിന്‍വാഴ്ചക്കാര്‍ നടത്തേണ്ടുന്ന പിണ്ഡദാനം, തിലോദകതര്‍പ്പണം മുതലായവയ്ക്ക് ഭംഗം നേരിട്ടാല്‍ പിതൃക്കള്‍ പിതൃലോകത്തില്‍നിന്ന്-അര്യമാവ് എന്ന ദേവത ആധിപത്യം വഹിക്കുന്ന സ്ഥാനത്തുനിന്ന്-അധഃപതിക്കുന്നുവെന്ന് സ്മൃതികളില്‍ പ്രതിപാദിക്കുന്നുണ്ട്.

'നപതന്തി പിതരോ ഹ്യേഷാം

ലുപ്തപിണ്ഡോദകക്രിയാഃ' - എന്ന വചനവും (ഭ. ഗീ. ക. 42) ഈ അഭിപ്രായത്തെ പിന്‍താങ്ങുന്നു.

പിതൃക്കള്‍ക്ക് ഗതി വരുത്തുന്നത് അപത്യത്തിന്റെ കടമയാണെന്ന് അനുശാസിക്കുന്ന പല പുരാണകഥകളും ഉണ്ട്. വാല്മീകിരാമായണത്തില്‍ ഭഗീരഥന്‍ സ്വര്‍ഗത്തില്‍നിന്ന് ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്ന് പിതൃപ്രീതി വരുത്തുന്നതിനുവേണ്ടി എത്രമാത്രം പ്രയത്നിച്ചുവെന്ന് സവിസ്തരം വര്‍ണിച്ചിട്ടുണ്ട്. 'ഭഗീരഥപ്രയത്നം' എന്ന ഭാഷാശൈലി തന്നെ ഈ ഗംഗാവതരണകഥയേയും അപത്യധര്‍മത്തിന്റെ മാഹാത്മ്യത്തെയും അനുസ്മരിപ്പിക്കുന്നു.

മഹാഭാരതത്തില്‍ ജരത്കാരു എന്ന മഹര്‍ഷി ബ്രഹ്മചര്യവും തപസ്സുമായി സഞ്ചരിക്കുന്നതിനിടയില്‍ തന്റെ പിതൃക്കള്‍ തലകീഴായി ഒരു ചരടില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടു. ചരട് എലികള്‍ കരണ്ട് മുറിയാറായിട്ടുണ്ട്. ആ ദുഃസ്ഥിതിക്ക് കാരണം അന്വേഷിച്ചപ്പോള്‍ തനിക്ക് സന്തതി ഇല്ലാത്തതാണെന്ന് ഇദ്ദേഹത്തിന് ഗ്രഹിക്കുവാന്‍ കഴിഞ്ഞു. തന്റെ തന്നെ പേരോടുകൂടിയ ഒരു കന്യകയെ ലഭിക്കുന്ന പക്ഷം താന്‍ വിവാഹം ചെയ്യാമെന്ന് ഒടുവില്‍ ജരത്കാരു പിതൃക്കളോട് പ്രതിജ്ഞ ചെയ്തു. അനന്തരം സര്‍പ്പരാജാവായ വാസുകിയുടെ സഹോദരിയായ ജരത്കാരുവിനെ ജരത്കാരുമഹര്‍ഷി വേള്‍ക്കുകയുണ്ടായി. അവളില്‍ ജനിച്ച വംശപ്രതിഷ്ഠാപകനായ പുത്രനാണ് ആസ്തികന്‍. അതോടെ ദുര്‍ഗതിയില്‍നിന്ന് പിതൃക്കള്‍ മുക്തരായിത്തീര്‍ന്നു. ഇപ്രകാരം പിതൃക്കളോടുള്ള കടമ നിര്‍വഹിക്കുന്നവനെയാണ് അപത്യം എന്നു വിവക്ഷിക്കുന്നത്.

(എം.എച്ച്. ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍