This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്മാന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമ്മാന്
Amman
ജോര്‍ദാന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവും. 6,000 വര്‍ഷത്തോളം പഴക്കമുള്ള ചരിത്രം ഈ നഗരത്തിനുള്ളതായി പുരാവസ്തു ഗവേഷകന്മാര് കരുതുന്നു. പ്രാചീന ശിലായുഗത്തിലെയും നവീന ശിലായുഗത്തിലെയും താമ്രയുഗത്തിലെയും അധിവാസാവശിഷ്ടങ്ങള് ഈ നഗരപരിസരങ്ങളില്നിന്ന് ഉത്ഖനനം ചെയ്ത് എടുത്തിട്ടുണ്ട്. ഏഴു കുന്നിന്പുറങ്ങളിലായി വ്യാപിച്ചിരുന്ന ഈ പ്രാചീന നഗരം ഇന്നു സമീപത്തുള്ള 16 കുന്നുകളിലേക്ക് വളര്‍ന്നു വികസിച്ചിരിക്കുന്നു.
ബൈബിള്‍ പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 'റബാത്ത് അമ്മോന്' (അമ്മാനുകളുടെ വലിയ നഗരം) ഇന്ന് ജബാല്‍ അല്കല എന്നറിയപ്പെടുന്ന നഗരഭാഗത്തില്‍ സ്ഥിതിചെയ്തിരുന്നു. അന്ന് ഡമാസ്കസ് മുതല്‍ അക്വാബാ ഉള്‍ക്കടല്‍വരെ വ്യാപിച്ചിരുന്ന പ്രധാന രാജപാതയുമായി റബാത്ത് അമ്മോന് ബന്ധിപ്പിക്കപ്പെട്ടിരുന്നു. പ്രാചീനകാലത്തെ ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു റബാത്ത് അമ്മോന്. ഇസ്രയേല്‍, അസീറിയ, ബാബിലോണിയ തുടങ്ങി വിവിധ ജനവിഭാഗങ്ങളുടെ ആക്രമണങ്ങള്‍ക്കു നിരന്തരം വിധേയമായിക്കൊണ്ടിരുന്ന ഈ നഗരം പല പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം. ഇസ്രയേല്‍ ജനവിഭാഗം അമ്മാന് നഗരവും പ്രാന്തപ്രദേശങ്ങളും കീഴടക്കാന്‍ നടത്തിയ ആദ്യകാലശ്രമങ്ങള്‍ വിഫലമായെങ്കിലും ബി.സി. 11-ാം ശ.-ത്തില്‍ ദാവീദ് രാജാവ് ഈ നഗരം തന്റെ ആധിപത്യത്തിലാക്കി. സോളമന്റെ കാലത്ത് ഈ നഗരം സ്വതന്ത്രമായി. ബി.സി. 8-ാം ശ.-ത്തില്‍ ഈ നഗരം അസീറിയക്കാര്‍ കൈയടക്കി. ബാബിലോണിയരുടെ ആധിപത്യകാലത്ത് നഗരം ഏതാണ്ട് സ്വതന്ത്രനില നേടിയിരുന്നു. ടോളമി ഫിലഡല്‍ഫസ് (ബി.സി. 285-227) ഈ നഗരം കീഴടക്കി തന്റെ സ്മാരകമായി ഫിലഡല്‍ഫിയ എന്ന് നാമകരണം ചെയ്തു. റോമാക്കാരുടെയും ബൈസാന്തിയരുടെയും ആധിപത്യകാലങ്ങളില്‍ ഈ നഗരം അതേ പേരില്‍ത്തന്നെ അറിയപ്പെട്ടുവന്നു. സെല്യുസിദ് രാജാവായ അന്തിയോക്കസ് III ബി.സി. 218-ല്‍ ഈ നഗരം കീഴടക്കി. ബി.സി. 30-നോടുകൂടി ഹെരോദ് ഈ നഗരത്തില്‍ ആധിപത്യം നേടിയെങ്കിലും റോമാക്കാര്‍ കുറേക്കഴിഞ്ഞ് ഇവിടം പിടിച്ചെടുത്ത് പുതുക്കി പണികഴിപ്പിച്ചു. മനോഹരങ്ങളായ പല മന്ദിരങ്ങളും അമ്മാനില്‍ അവര്‍ നിര്‍മിച്ചു. ബൈസാന്തിയരുടെ ആധിപത്യകാലങ്ങളില്‍ അമ്മാന് പൗരസ്ത്യ ക്രൈസ്തവ സഭാവിഭാഗത്തിന്റെ ആസ്ഥാനമായിരുന്നു.
635-ല്‍ അറബികളുടെ ആധിപത്യത്തിലായ ഈ നഗരം ഉമയാദ് ഖലീഫമാരുടെ കൊട്ടാരങ്ങള്കൊണ്ടു മോടിപിടിപ്പിക്കപ്പെട്ടു. ഖലീഫമാരുടെ ആസ്ഥാനം ദമാസ്കസില്‍നിന്നു ബാഗ്ദാദിലേക്കു മാറ്റപ്പെട്ടതോടുകൂടി ഈ നഗരം ക്ഷയോന്മുഖമായി.
19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ പാശ്ചാത്യ സഞ്ചാരികള്‍ അമ്മാന് സന്ദര്‍ശിക്കുമ്പോള്‍ അതൊരു ചെറിയ ഗ്രാമപ്രദേശത്തിന്റെ സ്ഥിതിയിലേക്ക് അധഃപതിച്ചുപോയിരുന്നു. വളരെ പ്രശസ്തിയാര്‍ജിച്ചിരുന്ന ഈ നഗരത്തിനുണ്ടായ അപചയകാരണങ്ങള്‍ വ്യക്തമല്ല. അമ്മാന് ഉള്‍പ്പെടെയുള്ള രാജ്യവിഭാഗങ്ങള്‍ തുര്‍ക്കി സാമ്രാജ്യത്തിലായിരുന്നപ്പോള് റഷ്യയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇവിടെ കുടിപാര്‍പ്പിച്ചു. (1878).
മേജര്‍ കോണ്ടറിന്റെയും ബട്ട്ലറിന്റെയും നേതൃത്വത്തില്‍ പുരാവസ്തുഗവേഷകര്‍ യഥാക്രമം 1881-ലും 1907-ലും ഈ നഗരത്തില്‍ ഉത്ഖനനം നടത്തി. ഈ നഗരത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശിയ പല വസ്തുതകളും ലഭ്യമായത് ഈ ഗവേഷണങ്ങളുടെ ഫലമായിട്ടാണ്.
1921-ല്‍ അബ്ദുല്ല ഇബ്നു ഹുസൈന് ഈ നഗരം പുതിയതായി രൂപമെടുത്ത ട്രാന്‍സ് ജോര്‍ദാന്റെ തലസ്ഥാനമാക്കി. അതിനുശേഷമാണ് അമ്മാന്റെ വളര്‍ച്ച ആരംഭിച്ചത്. രണ്ടാംലോകയുദ്ധത്തിനുശേഷം അമ്മാന് ത്വരിതഗതിയില്‍ വളര്‍ന്ന് ഒരാധുനിക നഗരമായിത്തീര്‍ന്നു.
റോമാക്കാര്‍ പണിക്കഴിപ്പിച്ചതും 6,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളതുമായ റോമന്‍ തിയെറ്റര്‍ നഗരത്തിലെ പ്രാചീന അവശിഷ്ടങ്ങളിലൊന്നാണ്. ഈ പ്രാചീന തിയെറ്റര്‍ പുനരുദ്ധരിച്ച് ഇന്നും ഉപയോഗിച്ചുവരുന്നു. ജലദേവതയ്ക്കായി അര്‍പ്പിക്കപ്പെട്ടിരുന്ന ഒരു ക്ഷേത്രമാണു മറ്റൊരു പ്രാചീന അവശിഷ്ടം. അമ്മാനിലെ മ്യൂസിയത്തില്‍ സമീപപ്രദേശങ്ങളില്‍നിന്നു പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുള്ള ചരിത്രാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.
ആധുനിക അമ്മാന്. അറേബ്യന്‍ പീഠഭൂമിയുടെയും ജോര്‍ദാന്‍ രാജ്യത്തിന്റെ തന്നെയും വ. പടിഞ്ഞാറേ കോണില്‍ ചാവുകടലിനു 40 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. വിസ്തൃതി: 8231 ച.കി.മീ. 1921-ല്‍ അമ്മാന് ട്രാന്സ്ജോര്ദാന്റെ തലസ്ഥാനമായി. 1949-ല്‍ ട്രാന്സ്ജോര്ദാന് ജോര്‍ദാന്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. കുറെ കുന്നുകളിലും തൊട്ടടുത്തുള്ള താഴ്വരകളിലുമായാണ് നഗരത്തിന്റെ ആധുനികസംവിധാനം. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം 820 മീ. ആണ്. ദമാസ്കസിനെയും മാന്നഗരത്തെയും യോജിപ്പിക്കുന്ന ഹിജാസ് റെയില്‍വേ അമ്മാനിലൂടെ കടന്നുപോകുന്നു. ശൈത്യകാലത്തുമാത്രം മഴ കിട്ടുന്ന അര്‍ധശുഷ്ക കാലാവസ്ഥയാണ്. ശൈത്യകാലത്ത് അതിശൈത്യവും ഗ്രീഷ്മത്തില്‍ അത്യുഷ്ണവും അനുഭവപ്പെടുന്നു. ജോര്‍ദാന്റെ സ്വാതന്ത്യ്രലബ്ധിക്കുശേഷമാണ് (1946) ഈ നഗരം ആധുനികരൂപം പ്രാപിച്ചത്; ഏതാണ്ട് മൂന്നിരട്ടി വിസ്താരത്തില്‍ നഗരം വളരുകയും ചെയ്തു. വൈദ്യുതീകൃതമായ ഈ നഗരം ജോര്‍ദാനിലെ വ്യവസായകേന്ദ്രവുമാണ്. തുണിത്തരങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, തുകല്‍ സാമഗ്രികള്‍, സിമന്റ് തുടങ്ങിയവ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവിടെനിന്നും ഫോസ്ഫേറ്റ്, പഴവര്‍ഗങ്ങള്‍, വാസ്തുശിലകള്‍ എന്നിവ ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. നഗരത്തിന് ഏതാനും കി.മീ. അകലെയായി നിറമുള്ള മാര്‍ബിള്‍ കല്ലുകള്‍ കിട്ടുന്ന ധാരാളം ഖനികളുണ്ട്. വെണ്ണക്കല്ലുകള്‍ ഇവിടെനിന്നു ലഭിച്ചുവരുന്നു. അമ്മാനിലെ മിക്ക കെട്ടിടങ്ങളും വെണ്ണക്കല്ലുകൊണ്ടുനിര്മിച്ചവയാണ്. ജോര്‍ദാനിലെ പ്രധാന തുറമുഖമായ അക്വാബാ ഉള്‍പ്പെടെ എല്ലാ നഗരങ്ങളുമായും അമ്മാന് റോഡുമാര്‍ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ആധുനിക രീതിയിലുള്ള ഒരു വിമാനത്താവളമുള്ള അമ്മാനില്‍നിന്നും കെയ്റോ, ഏഡന്‍, ബാഗ്ദാദ്, ബെയ്റൂട്ട്, ജിദ്ദാ എന്നീ കേന്ദ്രങ്ങളിലേക്കു വിമാനസര്‍വീസുകളുണ്ട്. ജോര്‍ദാന്റെ വാണിജ്യകേന്ദ്രംകൂടിയാണ് ഈ നഗരം. ജനസംഖ്യ: 21,25,400 (2005).