This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലപ്പുഴ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:55, 14 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്പലപ്പുഴ ക്ഷേത്രം

ചെമ്പകശ്ശേരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ 1615-ല്‍ (കൊ.വ. 790) അമ്പലപ്പുഴയില്‍ സ്ഥാപിച്ച കൃഷ്ണസ്വാമിക്ഷേത്രം. പാര്‍ഥസാരഥിയാണ് ഇവിടത്തെ പ്രതിഷ്ഠ. അര്‍ജുനന് ആരാധനാര്‍ഥം ശ്രീകൃഷ്ണന്‍ സമ്മാനിച്ച മൂന്നു വിഗ്രഹങ്ങളില്‍ ഒന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു (ഗുരുവായൂരിലെയും തൃപ്പൂണിത്തുറയിലെയും വിഗ്രഹങ്ങളാണ് മറ്റു രണ്ടെണ്ണം). ഈ ക്ഷേത്രം ആലപ്പുഴ നിന്നു 9.5 കി.മീ. തെ. സ്ഥിതിചെയ്യുന്നു.

ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ ഓടക്കുഴല്‍ഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാല്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.

അമ്പലപ്പുഴ ക്ഷേത്രം

ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായതിനു ശേഷം ശ്രീകൃഷ്ണന്റെ ഒരു വിഗ്രഹം പ്രതിഷ്ഠയ്ക്കു തയ്യാറാക്കി. എന്നാല്‍ ആ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ പറ്റിയതല്ലെന്നു കണ്ട് തെക്കുംകൂര്‍ രാജാവിന്റെ അധീനതയിലായിരുന്ന കുറിച്ചി(ചങ്ങനാശ്ശേരി)യില്‍നിന്നു പാര്‍ഥസാരഥിയുടെ വിഗ്രഹം കൊണ്ടുവരുവാന്‍ വില്വമംഗലം സ്വാമിയാര്‍ ഉപദേശിച്ചു. ഇത് അത്ര എളുപ്പമായിരുന്നില്ല. കാരണം, ഈ രണ്ടു രാജാക്കന്മാര്‍ തമ്മില്‍ സൗഹൃദത്തിലായിരുന്നില്ല. ഏതു മാര്‍ഗത്തില്‍ക്കൂടിയാണു വിഗ്രഹം സ്ഥലത്ത് എത്തിക്കേണ്ടതെന്നതിനെക്കുറിച്ചു തമ്പുരാന്‍ ഒരു തീരുമാനത്തിലെത്തി. കുറിച്ചി ക്ഷേത്രത്തില്‍നിന്ന് ചാരന്‍മാര്‍ മുഖേന പ്രസ്തുത വിഗ്രഹം മോഷ്ടിച്ച് ചമ്പക്കുളംവഴി വള്ളത്തില്‍ കൊണ്ടുവന്നതിന്റെ ഓര്‍മയ്ക്കാണ് ആണ്ടുതോറും ചമ്പക്കുളം വള്ളംകളി നടത്തപ്പെടുന്നത്. തിരുവോണദിവസമാണ് പ്രതിഷ്ഠ നടന്നത്.

തുള്ളല്‍ പിറന്ന കൂത്തമ്പലം(അമ്പലപ്പുഴ)

മീനമാസത്തിലെ ഉത്സവവും മുപ്പതിനായിരം കളഭവും ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണ്. ധാരാളം വിദേശീയര്‍ ഈ ആഘോഷങ്ങള്‍ കാണുന്നതിനു വന്നുചേരാറുണ്ട്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി വളരെ ആഡംബരത്തോടെ ആഘോഷിക്കപ്പെട്ടുവരുന്നു. ഇവിടത്തെ ഉത്സവസദ്യകളിലൊന്നായ നാടകശാലസദ്യയെക്കുറിച്ചും ഒരു ഐതിഹ്യം ഉണ്ട്. അന്ന് ശ്രീകൃഷ്ണന്‍ ഭക്തജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു വിഭവങ്ങള്‍ വിളമ്പുന്നു എന്നാണു വിശ്വാസം.

1790-ല്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണം ഭയന്നു ഗുരുവായൂരുള്ള കൃഷ്ണവിഗ്രഹം കുറേക്കാലം അമ്പലപ്പുഴയില്‍ സൂക്ഷിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം എന്ന പേരില്‍ ഒരു ചെറിയ ക്ഷേത്രവും 'ഗുരുവായൂര്‍ കിണര്‍' എന്ന പേരില്‍ ഒരു ചെറിയ കിണറും അമ്പലവളപ്പില്‍ തെ. ഭാഗത്തായി കാണാം.

നിത്യവുമുള്ള പാല്‍പ്പായസനിവേദ്യത്തിനു പുറമേ, എല്ലാ തിരുവോണദിവസങ്ങളിലും ശര്‍ക്കരപ്പായസം നിവേദിച്ചു സാധുക്കള്‍ക്കു വിതരണം ചെയ്യുക പതിവുണ്ടായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ടും തിരുവോണംനാളിലാണ് ആഘോഷിക്കുന്നത്. 1921(കൊ.വ. 1096 മകരം)ല്‍ ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത് തീ പിടിക്കുകയുണ്ടായി. അപ്പോള്‍ ദേവവിഗ്രഹം ശ്രീകോവിലില്‍നിന്നു മറ്റൊരു സ്ഥാനത്തേക്കു മാറ്റി പ്രതിഷ്ഠിച്ചതും തിരുവോണം നാളില്‍ തന്നെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍