This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഫിന്യൂറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=അംഫിന്യൂറ = Amphineura
ശരീരഘടനയില്‍-വിശിഷ്യാ നാഡീവ്യൂഹഘടനയില്-വളരെ അവികസിത (primitive) ലക്ഷണങ്ങളോടുകൂടിയ, കടല്മൊളസ്കുകളുടെ വര്‍ഗം. ലോകത്തെമ്പാടും കടല്ക്കരയിലെ വേലാമേഖല മുതല്‍ ആഴക്കടല്‍ വരെ ഇവയെക്കാണാം. പരിണാമഫലമായി ഏറെ വികസിതരായ മറ്റിനം മൊളസ്കുകളിലെ പല അവയവങ്ങളും ഇവയില്‍ കാണാറില്ല. എന്നാല്‍ ചില അഭിലക്ഷണങ്ങളില് ഇവ അങ്ങേയറ്റം വിശേഷവത്കൃതവുമാണ്. ദ്വിപാര്ശ്വസമമിതമായ (bilateral symmetry) നീണ്ട ശരീരം. ഇതിന്റെ മുന്‍, പിന് അഗ്രങ്ങളിലായി യഥാക്രമം വായും ഗുദവും സ്ഥിതിചെയ്യുന്നു. തല വളരെ ലോപിച്ച് ബഹിരാവരണ(mantle)ത്തിനടിയിലായി കാണപ്പെടുന്നു. പാദം (foot) പല ഇനങ്ങളിലും വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്; ചിലതില്‍ കാണാനുമില്ല. നാഡീവ്യൂഹത്തില്‍ ഗുഛിക (ganglion) വ്യതിരിക്തമല്ല. വായയെച്ചുറ്റി ഒരു നാഡീവലയമുണ്ട്. ഇതില്‍നിന്നു ശീര്ഷഭാഗത്തേക്കുള്ള നാഡികളും ശരീരത്തിന്റെ പിന്‍ഭാഗത്തേക്കു മുഴുനീളത്തില്‍ രണ്ടു ജോടി നാഡികളും ഉദ്ഭവിക്കുന്നു. ലിംഗവ്യത്യാസം സാധാരണമാണെങ്കിലും ഉഭയലിംഗികളും ഇല്ലാതില്ല. ജീവനചക്രത്തില്‍ ലാര്‍വാഘട്ടം ഉണ്ട്. ലാര്‍വയ്ക്ക് ട്രോക്കോഫോര്‍ (Trochophore) ലാര്വയോടു സാദൃശ്യമുണ്ട്.
മറ്റിനം മൊളസ്കുകളെയപേക്ഷിച്ച് അംഫിന്യൂറകള്ക്കുള്ള പ്രത്യേകതകള്‍: (1) വളരെ കുറഞ്ഞ അളവില്‍ മാത്രം കേന്ദ്രീകരണം സംഭവിച്ചിട്ടുള്ള, ആദിമലക്ഷണങ്ങളോടുകൂടിയ കേന്ദ്രനാഡീവ്യൂഹം. ഇതിനു രണ്ട് അധരതന്ത്രികളും രണ്ടു പാര്ശ്വതന്ത്രികളും ഉണ്ട്. ഇവയെത്തമ്മില്‍ സന്ധായിനികളാല് (transverse commissures) പരസ്പരം സന്ധിപ്പിച്ചിട്ടുള്ളതിനാല് കേന്ദ്രനാഡീവ്യൂഹത്തിനു പൊതുവേ ഒരു കോണിയുടെ രൂപമാണ്. (2) പചന-വിസര്ജനോത്പാദന വ്യൂഹങ്ങളുടെ പൊതുഘടന. (3) ശീര്ഷനേത്രങ്ങളുടെയും (cephalic eyes) ഗ്രാഹികളുടെയും (tentacles) അഭാവം.
ഇവയില്‍ മിക്കവയും ശരീരഘടനാപരമായി ആദിമമൊളസ്കുകളെക്കാള് പ്രാകൃതങ്ങളാണ്. ഇന്ന് അസ്തമിതമായിക്കൊണ്ടിരിക്കുന്ന മോണോപ്ലാക്കോഫോറ (Monoplacophora) വര്‍ഗവുമായും ആദിമ ഗാസ്ട്രോപോഡുകളുമായും ഇവയ്ക്കു വംശപരിണാമപരമായ ബന്ധമുണ്ട്.
അംഫിന്യൂറ വര്‍ഗത്തെ രണ്ട് ഉപവര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്. നോ: എപ്ളാക്കോഫോറ; പോളിപ്ളാക്കോഫോറ.
(ഫിലിപ്പോസ് ജോണ്‍; സ.പ.)