This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമേരിക്ക
America
പശ്ചിമാര്‍ധഗോളത്തിലെ രണ്ടു വന്‍കരകളും അവയോടടുത്ത് ഒറ്റയ്ക്കോ സമൂഹമായോ കിടക്കുന്ന ദ്വീപുകളും ചേര്‍ന്ന ഭൂഭാഗം. കി. അത്ലാന്തിക് സമുദ്രത്തിനും പ. പസിഫിക് സമുദ്രത്തിനും ഇടയ്ക്കായി സ്ഥിതി ചെയ്യുന്നു; വ. അക്ഷാ. 83° 39' മുതല്‍ തെ. അക്ഷാ. 55° 59' വരെ മൊത്തം 15,288 കി.മീ. നീളത്തിലാണ് ഇവ വ്യാപിച്ചിരിക്കുന്നത്. യൂറേഷ്യയുടെ 2/3 ഭാഗം വലുപ്പമുള്ള അമേരിക്കയുടെ വിസ്തീര്‍ണം 4,11,30,000 ച.കി.മീ. ആണ്; ഇതു യൂറോപ്പ് വന്‍കരയുടെ 4.3 ഇരട്ടിയും ഇന്ത്യയുടെ 13 ഇരട്ടിയും വരും. വെവ്വേറെ പറഞ്ഞാല്‍ വന്‍കരകളുടെ കൂട്ടത്തില്‍ വടക്കേ അമേരിക്കയ്ക്കു മൂന്നാം സ്ഥാനവും തെക്കേ അമേരിക്കയ്ക്കു നാലാം സ്ഥാനവുമാണുള്ളത്. 48 കി.മീ. നീളമുള്ള ഇടുങ്ങിയ പനാമാ തോടാണ് തെക്കും വടക്കും ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ അലാസ്കാ തീരത്തിനും ഏഷ്യാ വന്‍കരയ്ക്കും ഇടയ്ക്കുള്ള അകലം 58 കി.മീ. മാത്രമാണ്; ഈ കടലിടുക്കിന്റെ ഏതാണ്ടു മധ്യത്താണ് ഡയോമീഡ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
1497-നും 1503-നും മധ്യേ ഇന്നത്തെ ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ തീരം ചുറ്റി സഞ്ചരിച്ചു എന്ന് അവകാശവാദം ഉന്നയിച്ച അമേരിഗോ വെസ്പൂച്ചി (Amerigo Vespucci) എന്ന ഇറ്റാലിയന്‍ സാഹസിക സഞ്ചാരിയില്‍ നിന്നാണ് അമേരിക്ക എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. 1500-ല്‍ ബ്രസീല്‍ തീരത്തിറങ്ങി തെക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുകൂടി പര്യടനം നടത്തിയ പോര്‍ച്ചുഗീസ് സംഘത്തിലെ അംഗമായിരുന്നു വെസ്പൂച്ചി എന്നും, പ്രസ്തുത സംഘത്തിന്റെ നേതാവ് പെട്രോ അല്‍വാരിസ് കാബ്രാള്‍ ആയിരുന്നു എന്നും ഒരു അഭിപ്രായ ഗതിയുണ്ട്. ജോണ്‍ കാബാട്ടിന്റെ (1496) പര്യടനത്തിന് സഹായം നല്‍കിയ ബ്രിസ്റ്റളിലെ ഷെറിഫ്, റിച്ചാര്‍ഡ് അമേരിക്കേയില്‍ നിന്നാണ് അമേരിക്കയുടെ നിഷ്പത്തി എന്നും ഒരു വാദമുണ്ട്.
ഭൂവിവരണം. 4,828 കി.മീ. ആണ് വടക്കേ അമേരിക്കയുടെ ഏറ്റവും കൂടിയ വീതി. ലാബ്രഡോര്‍ മുതല്‍ ബ്രി. കൊളംബിയാ വരെ. തെക്കേ അമേരിക്കയില്‍ ബ്രസീല്‍-പെറു രാജ്യങ്ങളുടെ മൊത്തം വീതി 5,310 കി.മീ. ആണ്. ഭൂരൂപഘടനയില്‍ രണ്ടു ഭൂഖണ്ഡങ്ങളും ഏതാണ്ടു തുല്യത പാലിക്കുന്നു. തെക്കോട്ടു കൂര്‍ത്തുവരുന്ന ത്രികോണാകൃതിയാണ് ഇവയ്ക്കുള്ളത്. പടിഞ്ഞാറരികില്‍ നട്ടെല്ലുപോലെ ഉടനീളം നീണ്ടുകിടക്കുന്ന പര്‍വതശൃംഖലകള്‍ രണ്ടു വന്‍കരകളിലുമുണ്ട്. ഭൂവല്‍ക്കരൂപീകരണഘട്ടത്തിലെ ഏറ്റവും ഒടുവിലത്തെ പര്‍വതന(orogeny) കാലത്തു രൂപംകൊണ്ട മടക്കു പര്‍വതങ്ങള്‍ (folded mountains) ആണ് ഇവ. വടക്കേ അമേരിക്കയില്‍ റോക്കി എന്നും തെക്കേ അമേരിക്കയില്‍ ആന്‍ഡീസ് എന്നും ഇവ അറിയപ്പെടുന്നു. വന്‍കരകളുടെ പൂര്‍വതീരത്ത് കാണുന്ന പര്‍വതനിരകള്‍ക്ക് താരതമ്യേന വളരെ പഴക്കമുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള പര്‍വതശ്രേണികള്‍ക്കിടയിലായി വിസ്തൃതങ്ങളായ മധ്യസമതലങ്ങള്‍ കിടക്കുന്നു.